29 March Friday

ധവള വിപ്ലവത്തിന്റെ ആദ്യപഥികൻ

പി കൃഷ്ണപ്രസാദ്Updated: Friday Nov 26, 2021

‘ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന മലയാളിയായ വർഗീസ് കുര്യന്റെ 100–-ാമത്തെ ജന്മദിനമാണ് ഇന്ന്. ചുറ്റുപാടുകളെ  ശരിയായി  വിലയിരുത്തി രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമായ തീരുമാനങ്ങൾ ധീരമായി എടുക്കാനും ദീർഘവീക്ഷണത്തോടെ  പദ്ധതികൾ ആസൂത്രണം ചെയ്തു  സമയബന്ധിതമായി  നടപ്പാക്കാനും സാധിച്ചതാണ് വർഗീസ്  കുര്യന്റെ  വിജയം.  സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പൊതുമേഖലാ സംരംഭങ്ങളുടെയും പഞ്ചവത്സര പദ്ധതികളുടെയും അടിസ്ഥാനത്തിലുള്ള  അസൂത്രണ നയങ്ങളെ  ആശ്രയിച്ചാണ്  ജവാഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യൻ സമ്പദ്‌ഘടനയുടെ  അടിത്തറ സ്ഥാപിച്ചത്.

ഈ നയങ്ങൾ ആവേശത്തോടെയും ഉത്സാഹത്തോടെയും നടപ്പാക്കാൻ നേതൃത്വം നൽകാൻ ഒരുപറ്റം ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കാനും  രാഷ്ട്രീയ നേതൃത്വം മുൻകൈയെടുത്തു. വിവിധ  മേഖലയിൽ ആധുനിക വ്യവസായങ്ങൾ വികസിപ്പിക്കാൻ സവിശേഷമായ അധികാരങ്ങളോടെ അവരെ ചുമതലപ്പെടുത്തി. പ്രധാനമന്ത്രിമാരുമായും  ഉന്നത ഉദ്യോഗസ്ഥരുമായും വ്യക്തിപരമായ സൗഹാർദബന്ധം സ്ഥാപിക്കാൻ അവർക്ക്  അവസരമുണ്ടായിരുന്നു.

അവരുടെ  കൂട്ടത്തിൽ തങ്ങളുടെ  സർഗശേഷിയും പ്രവർത്തനത്തിലൂടെ ആർജിച്ച വൈദഗ്‌ധ്യവും ജനങ്ങളെ  സഹായിക്കാനായി  വിനിയോഗിക്കുന്നതിൽ  വിജയിച്ച ആദ്യകാല  ഉദ്യോഗസ്ഥരിൽ ശ്രദ്ധേയനാണ്  വർഗീസ്‌ കുര്യൻ. ഇന്ത്യയിലെ ആദ്യ ധനമന്ത്രി  ജോൺ  മത്തായി  വർഗീസ്  കുര്യന്റെ അമ്മാവനായിരുന്നു.

1949ൽ  മുംബൈ പ്രോവിൻസിൽ ആനന്ദ് എന്ന സ്ഥലത്തുള്ള പാൽ സംസ്കരണ ഫാക്ടറിയിൽ  പ്രത്യേക  ഉദ്യോഗസ്ഥനായി  ഇന്ത്യ  സർക്കാർ    നിയോഗിച്ചതാണ് വർഗീസ് കുര്യന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ  സ്വകാര്യ പാൽ  കമ്പനികളുടെ  ചൂഷണത്തിനെതിരെ  സമരം നടത്തിയ ഖയിറ ജില്ലയിലെ കർഷകർ  സഹകരണ സംഘം സ്ഥാപിക്കുന്നതിലും പാൽ  സംസ്കരണ ഫാക്ടറി സ്ഥാപിക്കുന്നതിലും വിജയിച്ചു. അവരുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ത്രിഭുവൻ ദാസ് പട്ടേൽ കുര്യനെ ആനന്ദിൽത്തന്നെ തുടരാൻ നിർണായകമായി സ്വാധീനിച്ച  വ്യക്തിത്വമാണ്. കുര്യന്റെ സഹായത്തോടെ  ആധുനിക ക്ഷീരസഹകരണ സംഘം സ്ഥാപിക്കുന്നതിൽ  വിജയിച്ച ഖയിറയിലെ ക്ഷീര കർഷകരാണ് ഇന്ത്യൻ ധവളവിപ്ലവത്തിന് നേതൃത്വം  നൽകിയത്.   

അധികം വരുന്ന പാൽ  വില ലഭിക്കാതെ കർഷകർ ദുരിതം നേരിടുന്ന സാഹചര്യം അതിജീവിക്കുന്നതിൽ കുര്യൻ നേതൃപരമായ പങ്കുവഹിച്ചു. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ എരുമപ്പാലിൽനിന്ന്‌ പാൽപ്പൊടി നിർമിക്കാനുള്ള  ഫാക്ടറി ആനന്ദിൽ  സ്ഥാപിച്ചു. അതിനെ  കേന്ദ്രീകരിച്ച്  മുംബൈ  പട്ടണത്തിൽ  പാൽ വിപണി  വികസിപ്പിക്കാൻ വിജയകരമായ പദ്ധതി  നടപ്പാക്കി. പാൽസംസ്കരണ മേഖലയെ ആധുനിക  സാങ്കേതിക വിദ്യയിലൂടെ നിരന്തരം നവീകരിക്കാൻ കുര്യൻ  ശ്രദ്ധിച്ചു. കൂടുതൽ  കർഷകരെ  സഹകരണ സംഘങ്ങളിൽ അണിനിരത്താനും പദ്ധതി നടപ്പാക്കി. ക്ഷീര കർഷകരെ ഉൽപ്പാദനശേഷി  വികസനത്തിൽ പിന്തുണയ്‌ക്കുന്ന നിരവധി നടപടി   സ്വീകരിച്ചു. ഇന്ത്യൻ സൈന്യത്തിനും പാലും പാലുൽപ്പന്നങ്ങളും  വിതരണം  ചെയ്യാൻ സാധിച്ചത് വിപണി വികസനത്തിൽ സഹായിച്ചു. പടിപടിയായി ക്ഷീരമേഖലയിൽ ഉൽപ്പാദനം,  സംസ്കരണം,  വിപണനം  എന്നിവയിൽ ഫലപ്രദമായ  മാതൃക  വികസിപ്പിച്ചു.


 

1991ലെ നവഉദാരവൽക്കരണ പരിഷ്‌കാരങ്ങൾ കോൺഗ്രസ് നേതൃത്വത്തിലുള്ള നരസിംഹറാവു  സർക്കാർ നടപ്പാക്കി. പൊതുമേഖലയുടെയും  സഹകരണ മേഖലയുടെയും നേതൃത്വത്തിൽ പഞ്ചവത്സരപദ്ധതികളും ആസൂത്രണവും ഉപേക്ഷിച്ചു. പൊതുമേഖലയും  സഹകരണമേഖലയും  സ്വകാര്യ കോർപറേറ്റ് കമ്പനികൾക്ക് ഓഹരി വിൽപ്പന നടത്തി  കൈമാറുന്നതാണ് ഇന്ന് കേന്ദ്ര സർക്കാരിന്റെ നയം.

കർഷകർക്ക് വിലയും വരുമാനവും  ഉറപ്പുവരുത്താൻ സാധിക്കണമെങ്കിൽ സാങ്കേതികവിദ്യയും  കാർഷികവ്യവസായങ്ങളും  വിപണിയും  കോർപറേറ്റുകളുടെ  ഉടമസ്ഥതയിൽനിന്നും സ്വതന്ത്രമാക്കണം. കൃഷിഭൂമി  കർഷകരുടേതായ മാതൃകയിൽ കർഷകരുടെയും തൊഴിലാളികളുടെയും സഹകരണ സംഘങ്ങളുടെ  നേതൃത്വത്തിൽ കാർഷിക വ്യവസായങ്ങളും  വിപണിയും  വികസിപ്പിക്കണം. അതിലൂടെ  ലഭിക്കുന്ന മിച്ചം  കർഷകർക്ക്‌ അധിക വിലയും തൊഴിലാളികൾക്ക് അധിക വേതനവുമായി  പങ്കുവയ്‌ക്കണം. അത് സാധ്യമാണെന്ന്‌ ക്ഷീര സംസ്കരണ വിപണനമേഖലയിൽ തെളിയിക്കാൻ  സാധിച്ചതാണ് വർഗീസ് കുര്യന്റെ സംഭാവന.

കോർപറേറ്റ്  കൃഷിക്കെതിരെ വലിയ കർഷക പ്രക്ഷോഭം ഐതിഹാസിക വിജയം  കൈവരിച്ച സന്ദർഭത്തിലാണ്  വർഗീസ്  കുര്യന്റെ 100–-ാമത് ജന്മദിനം  ആഗതമായത്. കോർപറേറ്റ്  കൃഷിക്കെതിരെ  സഹകരണ  കൃഷി വികസിപ്പിക്കാൻ  പോരാടുന്നവർക്ക്‌ തീർച്ചയായും  ആത്മവിശ്വാസത്തോടെ ഉയർത്തിപ്പിടിക്കാവുന്ന മാതൃകയാണ് വർഗീസ് കുര്യൻ.

(അഖിലേന്ത്യാ കിസാൻസഭ ഫിനാന്‍സ് സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top