29 November Tuesday

മാരക വിപത്തിനെ നേരിടാം

വി ശിവൻകുട്ടി
Updated: Thursday Oct 6, 2022

മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ്. ഇത് ഒരു സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ മാത്രം പ്രശ്നമല്ല. ലോകം മുഴുവൻ ഈ വിപത്തിനെതിരെ അണിനിരക്കേണ്ടതുണ്ട്.

കേരളം ഒരു വലിയ യജ്ഞം ഏറ്റെടുത്തിരിക്കുകയാണ്. നമുക്ക് വലുത് നമ്മുടെ ഭാവിതലമുറയുടെ നന്മയാണ്. മയക്കുമരുന്നുണ്ടാക്കുന്ന പ്രശ്നങ്ങൾ കണ്ടും കേട്ടും വളർന്നവരാണ് നമ്മൾ. അതിന്റെ  ദൂഷ്യഫലങ്ങൾ എല്ലാവർക്കും അറിയാം. ഇങ്ങനെയാണെങ്കിലും മയക്കുമരുന്നിന് അടിമകളാകുന്നവർ നിരവധിപേരാണ്. ഇതൊരു ചെറിയ പ്രശ്നമല്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് സർക്കാർ വലിയതോതിലുള്ള ജനകീയ ക്യാമ്പയിനിലേക്ക് കടക്കുന്നത്. മയക്കുമരുന്ന് ഉപയോഗം വ്യക്തികളെ മാത്രമല്ല, സമൂഹത്തിനെ ഒന്നാകെ പ്രതികൂലമായി ബാധിക്കും.അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വലിയതോതിലുള്ള ബോധവൽക്കരണം നടത്തേണ്ടതുണ്ട്. ആരോഗ്യമുള്ള സമൂഹമാണ് ഏതൊരു രാജ്യത്തിന്റെയും കരുത്ത്. മയക്കുമരുന്നിന്റെ വിപണനവും വിതരണവും ഉപയോഗവും ഒരർഥത്തിൽ രാജ്യദ്രോഹംതന്നെയാണ്. ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽനിന്ന് യുവത്വത്തെ രക്ഷപ്പെടുത്തേണ്ടതുണ്ട്.

സമൂഹത്തിന്റെ പ്രാഥമിക യൂണിറ്റായ കുടുംബത്തെ തകർക്കുന്ന ഒന്നാണ് മയക്കുമരുന്നിന്റെ ഉപയോഗം. മയക്കുമരുന്നിന്റെ ഉപയോഗം ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണംതന്നെയാണ്. ഒരിക്കൽ ലഹരിക്ക്‌ അടിമപ്പെട്ടാൽ തിരിച്ചുവരവ് അത്ര എളുപ്പമല്ല. മാനസികവും ശാരീരികവും സാമൂഹ്യമായ  നിരവധി പ്രത്യാഘാതങ്ങൾ  ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകും. അപരിഹാര്യമായ നഷ്ടങ്ങൾ ഇതിന്റെ പിന്തുടർച്ചയാണ്.

സമൂഹത്തിൽ ഉണ്ടാകുന്ന ചലനങ്ങൾ തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുന്നത്. സർക്കാരിന്റെ വിവിധ വകുപ്പുകൾ ഒറ്റക്കെട്ടായാണ് ഈ പ്രവർത്തനം  നടത്തുന്നത്. നവംബർ ഒന്നുവരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടർപ്രവർത്തനങ്ങൾ നടത്തും. യുവതലമുറയെയാണ് ലഹരി പദാർഥങ്ങൾ വിപണനം ചെയ്യുന്നവർ പ്രാഥമികമായി ലക്ഷ്യംവയ്‌ക്കുന്നത്. അതുകൊണ്ടുതന്നെ സ്കൂൾതലം മുതൽ ബോധവൽക്കരണം നടത്തും. ആവശ്യത്തിന്‌ കൗൺസലർമാരെ കണ്ടെത്തും. അധ്യാപകർക്കും രക്ഷിതാക്കൾക്കും  പ്രത്യേക പരിശീലനം നൽകും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയണം. ലഹരിവിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കുന്ന കാര്യം പരി​ഗണനയിലാണ്.

സർക്കാർ ഏജൻസികൾക്കു പുറമേ ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള പ്രവർത്തനം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്. അധ്യാപകരിൽനിന്ന് യോ​ഗ്യരായവരെ കണ്ടെത്തി  സ്കൂൾതല ഏകോപനം സാധ്യമാക്കും. ഏതെങ്കിലും കുട്ടി ലഹരിക്ക് അടിമപ്പെട്ടെന്നു കണ്ടാൽ മറച്ചുവയ്ക്കാതെ ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള സംവിധാനം   ഉണ്ടാകണം. ഇരയായ കുട്ടികളെ ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കാൻ സമൂഹമാകെ മുന്നോട്ടു വരണം. വി​ദ്യാർഥി–--യുവജന സം​ഘടനകൾക്ക് ലഹരിവിരുദ്ധ പോരാട്ടത്തിൽ മികച്ച സംഭാവന നൽകാൻ ആകും. ഈ സാധ്യത ഓരോ സംഘടനയും ഉപയോഗിക്കണം.

ഇത് സമൂഹത്തിന്റെ ഒറ്റക്കെട്ടായ പ്രതിരോധമാണ്. ആ യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണം. ഈ പോരാട്ടം ഓരോരുത്തരുടെയുമാണ്. നമ്മുടെ നാടിന്റെ മാനസികവും ശാരീരികവും  സാമൂഹ്യപരവുമായ ആരോഗ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ നമുക്ക് ഏവർക്കും ഒറ്റക്കെട്ടായി അണിചേരാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top