29 March Friday

ജനാധിപത്യമില്ലാത്ത ‘നയാ കശ്‌മീർ’ - മുഹമ്മദ് യൂസഫ് തരിഗാമി എഴുതുന്നു

മുഹമ്മദ് യൂസഫ് തരിഗാമിUpdated: Thursday Aug 5, 2021


ജമ്മു കശ്മീരിന്‌ അനുച്ഛേദം 370 പ്രകാരം നൽകിയ പ്രത്യേക പദവി 2019 ആഗസ്‌ത്‌ അഞ്ചിന്‌ റദ്ദാക്കിയ തീരുമാനം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ ഒരു മിന്നലാക്രമണമായിരുന്നു. അതിനെ ഒറ്റപ്പെട്ട സംഭവമായി കാണരുത്. രാജ്യത്തിന്റെ ഫെഡറൽ ഘടനയുടെ അടിത്തറ തകർക്കുന്നതിന്റെ തുടക്കമായിരുന്നു അത്. അതിനുശേഷം രാജ്യത്താകെ ഉണ്ടായ സംഭവങ്ങളിലൂടെ ഹിന്ദുത്വ സ്വേച്ഛാധിപത്യ ഭരണത്തിന്റെ യഥാർഥ ലക്ഷ്യമാണ്‌ വ്യക്തമായിരിക്കുന്നത്‌. ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയതിനെത്തുടർന്ന്‌ രണ്ട് വർഷത്തിനിടെ തീവ്രവാദവും അഴിമതിയും കുറയ്‌ക്കാനായെന്നും വികസനം ത്വരതിപ്പെടുത്തിയെന്നുമുള്ള സർക്കാരിന്റെ അവകാശവാദങ്ങൾ വെറും പൊള്ളയാണ്‌.

ജമ്മു കശ്മീരിലെ ജനാധിപത്യത്തെ പൂർണമായി ഇല്ലാതാക്കുകയും സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും നിരുപാധികം അടിച്ചമർത്തുകയും ചെയ്‌തു എന്നതാണ്‌ അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ കൈവരിച്ച ഏക നേട്ടം. യുഎപിഎ, പൊതുസുരക്ഷാ നിയമം തുടങ്ങിയ കരിനിയമങ്ങങ്ങൾ വിവേചനരഹിതമായി പ്രയോഗിച്ച്‌ ജനങ്ങളുടെ ജീവിതത്തെ, പ്രത്യേകിച്ച് യുവാക്കളെ ദുരിതപൂർണമാക്കി. രണ്ട് വർഷത്തിനിടയിൽ കശ്മീർ സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലായി. 2020 മുതൽ രാജ്യം രണ്ട് അടച്ചുപൂട്ടലുകൾ നേരിട്ടപ്പോൾ, 2019 ആഗസ്‌ത്‌ മുതൽ കശ്മീർ സുരക്ഷാ നിയന്ത്രണങ്ങളിൽ അമരുകയായിരുന്നു. ടൂറിസം, വ്യാപാരം ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിലെ പ്രതിസന്ധി രൂക്ഷമായതിനാൽ ജമ്മു കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നു. സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളായ കാർഷിക മേഖലയും പുഷ്‌പഫല കൃഷിയും കരകൗശല മേഖലയും നിർജീവാവസ്ഥയിലാണ്‌.

അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ "നയാ കശ്മീർ" ഉണ്ടാക്കിയെന്ന് ബിജെപി സർക്കാർ വാചാലരാകുന്നു. പക്ഷേ, ജനങ്ങളുടെ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയതെല്ലാം ഇപ്പോൾ നശിപ്പിക്കുന്നു എന്നതാണ് വസ്തുത. അനുച്ഛേദം 370 റദ്ദാക്കുമ്പോൾ വാഗ്ദാനം ചെയ്ത നിക്ഷേപവും ജോലിയും വികസനവും എവിടെപ്പോയി എന്നാണ്‌ ജനങ്ങൾ ബിജെപിയോട്‌ ചോദിക്കുന്നത്‌. അഴിമതി കുറവാണോ, അതോ ഭരണം മികച്ചതാണോ? കശ്മീരി പണ്ഡിറ്റുകളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാൻ എന്തെങ്കിലും കാര്യമായ നടപടി എടുത്തിട്ടുണ്ടോ? തുടങ്ങിയ ഒരൊറ്റ അവകാശവാദം പോലും പരിശോധനയ്ക്ക് വിധേയമാകുന്നില്ല എന്നതാണ് വസ്തുത. വിവേചനരഹിതമായ അറസ്റ്റുകളും മാധ്യമങ്ങളെ വിരട്ടി വരുതിയിലാക്കുന്നതും സുരക്ഷാസേനയെ ഉപയോഗിച്ച്‌ ജനങ്ങളെ നിശബ്ദരാക്കുന്നതും ബിജെപിയുടെ ‘നയാ കശ്മീരിൽ’ ഒരു നയമായി മാറി.

ജമ്മു കശ്‌മീരിൽ സാധാരണനില കൈവരുത്തിയശേഷം ഉചിതമായ സമയത്ത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന്‌ ഈയിടെ പാർലമെന്റിൽ ആഭ്യന്തരമന്ത്രി പ്രസ്‌താവന നടത്തിയിരുന്നു. മേഖലയിലെ സമാധാനം പുനഃസ്ഥാപിച്ചെന്ന സർക്കാരിന്റെ അവകാശവാദങ്ങൾക്ക്‌ വിരുദ്ധമാണിത്‌. "ഉചിതമായ’ സമയം എന്നതിലൂടെ എന്താണ് അർഥമാക്കുന്നതെന്ന് സർക്കാർ വിശദീകരിക്കേണ്ടതുണ്ട്‌. 2019 ആഗസ്‌ത്‌ അഞ്ചിന്‌ ശേഷം ആദ്യമായി ജൂൺ 24 ന് ജമ്മു കശ്മീർ നേതാക്കളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച സ്വാഗതാർഹമാണ്‌. എന്നാൽ ജനങ്ങളിൽ എന്തെങ്കിലും പ്രതീക്ഷ ജനിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കൂടിക്കാഴ്‌ചയിൽ പങ്കെടുത്തവർ ഉന്നയിച്ച ഒരു പ്രശ്നത്തിലും പ്രധാനമന്ത്രി വ്യക്തമായ ഉറപ്പ് നൽകിയില്ല. മേഖലയിലും പുറത്തും ജയിലുകളിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാനോ ഓരോ കാരണം പറഞ്ഞ്‌ ജനങ്ങളെ ദ്രോഹിക്കുന്നത്‌ തടയാനോ ജനങ്ങളിൽ ആത്മവിശ്വാസം വളർത്താനോ വ്യക്തമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. വലിയ അശാന്തിയും അന്യവൽക്കരിക്കപ്പെട്ടതായുള്ള ജനങ്ങളുടെ തോന്നലും ഇല്ലാതാക്കാൻ ഗൗരവമായ ശ്രമങ്ങളൊന്നും സർക്കാർ കൈക്കൊള്ളുമെന്ന്‌ പ്രതീക്ഷിക്കുന്നില്ല. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഡീലിമിറ്റേഷൻ കമീഷൻ ജമ്മു കശ്മീരിന്റെ രണ്ട് മേഖലകളിലും സന്ദർശിച്ചു എന്നതിനപ്പുറം ഒന്നും നടന്നില്ല.


 

ജമ്മു കശ്മീർ ജനപ്രാതിനിധ്യ നിയമവും (1957) ജമ്മു കശ്മീർ ഭരണഘടനയുടെ 47 (3) വകുപ്പും 2002ൽ ജമ്മു കശ്മീർ നിയമസഭ ഭേദഗതി ചെയ്‌ത്‌ 2026 വരെ നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിക്കുന്നത്‌ (ഡീലിമിറ്റേഷൻ) മരവിപ്പിച്ചിരുന്നു. 2026 -ന് ശേഷമുള്ള ആദ്യ സെൻസസ് വരെ ഡീലിമിറ്റേഷൻ ഇന്ത്യയാകെ മരവിപ്പിക്കുക എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ജമ്മു കശ്‌മീർ നിയമസഭയുടെ ഭേദഗതി. ജമ്മു കശ്‌മീർ ഹൈക്കോടതിയും സുപ്രീംകോടതിയും ഇത്‌ അംഗീകരിക്കുകയും ചെയ്‌തു. ഇതിന്‌ വിരുദ്ധമായാണ്‌ കേന്ദ്ര സർക്കാർ പുനഃസംഘടനാ നിയമം പാസാക്കി ഡീലിമിറ്റേഷന്‌ കമീഷൻ രൂപീകരിച്ചത്‌. ഡീലിമിറ്റേഷൻ നടപടി ആരംഭിച്ചിട്ടുണ്ട്‌. ഡീലിമിറ്റേഷനിലൂടെ തങ്ങളെ കൂടുതൽ തരംതാഴ്‌ത്താനാണ്‌ ലക്ഷ്യമിടുന്നതെന്ന കടുത്ത ആശങ്കയിലാണ്‌ കശ്മീർ ജനത. സർക്കാർ ജീവനക്കാരെ അവരുടെ ഭാഗം പറയാൻ അവസരം നൽകാതെ പിരിച്ചുവിടുകയാണ്. അത് തികച്ചും ഏകപക്ഷീയമാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുപകരം, വിവിധ കാരണങ്ങൾ പറഞ്ഞ്‌ സർക്കാർ വകുപ്പുകൾ കുറയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഉപജീവന പ്രശ്നങ്ങളിൽ പ്രതിഷേധിക്കാൻ പോലും ജനങ്ങളെ അനുവദിക്കുന്നില്ല. 2019 ആഗസ്‌തിന്‌ ശേഷം ജമ്മു കശ്‌മീർ ജനതയുടെ ആത്മവിശ്വാസം പാടേ തകർന്നു. അടിച്ചമർത്തിയും ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചും ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനാകില്ല. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുക, ജനങ്ങൾക്ക് ഭൂമിയിലും തൊഴിൽ അവകാശങ്ങളിലുമുള്ള സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ നടപടികളിലൂടെ മാത്രമേ പ്രത്യാശയുടെ അന്തരീക്ഷം സൃഷ്ടിക്കാനാകൂ. ജമ്മു കശ്മീരിന്റെ പൂർണ സംസ്ഥാനപദവി പുനഃസ്ഥാപിച്ചുകൊണ്ട്‌ മാത്രമേ പ്രശ്‌നങ്ങൾ രാഷ്ട്രീയമായി പരിഹരിക്കാനാകൂ.

1947 -ലെ വിഭജന സമയത്ത് ഒരു പ്രത്യേക ബഹുസ്വര, മതേതര ഇന്ത്യ കെട്ടിപ്പടുക്കുമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ജമ്മു കശ്മീരിലെ ജനങ്ങൾ മുസ്ലിം പാകിസ്ഥാനേക്കാൾ മതനിരപേക്ഷ ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിച്ചത്‌. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 370 ലും ജമ്മു കശ്‌മീരിന്റെ ഭരണഘടനയിലും പരമാവധി സ്വയംഭരണവും പ്രത്യേക പദവിയും ഉറപ്പുനൽകിയിരുന്നു. നിർഭാഗ്യവശാൽ ഭരണഘടനയിലെ ഈ ഉറപ്പ് ക്രമേണ ഇല്ലാതാക്കാൻ തുടങ്ങിയത്‌ ജമ്മു കശ്മീരിലെ ജനങ്ങൾക്കിടയിൽ വലിയ അകൽച്ചയുണ്ടാക്കി. 2019 ആഗസ്‌തിൽ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്‌ ഇന്ത്യൻ യൂണിയനുമായുള്ള ജമ്മു കശ്മീരിന്റെ ബന്ധം തകർക്കാൻ തീവ്രമായി ശ്രമിക്കുന്നവർക്ക് അവസരം നൽകലായി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക്‌ നിയമാനുസൃത ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനം കേന്ദ്ര സർക്കാർ തിരുത്തണം. ഇതിനായി എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളും ജമ്മു കശ്മീരിലെ ജനങ്ങളെ പിന്തുണച്ച് ഒറ്റക്കെട്ടായി ശബ്ദം ഉയർത്തേണ്ടതുണ്ട്.

(സിപിഐ എം കേന്ദ്ര കമ്മിറ്റി 
അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top