29 March Friday

പോരാട്ടം ഭരണഘടന സംരക്ഷിക്കാൻ - സീതാറാം യെച്ചൂരി സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

ഡൽഹി കലാപക്കേസിന്റെ ഭാഗമായി പൊലീസ്‌ സമർപ്പിച്ച കുറ്റപത്രങ്ങളിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, അക്കാദമിക്‌ പണ്ഡിതരായ പ്രൊഫ. ജയതി ഘോഷ്‌, പ്രൊഫ. അപൂർവാനന്ദ്‌, ഡോക്യുമെന്ററി പ്രവർത്തകൻ രാഹുൽ റോയ്‌, യോഗേന്ദ്ര യാദവ്‌ എന്നിവരുടെ പേരുകൾ പരാമർശിച്ചിരിക്കുന്നു. ((((പൗരത്വഭേദഗതി നിയമ))))ത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങളാണ്‌ കലാപത്തിന്‌ പ്രേരണയായതെന്ന്‌ വരുത്തിത്തീർക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമായാണിത്‌. ഈ സാഹചര്യത്തിൽ ഡൽഹി പൊലീസിന്റെ അന്വേഷണ പ്രഹസനം, ബിജെപി സർക്കാരിന്റെ അടിച്ചമർത്തൽനയം, ഹിന്ദുത്വഅജൻഡ എന്നിവയെക്കുറിച്ച്‌ സീതാറാം യെച്ചൂരി സംസാരിക്കുന്നു.

ചോദ്യം: ഡൽഹി പൊലീസിന്റെ ഈ നടപടിയെക്കുറിച്ച്‌ എന്താണ്‌ പ്രതികരണം? ഇത്തരത്തിൽ  പേരുകൾ കൊണ്ടുവരുന്നതിന്റെ യുക്തി എന്താണ്‌?

ഉത്തരം: സത്യസന്ധമായി പറഞ്ഞാൽ യുക്തിയൊന്നുമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായി  സമാധാനപരമായി നടന്ന  പ്രക്ഷോഭവും ‘ഡൽഹി ലഹള’യും തമ്മിൽ  പൊലീസ്‌ എങ്ങനെയാണ്‌ ബന്ധം സ്ഥാപിച്ചെടുക്കുന്നതെന്ന്‌ നോക്കാം. പൊലീസ്‌ പറയുന്നതുപോലെ ഇത്‌ ലഹളയല്ല, വർഗീയകലാപമായിരുന്നു. 56 പേരാണ്‌ കൊല്ലപ്പെട്ടത്‌; ഔദ്യോഗിക കണക്കുപ്രകാരം 53 പേർ. ഇത്രയും പേർ കൊല്ലപ്പെട്ടതിന്‌ ആരാണ്‌ ഉത്തരവാദികൾ? കലാപത്തിന്‌ പ്രേരണയായ  വിദ്വേഷപ്രസംഗം നടത്തിയവരെക്കുറിച്ച്‌ പൊലീസ്‌ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ?  കേന്ദ്രമന്ത്രി അടക്കം  ബിജെപിനേതാക്കൾ  നടത്തിയ പ്രസംഗങ്ങളെ തുടർന്നാണ്‌ കലാപം തുടങ്ങിയത്‌. ഇവർക്കെതിരെ കുറ്റപത്രം നൽകിയിട്ടുണ്ടോ?

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ  ഇംഗിതമാണ്‌ ഡൽഹി പൊലീസ്‌ നടപ്പാക്കുന്നത്‌.  രാഷ്ട്രീയപ്രേരിതമായ ഗൂഢാലോചനയാണ്‌ ഇപ്പോൾ നടക്കുന്നത്‌.  സത്യം പുറത്തുകൊണ്ടുവരലോ നീതിന്യായ നിർവഹണമോ പൊലീസിന്റെ ലക്ഷ്യമല്ല. നിലവിൽ  കുറ്റം ചുമത്തിയിട്ടില്ലെന്ന്‌ പൊലീസ്‌ പറയുന്നു. അതിൽ കാര്യമില്ല. പേരുകൾ എങ്ങനെ പൊതുമണ്ഡലത്തിൽ വന്നു? ഇത്‌ അവരുടെ പതിവ്‌ ശൈലിയാണ്‌. കുറ്റപത്രത്തിൽ ചില പേരുകൾ പറയുന്നു.

എങ്ങനെയാണ്‌ ഇത്‌ പുറത്തുവന്നത്‌? എല്ലായിടത്തും ഇങ്ങനെയാണ്‌ സംഭവിക്കുന്നത്‌. ആരോ പറഞ്ഞുവെന്ന പേരിൽ ചില പേരുകൾ പരസ്യപ്പെടുത്തും. ഇതിന്റെ പേരിൽ കേസെടുത്ത്‌ കുറ്റപത്രം നൽകും. യുഎപിഎപോലുള്ള കുറ്റങ്ങൾ ചുമത്തും. ഭീമ കൊറേഗാവ്‌ കേസിലും ഇങ്ങനെയാണ്‌ സംഭവിച്ചത്‌. സർക്കാർ ആസൂത്രണംചെയ്‌ത രാഷ്ട്രീയ ഗൂഢാലോചനയാണ്‌ നടക്കുന്നത്‌. ഇതുകൊണ്ടൊന്നും സമാധാനപരമായ പ്രക്ഷോഭങ്ങളിൽനിന്ന്‌  ഞങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ല. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം നടത്താൻ എനിക്ക്‌ അവകാശമുണ്ട്‌; അത്‌ എന്റെ കടമയുമാണ്‌.  അടിയന്തരാവസ്ഥയെക്കുറിച്ച്‌ ഓർമിക്കേണ്ടിവരുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതിയ തലമുറയാണ്‌ ഞങ്ങളുടേത്‌. പോരാട്ടങ്ങളുടെ ഫലമായി അന്ന്‌ ‌ ജനാധിപത്യം പുനഃസ്ഥാപിച്ചു. നിലവിലെ ഭരണകക്ഷിക്കുകൂടി പങ്കാളിത്തമുള്ള സർക്കാർ അന്ന്‌ രൂപീകരിക്കാൻ സാധിച്ചു. ഇതൊക്കെ അവർ ഓർക്കണം.


 

 

ചോദ്യം: രാഷ്ട്രീയഎതിർപ്പുകളെയും വിയോജിപ്പുകളെയും അടിച്ചമർത്താനുള്ള ശ്രമമാണോ നടക്കുന്നത്‌? അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുകയല്ലേ?

ഉത്തരം: സർക്കാർ നയങ്ങളെ വിമർശിക്കുകയോ എതിർക്കുകയോ ചെയ്യുന്നവരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയമായി വിയോജിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. അവരുടെ പേരിൽ ദേശസുരക്ഷാനിയമം, യുഎപിഎ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ കിരാതനിയമങ്ങൾ പ്രയോഗിക്കുന്നു. വൻതോതിലുള്ള  അമിതാധികാര കടന്നാക്രമണമാണ്‌ നടക്കുന്നത്‌.  ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും നേരെയുള്ള ആക്രമണമാണിത്‌. ഇത്‌ അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം അനിവാര്യമാണ്‌.

ചോദ്യം: കോവിഡ്‌ മഹാമാരിയുടെയും സാമ്പത്തിക തകർച്ചയുടെയും അതിർത്തിസംഘർഷത്തിന്റെയും  സാഹചര്യത്തിലാണ്‌ ഈ അടിച്ചമർത്തൽ നയങ്ങൾ സർക്കാർ നടപ്പാക്കുന്നത്‌. ഇതിനെ എങ്ങനെ കാണുന്നു?

ഉത്തരം: രാജ്യം ഒറ്റക്കെട്ടായി ഏകമനസ്സോടെ മഹാമാരിയെ നേരിടുകയാണ്‌ വേണ്ടത്‌. അതിനുപകരം സർക്കാർ ശ്രമിക്കുന്നത്‌ വർഗീയധ്രുവീകരണം വളർത്താനാണ്‌. സാമ്പത്തികത്തകർച്ച നേരിടാൻ ശ്രമിക്കാതെ സർക്കാർ ദേശീയ ആസ്‌തികൾ വിറ്റഴിക്കുന്നു. പൊതുസ്വത്തിന്റെ വൻകൊള്ളയാണ്‌ നടക്കുന്നത്‌. തൊഴിലാളിവിരുദ്ധനിയമങ്ങൾ നടപ്പാക്കുന്നു. അംബാനിമാർക്കും അദാനിമാർക്കും മാത്രമാണ്‌ സർക്കാർ നയങ്ങളുടെ നേട്ടം ലഭിക്കുന്നത്‌. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ അടിസ്ഥാനസ്വഭാവംതന്നെ മാറ്റാൻ ശ്രമിക്കുന്നു. രാജ്യത്തെ  രാഷ്ട്രീയആഖ്യാനം തിരുത്തിയെഴുതാൻ ശ്രമിക്കുന്നു. മതനിരപേക്ഷ റിപ്പബ്ലിക്കിനെ ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റാനുള്ള പദ്ധതിയാണ്‌ ബിജെപി സർക്കാർ നടപ്പാക്കുന്നത്‌. ആർഎസ്‌എസ്‌ ലക്ഷ്യം നടപ്പാക്കാനാണ്‌ ശ്രമം. ഇതിലാണ്‌ സർക്കാരിന്റെ വ്യഗ്രത. കോവിഡും ജനങ്ങളുടെ ആരോഗ്യവുമൊന്നും അവർക്ക്‌ പ്രശ്‌നമല്ല.  അക്കാര്യം വ്യക്തമാണ്‌.  ജനവിരുദ്ധനയങ്ങളെ  ചെറുക്കുന്നവരെ ലക്ഷ്യമിട്ട്‌ നീങ്ങുകയാണ്‌ സർക്കാർ.

ചോദ്യം: ഡൽഹി കലാപക്കേസിന്റെ കാര്യത്തിൽ എന്താണ്‌ സിപിഐ എം ആവശ്യപ്പെടുന്നത്‌?. ഇപ്പോൾ പറയുന്ന കാര്യങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ്‌ പുറത്തുവിട്ടത്‌? പൗരത്വഭേദഗതി നിയമ വിരുദ്ധപ്രക്ഷോഭവും കലാപവും തമ്മിൽ ബന്ധിപ്പിക്കാനുള്ള കാരണം എന്താണ്‌?

ഉത്തരം: നിഷ്‌പക്ഷമായ അന്വേഷണം നടക്കണം. സ്വതന്ത്ര ഏജൻസികളുടെ അന്വേഷണറിപ്പോർട്ടുകൾ വന്നിട്ടുണ്ട്‌. എല്ലാ കാര്യങ്ങൾക്കും തെളിവുണ്ട്‌. ആരാണ്‌ വിദ്വേഷപ്രസംഗങ്ങൾ നടത്തിയതെന്നതിനും  കലാപത്തിന്‌ ആഹ്വാനം ചെയ്‌തതെന്നതിനും വ്യക്തമായ രേഖകളുണ്ട്‌.  ആരൊക്കെയാണ്‌ കലാപത്തിൽ പങ്കെടുത്തതെന്ന്‌ തെളിവിന്റെ അടിസ്ഥാനത്തിൽ നിശ്‌ചയിക്കണം. എന്നാൽ,  സർക്കാരിന്റെ ലക്ഷ്യം അതൊന്നുമല്ല.

നിരപരാധികളെ, പ്രത്യേകിച്ച്‌ മുസ്ലിംന്യൂനപക്ഷവിഭാഗത്തെ ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷിക്കുന്നത്‌ അനുവദിക്കാൻ കഴിയില്ല. സർക്കാർ ഭീരുത്വപരമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ഭീഷണിപ്പെടുത്തൽ അവസാനിപ്പിക്കണം.

തയ്യാറാക്കിയത്‌: സാജൻ എവുജിൻ 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top