18 April Thursday

ബംഗാളിൽ തിരിച്ചുവരും...; ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ സലീം സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 8, 2022

ബംഗാളിൽ ബുദ്ധിമുട്ടേറിയ സാഹചര്യമാണ്‌. അതുകൊണ്ടുതന്നെ വലിയ വെല്ലുവിളിയുമാണ്‌. ആദ്യ വെല്ലുവിളി സംഘടനയെ സജീവമാക്കലാണ്‌. അഴിച്ചുപണിയലാണ്‌. യുവതലമുറ മുന്നോട്ടുവരുന്നുണ്ട്‌. അവർക്ക്‌ പരിശീലനം നൽകണം. നിലനിർത്തണം. സംസ്ഥാന സമ്മേളനത്തിലെയും പാർടി കോൺഗ്രസിലെയുമെല്ലാം തീരുമാനങ്ങൾക്ക്‌ അനുസൃതമായി പ്രസ്ഥാനമെന്നനിലയിൽ മുന്നോട്ടുവരുമെന്ന്‌ പശ്‌ചിമ ബംഗാൾ സംസ്ഥാനസെക്രട്ടറി മുഹമ്മദ്‌ സലീം പാർടി കോൺഗ്രസിനിടെ  ‘ദേശാഭിമാനി’ക്ക്‌ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

പുതിയ സംസ്ഥാന സെക്രട്ടറിയെന്നനിലയിൽ ബംഗാളിൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിനായി മുന്നോട്ടുവയ്‌ക്കുന്ന പദ്ധതികൾ എന്തെല്ലാമാണ്‌?
11 വർഷത്തെ തൃണമൂൽ ഭരണവും എട്ടു വർഷത്തെ മോദി ഭരണവും ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്‌. അവർ ബദൽ ആഗ്രഹിക്കുന്നു. ആദ്യ വെല്ലുവിളി ഇടതുപക്ഷ ബദൽ ഉയർത്തുകയെന്നതാണ്‌. ഇടതുപക്ഷത്തിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെയും ബംഗാളിലും ത്രിപുരയിലും അധികാരത്തിലുണ്ടായിരുന്ന ഇടതു സർക്കാരുകളുടെയും ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടണം. സമസ്‌ത മേഖലകളിലും വലതുപക്ഷ കടന്നാക്രമണമാണ്‌. ഭരണഘടനാ മൂല്യങ്ങളും സ്വാതന്ത്ര്യസമര പാരമ്പര്യവുമെല്ലാം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്‌.

അതോടൊപ്പം ജനങ്ങളുടെ ഐക്യം ഉറപ്പാക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും വേണം.സിപിഐ എമ്മിന്റെ അടിത്തറ തകർക്കാനാണ്‌ തൃണമൂൽ ശ്രമിക്കുന്നത്‌. അതുകൊണ്ടാണ്‌ വ്യാപകമായ ആക്രമണങ്ങൾ. അടിത്തട്ടിൽ പാർടി പ്രവർത്തകർ ചെറുത്തുനിൽക്കുകയാണ്‌. അവർക്ക്‌ പ്രചോദനവും സംരക്ഷണവുമേകണം. തുടർച്ചയായ ആക്രമണങ്ങളാൽ നിലവിൽ അവർ ഒറ്റപ്പെട്ട നിലയിലാണ്‌. അവരുടെ വിശ്വാസം തിരിച്ചുപിടിക്കണം. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. മോദി–- മമത ഭരണത്തിൽ അതൃപ്‌തരായ എല്ലാവരെയും യോജിപ്പിക്കണം. കേരളത്തിൽ ഇടതുപക്ഷത്തിന്റെ അധികാരത്തുടർച്ച ബംഗാളിലെ ഇടതുപക്ഷ വിശ്വാസികൾക്ക്‌ വലിയ ആത്മവിശ്വാസം പകർന്നിട്ടുണ്ട്‌.

ഇടതുപക്ഷം തൂത്തെറിയപ്പെട്ടു എന്നും തൃണമൂലും ബിജെപിയും മാത്രമാണ്‌ ചിത്രത്തിലെന്നുമാണ്‌ വലതുപക്ഷ പ്രചാരണം ?
അത്‌ വലതുപക്ഷത്തിന്റെ ബോധപൂർവമായ പ്രചാരണമാണ്‌. ദേശീയ മാധ്യമങ്ങളാണ്‌ ഇതിൽ മുന്നിൽ. അവർ വലതുപക്ഷത്തിന്റെ ജിഹ്വയായി. കേന്ദ്രത്തിൽ മോദിയും ബംഗാളിൽ ദീദിയും മാത്രം. സിപിഐ എമ്മിനെ എഴുതിത്തള്ളാനാണ്‌ അവരുടെ ശ്രമം. അത്‌ എളുപ്പമല്ല. ഇടതുപക്ഷമെന്നത്‌ ബംഗാളിന്റെ സംസ്‌കാരത്തിൽ ഇഴ ചേർന്നതാണ്‌. രാഷ്ട്രീയമായി മാത്രമല്ല, സാമൂഹ്യമായും സാംസ്‌കാരികമായുമെല്ലാം ബംഗാളിന്‌ ഇടതുപക്ഷ മനസ്സാണ്‌. ഇടതുപക്ഷത്തെ തൂത്തെറിയുന്നതിനാണ്‌ തൃണമൂൽ രൂപപ്പെട്ടതുതന്നെ. ബംഗാളിലെ ഇടതുപക്ഷ സംഭാവനകളെയും ചരിത്രത്തെയുംതന്നെ മായ്‌ക്കാനാണ്‌ ശ്രമം. ഇത്‌ ബംഗാളിൽ മാത്രമല്ല, ആഗോളതലത്തിൽത്തന്നെ ഇടതുപക്ഷ സംഭാവനകളുടെ സ്‌മരണകൾ സംരക്ഷിക്കുകയും നിലനിർത്തുകയുമെന്ന ദൗത്യം തൊഴിലാളിവർഗത്തിനുണ്ട്‌. ബംഗാളിൽ കനത്ത ആക്രമണം നേരിടുമ്പോഴും പഴമയുടെ കണ്ണി അടരാതെ കാക്കാൻ പാർടിക്ക്‌ കഴിയുന്നുണ്ട്‌. ഒപ്പം ഭാവിക്കായി പൊരുതുകയും വേണം. ബംഗാളിൽ രാഷ്ട്രീയമായ ഭിന്നിപ്പിക്കലിനൊപ്പം മതപരമായ ഭിന്നിപ്പിക്കലും ബിജെപിയുടെയും തൃണമൂലിന്റെയും ലക്ഷ്യമാണ്‌. വർഗീയ ധ്രുവീകരണത്തിലൂടെ ചുവടുറപ്പിക്കാനാണ്‌ ശ്രമം.

മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടുശതമാനം വൻതോതിൽ വർധിപ്പിക്കാൻ ഇടതുപക്ഷത്തിന്‌ കഴിഞ്ഞു. ഇത്‌ നൽകുന്ന പ്രതീക്ഷ?

മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പോലും യഥാർഥ ജനവികാരം പ്രതിഫലിക്കപ്പെട്ടില്ല. തൃണമൂലുകാർ വലിയ കൃത്രിമം കാട്ടി. പ്രത്യേകിച്ച്‌ സിപിഐ എമ്മിന്‌ സ്വാധീനമുള്ള സ്ഥലങ്ങളിൽ. സ്ഥാനാർഥികൾക്ക്‌ പ്രചാരണംപോലും സാധ്യമായില്ല. തൃണമൂൽ ഗുണ്ടകളാണ്‌ കാര്യങ്ങൾ നിയന്ത്രിച്ചത്‌. എന്നിട്ടും വോട്ടുശതമാനം ഇരട്ടിയിലേറെയായി വർധിപ്പിച്ചു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്‌ തെളിവാണ്‌ ഇത്‌. സംഘടന ശക്തിപ്പെടുത്തിയും ആശയപ്രചാരണം തീവ്രമാക്കിയും വർഗ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചും ജനങ്ങളെ സംഘടിപ്പിക്കാനാണ്‌ തീരുമാനം. ആ അടിസ്ഥാനത്തിൽ മുന്നോട്ടുപോകും. ഇടതുപക്ഷത്തിന്റെ ഉയിർത്തെണീക്കൽ സാധ്യമാക്കും. പുതിയ സംസ്ഥാന കമ്മിറ്റിയിൽ 30 ശതമാനം പുതുമുഖങ്ങളാണ്‌. കൂടുതൽ കൂടുതലായി യുവാക്കളെ ആകർഷിക്കേണ്ടതുണ്ട്‌.

ബംഗാളിൽ സിപിഐ എമ്മിന്‌ ബിജെപിയോട്‌ 
മൃദുസമീപനമെന്ന പ്രചാരണം ഒരുവിഭാഗം നടത്തുന്നുണ്ട്‌. എന്താണ്‌ യാഥാർഥ്യം?
ഇത്തരം പ്രചാരണം അടിസ്ഥാനരഹിതമാണ്‌. ബംഗാളെന്നല്ല എവിടെയും വർഗീയ രാഷ്ട്രീയത്തോട്‌ മൃദുസമീപനം സ്വീകരിക്കാൻ ഇടതുപക്ഷത്തിനാവില്ല. ഇത്തരം പ്രചാരണം ‘നാഗ്പുരി’ന്റെ സൃഷ്ടിയാണ്‌. ബംഗാളിൽ ഇടതുപക്ഷം ദുർബലപ്പെട്ടത്‌ മുതലെടുത്താണ്‌ ബിജെപി സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നത്‌. എവിടെയും ഇടതുപക്ഷത്തെയാണ്‌ തീവ്രവലതുപക്ഷം ആക്രമിക്കുക. കാരണം അവരെ ആശയപമായി ചെറുക്കുന്നത്‌ ഇടതുപക്ഷം മാത്രമാണ്‌. ബംഗാളിലും അതാണ്‌ യാഥാർഥ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top