19 April Friday

പോരാട്ടങ്ങൾക്ക്‌ അവസാനമില്ല - അശോക്‌ ധാവ്‌ളെ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 23, 2021

അഖിലേന്ത്യ കിസാൻസഭാ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ കർഷകപ്രക്ഷോഭ വേദിയിൽ ഫോട്ടോ: കെ എം വാസുദേവൻ

ഇന്ന്‌ ദേശീയ കർഷകദിനം. സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും ഐതിഹാസികമായ സമരമായിരുന്നു കർഷകപ്രക്ഷോഭം. രാജ്യത്തെ അടിസ്ഥാന വിഭാഗക്കാരായ കർഷകർ നടത്തിയ ചെറുത്തുനിൽപ്പ്‌ ലോകം കണ്ടു. മണ്ണിൽപ്പണിയെടുക്കുന്നവരുടെ പോരാട്ടവീര്യം ഭരണകേന്ദ്രങ്ങളെ വിറപ്പിച്ചു. അവകാശനിഷേധത്തിനെതിരെയും അനീതികൾക്കെതിരെയും രാജ്യത്തെ കർഷകജനതയുടെ സംഘടിതശക്‌തി ഇനിയും പ്രതിഷേധമുയർത്തുമെന്ന്‌ അഖിലേന്ത്യ കിസാൻസഭാ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ ദേശാഭിമാനിയോട്‌ വ്യക്‌തമാക്കി. ഡൽഹി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം പ്രശാന്ത്‌ തയ്യാറാക്കിയ അഭിമുഖം.

ഐതിഹാസികമായ കർഷകസമരത്തിന്റെ പ്രധാന സവിശേഷത ?
സവിശേഷതകൾ അനവധിയാണ്‌. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം സംഘടന ഐക്യത്തോടെ നടത്തിയ പ്രക്ഷോഭം എന്നതാണ്‌ പ്രധാന സവിശേഷത. ഇത്രയും സംഘടനകൾ ചേർന്നൊരു സംയുക്തപ്രക്ഷോഭം സ്വാതന്ത്ര്യത്തിന്‌ മുമ്പോ ശേഷമോ ഇല്ല. വ്യത്യസ്‌ത ആശയധാരകൾ. ഇടതുപക്ഷവും വലതുപക്ഷവും മധ്യനിലപാടുകാരുമെല്ലാം ഉൾപ്പെട്ടു. എന്നാൽ, എല്ലാ ആവശ്യത്തിലും യോജിപ്പോടെ നിലകൊണ്ടു.

എല്ലാ വിഭാഗം കർഷകരുടെയും യോജിപ്പാണ്‌ മറ്റൊരു സവിശേഷത. കർഷകത്തൊഴിലാളികളും ചെറുകിട–- ഇടത്തരം കർഷകരും വൻകിട കർഷകരുമെല്ലാം സമരത്തിന്റെ ഭാഗമായി. അങ്ങനെ സമ്പൂർണമായ ഒരു ഗ്രാമീണ ഐക്യം സാധ്യമായി. ഇത്തരമൊരു അനുഭവം മുമ്പില്ല. മറ്റൊന്ന്‌ വർഗപരമായ സവിശേഷതയാണ്‌. ട്രേഡ്‌യൂണിയനുകളുടെ പൂർണ പിന്തുണ ലഭിച്ചു. തൊഴിലാളി–- കർഷക ഐക്യസമരമായാണ്‌ പ്രക്ഷോഭം ആരംഭിച്ചതുതന്നെ. കടുത്ത അടിച്ചമർത്തൽ ശ്രമങ്ങളെ അതിജീവിച്ചതാണ്‌ മറ്റൊരു സവിശേഷത. ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചും ലാത്തി വീശിയും റോഡുകളിൽ കിടങ്ങുകൾ തീർത്തും ഡൽഹിയിലേക്ക്‌ കടക്കുന്നതിൽനിന്ന്‌ കർഷകരെ തടഞ്ഞു. ഏറ്റവും ഒടുവിൽ ലഖിംപുർ ഖേരി സംഭവിച്ചു.  കടുത്ത പ്രകോപനമുണ്ടായിട്ടും തീർത്തും സമാധാനപൂർണമായി സമരം മുന്നോട്ടുപോയി. സമരം പൂർണമായും മതേതരമായിരുന്നു എന്നതും സവിശേഷതയാണ്‌.

കർഷകപ്രക്ഷോഭത്തിന്റെ ഭാവിരൂപം ?
ശേഷിക്കുന്ന വിഷയങ്ങളിൽ ഏറ്റവും പ്രധാനം എംഎസ്‌പിയാണ്‌. ഉൽപ്പാദനച്ചെലവ്‌ സമഗ്രമായി കണക്കാക്കി അതിന്റെ ഇരട്ടി താങ്ങുവില നൽകണമെന്ന്‌ 2006ൽ സ്വാമിനാഥൻ കമീഷൻ നിർദേശിച്ചതാണ്‌. എന്നാൽ, കോൺഗ്രസ്‌ സർക്കാരോ തുടർന്നുവന്ന ബിജെപി സർക്കാരോ നടപ്പാക്കിയില്ല. കമീഷൻ നിർദേശങ്ങൾ 2006ൽ പാർലമെന്റിൽ വച്ചെങ്കിലും ഒരു തവണപോലും ചർച്ചയുണ്ടായില്ല. കേന്ദ്ര സർക്കാർ കണക്കുപ്രകാരം കഴിഞ്ഞ 25 വർഷത്തിൽ നാലു ലക്ഷം കർഷകർ ആത്മഹത്യ ചെയ്‌തു. കടബാധ്യതയാണ്‌ മുഖ്യകാരണം. രണ്ട്‌ കാരണമുണ്ട്‌. ഉൽപ്പാദനച്ചെലവ്‌ തുടർച്ചയായി വർധിക്കുന്നു. അതിന്‌ അനുസൃതമായ ഉയർന്ന എംഎസ്‌പി കിട്ടാതെ കർഷകന്‌ പിടിച്ചുനിൽക്കാനാകില്ല. ബാങ്കിങ്‌ നയങ്ങൾ മാറ്റിയതിനാൽ കാർഷികവായ്‌പയെന്ന പേരിൽ അഗ്രിബിസിനസുകൾക്കാണ്‌ ബാങ്കുകൾ വായ്‌പ നൽകുന്നത്‌.

ആത്മഹത്യയും പ്രതിസന്ധിയുമെല്ലാം ഇക്കാരണങ്ങളാലാണ്‌. സർക്കാരിന്റെ പിഎം വിള ഇൻഷുറൻസ്‌ പദ്ധതിയും തട്ടിപ്പാണ്‌. പ്രകൃതിക്ഷോഭമുണ്ടാകുമ്പോൾ സ്വകാര്യ ഇൻഷുറൻസ്‌ കമ്പനികൾ കർഷകന്‌ ഒരു പൈസയും നൽകില്ല. കർഷകരിൽനിന്നും സർക്കാരുകളിൽനിന്നുമായി വലിയ പ്രീമിയം അവർക്ക്‌ കിട്ടുന്നതാണ്‌. കർഷകരുടെ ചെലവിൽ കമ്പനികൾക്ക്‌ നേട്ടം. നിലവിൽത്തന്നെ കടക്കെണിയിൽ. അതോടൊപ്പം പ്രകൃതിക്ഷോഭവും. ഇത്‌ കർഷകരെ ആത്മഹത്യയിലേക്കോ അതല്ലെങ്കിൽ കൃഷിഭൂമിയുടെ വിൽപ്പനയിലേക്കോ നയിക്കും. തുടർന്ന്‌, ഭൂരഹിത കർഷകത്തൊഴിലാളിയായി മാറും. സ്വതന്ത്ര വ്യാപാരക്കരാറുകൾ. ഡബ്ല്യുടിഒയുടെ കയറ്റിറക്കുമതി നയം. ഇതെല്ലാം കർഷകതാൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമാണ്‌.

കാർഷിക വായ്‌പകളുടെ ഒറ്റത്തവണ എഴുതിത്തള്ളലാണ്‌ കിസാൻസഭ അടുത്ത ഘട്ടം പ്രക്ഷോഭത്തിൽ ഉയർത്താൻ പോകുന്ന മറ്റൊരു പ്രധാന വിഷയം. കേന്ദ്രമാണ്‌ ചെയ്യേണ്ടത്‌. ഇതോടൊപ്പം കർഷകത്തൊഴിലാളികൾക്ക്‌ പ്രധാനമായ തൊഴിലുറപ്പ്‌ പദ്ധതിയിലും മാറ്റങ്ങൾ വേണം. തൊഴിൽ ദിനങ്ങൾ ഇരുനൂറായി ഉയർത്തണം. കൂലി 203 രൂപയിൽനിന്ന്‌ നാനൂറ്‌ രൂപയെങ്കിലുമാക്കണം.




കർഷകസമരത്തിന്റെ രാഷ്ട്രീയ പ്രതിഫലനങ്ങൾ ?
രാഷ്ട്രീയമായ പ്രതിഫലനവും സമരം സൃഷ്ടിച്ചു. ബംഗാൾ, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം ഉദാഹരണമാണ്‌. ബിജെപി തോറ്റു. പഞ്ചാബ്‌ മുനിസിപ്പൽ തെരഞ്ഞെടുപ്പിലും യുപി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടായി. ഏറ്റവും അവസാനം ഹിമാചൽ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളിലും തോറ്റു. ഇതെല്ലാം കർഷകസമരം തീവ്രമായ സ്ഥലങ്ങളാണ്‌. ഈയൊരു വികാരം തുടർന്നാൽ യുപി, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌ തെരഞ്ഞെടുപ്പുകളിലും തോൽക്കുമെന്ന്‌ ബോധ്യപ്പെട്ടതിനാലാണ്‌ മോദി മുട്ടുമടക്കിയതും നിയമങ്ങൾ പിൻവലിച്ചതും. കർഷകസമരം അത്ര രൂക്ഷമല്ലാതിരുന്ന മധ്യ യുപിയിലും കിഴക്കൻ യുപിയിലുമായി ആഗ്ര, ഇട്ടാവ, സുൽത്താൻപ്പുർ, അമേത്തി എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം പോയിരുന്നു. ഇവിടെയെല്ലാം കർഷകർ അമർഷത്തിലാണ്‌.

സ്വകാര്യവൽക്കരണത്തിനെതിരായി മറ്റൊരു വലിയ മുന്നേറ്റം ആവശ്യമാണ്‌. കർഷകസമരം വിജയിച്ചെങ്കിലും സർക്കാർ സ്വകാര്യവൽക്കരണ അജൻഡയുമായി മുന്നോട്ടുപോകും. ഫെബ്രുവരി 23, 24 തീയതികളിൽ കേന്ദ്ര ട്രേഡ്‌യൂണിയനുകൾ രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ പണിമുടക്കിനെ പിന്തുണയ്‌ക്കാനും ഗ്രാമീണ ഭാരത്‌ ബന്ദാക്കി മാറ്റാനും കിസാൻ മോർച്ചയും തീരുമാനിച്ചിട്ടുണ്ട്‌.

തൊഴിലാളി –- കർഷക ഐക്യത്തിന്റെ ഭാവി ?
കർഷകസമരത്തിന്റെ ഏറ്റവും തിളങ്ങുന്ന ഏടാണ്‌ തൊഴിലാളി–- കർഷക ഐക്യം. തുടക്കംമുതൽ ഏകോപനത്തിൽ നീങ്ങി. പൊതുനിലപാട്‌ സ്വീകരിച്ചു. സംയുക്ത ആഹ്വാനങ്ങൾ നൽകി. ഈ ഐക്യം ശക്തിപ്പെടുത്തും. തൊഴിലാളികളും കർഷകരും രാജ്യത്തെ സമ്പത്ത്‌ സൃഷ്ടിക്കുന്ന ഏറ്റവും സുപ്രധാനമായ രണ്ട്‌ ഉൽപ്പാദന ശക്തിയാണ്‌. എന്നാൽ, മോദി സർക്കാരും സംഘപരിവാറും ഈ രണ്ട്‌ വർഗവിഭാഗത്തെ തുടർച്ചയായി ആക്രമിക്കുകയാണ്‌. അതുകൊണ്ട്‌, വലിയ ചെറുത്തുനിൽപ്പുയരും. ഐക്യം ശക്തിപ്പെടും.

കർഷകസമരം കിസാൻസഭയിൽ സൃഷ്ടിച്ച സ്വാധീനവും മാറ്റങ്ങളും ?
കഴിഞ്ഞ നിരവധി വർഷങ്ങളായി കർഷക പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ കിസാൻസഭയുണ്ട്‌. ഇപ്പോഴത്തെ കർഷകപ്രക്ഷോഭം പെട്ടെന്ന്‌ മുളപൊട്ടിയതെന്ന്‌ നിരീക്ഷിക്കുന്നവരുണ്ട്‌. അത്‌ ശരിയല്ല. 2015ലെ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസിന്റെ സമയത്തുതന്നെ പശ്‌ചാത്തലമൊരുങ്ങിത്തുടങ്ങി. കിസാൻസഭ ആ ഘട്ടത്തിൽ മുൻകൈയെടുത്ത്‌ ഭൂമി അധികാർ ആന്ദോളൻ വേദിക്ക്‌ രൂപം നൽകി. ഡൽഹിയിലടക്കം വലിയ റാലികൾ സംഘടിപ്പിച്ചു. ഒടുവിൽ മോദി സർക്കാരിന്‌ പിന്തിരിയേണ്ടി വന്നു. അതാണ്‌ ആദ്യ വിജയം. പിന്നീട്‌ കിസാൻസഭയുടെ നേതൃത്വത്തിൽ രാജസ്ഥാനിലും മഹാരാഷ്ട്രയിലും കർഷകപ്രക്ഷോഭം സംഘടിപ്പിച്ചു. മഹാരാഷ്ട്രയിൽ കർഷകർ 11 ദിവസത്തെ പണിമുടക്ക്‌ നടത്തി. 2018 മാർച്ചിൽ കിസാൻ ലോങ്‌മാർച്ച്‌ സംഘടിപ്പിച്ചു. ലോങ്‌മാർച്ച്‌ ഉയർത്തിയ എല്ലാ ആവശ്യവും ബിജെപി സർക്കാരിന്‌ അംഗീകരിക്കേണ്ടി വന്നു. മധ്യപ്രദേശിലെ മന്ദ്‌സോറിൽ വെടിവയ്‌പിൽ ആറ്‌ കർഷകർ കൊല്ലപ്പെട്ടപ്പോൾ കിസാൻസഭയടക്കം നിരവധി സംഘടനകൾ മുന്നോട്ടുവന്നു. ഇരുനൂറിലേറെ സംഘടന ചേർന്ന്‌ എഐകെസിസി എന്ന വേദി രൂപീകരിച്ചു.  2018 നവംബറിൽ രണ്ടു ദിവസത്തെ കിസാൻ മുക്തി മാർച്ചിൽ ഒരു ലക്ഷം കർഷകർ പങ്കെടുത്തു. 2019 സെപ്‌തംബർ അഞ്ചിന്‌ ഡൽഹിയിൽ വൻറാലി സംഘടിപ്പിച്ചു. ഇതെല്ലാമാണ്‌ ഐതിഹാസിക കർഷകസമരത്തിന്‌ കളമൊരുക്കിയത്‌. അതല്ലാതെ പെട്ടെന്ന്‌ പൊട്ടിവിടർന്ന സമരമല്ല. കിസാൻസഭ ഇതിന്‌ നേതൃപരമായ പങ്ക്‌ വഹിച്ചു.  ഇപ്പോഴത്തെ സമരത്തിലൂടെ കൈവരിച്ച നേട്ടം ഉറപ്പിച്ച്‌ കൂടുതൽ ശക്തിപ്പെടുത്തലിലേക്ക്‌ നീങ്ങും. കിസാൻസഭയെ കൂടുതൽ കരുത്തുറ്റതാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top