20 April Saturday

ജയിൻ ഹവാലയിലെ മുഖ്യപ്രതി;കെെപറ്റിയത് 7 .63 കോടി രൂപ

കെ എ നിധിൻനാഥ്‌Updated: Tuesday Sep 20, 2022

തിരുവനന്തപുരം> സ്വന്തം നേട്ടങ്ങൾമാത്രം ലക്ഷ്യമിട്ടുള്ള ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ രാഷ്‌ട്രീയ ജീവിതത്തിൽ അഴിമതിയുടെ കളങ്കവും ആവോളമുണ്ട്‌. രാഷ്‌ട്രീയ പാർടികൾ മാറുന്നതിൽ കുപ്രസിദ്ധിയാർജിച്ച അദ്ദേഹം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസിലും പ്രതിയായിരുന്നു. ഭാരതീയ ക്രാന്തി ദളിൽ തുടങ്ങിയ രാഷ്‌ട്രീയ ജീവിതം പിന്നീട്‌ കോൺഗ്രസ്‌, ജനതാദൾ, ബിഎസ്‌പി എന്നീ പാർടികളിലും അവസാനം ബിജെപിയിലുമെത്തി. 1989ൽ കേന്ദ്രമന്ത്രി സഭയിൽ അംഗമായപ്പോഴാണ്‌ കുപ്രസിദ്ധമായ ജയിൻ ഹവാല കേസിൽ ഉൾപ്പെടുന്നത്‌.

ജയിൻ ഹവാല ഇടപാടിൽ ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയ രാഷ്‌ട്രീയ നേതാവും ആരിഫ്‌ മൊഹമ്മദ്‌ ഖാനാണ്‌. 7.63 കോടി രൂപയാണ്‌ പല തവണകളിലായി വാങ്ങിയത്‌. മാധ്യമ പ്രവർത്തകൻ സഞ്ജയ്‌ കപൂർ എഴുതിയ ‘ബാഡ്‌ മണി, ബാഡ്‌ പൊളിറ്റിക്‌സ്‌–- ദി അൺടോൾഡ്‌ ഹവാല സ്‌റ്റോറി’ എന്ന പുസ്‌തകം അഴിമതിയുടെ ഉള്ളറകൾ തുറക്കുന്നതാണ്‌. കേസ്‌ അന്വേഷണത്തിനിടെ സിബിഐ ജയിനിൽനിന്ന്‌ പിടിച്ചെടുത്ത രണ്ടു ഡയറിയിലും ഒരു നോട്ടുബുക്കിലുമായി രാഷ്‌ട്രീയ പാർടികൾ, രാഷ്‌ട്രീയ നേതാക്കൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, ബിസിനസ്‌ പങ്കാളികളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി ഹവാല പണം കൈപ്പറ്റിയ 115 ആളുകളുടെ പേരാണുണ്ടായിരുന്നത്‌. ഇടതുപക്ഷ നേതാക്കളിൽ ഒരാൾപോലും ജയിൻ ഹവാല കേസിൽ ഉൾപ്പെട്ടിരുന്നില്ല. ഇതിൽ ഉൾപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആളായാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാനെ വിശേഷിപ്പിക്കുന്നത്‌. മുഖ്യപ്രതിയായ സുരേന്ദർ ജയിനിന്റെ കുറ്റസമ്മത മൊഴിയിലും സിബിഐ കുറ്റപത്രത്തിലും ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ പങ്ക്‌ എടുത്ത്‌ പറയുന്നുണ്ട്‌.

1991 ഏപ്രിലിൽ ഡൽഹി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരൻ അഷ്‌റഫ്‌ അഹമ്മദ്‌ ലോണിൽനിന്ന്‌ 16 ലക്ഷം രൂപയും ബാങ്ക്‌ ഡ്രാഫ്‌റ്റുകളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ്‌ ദുബായ്‌, ലണ്ടൻ, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഹവാല റാക്കറ്റിലേക്ക്‌ സിബിഐ എത്തുന്നത്‌. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ സുരേന്ദർ ജയിനിനെ പിടികൂടുന്നതും ഇന്ത്യൻ രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ ഹവാല ഇടപാട്‌ പുറത്തുവരുന്നതും.
സിബിഐ അന്വേഷണം ശക്തമാക്കിയതിനു പിന്നാലെ പണം വാങ്ങിയതിന്‌ തെളിവ്‌ ലഭിച്ചവരെ ചോദ്യം ചെയ്യാൻ നോട്ടീസ്‌ അയക്കാനും റെയ്‌ഡുകൾ നടത്താനും തുടങ്ങി.

കേന്ദ്രമന്ത്രിയായിരുന്ന മാധവ്‌ റാവു സിന്ധ്യ, ബിജെപി നേതാവ്‌ എൽ കെ അദ്വാനി എന്നിവർക്ക്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ നോട്ടീസ്‌ ലഭിച്ചു. ഹവാല ഇടപാടിൽ ഉൾപ്പെട്ടവർ എല്ലാവരും പിടിയിലാകുമെന്ന പ്രതീതിയുണ്ടായെന്നു പറഞ്ഞാണ്‌ പുസ്‌തകത്തിന്റെ ഒമ്പതാം അധ്യായമായ ദി വീപ്പ്‌ (ചാട്ടുളി) അവസാനിക്കുന്നത്‌.

പത്താം അധ്യായം ആക്‌ഷൻ (നടപടി) തുടങ്ങുന്നത്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാനിൽ ഉടലെടുത്ത ഭയം തുറന്നു കാണിച്ചാണ്‌. റെയ്‌ഡുകളിൽ ഭയചകിതനായ അദ്ദേഹം സർക്കാരിന്റെ ഭാഗമായ തന്റെ പഴയ സഹപ്രവർത്തകൻ വി സി ശുക്ലയോട്‌ കേസിനെക്കുറിച്ച്‌ ചോദിച്ചു. എന്നാൽ, ആരും രക്ഷയ്‌ക്ക്‌ എത്തില്ലെന്ന്‌ സംശയം തോന്നിയ ആരിഫ്‌ ആൾദൈവം ചന്ദ്രസ്വാമി തനിക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ്‌ കേസെന്ന്‌ ആരോപിച്ചു. പ്രധാനമന്ത്രി നരസിംഹ റാവുമായി അടുത്ത ബന്ധമുള്ള ചന്ദ്രസ്വാമി തനിക്കെതിരെ നീക്കങ്ങൾ നടത്തുകയാണെന്നും വിശ്വസിച്ചു. ഹവാല അഴിമതിയുടെ ഭാഗമാണ്‌ അന്വേഷണമെന്ന്‌ ഒരിക്കൽപ്പോലും സമ്മതിക്കാൻ തയ്യാറായില്ല. തുടർന്ന്‌ കേസിൽനിന്ന്‌ രക്ഷപ്പെടാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും തന്റെ മണ്ഡലമായ യുപിയിലെ ബഹ്റൈച്ചിൽനിന്ന്‌ ഡൽഹിയിലേക്ക്‌ പദയാത്ര നടത്തി.

സിബിഐ ഡയറക്ടർക്കെതിരെയും ആരോപണം ഉന്നയിച്ചു. വി പി സിങ്‌  മന്ത്രിസഭയിൽ കേന്ദ്ര ഊർജ–- വ്യോമയാന മന്ത്രിയായിരിക്കെയാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഹവാല ഇടപാടിന്‌ കളമൊരുക്കിയത്‌. 1986 മുതൽ അംഗീകാരം നൽകാതിരുന്ന ഗുജറാത്തിലെ കവാസ്‌ ഊർജ പദ്ധതിയുടെ കരാർ ആരിഫ്‌ മന്ത്രിയായ ഉടൻ ഫ്രഞ്ച്‌ കമ്പനിയായ ജിഇസി അൽസ്‌തോമിന്‌ അനുവദിച്ചു. എസ്‌ കെ ജയിൻ മുഖേനയാണ്‌ ആരിഫ്‌ ഖാനെ സ്വാധീനിച്ച്‌ അൽസ്‌തോം വൈസ്‌ പ്രസിഡന്റ്‌ റെവ്‌ലിയോൺ കരാർ നേടിയെടുക്കുന്നത്‌. 1990 ജനുവരി 23ന്‌ നടന്ന ഒറ്റ കൂടിക്കാഴ്‌ചയിൽത്തന്നെ കരാർ അൽസ്‌തോമിന്‌ ലഭിച്ചു. പിന്നാലെ 5.3 കോടി ഡോളർ (10.95 കോടി രൂപ) ജയിൻ സഹോദരന്മാരുടെ അക്കൗണ്ടിലേക്ക്‌ കരാർ നൽകിയതിന്റെ പ്രതിഫലമായി എത്തി. അമീർ ഭായ്‌ എന്നയാൾ മുഖാന്തരമാണ്‌ ഹവാല പണം കൈമാറിയത്‌. ലഭിച്ച പണത്തിൽ 6.54 കോടി രൂപയും ആരിഫ്‌ ഖാന്‌ നൽകി. നാലു തവണയായാണ്‌ നൽകിയത്‌. ഇത്‌ രേഖകളുടെ പിൻബലത്തിൽ പുസ്‌തകത്തിന്റെ 125, 126 പേജുകളിൽ വിശദീകരിക്കുന്നുണ്ട്‌. ഒപ്പം തെളിവായി ജയിനിന്റെ ഡയറിയുടെ പേജുകളുമുണ്ട്‌.


1991 മെയ്‌ മൂന്നിന്‌ ജയിനിന്റെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ്‌ രേഖകൾ പിടിച്ചെടുത്തത്‌. ആരിഫ് മൊഹമ്മദ് ഖാൻ തന്റെ അടുത്ത സുഹൃത്താണെന്നാണ്‌ ജയിൻ മൊഴി നൽകിയത്‌. ഡയറിയിൽ ആരിഫിന്റെ പേര്‌ എഎം/ എഎംകെ എന്നിങ്ങനെയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. 1988 മെയ്‌ മുതൽ 1991 ഏപ്രിൽവരെ 7.62 കോടി ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ നൽകിയിട്ടുണ്ടെന്നും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. 1.08 കോടി വിവിധ ആവശ്യങ്ങൾക്കായും 6.54 കോടി കരാർ നൽകിയതിനുമാണ്‌ നൽകിയത്‌. പലപ്പോഴും തന്റെ നിർദേശ പ്രകാരം സഹോദരൻ ജെ കെ ജയിനാണ്‌ പണം നൽകിയിരുന്നതെന്നും മൊഴിയിലുണ്ടായിരുന്നു. ഈ പണം ഉപയോഗിച്ച്‌ ട്രക്കുകൾ അടക്കം നിരവധി വാഹനങ്ങൾ ആരിഫ്‌ വാങ്ങി. സയ്യദ എന്ന പേരിൽ ഡൽഹിയിൽ ലോക്കറുണ്ടെന്നും സിബിഐ കുറ്റപത്രത്തിൽ വിശദീകരിച്ചിരുന്നു.

കോൾ ഇന്ത്യയുടെ ചെയർമാനായിരുന്ന എം പി നാരായൺ മന്ത്രിയായിരുന്ന ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ 25 ലക്ഷം നൽകി. എം പി നാരായണനും ആരിഫ്‌ മൊഹമ്മദ്‌ ഖാനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത്‌ പരിഹരിച്ചത്‌ എസ്‌ കെ ജയിനായിരുന്നു. തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിച്ചതിനു പിന്നാലെയാണ്‌ പണം നൽകിയത്‌. എന്നാൽ, ഇതിന്‌ നാരായണന്‌ പണം നൽകിയതും ജയിനായിരുന്നു.  മന്ത്രിയായും ജനപ്രതിനിധിയായും പ്രവർത്തിക്കുമ്പോൾ അധികാര ദുർവിനിയോഗം നടത്തി പണം സമ്പാദിച്ച ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണ്‌ സഞ്ജയ് കപൂറിന്റെ പുസ്‌തകം. തെളിവുകൾ ഉണ്ടായിട്ടും ഉന്നത ഇടപെടലുകളെത്തുടർന്ന്‌ കേസ്‌ അട്ടിമറിക്കപ്പെട്ടു. ഡയറിക്കുറിപ്പുകൾ തെളിവായി പരിഗണിക്കില്ലെന്ന കോടതി നിലപാടാണ്‌ ഹവാല ഇടപാടുകാർക്ക്‌ തുണയായത്‌. ഇത്തരത്തിൽ ഹവാല അഴിമതി  ആരോപണം നേരിട്ടയാളാണ് ഒരു അഴിമതിയിലും ഉൾപ്പെടാത്ത ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top