20 April Saturday

പുരാവസ്തുക്കളുടെ രാഷ്ട്രീയം

ഡോ. പി ജെ വിൻസെന്റ് Updated: Thursday Sep 30, 2021

പുരാവസ്തുക്കൾ മാനവരാശിയുടെ പൊതുപൈതൃകമാണ്. ചരിത്രാതീത കാലത്തിൽനിന്ന് തുടങ്ങി ചരിത്രകാലത്തിലൂടെ വർത്തമാനത്തിലെത്തി നിൽക്കുന്ന മനുഷ്യവംശത്തിന്റെ ചരിത്രാനുഭവങ്ങളുടെയും സാംസ്കാരിക ജീവിതത്തിന്റെയും പ്രതിനിധികളാണ് പുരാവസ്തുക്കൾ. മഹാനായ അലക്സാണ്ടർ താൻ കീഴടക്കിയ പ്രദേശങ്ങളിലെ അമൂല്യമായ കലാസൃഷ്ടികളും മറ്റു പുരാവസ്തുക്കളും ശേഖരിച്ച് സൂക്ഷിക്കുകയുണ്ടായി. മാത്രമല്ല, അനുഗമിച്ചിരുന്ന ചരിത്രകാരന്മാരോട് ഇവയുടെ ചരിത്രം രചിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എഴുതപ്പെട്ട രേഖകളുടെ അഭാവത്തിൽ അക്കാലത്ത് പുരാവസ്തുക്കൾ ചരിത്രരചനയ്ക്ക് അനിവാര്യമായിരുന്നു. അശോക ചക്രവർത്തി പടയോട്ടത്തിലും യുദ്ധങ്ങളിലും പുരാതന ക്ഷേത്രങ്ങൾ, വിഹാരങ്ങൾ, മറ്റു ചരിത്രപ്രാധാന്യമുള്ള വസ്തുവകകൾ എന്നിവ നശിപ്പിക്കാൻ പാടില്ലെന്ന കർശന നിർദേശം നൽകിയിരുന്നു.

ആധുനിക കാലത്ത് ഒട്ടുമിക്ക രാഷ്ട്രവും പൊതുപൈതൃകം സംരക്ഷിക്കാനുള്ള നിയമനിർമാണങ്ങൾ നടത്തിയിട്ടുണ്ട്. ഓട്ടോമൻ തുർക്കികൾ 19–--ാം നൂറ്റാണ്ടിൽത്തന്നെ പുരാവസ്തുക്കളുടെ ഖനനവും കയറ്റുമതിയും നിരോധിച്ചു. യുദ്ധങ്ങളിലും പ്രാദേശിക സംഘർഷങ്ങളിലും പുരാവസ്തുക്കളും കലാസൃഷ്ടികളും സംരക്ഷിക്കാൻ ‘ഹേഗ് കൺവൻഷൻ' പ്രകാരം ധാരണയായിട്ടുണ്ട്. 1970ലെ യുനെസ്കോ കൺവൻഷൻ പുരാവസ്തുക്കളുടെ കൈമാറ്റം നിരോധിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കോടിക്കണക്കിനു രൂപയുടെ അനധികൃത ഇടപാടുകളാണ് ഈ മേഖലയിൽ നടക്കുന്നത്. ഇന്ത്യ, ഗ്രീസ്, തുർക്കി, ഇറാഖ്, സിസിലി, സൈപ്രസ്, ഈജിപ്ത്, മായൻ സംസ്കൃതിയുടെ കാലത്തെ പുരാവസ്തുക്കൾ എന്നിവയ്ക്കാണ് അന്താരാഷ്ട്ര മാർക്കറ്റിൽ ഏറ്റവും പ്രിയം. ദക്ഷിണേന്ത്യയിൽ ചോള കാലഘട്ടത്തിൽ നിർമിച്ച പഞ്ചലോഹ നടരാജവിഗ്രഹങ്ങൾക്ക് യൂറോ -അമേരിക്കൻ മാർക്കറ്റിൽ വൻ ഡിമാന്റാണ്. സൈന്ധവ ലിപി ഫലകങ്ങളും സീലുകളും വൻതോതിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മായൻ ഫലകങ്ങൾ, പുരാതന ഗ്രീക്ക് സംസ്കൃതിയുടെ ഭാഗമായ പുരാവസ്തുക്കൾ, ഈജിപ്ഷ്യൻ മമ്മികൾ തുടങ്ങി അന്താരാഷ്ട്ര മാർക്കറ്റിൽ കറങ്ങിത്തിരിയുന്ന പുരാവസ്തുക്കളുടെ മൂല്യം കണക്കാക്കാൻ പ്രയാസമാണ്.

കഴിഞ്ഞ 30 ദശകത്തിനുള്ളിൽ ഏഷ്യൻ മേഖലയിൽ വൻതോതിൽ പുരാവസ്തുക്കൾ നശിപ്പിക്കപ്പെടുകയും അമൂല്യമായ പലതും കടത്തിക്കൊണ്ടു പോകുകയും ചെയ്തു. 1996–-2-001ൽ അഫ്ഗാനിസ്ഥാനിലെ ബാമിയൻ ബുദ്ധപ്രതിമകൾ താലിബാൻ തകർത്തു. ബുദ്ധ-ഹിന്ദു സംസ്കൃതിയുടെ ഭാഗമായ നിരവധി പ്രതിമകളും ക്ഷേത്രാവശിഷ്ടങ്ങളും താലിബാൻ വിറ്റ് കാശാക്കി. 2014 മുതൽ 2018 വരെ ഉത്തര ഇറാഖ്–-സിറിയ മേഖലയിൽ ആധിപത്യം സ്ഥാപിച്ച ‘ഇസ്ലാമിക് സ്റ്റേറ്റ്' ഇസ്ലാമിക പൂർവചരിത്ര സ്മാരകങ്ങളല്ലാം തകർക്കുകയും പുരാവസ്തുക്കൾ കള്ളക്കടത്തുകാർ വഴി യൂറോ–-അമേരിക്കൻ മേഖലയിലേക്ക് എത്തിച്ച് വൻതുക നേടുകയും ചെയ്തു. അവർ പുരാതന നഗരമായ പാൽമീറ ഏറെക്കുറെ പൂർണമായി തകർത്തു. താലിബാന് ലഹരിമരുന്നായ കറുപ്പായിരുന്നു മുഖ്യവരുമാന മാർഗമെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റിന് അത് പുരാവസ്തുക്കളായിരുന്നു. 2011ലെ അറബ് വസന്തത്തിനുശേഷം ഈജിപ്തിൽ നിരവധി ചരിത്രസ്മാരകം തകർക്കപ്പെട്ടു. സഖാറ, ലിഷ്ത്, പിബെ എന്നിവിടങ്ങളിലെ പിരമിഡുകളും മറ്റു ചരിത്രസ്മാരകങ്ങളും ഭാഗികമായി നശിപ്പിക്കുകയും പുരാവസ്തുക്കൾ വിറ്റഴിക്കുകയും ചെയ്തു.

അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യസംഘങ്ങളുമായി ബന്ധമുള്ള പുരാവസ്തുവ്യാപാര സംഘത്തിന് താഴേത്തട്ടു മുതൽ വേരുകളുണ്ട്. ജനങ്ങളുടെ മത -സാംസ്കാരിക ജീവിതത്തിന്റെ ചിഹ്നങ്ങളായ ‘പുരാവസ്തുക്കൾ' വൻവില നൽകി സ്വന്തമാക്കാൻ നിരവധിപേർ രംഗത്തുണ്ട്. ഈ സാഹചര്യമാണ് കള്ളക്കടത്തുകാർക്കും കൃത്രിമ പുരാവസ്തു നിർമാതാക്കൾക്കും ചാകരയൊരുക്കുന്നത്.

യൂറോപ്പിൽ ‘തിരുക്കാസ'യും ‘വാഗ്ദാന പേടക'വും നൂറ്റാണ്ടുകളായി നിധി അന്വേഷകരുടെ ഇഷ്ടവിഷയമാണ്. കേരളത്തിൽ ഇതിനു സമാനമായി ചിലർ ശ്രീകൃഷ്ണന്റെ വെണ്ണക്കുടവും ചേരമാൻ പെരുമാളുടെ ഭാഗപത്രവുമെല്ലാം ശേഖരിച്ചുവിൽപ്പന നടത്തുന്നു. വെണ്ണക്കുടം കണ്ട വിശ്വാസികൾ ദ്വാപരയുഗത്തിൽ എത്തിയപോലെ ആനന്ദക്കണ്ണീർ പൊഴിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പാറിപ്പറക്കുന്നുണ്ട്. വീഡിയോയിൽ കാണുന്ന വെണ്ണക്കുടത്തിന് ഇരുമ്പുചട്ടയുണ്ട് എന്നതാണ് ഏറെ കൗതുകം. പഴയ തറവാടുകളിലും കൊട്ടാരങ്ങളിലും മറ്റും ഉപയോഗിച്ചിരുന്ന ഫർണിച്ചർ വിൽപ്പനയായിരുന്നു കേരളത്തിലെ ‘സാധാരണ പുരാവസ്തുവ്യാപാരം'. ഇന്നത് പരമശിവന്റെ ത്രിശൂലം, മുരുകന്റെ വേൽ, ഗാണ്ഡീവത്തിന്റെ ഞാൺ, ഭീമസേനന്റെ കമ്മൽ, പാഞ്ചാലിയുടെ മൂക്കുത്തി എന്നിങ്ങനെ വിപുലമായ തലത്തിലേക്ക് വളർന്നു. മുഹമ്മദ് നബിയുടെ തിരുകേശം സമീപകാലത്ത് കേരളത്തിൽ എത്തുകയുണ്ടായി.

‘ആട്, തേക്ക്, മാഞ്ചിയ'ത്തിൽ തുടങ്ങി, കുബേർ കുഞ്ചി, നാഗമാണിക്യം, ലക്ഷ്മിയന്ത്രം, ധനാകർഷണ യന്ത്രം എന്നിങ്ങനെ മനുഷ്യന്റെ യുക്തിയുടെ സകല സീമകളെയും അതിലംഘിച്ച തട്ടിപ്പുകളിൽ ഏറ്റവും പുതിയ അവതാരമാണ് ‘പുരാവസ്തുക്കൾ'. ടിപ്പുവിന്റെ സിംഹാസനത്തിൽ ഞെളിഞ്ഞിരുന്നവരിൽ സിനിമാ- സാംസ്കാരിക മേഖലയിലെ പ്രമുഖർ മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥർ വരെയുണ്ട്. ചേർത്തലയിൽ നിർമിച്ച ഈ സിംഹാസനം ടിപ്പുവിന്റെ യഥാർഥ സിംഹാസനമാണെന്ന് എങ്ങനെ വിശ്വസിച്ചു എന്നതാണ് അത്ഭുതം. ടിപ്പുവിന്റെ പതനത്തിനുശേഷം യുദ്ധമുതലുകൾ വീതിക്കാൻ ചുമതലപ്പെടുത്തിയ പ്രൈസ് കമ്മിറ്റിക്കാർ അതിസുന്ദരമായ ഈ അമൂല്യ കലാവസ്തു വെട്ടിമുറിച്ച് വീതംവച്ചു. സ്കൂൾ തലത്തിലെ പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ചരിത്രവസ്തുത പോലും സിംഹാസനത്തിലേറിയവർക്ക് ഓർമയില്ല എന്നത് കഷ്ടംതന്നെ.

യേശുവിനെ ഒറ്റുകൊടുത്ത് യൂദാസ് സമ്പാദിച്ച വെള്ളിക്കാശ്, കൽ ഭരണി, ബുദ്ധന്റെ കാലത്തെ നാണയങ്ങൾ എന്നിങ്ങനെ ‘കേരളത്തിൽ നിർമിച്ച പുരാവസ്തു'ക്കളുടെ വൻശേഖരമാണ് മോൻസൺ എന്ന പുരാവസ്തു തട്ടിപ്പുകാരന്റെ ശേഖരത്തിലുള്ളത്. സാങ്കേതിക വിദ്യയിലുണ്ടായ അഭൂതപൂർവമായ വളർച്ച ഏത് കാലഘട്ടത്തിലെയും പുരാവസ്തുക്കൾ തനിമ ചോരാതെ പുനർനിർമിക്കാൻ നമ്മെ പ്രാപ്തരാക്കിയിട്ടുണ്ട്. സിനിമകൾക്ക് സെറ്റ് ഇടുന്നവർ പഴയനഗരങ്ങളും കൊട്ടാരങ്ങളും ആടയാഭരണങ്ങളും ഉപകരണങ്ങളുമെല്ലാം അസ്സലിനെ വെല്ലുന്ന രൂപത്തിൽ നിർമിക്കാറുണ്ടല്ലോ. നമ്മുടെ പ്രാദേശിക കലാകാരന്മാർ ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. പക്ഷേ, ഇപ്രകാരം കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന ‘പുരാവസ്തുക്കൾ' ശരാശരി ചരിത്രബോധമുള്ളയാൾക്ക് തിരിച്ചറിയാം. അറിവുള്ളവർക്കുപോലും അതിന് കഴിയുന്നില്ലെന്നു മാത്രമല്ല, തട്ടിപ്പുകാരുടെ വാചകക്കസർത്തിൽ വീണുപോകുകയും ചെയ്യുന്നു. സത്യാനന്തര ലോകത്തിൽ യുക്തിക്കു ഗ്രഹണം ബാധിച്ചിരിക്കുന്നുവെന്ന് സാരം.

ഇന്ത്യയിൽ അക്കാദമിക ചരിത്രരചനയും ജനകീയ ചരിത്രവും തമ്മിലുള്ള വിടവ് അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണ്. ശാസ്ത്രീയമായ ചരിത്രബോധം വിദ്യാസമ്പന്നരിലേക്കുപോലും സന്നിവേശിപ്പിക്കാൻ സ്കൂൾ-–-കോളേജ് തലത്തിലെ ചരിത്രപഠനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പുരാണവും ഐതിഹ്യവും കേട്ടുകേൾവിയുമെല്ലാം വിശ്വാസത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുമ്പോൾ കാലഗണനയും യുക്തിചിന്തയും ചരിത്രപരതയുമെല്ലാം മാറ്റിവച്ച് ‘ചരിത്രസത്യ'മായി സ്വീകരിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഹിന്ദുത്വശക്തികൾ കൃത്രിമമായി സൃഷ്ടിച്ച ജനകീയവൽക്കൃത ചരിത്രങ്ങൾ (popularized history) യഥാർഥ ചരിത്രമായി ജനങ്ങൾ സ്വീകരിച്ച പശ്ചാത്തലമാണ് അവർക്ക് തെരഞ്ഞെടുപ്പുവിജയം സമ്മാനിച്ചതെന്ന വസ്തുത മറക്കരുത്. പുരാവസ്തു കള്ളക്കടത്തുകാരും തട്ടിപ്പുകാരും ഈ സാഹചര്യത്തെ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്ന വിവാദം വെളിപ്പെടുത്തുന്നത്. രാഷ്ട്രീയത്തട്ടിപ്പിനും സാമ്പത്തിക കുറ്റകൃത്യത്തിനും ചരിത്രത്തെയും പുരാവസ്തുക്കളെയും ഉപയോഗപ്പെടുത്തുന്നു. സഹസ്രാബ്ദങ്ങളുടെ ഇടമുറിയാത്ത ചരിത്രാനുഭവമുള്ള ഭാരതത്തിൽ ശാസ്ത്രീയചരിത്രവും ചരിത്രബോധവും ജനകീയവൽക്കരിച്ചില്ലെങ്കിൽ ഗുരുതരമായ രാഷ്ട്രീയ-, സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് ‘മെയ്ഡ് ഇൻ കേരള' പുരാവസ്തുക്കളും അവയുടെ വ്യാപാരത്തട്ടിപ്പും നൽകുന്നത്.

(കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top