19 April Friday

മിസ്റ്റർ ആരിഫ് മൊഹമ്മദ് ഖാൻ, ഇത്‌ കേരളമാണ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 8, 2022

“ദൈവം തെറ്റു ചെയ്താലും റിപ്പോർട്ട്‌ ചെയ്യും” എന്നെഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ നാടാണ് കേരളം. രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനോ അവതാരമോ അല്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതിനുകൂടിയാണ് സ്വദേശാഭിമാനിയെ ഒരു നൂറ്റാണ്ടുമുമ്പ് തിരുവിതാംകൂർ നാടുകടത്തിയത്.

നീണ്ട പോരാട്ടങ്ങളുടെ ഉലയിൽ ഊതിക്കാച്ചിയതാണ് കേരളത്തിന്റെ മാധ്യമസ്വാതന്ത്ര്യം. ദിവാന്റെ പുതിയ പതിപ്പായി രംഗാവിഷ്കാരംചെയ്ത് പഴയ നാടുകടത്തലിന്റെ അനുബന്ധം എഴുതിച്ചേർക്കാനാണ് ആരിഫ് മൊഹമ്മദ് ഖാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത പതിവുകളും രീതികളുമാണ് അദ്ദേഹം അനുവർത്തിക്കുന്നത്. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ചാനലുകൾ പ്രവർത്തിക്കുന്നത്. എത്ര നിയതവും നിശിതവുമായ പ്രക്രിയക്കുശേഷമാണ് കേന്ദ്രം ചാനലുകൾക്ക് അനുമതി നൽകുന്നതെന്ന് മീഡിയാവൺ കേസിലൂടെത്തന്നെ വ്യക്തമാണ്. രണ്ടു പതിറ്റാണ്ടിലേറെയായി കേരളസമൂഹത്തിൽ സചേതനമായ ഇടപെടൽ നടത്തുന്ന കൈരളിയുടെ പ്രതിനിധിയെയാണ്  വാർത്താ സമ്മേളനത്തിൽനിന്ന് ഗവർണർ ഇറക്കിവിട്ടത്. “ഗെറ്റ്ഔട്ട്” എന്ന് ആക്രോശിച്ചുകൊണ്ടുള്ള ഗവർണറുടെ നടപടി മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ്. മീഡിയാവൺ ചാനൽ പ്രതിനിധിയെയും ഗവർണർ ആക്ഷേപിച്ച്‌ പുറത്താക്കി.

വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുന്നതിന് കാലേക്കൂട്ടി ഇ-–-മെയിൽ വഴി അനുമതിക്ക് അപേക്ഷിപ്പിക്കുക, സൂക്ഷ്മപരിശോധനയ്ക്കുശേഷം അനുമതി നൽകുക എന്നിങ്ങനെയുള്ള ആചാരങ്ങൾ ഗവർണർ കൊണ്ടുവന്നിരിക്കുകയാണ്. സുരക്ഷാപരിശോധനയുൾപ്പെടെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ് മാധ്യമപ്രവർത്തകർക്ക് അക്രെഡിറ്റേഷൻ കിട്ടുന്നത്. ഇത്തരത്തിൽ പ്രത്യേക അനുമതിയുള്ള മാധ്യമപ്രവർത്തകരെയാണ് ഗവർണർ സ്വന്തം ഫണലിലൂടെ കടത്തിവിടുന്നതെന്ന് ഓർക്കണം. അശ്ലീലത്തിന്റെ തലത്തിലേക്ക്‌ വഷളാകുന്ന പ്രക്രിയയായിട്ടുകൂടി ഈ കടമ്പകളിലൂടെ കൈരളിയുടെ പ്രതിനിധിയും കടന്നുപോയി. അവസാനം ഗവർണറുടെ സുരക്ഷാഭടന്മാർ ഞങ്ങളുടെ ലേഖകനെ ഗവർണറുടെ പക്കലെത്തിച്ചു. അപ്പോഴാണ് “കൈരളി ഗെറ്റ്ഔട്ട്” എന്ന ആക്രോശം ആരിഫ് മൊഹമ്മദ് ഖാനിൽനിന്നുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട്‌ പുറത്തുപോകാൻ പറഞ്ഞ ഒരു സന്ദർഭത്തെ ഗവർണറുടെ നടപടിയുമായി കൂട്ടിവായിക്കാൻ ചില ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതു രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് വാസ്തവം. തന്റെ ഒരു പരിപാടി മാധ്യമങ്ങൾ കവർ ചെയ്യേണ്ടതില്ല എന്നു തീരുമാനിക്കാനുള്ള അവകാശം ഗവർണർക്കുണ്ട്. ഉദാഹരണത്തിന്, രാഷ്ട്രീയ പാർടി പ്രതിനിധികളുമായോ എന്തിനേറെ, വിസിമാരുമായോ ഗവർണർ നടത്തുന്ന ആശയവിനിമയത്തിലേക്ക്‌ മാധ്യമങ്ങൾക്ക്‌ പ്രവേശനമില്ലെന്ന് അദ്ദേഹം തീരുമാനിച്ചാൽ അതിൽ ഒരു അപാകതയുമില്ല. എന്നാൽ, തന്റെ ശബ്ദംമാത്രം മുഴങ്ങിക്കേൾക്കുംവിധവും ഇമ്പമുള്ള ചോദ്യങ്ങൾമാത്രം ഉയരുംവിധവുമുള്ള ‘പിക്ക് ആൻഡ് ചൂസ്’ മാധ്യമങ്ങൾക്കിടയിൽ നടത്താൻ അദ്ദേഹത്തിന് അവകാശമില്ല.

മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട സന്ദർഭം എന്തായിരുന്നുവെന്ന് ഓർമിക്കുന്നത് ഇവിടെ ഉചിതമായിരിക്കും. കണ്ണൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ എം, - ആർഎസ്എസ് നേതാക്കളെ വിളിച്ചുവരുത്തിയുള്ള യോഗമായിരുന്നു അത്. യോഗത്തിനുമുമ്പ് മാധ്യമപ്രവർത്തകർ യഥേഷ്ടം ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുകയും ചെയ്തു. അതിനുശേഷവും സ്ഥലം വിടാതെ യോഗം തുടങ്ങാറായിട്ടും അവിടെ തട്ടിനിന്ന മാധ്യമപ്രവർത്തകരോടാണ് പുറത്തുപോകാൻ തന്റേതായ ശൈലിയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ സിപിഐ എം,- ആർഎസ്എസ് ചർച്ച നടത്തുന്നത് മൗഢ്യമായിരിക്കുമെന്ന് പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ. അതേസമയം, മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന മാധ്യമസമ്മേളനങ്ങളിൽ എല്ലാ മാധ്യമപ്രവർത്തകർക്കും പ്രവേശനമുണ്ട്. ആർക്കും എന്തും ചോദിക്കാനുള്ള സാഹചര്യവുമുണ്ട്. ഇതുതന്നെയാണ് കേരളത്തിന്റെ രീതി.

ഗവർണറാകട്ടെ കഴിഞ്ഞ കുറേക്കാലമായി ‘ഹിസ് മാസ്റ്റേഴ്സ് വോയ്സി’നപ്പുറം തന്റെ മാധ്യമവിനിമയം മാറാതിരിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് പുതിയ ആചാരപ്രക്രിയകൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്.വാർത്താസമ്മേളനങ്ങളിൽ തനിക്കു താൽപ്പര്യമില്ലാത്ത, തന്റെ ആശയങ്ങളോട് വിയോജിപ്പുള്ള, മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ ശാഠ്യം. ഗവർണർ എന്നു പറയുന്നത് സ്വകാര്യപദവിയല്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഗവർണർ സ്ഥാനവും രാജ്ഭവനും പ്രവർത്തിക്കുന്നത്. തന്റെ വിഭ്രാന്തമായ ഭാവനാവിലാസത്തിനനുസരിച്ച് അദ്ദേഹത്തിനു പെരുമാറാനാകില്ല. തുല്യതയും തുല്യപരിരക്ഷയും ഉറപ്പുവരുത്തേണ്ട 14–-ാം അനുച്ഛേദത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന 19–-ാം അനുച്ഛേദത്തിന്റെയും ലംഘനമാണ് ‘പിക്ക് ആൻഡ് ചൂസി’ലൂടെ ഗവർണർ നടത്തിയിരിക്കുന്നത്. ഇതോടൊപ്പം സത്യപ്രതിജ്ഞാ ലംഘനവും ഗവർണറുടെ ഭാഗത്തു നിന്നുണ്ടായെന്ന് വ്യക്തമാണ്.

തന്റെ പ്രതിപാദനങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുമ്പോൾ വസ്തുതാവിരുദ്ധമായി നൽകരുതെന്ന് നിഷ്കർഷിക്കാനുള്ള അവകാശം ഏതൊരു പൊതുപ്രവർത്തകനെയുംപോലെ അദ്ദേഹത്തിനുമുണ്ട്. ഏതെങ്കിലും തരത്തിൽ തന്റെ വാക്കുകൾ വികലമാക്കിയിട്ടുണ്ടെങ്കിൽ രേഖാമൂലം പരാതിപ്പെടാനുള്ള അവസരവും അദ്ദേഹത്തിനുണ്ട്. ഇന്നേവരെ ഗവർണറുടെ ഭാഗത്തുനിന്ന് കൈരളിക്ക് രേഖാമൂലമുള്ള ഒരു പരാതിയും ലഭിച്ചിട്ടില്ല. സാധാരണഗതിയിൽ തെറ്റായ വസ്തുതാവിരുദ്ധമായ റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിൽ തിരുത്തൽ ആവശ്യപ്പെടുകയും അതിന് മാധ്യമം മുതിരുന്നില്ലെങ്കിൽ നിയമത്തിന്റെ വഴി തേടുകയുമാണ് ചെയ്യേണ്ടത്. ഇത്തരമൊരു സമീപനം സ്വീകരിക്കാതെ ഏകപക്ഷീയമായി തനിക്കു താൽപ്പര്യമില്ലാത്തവർക്ക്‌ ഭ്രഷ്ടുകൽപ്പിക്കുകയെന്ന മാധ്യമമാരണനയമാണ് ഗവർണർ സ്വീകരിച്ചത്.

ഗവർണറും അദ്ദേഹത്തിന്റെ ഓഫീസും കൈക്കൊള്ളുന്ന തീരുമാനങ്ങളെ വിമർശിക്കാനുള്ള അധികാരം മാധ്യമസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പരമോന്നത നീതിപീഠത്തിന്റെ വിധിപോലും യഥേഷ്ടം നമ്മുടെ രാജ്യത്ത്‌ വിമർശിക്കപ്പെടുന്നുണ്ട്. നീതിന്യായ പ്രക്രിയയെ സചേതനമാക്കാൻ ഇത്തരം വിമർശങ്ങൾ ആവശ്യമാണെന്നാണ് സുപ്രീം കോടതിതന്നെ കണ്ടെത്തിയിട്ടുള്ളത്. അപ്പോഴാണ്, കടുത്ത രാഷ്ട്രീയം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഗവർണർ സ്വയം രാജപദവിയിലേക്ക്‌ ഉയർത്തുന്നത്.

കൈരളിക്ക് രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. ലോകത്തിലെ എല്ലാ മനുഷ്യർക്കും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമില്ലാത്ത ഒരു മാധ്യമസ്ഥാപനവും ലോകത്തില്ല. ഇന്ത്യയിൽ മാധ്യമപ്രവർത്തനവും സ്വാതന്ത്ര്യസമരപ്രസ്ഥാനവും കൈകോർത്താണ് വളർന്നുവന്നത്. മഹാത്മാഗാന്ധിയും അംബേദ്കറുമൊക്കെ ഇന്ത്യയിലെ ഏറ്റവും മിടുക്കന്മാരായ പത്രപ്രവർത്തകരായിരുന്നു. ധീരരക്തസാക്ഷി ഭഗത് സിങ്‌ മൂന്നു ഭാഷയിൽ മാധ്യമപ്രവർത്തനം നടത്തിയിട്ടുണ്ട്. സാമൂഹ്യപരിഷ്കർത്താവ് രാജാ റാംമോഹൻ റോയ് രണ്ടു നൂറ്റാണ്ടുമുമ്പ് പത്രം നടത്തിയത് സതി, ശൈശവവിവാഹം തുടങ്ങിയ അനാചാരങ്ങൾക്കെതിരെ പൊരുതാനായിരുന്നു. കേരളത്തിന്റെ മാധ്യമചരിത്രവും രാഷ്ട്രീയവുമായി ഇഴകോർക്കപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ മാധ്യമപന്ഥാവ് സ്ഫുടം ചെയ്തെടുത്ത മഹാന്മാരായ പത്രാധിപന്മാരെല്ലാം സുവ്യക്തമായ രാഷ്ട്രീയം നെഞ്ചിലേറ്റിയവരായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള, കെ പി കേശവമേനോൻ, കെ ബാലകൃഷ്ണൻ തുടങ്ങിയ പ്രതിഭകളെ മാറ്റിനിർത്തി കേരളമാധ്യമചരിത്രം പറയാൻകൂടി കഴിയില്ല.

രാഷ്ട്രീയത്തിലൂടെ ഒരു മാധ്യമം സമൂഹത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് വെളിപ്പെടുത്തുന്നത്. സിനിമാക്കാർക്ക് ഓസ്കർ എന്നു പറഞ്ഞതുപോലെ ലോകത്തിലെ മാധ്യമപ്രവർത്തകർ ഉറ്റുനോക്കുന്ന പുരസ്കാരമാണ് പുലിറ്റ്സർ പ്രൈസ്. അമേരിക്കയിലെ ഡെമോക്രാറ്റിക് പാർടി നേതാവും അമേരിക്കൻ കോൺഗ്രസ് അംഗവുമായിരുന്ന ജോസഫ് പുലിറ്റ്സറുടെ പേരിലുള്ളതാണ് ഈ പുരസ്കാരം.
അരാഷ്ട്രീയതയും അടിമത്തവുമാണ് മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. ഇക്കാര്യം തിരിച്ചറിയാനുള്ള വകതിരിവ് തനിക്ക്‌ നഷ്ടപ്പെട്ടു എന്നാണ് ഗവർണർ തെളിയിച്ചുകൊണ്ടിരിക്കുന്നത്. കൈരളിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. കേരളം പതിറ്റാണ്ടുകളായി ആർജിച്ച നന്മകളെ സംരക്ഷിക്കുക എന്നതാണ് ആ രാഷ്ട്രീയത്തിന്റെ നിദാനം. ജനാധിപത്യം, മതനിരപേക്ഷത, സാമ്രാജ്യത്വവിരുദ്ധത, സാഹോദര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നിങ്ങനെയുള്ള ഉദാത്തമായ മൂല്യങ്ങളിൽ ഇഴകോർക്കപ്പെട്ട രാഷ്ട്രീയമാണ് കൈരളി നെഞ്ചിലേറ്റുന്നത്. ആരുടെയെങ്കിലും തീട്ടൂരത്തിനു വഴങ്ങി അതു മറച്ചുപിടിക്കാനോ അതിൽ വെള്ളം ചേർക്കാനോ കൈരളി തയ്യാറല്ല.


ഇന്ത്യയിലെ മാധ്യമങ്ങൾ രണ്ടു തരത്തിലുള്ള ഭീഷണിയാണ് നേരിടുന്നത്. ആഭ്യന്തരതലത്തിൽ കച്ചവടതാൽപ്പര്യം മുൻനിർത്തി സ്വന്തം മാധ്യമപ്രവർത്തകർക്ക്‌ കടിഞ്ഞാണിടുക എന്നതാണ് ആദ്യഭീഷണി. തങ്ങളുടെ അധികാരത്തേരോട്ടത്തെ എതിർക്കുന്നവരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും കേന്ദ്രം മുന്നോട്ടുപോകുന്നു എന്നതാണ് മറ്റൊരു വലിയ ഭീഷണി. ഇക്കാരണങ്ങൾകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 180-ൽ 150 ആയി നിലംപൊത്തിയത്. ഇന്ത്യയുടെ പൊതുവായ മാധ്യമാന്തരീക്ഷത്തിൽനിന്ന് മാറിനിൽക്കുന്നതാണ് സംസ്ഥാനത്തിന്റെ മാധ്യമരംഗം. കേന്ദ്രത്തിലെ തന്റെ യജമാനന്മാരുടെ പാതയിലൂടെ മുന്നോട്ടുപോയി രാജ്യത്തിന്റെ പൊതുമാധ്യമാന്തരീക്ഷം കേരളത്തിലേക്ക്‌ ഇറക്കുമതി ചെയ്യാനാണ് ആരിഫ് മൊഹമ്മദ് ഖാൻ ശ്രമിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിനു നേർക്കുവരുന്ന വെല്ലുവിളികൾക്കെതിരെ എഡിറ്റോറിയൽ നയങ്ങളുടെ വേർതിരിവുകൾക്കതീതമായി ഐക്യദാർഢ്യത്തോടെ നിലകൊള്ളുക എന്നതാണ് നമ്മുടെ മാധ്യമമേഖല അനുവർത്തിച്ചു പോരുന്ന നയം. പുതിയ സാഹചര്യത്തിലും ഇത്തരമൊരു സാഹോദര്യത്തിന്റെ പ്രതലം സൃഷ്ടിക്കാൻ നമ്മുടെ മാധ്യമങ്ങൾക്കു കഴിയുമെന്ന്‌ പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top