29 March Friday

എന്നും പദവിക്ക്‌ പിന്നാലെ; നിലപാടുകൾ വിറ്റ്‌ ബിജെപിയിൽ

ശ്രീകുമാർ ശേഖർUpdated: Tuesday Sep 20, 2022

അരുൺ നെഹ്റുവിനും വിപി സിങ്ങിനുമൊപ്പം ആരിഫ്‌ മൊഹമ്മദ്‌ ഖാൻ

1998 മാർച്ച്‌ 26ന് 12–-ാം ലോക്‌സഭയുടെ ശൂന്യവേളയെ ഇളക്കിമറിച്ചത്‌ ഉത്തർപ്രദേശിലെ  ബഹ്റൈച്ചിൽനിന്നുള്ള ബഹുജൻ സമാജ്‌ പാർടി എംപിയായിരുന്നു. ഭൂരിപക്ഷമില്ലാത്ത എ ബി വാജ്‌പേയി സർക്കാരിന്‌ എംപിമാരെ കിട്ടാൻ പ്രധാനമന്ത്രിയുടെയും ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെയും ഒത്താശയോടെ തന്റെ പാർടിയിലെ എംപിമാരായ മായാവതിക്കും അക്‌ബർ അഹമ്മദ്‌ ‘ഡംപി’ക്കും പണവും പദവിയും വാഗ്‌ദാനം ചെയ്‌തു എന്നായിരുന്നു ആരോപണം. 11ന്‌ ശൂന്യവേള ആരംഭിച്ചതുമുതൽ അവസാനിക്കുന്ന 12 വരെ ഈ ഒറ്റവിഷയം സഭയിൽ കത്തിനിന്നു. ഇടനിലക്കാരായി നിന്ന ബിജെപി നേതാക്കളുടെ പേരടക്കം പറഞ്ഞാണ്‌ അംഗം പ്രധാനമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസിലൂടെ വിഷയം സഭയിൽ ഉന്നയിച്ചത്‌. ബഹളത്തിനൊടുവിൽ ആരോപണത്തിന്‌ വേണ്ടത്ര തെളിവില്ലെന്നു പറഞ്ഞ്‌ സ്‌പീക്കർ നോട്ടീസ്‌ തള്ളി.

ബിജെപിക്കും എ ബി വാജ്‌പേയിക്കും എതിരെ ഇത്ര ഗുരുതരമായ ആരോപണം ഉന്നയിച്ച ബിഎസ്‌പി എംപിയുടെ പേര്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ.
അതേ, ഇന്ന്‌ ബിജെപി സർക്കാരിന്റെ കൂലിപ്പടയാളിയെപ്പോലെ കേരള സർക്കാരിനെതിരെ അസംബന്ധ യുദ്ധം നയിക്കുന്ന അതേ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ.

വാജ്‌പേയിക്കെതിരെ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ അവകാശ ലംഘന നോട്ടീസ്‌

വാജ്‌പേയിക്കെതിരെ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ അവകാശ ലംഘന നോട്ടീസ്‌

ഒരുകൊല്ലം മാത്രം നീണ്ട ആ ലോക്‌സഭയിൽ മറ്റൊരിക്കൽക്കൂടി ഇതേ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ കോലാഹലം സൃഷ്ടിച്ചു. 1998 ഡിസംബർ പതിനാറിനായിരുന്നു അത്‌. ബിജെപിയും വിശ്വഹിന്ദു പരിഷത്തും  ബജ്‌രംഗ്‌‌ദളും ചേർന്ന്‌ മായാവതിയെ വധിക്കാൻ ശ്രമിക്കുന്നുവെന്നും അവർക്ക്‌ പൊലീസ്‌ സംരക്ഷണം നൽകണമെന്നുമായിരുന്നു ആവശ്യം. അന്നും സഭ ബഹളത്തിൽ മുങ്ങി.

1999ൽ വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വന്നു. ബിഎസ്‌പി ഖാനെത്തന്നെ ബഹ്റൈച്ചിൽ സ്ഥാനാർഥിയാക്കി. പക്ഷേ, ബിജെപി സ്ഥാനാർഥിയാണ്‌ അവിടെ ജയിച്ചത്‌. അതോടെ ഖാൻ ബിഎസ്‌പി മതിയാക്കി. 2004ൽ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ അതുവരെ എതിർത്തിരുന്ന ബിജെപിയിൽ ചേർന്ന്‌ രാജ്യത്തെ മതനിരപേക്ഷ സമൂഹത്തെയാകെ ഞെട്ടിച്ചു.

എൺപതുകളുടെ അവസാനം തത്വാധിഷ്ഠിത രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി വാഴ്‌ത്തപ്പെട്ട ഒരു രാഷ്‌ട്രീയ നേതാവിന്റെ പതനത്തിന്റെ അവസാന അധ്യായമാണ്‌  ഇന്ന്‌ മലയാളിക്കു മുന്നിൽ അദ്ദേഹം ആടിത്തീർക്കുന്നത്‌

പദവികൾ ചെറുപ്പത്തിലേ ആസ്വദിച്ചു തുടങ്ങിയ നേതാവാണ്‌ ഖാൻ. ചൗധരി ചരൺസിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിലായിരുന്നു തുടക്കം. 1977ൽ ആ പാർടി ജനതാ പാർടി ആയപ്പോൾ അവരുടെ സ്ഥാനാർഥിയായി 26–-ാം വയസ്സിൽ സിയാര മണ്ഡലത്തിൽനിന്ന്‌ എംഎൽഎ ആയി. പക്ഷേ, മൂന്നുവർഷം കഴിഞ്ഞപ്പോൾ കോൺഗ്രസിനാണ്‌ സാധ്യതയെന്ന്‌ വന്നതോടെ അങ്ങോട്ടുമാറി. നഷ്ടം വന്നില്ല. 1980ലും 1984ലും  കോൺഗ്രസിന്റെ എംപിയായി. വിവാഹമോചിതരാകുന്ന മുസ്ലിം സ്ത്രീകൾക്ക ജീവനാംശത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന സുപ്രീംകോടതി വിധിക്കെതിരെ 1986ൽ രാജീവ്‌ ഗാന്ധി നിയമം കൊണ്ടുവന്നപ്പോൾ ഖാൻ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ വിട്ടു. സ്വാഭാവികമായും ഇടതുപക്ഷം അടക്കമുള്ള മതനിരപേക്ഷ പാർടികളുടെ സ്വീകാര്യത ലഭിച്ചു. ഖാൻ വിപി സിങ്ങിന്റെ ജനതാദളിൽ എത്തി. 1989-ൽ ദളിന്റെ എംപിയായി. ജനതാദൾ സർക്കാരിൽ വ്യോമയാന–- ഊർജ വകുപ്പുകളുടെ മന്ത്രിയായി.

ഇതിനിടെ, ജയിൻ ഡയറി കേസിൽ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ പേരുവന്നു. 1988 മെയ്‌ മുതൽ 1991 ഏപ്രിൽവരെ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ 7.63 കോടി രൂപ ഹവാല ഇടപാടിലൂടെ ലഭിച്ചെന്നായിരുന്നു സിബിഐ കുറ്റപത്രം. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും അഴിമതിക്കാരൻ എന്ന മുദ്ര വീണു.

ബിജെപിയിൽ ചേക്കേറിയപ്പോൾ ഖാൻ നൽകിയ അഭിമുഖം

ബിജെപിയിൽ ചേക്കേറിയപ്പോൾ ഖാൻ നൽകിയ അഭിമുഖം


ജനതാദളിലും അധികം തുടരാതെ ഖാൻ 1998-ൽ ബഹുജൻ സമാജ് വാദി പാർടിയിൽ ചേർന്നു. ബഹ്റൈച്ചിൽനിന്ന്‌ അവരുടെ എംപിയായി. കടുത്ത ബിജെപിവിരുദ്ധ പോരാളിയായി. പിന്നീട്‌ ബിഎസ്‌പി വിട്ട്‌ രാംവിലാസ്‌ പസ്വാന്റെ ലോക്‌ ജനശക്തി പാർടിയിൽ ചേർന്നു. വീണ്ടും മലക്കംമറിഞ്ഞാണ്‌ 2004ൽ ബിജെപിയിൽ എത്തിയത്‌. ആ വർഷം  കൈസർഗഞ്ചിൽനിന്ന്‌ ബിജെപി ടിക്കറ്റ്‌ ഉറപ്പാക്കിയായിരുന്നു  ചാട്ടം.  പക്ഷേ പിഴച്ചു; സമാജ്‌വാദി പാർടിയുടെ ബേനി പ്രസാദ്‌ വർമയോട്‌ തോറ്റു.

മൂന്നുകൊല്ലം പദവികൾ ഇല്ലാതായ ഖാൻ 2007ൽ ബിജെപി വിട്ടു. പാർടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി അന്നത്തെ പ്രസിഡന്റ്‌ രാജ്‌നാഥ്‌ സിങ്ങിന്‌ കത്തുനൽകിയായിരുന്നു രാജി. യുപി നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലായിരുന്നു അത്‌. സീറ്റ്‌ കിട്ടാത്തതുതന്നെയായിരുന്നു കാരണം. ഭാര്യ രേഷ്‌മയ്‌ക്ക്‌ എങ്കിലും  സീറ്റ്‌ വേണമെന്ന ആവശ്യം ബിജെപി തള്ളിയതോടെ അവരെ ബഹ്‌റൈച്ച്‌ മണ്‌ഡലത്തിൽ ഇന്ത്യൻ ജസ്‌റ്റിസ്‌ പാർടിയുടെ സ്ഥാനാർഥിയാക്കി. അവർ തോറ്റ്‌ നാലാം സ്ഥാനത്തായി. അതോടെയാണ്‌ വീണ്ടും ബിജെപിയിൽ എത്താൻ ശ്രമം തുടങ്ങിയത്‌. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധനയങ്ങളെ  പരസ്യമായി പിന്തുണച്ച്‌ നിലകൊണ്ടു. അങ്ങനെ 2019ൽ കേരള ഗവർണർ പദവി നേടിയെടുത്തു.

ഭാര്യക്ക്‌ സീറ്റ്‌ നൽകാത്തതിന്‌ ആരിഫ്‌ ബിജെപി വിട്ട വാർത്ത

ഭാര്യക്ക്‌ സീറ്റ്‌ നൽകാത്തതിന്‌ ആരിഫ്‌ ബിജെപി വിട്ട വാർത്ത


മുസ്ലിം പേരുകാരെ ഇടയ്‌ക്കിടെ  കൊണ്ടുവന്ന്‌ ന്യൂനപക്ഷവിരുദ്ധ പ്രതിച്ഛായക്ക്‌ മറയിടാൻ ബിജെപി എന്നും ശ്രമിക്കാറുണ്ട്‌. സിക്കന്തർ ഭക്തിനും ആരിഫ്‌ ബെയ്‌ഗിനുംശേഷം ബിജെപി വലയിലാക്കുന്ന പ്രമുഖ മുസ്ലിം നേതാവ്‌ എന്ന ഇമേജുമായാണ്‌ ഖാൻ 2004ൽ ബിജെപിയിൽ എത്തുന്നത്‌. പക്ഷേ, അവഗണിക്കപ്പെട്ടതോടെ മുസ്ലിം പേരുകാരൻ ആയാൽ പോരാ മുസ്ലിം വിരുദ്ധൻ തന്നെയായാലേ പദവികൾ തേടിയെത്തൂ  എന്ന്‌ മനസ്സിലാക്കിയ ഖാൻ പൗരത്വ നിയമമടക്കം ബിജെപിയുടെ എല്ലാ വർഗീയ‐ ജനവിരുദ്ധ നീക്കങ്ങളുടെയും വക്താവായി.  ഇന്ത്യയിലെ മതനിരപേക്ഷ തുരുത്തായ കേരളത്തിൽ ഒരു ലഹളയുടെ കൊടിപ്പടം പാറിച്ചാൽ ബിജെപിയുടെ നല്ല കുട്ടിയായി  എക്കാലവും വാഴാമെന്ന്‌ അദ്ദേഹം കരുതുന്നു എന്നുവേണം സംശയിക്കാൻ.

മതനിരപേക്ഷ പ്രസ്ഥാനങ്ങളിൽ  പ്രവർത്തിച്ചുണ്ടാക്കിയ  രാഷ്‌ട്രീയ മൂലധനം മുസ്ലിം സമുദായത്തിന്റെ ഉന്മൂലനംതന്നെ ലക്ഷ്യമിടുന്ന ഒരു പാർടിയുടെ പിന്നാമ്പുറത്ത്‌ വിലപേശി  വിറ്റുകിട്ടിയ നേട്ടങ്ങളിൽ  ആരിഫ്‌ മൊഹമ്മദ്‌ ഖാൻ  മതിമറന്നാടുകയാണ്‌. എൺപതുകളുടെ അവസാനം തത്വാധിഷ്ഠിത രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി വാഴ്‌ത്തപ്പെട്ട ഒരു രാഷ്‌ട്രീയ നേതാവിന്റെ പതനത്തിന്റെ അവസാന അധ്യായമാണ്‌  ഇന്ന്‌ മലയാളിക്കു മുന്നിൽ അദ്ദേഹം ആടിത്തീർക്കുന്നത്‌. കാണാൻ ചേലുണ്ട്‌. പക്ഷേ, അത്‌ സംസ്ഥാന താൽപ്പര്യങ്ങൾ പോലും ഹനിക്കുംവിധമാകുമ്പോൾ ഈ നാട്‌ കണ്ടുനിൽക്കുമോ? കണ്ടറിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top