20 April Saturday

ദ്യോഗോ യുഗത്തിൽനിന്ന്‌
 മെസിയുടെ ലോകകപ്പിലേക്ക്‌

എ എൻ രവീന്ദ്രദാസ്‌Updated: Tuesday Dec 20, 2022

ആകസ്മികതയുടെ പൂക്കൾക്കായി നാം പൂക്കൂട ഒരുക്കിയത് വെറുതെയായില്ല. ഖത്തറിൽ കാൽപ്പന്തുകളിയുടെ ഉത്സവഭൂമിയിൽ അർജന്റീനയുടെ മിശിഹായായി ലോകകിരീടം ഉയർത്തിയ ലയണൽ മെസിക്ക് ഹൃദയത്തിന്റെ പൂക്കൂടയിൽ തന്നെയായിരിക്കും സ്ഥാനം. 36 വർഷംമുമ്പ്‌ മെക്സിക്കോയിലെ ആസ്റ്റക്‌ സ്റ്റേഡിയത്തിൽ തെക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമായ അർജന്റീനയെ സ്വർണക്കപ്പിലേക്ക് എത്തിച്ച ദ്യോഗോ മാറഡോണയുടെ നേരവകാശിയായി തന്റെ കാലഘട്ടവും ചരിത്രവും രേഖപ്പെടുത്തി ലയണൽ മെസി എന്ന മുപ്പത്തഞ്ചുകാരൻ ലോകത്തിനുമുന്നിൽ നിറചിരിയോടെ നിൽക്കുന്നു. മൃത്യുകവാടം കടന്നുപോയ ദ്യോഗോയുടെ രചനയ്ക്കുള്ള അർജന്റീനയുടെ ഏറ്റവും നല്ല സ്മരണികയാണ് മെസിയുടെ കൈകളിലൂടെ തെക്കേ അമേരിക്കയിലേക്ക് എത്തിച്ച ഈ പത്താമത് ലോകകിരീടം.

വ്യക്തിഗത ക്ലബ് നേട്ടങ്ങളത്രയും സ്വന്തമാക്കി, മികച്ച ലോക താരത്തിനുള്ള  ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ ഏഴാം നിറവിലെത്തിയും ലാറ്റിൻ തട്ടകത്ത്‌ കോപ്പ അമേരിക്ക വെട്ടിപ്പിടിച്ചും എത്തിയ മെസി,  ജന്മദൗത്യമായി ഫിഫ കപ്പിലും മുദ്രചാർത്തി ചരിത്രപഥത്തിൽ വന്നുനിൽക്കുന്ന അസുലഭ ധന്യമുഹൂർത്തമാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ എക്കാലത്തെയും നാടകീയവും ആവേശഭരിതവും ആജ്ഞാപൂരിതവുമായ പ്രകടനത്തിലൂടെ ലോക ഫുട്ബോളിന്റെ നാളത്തെ മുഖമായ കിലിയൻ എംബാപ്പെയിലൂടെ  ഫ്രാൻസ് നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവിനെ ഷൂട്ടൗട്ടിന്റെ അഗ്നിപരീക്ഷയിൽ മറികടന്ന് അർജന്റീന രാജസൂയം പൂർത്തിയാക്കുമ്പോൾ മെസി എന്ന മാന്ത്രികന്റെ ലോകകപ്പിലെ ഐതിഹാസിക പോരാട്ടങ്ങളുടെ വിരാമഗീതവുമായി.

ഫ്രാൻസിനെ പരാജയത്തിന്റെ ഭീതിയിലേക്ക് എടുത്തെറിഞ്ഞ്‌ എയ്ഞ്ചൽ ഡി മരിയക്കൊപ്പം ആക്രമണത്തിന്റെ നിലയ്ക്കാത്ത തരംഗമായി മാറിയ മെസി എല്ലാ അർഥത്തിലും ഞായറാഴ്ച രാത്രി ലുസെയ്‌ൽ സ്റ്റേഡിയത്തിൽ അർജന്റീനയുടെ നായകനും നിയന്താവുമായി. 2014ലെ ഫൈനലിൽ ജർമനിയോട് പരാജയപ്പെട്ടപ്പോൾ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയ മെസിയെ തന്റെ അവസാന ലോകകപ്പ് പോരാട്ടത്തിലും അതേ ബഹുമതി തേടിയെത്തി. ഷൂട്ടൗട്ടിൽ അടക്കം ടീമിന്റെ കാവൽമാടം ഇളകാതെ കാത്തുസൂക്ഷിച്ച എമിലിയോ മാർട്ടിനെസ് മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത് അംഗീകാരത്തിന്റെ ഇരട്ടിമധുരമായി. ഒപ്പം ഒരു ലോകകപ്പിന്റെ  ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാർട്ടർമുതൽ ഫൈനൽവരെയുള്ള നോക്കൗട്ട് റൗണ്ടിലും ഗോളടിച്ച ഏകതാരമെന്ന അപൂർവ നേട്ടവും മെസി കൂടെക്കൂട്ടി. അതേസമയം 2006നു ശേഷം ഒരിക്കൽക്കൂടി ഷൂട്ടൗട്ടിന്റെ കടമ്പയിൽ വീണെങ്കിലും പെലെയ്‌ക്കുശേഷം ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് ജേതാവായി 2018ൽ ചരിത്രത്തിലേക്ക് കയറിനിന്ന കിലിയൻ എംബാപ്പെ 1966ൽ ഇംഗ്ലണ്ടിന്റെ ജിയോ ഹെഴ്‌സിറ്റിനുശേഷം കലാശപ്പോരാട്ടത്തിൽ ഹാട്രിക്‌ നേടുന്ന ആദ്യതാരമെന്ന രജതരേഖയിലുമെത്തി.


 

വേഗതയുടെയും ശക്തിയുടെയും സംഘബലത്തിന്റെയും ആക്രമണശേഷിയുടെയും ചൂടും ചൂരും പകർന്ന്‌ അർജന്റീനയും ഫ്രാൻസും തോളോടുതോൾനിന്ന് പോരടിച്ച നിശ്ചിത സമയത്തിന്റെ അവസാനഭാഗവും അധികസമയക്കളിയും സമ്മാനിച്ചത് ഫുട്ബോളിന്റെ  നവഭാവുകത്വമാണ്. അവിടെയാണ് ഒടുങ്ങാത്ത ഇച്ഛാശക്തിയും പ്രതിഭാവിലാസവും കളിമികവുംകൊണ്ട് എംബാപ്പെ ഫ്രാൻസിനെ തിരികെ കൊണ്ടുവന്നത്. ഇത്രത്തോളം വികാരതീവ്രതയോടെയുള്ള ആക്രമണവും നിശ്ചയദാർഢ്യത്തോടെയുള്ള പ്രതിരോധവും ഇന്നോളം ഒരു ലോകകപ്പ് ഫൈനലും ദർശിച്ചിട്ടില്ല.

ബീജിങ് ഒളിമ്പിക്സ് ഫുട്ബോൾ ഫൈനലിൽ നൈജീരിയക്കെതിരെ ഗോൾ നേടി അർജന്റീനയെ സ്വർണമെഡലിൽ എത്തിച്ച ഡി മരിയയും മെസിയും ചേർന്ന ഇഴമുറുക്കമുള്ള മുന്നേറ്റ കണ്ണി 14 വർഷത്തിനു ശേഷവും അതേ മൂർച്ചയോടെ മഹാപ്രവാഹമായി ഫ്രാൻസിന്റെ മിഥ്യാമോടികളെ അമ്മാനമാടിയ കാഴ്ച ഒരിക്കലും ഓർമയിൽനിന്ന് മായുന്നതല്ല. കളി ജീവിതത്തിന്റെ അസ്തമയത്തിലും  ഇരുവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം രാജ്യത്തിനായി ബാക്കിവച്ചിരുന്നു. പാസുകളിലും ക്രോസുകളിലും നീക്കങ്ങളിലും പരസ്പരധാരണയിലും ഒരുപോലെ ചിന്തിച്ചുനീങ്ങിയ അസാമാന്യ പ്രതിഭകളുടെ സമന്വയമാണ് ലോകഫുട്ബോളിലെ മൂന്നാം ഫ്രഞ്ച് വിപ്ലവത്തെ തടഞ്ഞുനിർത്താൻ ആൽബി സെലസ്റ്റൻ ടീമിന് വജ്രായുധമായത്. ചില മികവുകളിൽ അസദൃശ്യമായ പാടവമുള്ള മെസിക്ക് തുല്യനായി ഒരാളെയും ചൂണ്ടിക്കാട്ടാനില്ല. ലോകകപ്പ് കൈവശമുള്ള ടീമിന്റെ സ്പിരിറ്റും ആത്മവിശ്വാസവും അളവറ്റ ഉണർവും കളത്തിലെ പ്രായോഗിക പാഠത്തിന്റെ മികവും കൈവശമുള്ള ഫ്രഞ്ച് ടീം ഒരു മത്സരത്തിന്റെ ഏറിയപങ്കും ഇത്രമേൽ നിസ്‌തേജരായിനിന്ന മറ്റൊരവസരം ഉണ്ടായിട്ടില്ല. തക്കസമയത്ത് കടിഞ്ഞാൺ അഴിച്ചുവിടാനായി ഉള്ളിൽ കൊടുങ്കാറ്റുമായി എതിർനിരയിലേക്ക് ഊളിയിട്ടിറങ്ങുന്ന മെസി തന്റെ വ്യക്തിഗത മികവ്‌ ടീം ഗെയിമിലേക്ക് പരിവർത്തിപ്പിക്കാൻ എപ്പോഴും ജാഗരൂകനായതിന്റെകൂടി മികവാണ് അർജന്റീനയ്‌ക്ക് കരുത്തായത്.


 

ഈ ലോകകപ്പിൽ ജർമനിയുടെയും ബ്രസീലിന്റെയും സ്പെയിനിന്റെയും പോർച്ചുഗലിന്റെയും ബെൽജിയത്തിന്റെയുമെല്ലാം ബലക്ഷയം പല കാരണങ്ങൾകൊണ്ട് സംഭവിച്ചതാണെങ്കിലും വാഴ്ത്തിപ്പാടലുകളിൽ മതിമറക്കാതെ അചഞ്ചലമായി മുന്നേറിയ ഫ്രാൻസ് രണ്ടാം സ്ഥാനത്തെത്തിയതും അനുപമമായ കാഴ്ചയാണ്. ഉടനീളം നിശിതമായ ആക്രമണം നടത്തി കളിക്ക് പുതിയ ഈടുവയ്‌പുകൾ സമ്മാനിച്ച രണ്ട് ടീം ഫ്രാൻസും അർജന്റീനയും തന്നെയാണ്.

മൊറോക്കോയുടെ സ്വപ്നതുല്യമായ കുതിപ്പും രാക്ഷസവധങ്ങളും അവർക്ക്‌ ചാർത്തിക്കൊടുത്തിരുന്ന കറുത്ത കുതിരകളെന്ന കവചം മുറിച്ചുകടക്കുന്നതാണ്‌ ഖത്തറിൽ കണ്ടത്. ആഫ്രിക്കൻ അറബ് സംസ്കാരത്തിന്റെയും ഭാഷയുടെയും സങ്കലനവും ഫ്രാൻസിന്റെ കോളനിയായിരുന്ന ചരിത്രവും ആദ്യമായി സെമിയിൽ എത്തുന്ന ആഫ്രിക്കൻ രാഷ്ട്രമെന്നതും മൊറോക്കോയുടെ പോരാട്ടങ്ങൾക്ക് സവിശേഷമായ പരിവേഷമേകി. എന്നാൽ, മൊറോക്കോയെ കീഴടക്കിയ കഴിഞ്ഞ തവണത്തെ രണ്ടാംസ്ഥാനക്കാരായ കൊച്ചു ക്രൊയേഷ്യ മൂന്നാം സ്ഥാനത്തോടെ മടങ്ങിയതിനൊപ്പം ലൂക്കാ മോഡ്രിച്ച് എന്ന അസാമാന്യനായ മധ്യനിര ജനറലിനുകൂടിയാണ് ഖത്തർ വിടചൊല്ലിയത്. അതേസമയം, പ്രതിഭകളുടെ ധാരാളിത്തമുള്ള ഏറ്റവും മികച്ച സാങ്കേതിക മികവുള്ള കളി പുറത്തെടുത്ത ഹാരികെയിനിന്റെ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റെങ്കിലും ഈ ടൂർണമെന്റിലെ ഏറ്റവും മനോഹരമായ മത്സരമായിരുന്നു അത്. സോക്കറിന്റെ ആഗോള ആധിപത്യം യൂറോപ്പിലും ലാറ്റിനമേരിക്കയ്‌ക്കും മാത്രമാണെന്ന ധാരണയ്ക്ക് ഇടിവു തട്ടുമ്പോൾ ആഫ്രിക്കയ്‌ക്കും ഏഷ്യക്കും ഒരുപോലെ ആഹ്ലാദിക്കാം. ഈ കളിയുടെ ആഗോള മേൽവിലാസത്തിൽ പുതിയ രേഖാവലികൾ തെളിയുന്നതായി കാണാം. ലോകത്തിലെ ഏറ്റവും വിലപിടിച്ച കാലുകൾ ഇടറിവീഴുന്ന കാഴ്ചകൾ. അതുല്യ സൃഷ്ടികളായി വിലയിരുത്തപ്പെട്ടവർ സാധ്യതാ ചിത്രങ്ങളിലൊന്നും ഇല്ലാത്തവരുടെ പ്രഹരത്തിൽ മൈതാനത്ത് മുഖംപൊത്തി കരയുന്ന ദൃശ്യം. അങ്ങനെയെല്ലാം കണ്ടുകഴിഞ്ഞതാണ്. കളിയുടെ തലമുറമാറ്റത്തിന് ഈ ലോകകപ്പ് കളമൊരുക്കി. കളിക്കളത്തിലെ വിജയ പരാജയങ്ങൾക്ക് അപ്പുറത്ത് പ്രതിരോധത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും മാനവികതയുടെയും അടയാളപ്പെടുത്തലുകളും ഖത്തറിൽ കണ്ടു.
ഒടുവിൽ ഇങ്ങനെ സംഗ്രഹിക്കാം. ഫുട്ബോൾ ചരിത്രത്തിൽ സ്വർണദീപം ഉയർത്തിനിൽക്കുന്ന മഹാരഥന്മാരുടെ നിരയിൽ ഈ അർജന്റീനക്കാരനും ശാശ്വതീകത്വം നേടുകയാണ്.  86ൽ മാറഡോണയുടേതുപോലെ ഇത് മെസിയുടെ ലോകകപ്പാണ്. നമ്മുടെ ഫുട്ബോൾ വിചാരങ്ങളെയും സ്വപ്നങ്ങളെയും പ്രഭാപൂരിതമാക്കുന്ന മാന്ത്രികത ആ കളിയിലുണ്ട്. മെസിക്ക് തുല്യം മെസി മാത്രം...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top