30 June Thursday
നാളെ അംബേദ്‌കർ ജയന്തി

അംബേദ്‌കറുടെ പോരാട്ടം ജാതിവ്യവസ്‌ഥയിൽ അകപ്പെട്ട കീഴാള ജനതയുടെ മോചനത്തിന്‌

കെ ടി കുഞ്ഞിക്കണ്ണൻUpdated: Wednesday Apr 13, 2022

കൊച്ചി> മഹാനായ അംബേദ്ക്കറുടെ  ജന്മദിനമാണ് ഏപ്രിൽ 14. 1891 ഏപ്രിൽ 14 നാണ് അംബേദ്ക്കർ ജനിക്കുന്നത്. അദ്ദേഹത്തിൻ്റെ ജീവിതവും ദർശനവും ഏറെ പ്രാധാന്യത്തോടെ അനുസ്മരിക്കപ്പെടേണ്ട സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ജാതിയുടെയും അയിത്തത്തിൻ്റേതുമായ ഒരു സാമൂഹ്യാവസ്ഥയിൽ  മർദ്ദിതരായി കഴിയേണ്ടി വന്ന ജനതയുടെ വിമോചനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചാണ് അംബേദ്ക്കർ ആലോചിച്ചതും പോരാടിയതും.  ബ്രാഹ്മണാധികാര ത്തിലധിഷ്ഠിതമായ  ജാതിവ്യവസ്ഥ തങ്ങൾക്ക് മേൽ കെട്ടിയേല്പിക്കുന്ന തൊഴിലുകൾ പാരമ്പര്യമായി തുടരുക എന്നതിലപ്പുറം മറ്റൊന്നും പ്രതീക്ഷിക്കാനാകാത്ത താനുൾക്കൊള്ളുന്ന കീഴാള ജനതയുടെ മോചനത്തെ കുറിച്ചാണ് അംബേദ്ക്കർ തൻ്റെ ജീവിതം മുഴുവൻ അന്വേഷിച്ചത്.

തൊട്ടുകൂടായ്മയുടെ ഭൗതികവും ആത്മീയവുമായ പീഢനങ്ങൾ അനുഭവിച്ചുകൊണ്ടുതന്നെയാണ് അദ്ദേഹം ജാതി വ്യവസ്ഥയുടെ ഭീകര പാഠങ്ങൾ മനസിലാക്കുന്നത്. തൻ്റെ ആത്മകഥാകുറിപ്പിൽ തൻ്റെ ഗ്രാമത്തിൽ നിന്നും ഗോറിഗോവിലേക്കുള്ള യാത്രയിൽ എങ്ങനെയാണ് താനൊരു അയിത്തജാതിയിൽപെട്ട ബാലനാണെന്ന് തിരിച്ചറിഞ്ഞതെന്നും ഇത് സമൂഹത്തിലാകെ വ്യാപിച്ചുകിടക്കുന്ന വേർതിരിവിൻ്റെയും വിവേചനങ്ങളുടെയും അനുഭവസാക്ഷ്യമായിരുന്നെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഈ തിരിച്ചറിവാണ് ജാതിയുടെ ഉത്ഭവത്തെയും അതിൻ്റെ ഉന്മൂലനത്തെയും കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് അംബേദ്ക്കറെ തിരിച്ചുവിടുന്നത്. അസ്പൃശ്യതയുടെ അനുഭവസാക്ഷ്യത്തെ കേവലം വൈകാരിക തലത്തിൽ സമീപിക്കുകയല്ല അംബേദ്ക്കർ ചെയ്തത്. അതിനെ ഉന്മൂലനം ചെയ്യാനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങൾ എന്തെന്നും കണ്ടെത്തുകയും ആ ദിശയിലുള്ള ധീരമായ സംവാദങ്ങൾക്ക് തുടക്കം കുറിക്കുകയുമായിരുന്നു.

ജാതിയുടെ ഉത്ഭവത്തെയും അതിൻ്റെ പുനരുല്പാദനത്തെയും സംബന്ധിച്ച അദ്ദേഹത്തിൻ്റെ ഊന്നലുകൾ മാർക്സിസ്റ്റ് വിശകലനങ്ങളുമായി പൊരുത്ത പ്പെടുന്നതായിരുന്നുവെന്ന് പറയാം. ഗോത്രാവസ്ഥയിൽ നിന്നുള്ള പരിണാമ ഗതിയിൽ വളർന്നു വന്ന തൊഴിൽ വിഭജനവും അന്തർവിവാഹങ്ങളുമാണെന്നതായിരുന്നു മാർക്സിസ്റ്റ്കളെ പോലെ അംബേദ്ക്കറുടെയും പൊതുവായ നിരീക്ഷണം. എല്ലാ വിധ സാമൂഹ്യ ഭിന്നതകളുടെയും അടിത്തറ തൊഴിൽ വിഭജനമാണ്. തൊഴിൽ വിഭജനത്തിൻ്റെ ഭാഗമായി വന്ന സമൂഹങ്ങൾ എങ്ങനെ ജാതിയായി രൂപാന്തരം പ്രാപിച്ചു എന്നതാണ് മുഖ്യമായും പരിശോധനാ വിധേയമാക്കപ്പെട്ടത്. ഇവിടെ മാർക്സിസ്റ്റുകളും അംബേദ്ക്കറും ഒരുപോലെ അന്തർവിവാഹങ്ങളുടെ (endo gamy) പങ്ക് ചർച്ച ചെയ്യുന്നു. ഇന്ത്യയിൽ പ്രാചീന ഗോത്ര സമൂഹങ്ങൾ ബഹിർവിവാഹങ്ങളെ (exogamy) അടിസ്ഥാനമാക്കിയാണ് നിലനിന്നുപോന്നത്.

വിവാഹവും പ്രജനനവും ജാതിക്കുള്ളിലാവുന്ന ഇരുണ്ട ആചാരാധിഷ്ഠിതമായ വ്യവസ്ഥയാണത്. ശുദ്ധാശുദ്ധങ്ങളുടേതായ ധർമ്മശാസ്ത്രങ്ങളിലൂടെയാണാവ്യവസ്ഥ അതിൻ്റെ പ്രത്യയശാസ്ത്ര പരിസര മുറപ്പിച്ചെടുക്കുന്നത്. ബ്രാഹ്മണ്യം അടിച്ചേല്പിച്ച വിരാട് പുരുഷ സങ്കല്പത്തിൽ നിന്നാണല്ലോ വർണാശ്രമധർമ്മങ്ങളെ തന്നെ  മനു ആവിഷ്ക്കരിക്കുന്നത്.

സമീപന ഭിന്നതകൾ ഉള്ളപ്പോൾ തന്നെ,മാർക്സിസ്റ്റുകളെ പോലെ ജാതി ഉന്മൂലനം സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളുടെ അഴിച്ചുപണിയും പ്രത്യുല്പാദന ബന്ധങ്ങളിൽ ബഹിർ വിവാഹങ്ങൾ വ്യാപകമാക്കികൊണ്ടേ കഴിയൂവെന്ന് അംബേദ്ക്കർ കണ്ടു. ഇവിടെയാണ് ജാതിരഹിത മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ മിശ്രവിവാഹങ്ങൾ കർമ്മ പരിപാടിയാവുന്നത് .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top