30 November Thursday

അനശ്വരതയിലേക്ക് മെസ്സിയോ... ഫ്രാൻസോ

എ എൻ രവീന്ദ്രദാസ്‌Updated: Saturday Dec 17, 2022

‘‘മെസ്സി പന്ത് തട്ടുമ്പോൾ അത് ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ച തന്നെയാണ്. ആ കാലിൽനിന്ന് പന്ത് മാറ്റുന്നത് കുട്ടികളുടെ കൈയിൽനിന്ന് കളിപ്പാട്ടം തട്ടിയെടുക്കുന്നതു പോലെയാണ്’’. കാൽപ്പന്തിനെ കളിയുടെ അപ്പുറത്തെ മാനങ്ങളിലേക്ക് ഉയർത്തിയ സാക്ഷാൽ ദ്യോഗോ മാറഡോണയുടെ വാക്കുകളാണിത്. ഒരാൾക്ക് ഒരു ടീമിനെ സൃഷ്ടിക്കാൻ കഴിയുമോ. മാറഡോണയുടെ കാര്യത്തിലാണെങ്കിൽ കഴിയുമെന്നാണ് ഉത്തരം. 1986ൽ പ്രതിഭാവിലാസവും കേളീവൈഭവവും നേതൃപാടവവുംകൊണ്ട് മാറഡോണ ഒറ്റയ്ക്ക് ചുമലിലേറ്റിയ വിജയമാണ് അർജന്റീനയ്‌ക്ക് മെക്സിക്കോയിൽ കൈവന്നത്. അതുകൊണ്ട് ഉറപ്പിച്ച് പറയാം ഒരാളിലൂടെമാത്രം ഒരു ഫുട്ബോൾ ടീമിനെ സൃഷ്ടിക്കാമെന്ന്. വർത്തമാനകാല ഫുട്ബോളിൽ ആഹ്ലാദകരമായ അത്ഭുതം സമ്മാനിക്കുന്ന ലയണൽ ആന്ദ്രേ മെസ്സിയെ സംബന്ധിച്ചും ഈ വിലയിരുത്തൽ ശരിയായി വന്ന ദിനങ്ങളിലൂടെ കടന്നാണ് ഖത്തർ ലോകകപ്പ് കലാശപ്പോരിലെത്തിനിൽക്കുന്നത്.

ലുസൈൽ സ്റ്റേഡിയത്തിൽ ഈ ഞായറാഴ്ച ഇരുപത്തിരണ്ടാം ലോകകപ്പിന്റെ അന്തിമയുദ്ധത്തിൽ കഴിഞ്ഞ നാലു വർഷമായി ലോക ഫുട്ബോളിന്റെ  സ്വർണരഥമോടിച്ചുപോയ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ കിരീടം നിലത്തുവീഴ്ത്താൻ മെസ്സിയുടെ സംഘത്തിന് കഴിയുമെന്ന് കണക്കുകൂട്ടുന്നവർ ഏറെയാണ്. കുടിയേറ്റ മക്കളിലൂടെ കെട്ടിപ്പടുത്ത ഫ്രഞ്ച് ഫുട്ബോളിന്റെ വീര്യം കെടുത്താൻ ആകാശനീലിമയുടെ കുപ്പായക്കാർ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല പ്രകടനം പുറത്തെടുത്തേ മതിയാകൂ. 

തന്റെ അവസാന ലോകകപ്പിന് ഇറങ്ങിയ ലയണൽ മെസ്സി അഞ്ചുഗോൾ നേടിയും മൂന്നെണ്ണത്തിന് വഴിയൊരുക്കിയും 14 ഷോട്ട്‌ ലക്ഷ്യത്തിലേക്ക് പായിച്ചും ആൽബി സെലസ്റ്റൻ ടീമിന്റെ അപ്രതിരോധ്യമായ സ്രോതസ്സായി നിലകൊള്ളുന്നു. ആദ്യ 20 മിനിറ്റെങ്കിലും ഓടിത്തളരാതെ ഊർജം കാത്തുസൂക്ഷിച്ച്‌,  എതിരാളിയെ പഠിച്ച്‌ അവരുടെ ദൗർബല്യങ്ങൾക്കുമേൽ അഗ്നിമഴയായി പെയ്തിറങ്ങുകയാണ് ഈ മാന്ത്രികൻ. മെക്സിക്കോമുതൽ സെമിഫൈനലിൽ ക്രൊയേഷ്യവരെയുള്ള എതിരാളികളെല്ലാം മെസ്സിയുടെ തന്ത്രത്തിനു മുന്നിൽ വീഴുന്നതാണ് കണ്ടത്. ഇനി ഒരൊറ്റ കടമ്പമാത്രം മെസ്സിക്ക് അനശ്വരതയിലേക്ക് ഉദിക്കാൻ.
ഫ്രാൻസോ അർജന്റീനയോ മെസ്സിയോ കിലിയൻ എംബാപ്പെയോ എന്ന ചോദ്യവും ഫുട്ബോൾ പ്രേമികൾ ഉയർത്തുന്നു. ഇരുടീമിന്റെയും ഭാഗധേയം നിർണയിക്കുന്നതിൽ ഇവരുടെ പങ്ക് എത്ര വലുതാണെന്ന് എല്ലാവരും മനസ്സിലാക്കുന്നു. ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിനും കളി നിയന്ത്രിക്കുന്നതിലുമൊക്കെ ഇവരുടെ പങ്കിനോളം വരില്ല മറ്റാരുടെയും സാന്നിധ്യം.


 

ഈ ലോകകപ്പിൽ കണ്ട ടീമുകളിൽ ഗെയിമിന്റെ പ്രാധാന്യം മനസ്സിലാക്കി കളിയുടെ നിലവാരം ഉയർത്താൻ കഴിവുള്ള രണ്ട് ടീം തന്നെയാണ് കിരീടത്തിനായി കൊമ്പുകോർക്കുന്നത്.  അവിടെ ഇരുപക്ഷവും സർവ അടവുകളും പ്രയോഗിക്കപ്പെടാം. മത്സരം ജയിക്കുന്നത് മൈതാനത്താണ്‌ ഗാലറികളിൽ അല്ലെന്ന് ബ്രസീലും സ്പെയിനും ജർമനിയും ഉൾപ്പെടെയുള്ള വമ്പൻമാരെ ആവർത്തിച്ച് ഓർമിപ്പിച്ച്‌ ഖത്തറിന്റെ ചക്രവാളത്തിൽ നിറഞ്ഞ രണ്ടു കൂട്ടർ അർജന്റീനയും ഫ്രാൻസുമാണ്.  ബ്രസീലിനെപ്പോലെ അർജന്റീനയ്‌ക്കും ഫുട്ബോൾ വെറുമൊരു കളിയല്ല. അതൊരു വൈകാരിക തുടിപ്പാണ്. 41 രാജ്യാന്തര മത്സരത്തിൽ, ഈ ലോകകപ്പിൽ സൗദി അറേബ്യയോട്‌ ഏറ്റ തോൽവി ഒഴിച്ചാൽ അപരാജിതരായി മുന്നേറുന്ന അർജന്റീനയെപ്പോലെതന്നെ ഈ കപ്പ് അർഹിക്കുന്നവരാണ് ഫ്രാൻസും. 1986ൽ മാറഡോണയ്ക്ക് ഹൊർഗെവൽദാനോ എന്തായിരുന്നുവോ അതാണ് നാല് ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റ താരമായ ഇരുപത്തിരണ്ടുകാരൻ ജൂലിയൻ അൽവാരസ് മെസ്സിക്കും. അൽവാരസ് അർജന്റീനയ്‌ക്ക് പകരുന്ന നവഭാവുകത്വം ഒരു തരത്തിലല്ല, എല്ലാ അർഥത്തിലുമാണ്. ഇവർ തമ്മിലുള്ള രസതന്ത്രംകൊണ്ട് മെസ്സിയുടെ കാലിൽ പന്തുള്ളപ്പോഴൊക്കെ എതിർഇടങ്ങൾ കടന്നുകയറാൻ അൽവാരസിന് കഴിയുന്നു.

കിലിയൻ എംബാപ്പെ എന്ന ഫ്രാൻസിന്റെ മെഗാസ്റ്റാർ പൂർണത ആർജിച്ച സ്വാഭാവിക ഫുട്ബോളറാണ്‌.  2018 റഷ്യൻ ലോകകപ്പ് മുതൽ പ്രഭാവശാലിയായ ഈ യുവാവിന്റെ ഇടതുപാർശ്വത്തിലൂടെയുള്ള മാരകമായ തുളച്ചുകയറ്റങ്ങൾ പ്രതിയോഗികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്‌ സമ്മാനിക്കുന്നത്. ഗോൾ നേടാൻ അപാരമായ വൈഭവമുള്ള എംബാപ്പെ അഞ്ച്‌ ഗോളോടെ ഗോൾഡൻ ബൂട്ടിനായുള്ള മത്സരയോട്ടത്തിൽ മെസ്സിക്കൊപ്പവും ആണ്. ടൂർണമെന്റിന്‌ തൊട്ടുമുമ്പ്‌ മുന്നേറ്റ പങ്കാളിയായ കരിം ബെൻസെമയെ നഷ്ടപ്പെട്ടിട്ടും പരിചയസമ്പന്നരായ ഒളിവർ ജിറൂദിനൊപ്പം ഫാൻസിന്റെ ആക്രമണത്തിന്റെ കൂമ്പിയ അഗ്രമായി എംബാപ്പെ ഉണ്ട്.

മിഷേൽ പ്ലാറ്റിനി നയിച്ച ലോകോത്തര ടീമിന്‌ ലോകകപ്പിന്റെ ഭാഗ്യമുണ്ടായിട്ടില്ല. എന്നാൽ, അൾജീരിയൻ കുടിയേറ്റക്കാരന്റെ മകൻ സിനദിൻ സിദാനിലൂടെ വെട്ടിപ്പിടിച്ച 1998ലെ പ്രഥമ ലോകവിജയത്തിന് തുടർക്കഥയെഴുതാൻ അന്നത്തെ നായകനായ  ദിദിയെ ദഷാമിന്റെ പരിശീലനത്തിലെത്തിയ 2018ലെ ഫ്രഞ്ച് ടീമിന് കഴിഞ്ഞു. ആ ആധിപത്യം അധീശത്വമാക്കി മാറ്റാൻ അതേ ദഷാമിന്റെ  തന്ത്രങ്ങളുമായി എത്തിയ കിലിയൻ എംബാപ്പെ ഉൾപ്പെട്ട ടീമിന് കഴിയുമെങ്കിൽ ഫ്രാൻസ്‌ കയറിപ്പോകുന്നത് ബ്രസീലിന്റെ ആ ചരിത്രത്തിലേക്കാണ്. 1958ൽ നേടിയ യൂൾറിമെ കപ്പ് നിലനിർത്തിയ ബ്രസീലിന്റെ റെക്കോഡിനൊപ്പം ഫിഫ കപ്പുമായി ഫ്രാൻസിനുമെത്താം.


 

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ സഹതാരങ്ങളായ മെസ്സിയും എംബാപ്പെയും അഗ്നിശലഭങ്ങളുടെ ചിറകുമായി നേർക്കുനേർ പോരാടുമ്പോൾ ലോകഫുട്ബോളിലെ ദീപ്തിമത്തായ ഈ രംഗവേദിയിൽ അവസാനചിരി ആരുടേതാകും. എല്ലാ തീയുണ്ടകൾക്കും നടുവിലൂടെ ഉറച്ച ചുവടുവച്ചവനാണ്‌ മെസ്സി. കളിയുടെ പ്രഭാതതുല്യമായ വെളിച്ചമാണ് അദ്ദേഹം സമ്മാനിക്കുന്നത്. വൈകാരികത നിറഞ്ഞ പോരാട്ടത്തിലും മാനസിക സമ്മർദത്തിന്റെ വേലിയേറ്റം ഇല്ലാതെ പന്തുതട്ടാൻ മെസ്സി കേന്ദ്രബിന്ദുവായി നിൽക്കുന്ന അർജന്റീനയ്‌ക്കു കഴിയുന്നു.

പക്ഷേ, ഈ പന്തയക്കളത്തിൽ ജേഴ്സി അണിയുന്നവർ ഫോർമുല വൺ കാറോട്ടക്കാരെപ്പോലെ ആകണം. ഒന്നു തളർന്നുപോയാൽ പ്രതീക്ഷകൾ മുഴുവൻ മൈതാനത്തിന് പുറത്തേക്ക് തെറിച്ചുപോകും. സെമിഫൈനലിൽ അത്തരമൊരു വിഷമസന്ധിയെ അതിജീവിച്ചാണ്‌ ഫ്രാൻസ് ആഫ്രിക്കയുടെ പതാകവാഹകരായ മൊറോക്കോയെ നിശ്ശബ്ദരാക്കിയതെന്നോർക്കുക. ഈ യാഥാർഥ്യത്തിന്റെ ഉൾക്കരുത്തോടെ തന്നെയാകും ഫ്രാൻസും അർജന്റീനയും കളത്തിലിറങ്ങുക. എത്ര വലിയ പ്രതിഭാശാലി ആണെങ്കിലും ടീമിന് ഉതകുംവിധം കളിക്കാൻ കഴിയുന്നില്ലെങ്കിൽ കാര്യമില്ലെന്ന് ഇംഗ്ലണ്ടിന്റെ പഴയ മാനേജർ  ജോമേഴ്‌സൺ പറഞ്ഞതിന്റെ പൊരുൾ തങ്ങളുടെ കുട്ടികൾക്ക് നല്ലവണ്ണം ചൊല്ലിക്കൊടുത്തവരാണ് ദിദിയെ ദഷാമും ലയണൽ സ്‌കലോണിയുമെന്നതിനാൽ ഈ ഫൈനൽ ഉന്നതനിലവാരം ഏറ്റുവാങ്ങുമെന്നുതന്നെ കരുതാം. സിംഹാസനവും കിരീടവും 36 വർഷത്തിനുശേഷം അർജന്റീനൻ ഫുട്ബോളിനോട് ഏറ്റവും അടുത്തുനിൽക്കുന്ന അവസരമാണിത്.  2014ൽ കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ടുപോയത് മെസ്സിക്ക് നേടിയെടുക്കണം. ഇവിടെ കപ്പ് ഉയർത്തിയാലും ഇല്ലെങ്കിലും ഫുട്ബോൾ ചരിത്രത്തിൽ ഒരിക്കലും മറക്കാനാകാത്ത അപൂർവ പ്രതിഭകളുടെ ആഭിജാതനിരയിൽ പ്രതിഷ്ഠിതനാണ് ലയണൽ മെസ്സി. ഫുട്ബോൾ ജീവിതത്തിന്റെ അസ്‌തമയവേളയിൽ നിറഞ്ഞുകത്തുന്ന മെസ്സിക്ക് രാജകീയമായ വിട നൽകാൻ മനസ്സും ശരീരവും അർപ്പിച്ചു നിൽക്കുന്ന അർജന്റീനൻ കളിസംഘത്തെയാണ് നാം മുന്നിൽ കാണുന്നത്. മെസ്സിയുടെ രണ്ടാം ഫൈനലാണ്. യൂറോപ്യൻ ഫുട്ബോളിലെ മാറിയ മുഖമായ ഫ്രാൻസിനെ മറികടന്ന് ലയണൽ മെസ്സി ലോകകപ്പ് എന്ന കൊടുമുടിയിലേക്ക് ഡ്രിബിൾ ചെയ്ത് കയറുമോ.  മെസ്സിയോ... ഫ്രഞ്ച് കനവുകളോ... ആരാണ് ഈ മൈതാനത്ത്‌ പൂക്കുക. ആ അനശ്വര മുഹൂർത്തം ആർക്കാണ് വന്നുചേരുക...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top