24 April Wednesday

ഇടതുമുന്നണി കൂടുതൽ സീറ്റ‌് നേടും

വെബ് ഡെസ്‌ക്‌Updated: Friday Apr 26, 2019

 

● അഭിമുഖം ● 


സൂര്യകാന്ത മിശ്ര/ ഗോപി

തൃണമൂലും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ‌്. രണ്ടു പാർടികളും ഒരേപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന‌്  സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര ‘ദേശാഭിമാനി’യോട‌് പറഞ്ഞു. രണ്ട‌് കൂട്ടരും തെരഞ്ഞെടുപ്പിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന  യഥാർഥ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നില്ല. പൊള്ളയായ അവകാശവാദങ്ങളും  വാഗ്ദാനങ്ങളും നിരത്തുന്നതിൽ ടിഎംസിയും ബിജെപിയും മത്സരിക്കുകയാണ്. അതേ പോലെ വർഗീയ ജനവിരുദ്ധശക്തികളെ വശത്താക്കുന്നതിലും കിട മത്സരമാണ് അരങ്ങേറുന്നത‌്. ഇതിൽനിന്ന‌് വ്യത്യസ‌്തമായി ജനകീയ ആവശ്യങ്ങളുന്നയിച്ച‌്  ഐക്യവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ബംഗാളിൽ സിപിഐ എമ്മും  ഇടതുമുന്നണിയും  നടത്തുന്നത‌്. രാജ്യം രക്ഷിക്കാൻ ബിജെപിയെ തുരത്തുക, ബംഗാളിനെ രക്ഷിക്കാൻ  തൃണമൂലിനെ ഒറ്റപ്പെടുത്തുക , ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച‌്  പോരാടാൻ പാർലമെന്റിൽ ഇടതു പ്രാതിനിധ്യം വർധിപ്പിക്കുക ഇതാണ് പ്രധാനമായും ഇടതുമുന്നണി മുന്നോട്ടുവച്ചിട്ടുള്ള  തെരഞ്ഞെടുപ്പ് മുദ്രാവാക്യം.  ജനങ്ങൾ ഇതിന്റെ പ്രാധാന്യം  തിരിച്ചറിഞ്ഞ് കൂടുതലായി ഇടതുമുന്നണിയുടെ പ്രചാരണത്തിൽ അണിനിരക്കും. വ്യക്തമായ ബദൽനയങ്ങളും പരിപാടികളുമായാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത‌്.

ഈ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂലിന് ബദലായി ബിജെപിയെയാണല്ലോ പൊതുവായി ഉയർത്തിക്കാട്ടുന്നത‌്. അതിനെക്കുറിച്ച് താങ്കൾ എങ്ങനെ പ്രതികരിക്കുന്നു?

ഇത് ബോധപൂർവം നടത്തുന്ന ഒരു പ്രചാരണമാണ്. സംസ്ഥാനത്തിനുള്ളിൽ മാത്രമല്ല, ദേശീയതലത്തിലും മാധ്യമങ്ങൾ പ്രധാന പങ്കാണ് ഇതിൽ വഹിക്കുന്നത‌്. നിജസ്ഥിതി അതല്ല. ഇടതുമുന്നണിതന്നെയാണ‌് തൃണമൂലിന് മുഖ്യ ബദൽ. മതവിദ്വേഷവും വർഗീയവികാരവും ഇളക്കിവിട്ട് ചില ഭാഗങ്ങളിൽ ബിജെപിക്ക‌് ചലനമുണ്ടാക്കാൻ  കഴിഞ്ഞിട്ടുണ്ടെങ്കിലും ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടതുമുന്നണിയും തൃണമൂലും തമ്മിലാണ് പ്രധാന പോരാട്ടം. ഇടതു മുന്നണി പ്രചാരണങ്ങളിൽ വൻ ജനപങ്കാളിത്തമാണ‌് എല്ലായിടങ്ങളിലും കാണുന്നത‌്.   കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തുടനീളം സിപിഐ എമ്മും ഇടതുമുന്നണിയും സംഘടിപ്പിച്ച  വർഗീയവിരുദ്ധ പോരാട്ടങ്ങളിലും ജനകീയ ആവശ്യങ്ങളുന്നയിച്ച‌് നടത്തിയ സമരങ്ങളിലും വൻതോതിൽ ജനങ്ങൾ അണിനിരന്നു. അതിന്റെ പ്രതിഫലനമായിരുന്നു ഫെബ്രുവരി മൂന്നിന‌് ബ്രിഗേഡ് പരേഡ് മൈതാനിയിൽ നടന്ന ബൃഹത്തായ റാലി.  ഇപ്പോൾ തെരഞ്ഞെടുപ്പിലും ആ  ജനപങ്കാളിത്തം പ്രതിഫലിക്കുന്നു. എന്നാൽ, ഇവയൊന്നും കാണാതെ ഒരുവിഭാഗം മാധ്യമങ്ങൾ പോരാട്ടം ബിജെപിയിലും തൃണമൂലിലും മാത്രമായി   ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത‌്. 

തൃണമൂലും ബിജെപിയുംതമ്മിൽ ഒരു വ്യത്യാസവുമില്ല. രണ്ടുകൂട്ടരും  ഒരേപോലെ അഴിമതിയിലും  അക്രമത്തിലും പങ്കാളികളാണ്. ശതകോടികളുടെ  വെട്ടിപ്പ് നടന്ന ശാരദ ചിട്ടി ഫണ്ട‌് കേസിൽ സുപ്രീം കോടതി നിർദേശമുണ്ടായിട്ടും തൃണമൂലിനെ സഹായിക്കുന്ന നിലപാടാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത‌്.   സിബിഐയും   എൻഫോഴ‌്സ‌്മെന്റ് ഡയറക്ടറേറ്റും കാര്യമായ ഒരു നടപടിയും എടുത്തില്ല.  ഭാവിയിൽ തൃണമൂലുമായി യോജിക്കാമെന്ന‌ കണക്കുകൂട്ടലാണ് ബിജെപി  നടത്തുന്നത‌്. അഴിമതിയിൽ  പങ്കാളികളായ പല പ്രമുഖരും  സ്വച്ഛമായി കഴിയുന്നു. കുറ്റം ചാർത്തപ്പെട്ടവരായ മൂന്നുപേർ ഈ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളാണ്.

 

 

അക്രമ കൊലപാതകരാഷ്ട്രീയത്തിലൂടെ പ്രതിപക്ഷത്തെ, പ്രത്യേകിച്ച് ഇടതുപക്ഷത്തെ നിഷ്‌ക്രിയമാക്കുകയെന്നതാണ്  തൃണമൂലിന്റെ മുഖ്യ അജൻഡ. ഇതിനെ എങ്ങനെ നേരിടാൻ സിപിഐ എമ്മിന‌് കഴിയും  ?

അധികാരത്തിലേറിയ നാൾമുതൽ ഭരണത്തിന്റെ പിൻബലത്തിൽ  സിപിഐ എമ്മിനെയും ഇടതുമുന്നണിയെയും തകർക്കാനുള്ള പരിപാടിയാണ് തൃണമൂൽ നടപ്പാക്കുന്നത‌്. വ്യാപകമായ അക്രമത്തിൽ  പാർടിയുടെ നിരവധി പ്രവർത്തകർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പ്രവർത്തകർക്ക് പരിക്കേറ്റു. ജനാധിപത്യവ്യവസ്ഥകളാകെ അട്ടിമറിക്കപ്പെട്ടു. തെരഞ്ഞെടുപ്പുകൾ പ്രഹസനങ്ങളാക്കി. എങ്കിലും  ഇവയെല്ലാം നേരിട്ടും  തരണം ചെയ‌്തും ജനങ്ങളെ അണിനിരത്തി മുന്നോട്ടുനീങ്ങാൻ കഴിയുന്നു. മുമ്പത്തേക്കാൾ ശക്തമായ ചെറുത്തു നിൽപ്പാണ് പലയിടങ്ങളിലും പാർടി നടത്തുന്നത‌്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കടന്നുചെല്ലാൻ കഴിയാതിരുന്ന ഭാഗങ്ങളിലെല്ലാം ഇപ്പോൾ പാർടി പ്രവർത്തനം നടക്കുന്നു. തൃണമൂൽ അക്രമത്തിലും അഴിമതിയിലും സഹികെട്ട ആളുകൾ വീണ്ടും പാർടിയിൽ വിശ്വാസം അർപ്പിക്കുന്നു. തെരഞ്ഞെടുപ്പ് വേദികളിലും ഇത് വ്യക്തമായി തെളിഞ്ഞു കാണാം. തെരഞ്ഞെടുപ്പ് കഴിഞ്ഞ മണ്ഡലങ്ങളിലെല്ലാം മുൻ കാലങ്ങളിൽനിന്ന‌് വ്യത്യസ‌്തമായി തൃണമൂൽ ആക്രമണത്തിനും  ബൂത്ത‌് കൈയേറ്റത്തിനുമെതിരെ ഒരു പരിധിവരെ ചെറുത്തുനിൽപ്പ‌് സംഘടിപ്പിച്ചു. ഇത് ജനങ്ങളിലും വിശ്വാസം  വർധിപ്പിച്ചു. പലയിടങ്ങളിലും ജനങ്ങൾ സ്വമേധയാ സംഘടിച്ച് അക്രമത്തെ ചെറുത്ത് വോട്ട് രേഖപ്പെടുത്തി.

ഭരണനേട്ടങ്ങൾ നിരത്തിയാണല്ലോ മമത വോട്ട് തേടുന്നത‌് ?

ബംഗാൾ എല്ലാ തലങ്ങളിലും പിന്നോട്ടുപോകുകയാണ്. തൊഴിലില്ലായ‌്മ രൂക്ഷമായി വർധിക്കുന്നു. നിരവധി വ്യവസായശാലകൾ അടച്ചുപൂട്ടി. പരമ്പരാഗത വ്യവസായങ്ങളായ ചണം, തേയില എന്നിവ വൻ തകർച്ചയാണ് നേരിടുന്നത‌്.  ഇതുമൂലം പതിനായിരക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു, കടക്കെണിയിൽപ്പെട്ട‌് കൃഷിക്കാർ ആത്മഹത്യ ചെയ്യുന്നു. എടുത്തു കാട്ടാവുന്ന ഒരു വ്യവസായവും പുതുതായി ഇവിടെ ഉണ്ടായിട്ടില്ല. സ‌്ത്രീകളുടെയും സാമൂഹ്യമായി പിന്നോക്കംനിൽക്കുന്നവരുടെയും സ്ഥിതി വളരെ മോശമാണ്. സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അതിമോശമായ അവസ്ഥയിലാണ്.  മമത ബാനർജി ഉറപ്പുനൽകിയ ഒരു കാര്യംപോലും ഇതുവരെ നടപ്പാക്കിയില്ല. ഇതെല്ലാം തൃണമൂലിന്റെ  ജനപിന്തുണ അടിക്കടി  ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തൊട്ടാകെ കാണാൻ കഴിയുന്നത‌്. അവരുടെ പ്രവൃത്തികളോട് ജനങ്ങൾ കടുത്ത വെറുപ്പ് പ്രകടിപ്പിക്കുന്നു. ഇവയ്‌ക്കെതിരായ ജനവിധിയാകും സംസ്ഥാനത്ത് ഉണ്ടാകുക.

മമത ബാനർജി വർഗീയ വിഭാഗീയ ശക്തികളുമായി സന്ധിചെയ്യുന്നതിനെ എങ്ങനെ വിലയിരുത്തുന്നു?

രാഷ്ട്രീയലാഭത്തിനായി വർഗീയതയും മതമൗലികവാദികളുമായും മമത ഒരു മടിയുമില്ലാതെ കൈ കോർക്കുന്നു. ഇത് സംസ്ഥാനത്തിന്റെ മത സൗഹാർദത്തിനും  ഐക്യത്തിനും വലിയ ഭീഷണിയും അപകടവുമാണ് സൃഷ്ടിക്കുന്നത‌്.   തൃണമൂൽ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് പല ഭാഗങ്ങളിലും തീവ്രവാദ മതമൗലികവാദികളുടെ പ്രവർത്തനം ശക്തമായി. വർഗീയസംഘർഷങ്ങൾ ഇവിടെ ഇപ്പോൾ അടിക്കടി അരങ്ങേറുന്നു. അത് നിയന്ത്രിക്കാൻ ഒരു നടപടിയും എടുക്കുന്നില്ല. തൃണമൂൽ നേതാക്കളിലും പ്രവർത്തകരിലും  പലർക്കും  ഇത്തരം  സംഘടനകളുമായി ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട‌്. ആർ എസ്എസും മറ്റ‌് മതമൗലികവാദികളും  ഇവിടെ വളരുന്നത‌്  മമതാ ഭരണത്തിന്റെ തണലിലാണ്.  ബിജെപിക്ക‌് സംസ്ഥാനത്ത് ഇടമുണ്ടാക്കി ക്കൊടുത്തതും  മമതയാണ്. അവരുമായി പലതവണ തൃണമൂൽ കൈകോർത്തു.  അവരുമായി ചേർന്ന‌് അധികാരം പങ്കിട്ടു. അവസരം വന്നാൽ ഇനിയും അത് ചെയ്യും. പരോക്ഷമായി ബിജെപിയുടെ സഹായം തേടി അഴിമതി കുംഭകോണ കേസുകൾ ഒതുക്കാനാണ് മമത ശ്രമിക്കുന്നത‌്.

കോൺഗ്രസുമായി  ധാരണ തെറ്റാൻ കാരണം. ഇത് തെരഞ്ഞെടുപ്പിൽ  ദോഷം ചെയ്യില്ലേ?

ജനാധിപത്യ മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇടതുമുന്നണി കോൺഗ്രസുമായി സീറ്റ‌് നീക്കുപോക്ക് ധാരണയ‌്ക്ക‌് തയ്യാറായിരുന്നു. അതനുസരിച്ച്  2014ൽ ഇടതുമുന്നണിയും കോൺഗ്രസും ജയിച്ച സീറ്റുകളിൽ  അതതു പാർടികൾ തന്നെ  ഇത്തവണയും  മത്സരിക്കണമെന്നും മറ്റു സീറ്റുകളിൽ ചർച്ചയിലൂടെ നിശ്ചയിക്കാമെന്ന‌് ഇരുകൂട്ടരും തമ്മിൽ ആദ്യം ധാരണ ഉണ്ടാക്കിയെങ്കിലും  പിന്നീട‌് സിപിഐ എം ജയിച്ച റായ്ഗഞ്ച‌് , മൂർഷിദാബാദ് സീറ്റുകൾ തങ്ങൾക്ക് വിട്ടുകിട്ടണമെന്ന കോൺഗ്രസ‌് പിടിവാശിമൂലം  അത് തകർന്നു. ബിജെപിയെയും തൃണമൂലിനെയും പ്രത്യക്ഷമായി ഒരേപോലെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.  ചുരുക്കം ചില സ്ഥലങ്ങളിലൊഴിച്ച് മിക്ക ഭാഗങ്ങളിലും കോൺഗ്രസിന് കാര്യമായ സ്വാധീനം ഇല്ല.

സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ഭാവി എങ്ങനെ?

നിരവധി പ്രതിസന്ധികൾ തരണംചെയ‌്താണ‌് ഇടതുപക്ഷം ബംഗാളിൽ പ്രബല രാഷ്ട്രീയപ്രസ്ഥാനമായത്. 33 വർഷം വൻ ജനപിന്തുണയോടെ തുടർച്ചയായി ഭരിച്ചു. അതിനുശേഷം ചില തിരിച്ചടികൾ നേരിട്ടു. അവയെല്ലാം തരണംചെയ‌്ത‌്  വീണ്ടും  ജനപിന്തുണയോടെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുതന്നെയാണ‌് വിശ്വാസം. അതിനുള്ള  മാർഗങ്ങളാണ് തെളിയുന്നത‌്. നീതിപൂർവമായ തെരഞ്ഞെടുപ്പ് നടന്നാൽ ഇത്തവണ ഇടതുമുന്നണി കൂടുതൽ സീറ്റ‌് നേടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top