27 November Sunday

ലഹരിക്കെതിരെ കായിക ബദൽ

ഡോ. അജീഷ് പി ടിUpdated: Friday Sep 30, 2022

ലഹരി ഉപയോഗം തടയാൻ ജനകീയ ക്യാമ്പയിനുകൾ ഉൾപ്പെടെയുള്ള  നിരവധി പ്രവർത്തനങ്ങൾ കേരളത്തിൽ സജീവമായിരിക്കുകയാണല്ലോ. ഈ വിഷയത്തിൽ അടിസ്ഥാനപരമായ ഇടപെടൽ ആവശ്യമുള്ള സ്ഥലങ്ങൾ വിദ്യാലയങ്ങൾ തന്നെ. വിദ്യാർഥികളുടെ ബലഹീനതകളെ പലപ്പോഴും ചൂഷണംചെയ്താണ്  ലഹരിവസ്തുക്കൾ വ്യാപിപ്പിക്കുന്നത്. ലഹരി  ഉപയോഗം, അനധികൃത വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന കേസിന്റെ എണ്ണം കൂടിവരുന്നുണ്ട്. സമൂഹത്തിൽ ഏറ്റവും ഉൽപ്പാദനപരമായ രീതിയിൽ പ്രവർത്തിച്ച്, രാജ്യപുരോഗതിയുടെ കാവൽക്കാരായി ഉയർന്നുവരേണ്ട യുവാക്കളാണ് ഇതിൽ ഭൂരിപക്ഷം എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന വസ്തുത.

 

കളികൾ ഇല്ലാത്ത കുട്ടിക്കാലം
ഓരോ കുട്ടിയും ചുറ്റുപാടുകളെ നിരീക്ഷിക്കുമ്പോൾ ഉള്ളിൽ തട്ടുന്ന കാഴ്ചകളെയും ശബ്ദത്തെയും തനതായ ഭാഷയിൽ പുനരാവിഷ്കരിക്കുന്നത് കളികളിലൂടെയാണ്. ഇതിലൂടെ കുട്ടികളുടെ നിരീക്ഷണശീലം  വർധിക്കുകയും ചിന്താവിഷയങ്ങൾ വിപുലമാകുകയും ചെയ്യുന്നു. ഇത് കൂടുതൽ വൈവിധ്യമാർന്ന രീതിയിലേക്ക് മാറുകയും കളികളിൽ രസമേറുകയും  കുട്ടികളിൽ താൽപ്പര്യം കൂടിവരുന്ന സാഹചര്യവുമൊരുങ്ങുകയുംചെയ്യും. നിരീക്ഷണബുദ്ധിയും തുടരന്വേഷണവും ഉള്ളതുകൊണ്ടുതന്നെയാണ് മനുഷ്യപുരോഗതി ഇത്രയുമധികം സാധ്യമായത്. എന്നാൽ, ആധുനികകാലത്തെ ചില സാഹചര്യങ്ങൾ  ഇത്തരം കഴിവുകളെയും ശേഷികളെയും മുരടിപ്പിക്കുന്നു.

വർത്തമാന കളികൾ, കളിക്കളങ്ങൾ എന്നിവ വീടുകൾക്കുള്ളിൽ പരിമിതമായ സ്ഥലത്ത് കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നു. കൂടുതൽ നിയമാവലികളും നിയന്ത്രണങ്ങളും മാത്രമടങ്ങിയ ഇവ കൂട്ടികളുടെ സർഗാത്മകതയെയും കാൽപ്പനികതയെയും മുരടിപ്പിക്കുന്നതരത്തിൽ സൃഷ്ടിച്ചവയാണ്. കുട്ടികളിൽ ഉണ്ടാകേണ്ട സാമൂഹ്യപരതയുടെ അവസരം നഷ്ടമാക്കുന്നത് ചില രക്ഷിതാക്കളാണെന്ന് പറയേണ്ടിവരും. ഒഴിവുവേളകളിൽ വ്യത്യസ്ത കളികളിൽ സ്വതന്ത്രമായി ഏർപ്പെട്ടിരുന്നവർ വീടുകളിലെ അകത്തളങ്ങളിൽ ‘ഗെയിംസ് റൂം’ എന്ന പേരിലൊക്കെ അറിയപ്പെടുന്ന ചില ബന്ധനങ്ങളിൽ അകപ്പെടുന്നത്  പതിവുകാഴ്ചയാണ്. കൂട്ടുകൂടി കളിക്കാനുള്ള അവസരങ്ങൾ വളരെയധികം കുറഞ്ഞിട്ടുണ്ട്. കുട്ടികളുടെ കഴിവും ഊർജവും ഫലപ്രദമായി വിനിയോഗിക്കാൻ ഇടംലഭിക്കുന്നില്ല. ഓടിയും ചാടിയും വിവിധ കളികളിൽ ഏർപ്പെട്ട്‌ കൈകാലുകളെയും മറ്റ് അവയവങ്ങളെയും തലച്ചോറിനെയും വികാസത്തിലേക്ക് എത്തിച്ചിരുന്ന കുട്ടികളുടെമേൽ കടുത്ത നിയന്ത്രണം സ്വീകരിക്കുമ്പോൾ അധിക ഊർജത്തെ  കൃത്യമായി വിനിയോഗിക്കാൻ കഴിയുന്നില്ല. ഇത്തരത്തിലുള്ള സമ്മർദ സാഹചര്യങ്ങളിലൂടെയാണ് കേരളത്തിലെ ഭൂരിഭാഗം കുട്ടികളും കടന്നുപോകുന്നത്.

കൂട്ടുകൂടി ഒരുമിച്ചു നടന്ന് സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണം വളരെ കുറവായി. മുമ്പ്‌ കളികളിലൂടെയും കായിക പ്രവർത്തനങ്ങളിലൂടെയും മാനസിക, ശാരീരിക സന്തോഷം കണ്ടെത്തിയിരുന്നതിനു പകരമായി മദ്യം, മയക്കുമരുന്ന് എന്നിവയുടെ അമിത  ഉപയോഗത്തിലേക്ക് പുതുതലമുറ വ്യാപകമായി വഴിമാറുന്നു. ഇതിലൂടെ മനോബലമില്ലാത്ത ഒരു ജനസമൂഹം  വളർന്നുവരുന്നതിന് കാരണമായി. ആത്മഹത്യ പോലുള്ള സംഭവങ്ങൾ വർധിച്ചുവരുന്നതും കാണാം. ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും നിലവിലുള്ള പ്രത്യേകത പരിഗണിക്കുമ്പോൾ  ജനസംഖ്യയിൽ 70 ശതമാനത്തിലധികം     35 വയസ്സിനു താഴെയുള്ളവരാണ്. ഒരു വികസ്വര രാഷ്ട്രമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുവജനങ്ങളുടെ ഇത്രയുമധികം കഴിവുകളെ പ്രയോജനപ്പെടുത്തുന്നതിലൂടെ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് വളരെ വേഗം ഉയർന്നുയരാൻ സാധിക്കും.  അവരുടെ കായിക കഴിവുകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ആസൂത്രണം നൽകേണ്ടത്. അടുത്തകാലത്തെ പല ഗവേഷണ റിപ്പോർട്ടുകളും പരിശോധിക്കുമ്പോൾ അഞ്ചു ശതമാനത്തിൽ താഴെമാത്രമാണ് ഇന്ത്യയിൽ കായിക ക്ഷമതയുള്ളവരെന്ന് കണ്ടെത്തിയിട്ടുണ്ട്.

സ്കൂളുകളിൽ  
ഫിറ്റ്നസ് അംബാസഡർമാർ
കൗമാരകാലത്തെ സംബന്ധിച്ചിടത്തോളം അവരുടെ  സൗഹൃദങ്ങൾക്കിടയിൽ ഉണ്ടാകുന്ന ചില പരീക്ഷണങ്ങളാണ് ലഹരി പോലുള്ള മാരകമായ വസ്തുക്കളുടെ കടന്നുവരവിന് ഇടയാക്കുന്നത്. കൂട്ടത്തിൽ ഹീറോയാകാനും ആദ്യരുചി അറിയാനും തുടങ്ങുന്ന തെറ്റായ പ്രവണതകൾ പിന്നീട് സ്ഥിരമായ അടിമത്തത്തിലേക്ക് നീങ്ങുന്നു. ഇത് ഉറക്കത്തെവരെ പ്രതികൂലമായി ബാധിക്കുകയും ശരീരത്തിന്റെ പൊതുസന്തുലനാവസ്ഥയ്ക്ക് വിഘാതമാകുകയും ചെയ്യുന്നു.  ശരീരത്തിൽ അടിയുന്ന അധികോർജത്തെ കായികമേഖലകളിലേക്ക് ശരിയായ രീതിയിൽ വിനിയോഗിക്കുന്ന സ്ഥിതിയിലേക്ക് വരികയാണെങ്കിൽ  വളർച്ച വികാസത്തെ ഇത് അനുകൂലമായി സ്വാധീനിക്കും. ലക്ഷ്യബോധം വർധിപ്പിക്കാൻ ഉതകുന്ന രീതിയിലുള്ള ടാസ്ക് ഓറിയന്റഡ് ഗെയിമുകൾ പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്നതിന് ശ്രമമുണ്ടാകണം. ഓരോ സ്കൂളും കേന്ദ്രീകരിച്ചുകൊണ്ട് കായികപരമായ ശേഷിയുള്ളവരെ കണ്ടെത്തി ഫിറ്റ്നസ് അംബാസഡർമാരായി തെരഞ്ഞെടുക്കണം. ഇവരിലൂടെ മറ്റു കുട്ടികളിലേക്കും ഇതിന്റെ യഥാർഥ സന്ദേശം എത്തിക്കാനുള്ള ആസൂത്രണമാണ് വേണ്ടത്. 

ഹെൽത്ത് ആൻഡ് ഫിറ്റ്നസ് ആപ്
ഹെൽത്ത് ആൻഡ് ഫിറ്റ്നസ് ആപ് വികസിപ്പിക്കുന്നതിലൂടെ മുഴുവൻ കുട്ടികളുടെയും ആരോഗ്യവും കായികക്ഷമതയും സംബന്ധിച്ച നിലവാരം എല്ലാ രക്ഷിതാക്കൾക്കും കൃത്യമായി വീട്ടിലിരുന്നുകൊണ്ട് മനസ്സിലാക്കാം. മികവുകാണിക്കുന്ന കുട്ടികളെയും പരിമിതികൾ ഉള്ളവരെയും  തിരിച്ചറിഞ്ഞ്‌ പരിഹാരബോധനം ആസൂത്രണംചെയ്ത്‌ നടപ്പാക്കാനും  കഴിയും. ആരോഗ്യവും കായികക്ഷമതയും വർധിക്കുന്നതിലൂടെ കുട്ടികളുടെ സമഗ്രമായ  വികാസത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് രക്ഷിതാക്കളെയും  അധ്യാപകരെയും ബോധ്യപ്പെടുത്താൻ സാധിക്കും. കളികളിൽ ഏർപ്പെടുന്നതിലൂടെ അക്കാദമിക പുരോഗതി ഉണ്ടാകുമെന്ന യാഥാർഥ്യം രക്ഷിതാക്കളിൽ ഉണ്ടാക്കണം.

ഒരാൾ സ്ഥിരമായി കായികപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ രക്തചംക്രമണം വർധിക്കുകയും  ആഹാരത്തിലൂടെ ലഭിക്കുന്ന പോഷകഘടകങ്ങൾ രക്തത്തിലൂടെ ഓക്സിജന്റെ സഹായത്താൽ എല്ലാ കോശത്തിലുമുള്ള മൈറ്റോകോൺട്രിയൽ എത്തിച്ചേരുന്നു. കൃത്യമായ ഊർജോൽപ്പാദനം നടക്കുകയും ശരീരം കൂടുതൽ ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും നിലനിൽക്കുകയും ചെയ്യുന്നു. മരുന്നുകൊണ്ടുമാത്രം ആരോഗ്യപരിപാലനം സ്വീകരിക്കുന്ന  മനോഭാവത്തിൽ കാര്യമായ മാറ്റംവരണം.  സ്കൂൾ കേന്ദ്രീകരിച്ച് സ്ഥിരമായി കായികോത്സവങ്ങൾ സംഘടിപ്പിക്കണം. കുറഞ്ഞത് വർഷത്തിൽ രണ്ടുതവണയെങ്കിലും നടത്തണം. മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നരീതിയിലുള്ള കളികളും കായിക ഇനങ്ങളും ചിട്ടപ്പെടുത്തണം. ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നതിലൂടെ സാമൂഹ്യ അംഗീകാരം ലഭ്യമാകത്തക്ക രീതിയിലുള്ള സാഹചര്യമൊരുക്കണം.  മൈതാനത്തിന്റെ ലഭ്യതയും സൗകര്യവും അനുസരിച്ചാവണം ഇത്തരം പ്രാദേശിക കായികോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. മൈതാനങ്ങൾ കുറവുള്ളയിടങ്ങളിൽ ‘ലിമിറ്റഡ് സ്പെയ്സ് ഫിസിക്കൽ ആക്ടിവിറ്റീസ്’ സംഘടിപ്പിക്കാവുന്നതാണ്. ഇതിനെത്തുടർന്ന് ഓരോ ക്ലാസും കേന്ദ്രീകരിച്ച്‌   സ്‌കൂളിലും വീട്ടിലും പ്രകടനം നടത്താനുള്ള ‘ഫിറ്റ്നസ് ചലഞ്ച്' സംഘടിപ്പിക്കാം. ഇതിലൂടെ കുട്ടികളെ  കായികക്ഷമതയുടെ തലത്തിലേക്കു കൊണ്ടുവരണം. അവർ ആരോഗ്യ കായികക്ഷമതയിൽ കൂടുതൽ ബോധവാന്മാരാകുകയും ഭക്ഷണ നിയന്ത്രണം, സ്ഥിരമായ കായിക പ്രവർത്തനങ്ങൾ എന്നിവയിൽമാത്രം ശ്രദ്ധ പുലർത്തുകയും ചെയ്യും. ആത്യന്തികമായി  സ്വന്തം ആരോഗ്യത്തിന് കോട്ടംവരുന്ന രീതിയിലുള്ള ലഹരി ഉപയോഗം പോലുള്ളവയിൽനിന്ന്‌ അവർ സ്വയം പിന്മാറും.

(എസ്‌‌സിഇആർടിയിൽ റിസർച്ച് ഓഫീസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top