22 September Friday

അംബേദ്ക്കറും പുസ്‌തകങ്ങളും

പർദീപ് അത്രി | വിവ: രാജീവ് മഹാദേവൻUpdated: Sunday Apr 23, 2023

എല്ലാ വർഷവും ഏപ്രിൽ 23 സാർവ്വദേശീയ പുസ്‌തക - പകർപ്പവകാശ ദിനമെന്ന നിലയിൽ യുനെസ്‌കോയുടെ നേതൃത്വത്തിൽ ആഘോഷിച്ചു വരുന്നുണ്ട്. ഈ ദിനത്തിൽ പരാമർശിക്കപ്പെടേണ്ട വ്യക്തിത്വങ്ങളിൽ മുൻനിരയിലാണ് ഡോക്‌ടർ ബാബാ സാഹേബ് അംബേദ്ക്കറുടെ സ്ഥാനം. അദ്ദേഹത്തിൻറെ അത്യഗാധമായ പുസ്‌തകപ്രണയവും അതിന്റെ പരിണതികളും ഇത്തരം സന്ദർഭങ്ങളിൽ ഓർത്തെടുക്കുന്നതും ഉറക്കെപ്പറയുന്നതും മറവിക്കെതിരായ ഓർമ്മകളുടെ സമരം തന്നെയാണ്.

കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന സമയത്ത് അംബേദ്കർ രണ്ടായിരത്തിലധികം പുസ്‌തകങ്ങൾ വായിക്കാനായി വാങ്ങിയിരുന്നത്രെ! ജീവിതകാലം മുഴുവൻ അദ്ദേഹം തന്റെ പുസ്‌തകപ്രേമം തുടർന്നുപോരുകയും ചെയ്‌തിരുന്നു. 1931ൽ വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ അംബേദ്കർ 32 പെട്ടികൾ നിറയെ പുസ്‌തകങ്ങൾ വാങ്ങിയിരുന്നു എന്ന കൗതുകകരമായ സംഭവം ഇതിന് തെളിവാണ്.

അറിവിനോടുള്ള അംബേദ്കറിന്റെ അടങ്ങാത്ത ദാഹത്തിന്റെ പ്രതിഫലനമാണ് ഇരുപത്തിരണ്ടാമത്തെ വയസിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്തും രണ്ടായിരത്തിലധികം പുസ്‌തകങ്ങൾ വിലകൊടുത്തു വാങ്ങിയെന്നത്. എല്ലാ വൈതരണികളെയും തരണം ചെയ്‌ത് സമാന സാഹചര്യങ്ങളിൽ നിന്നു വന്ന മറ്റൊരാൾക്കും സ്വപ്‌നം പോലും കാണാൻ കഴിയാതിരുന്ന നിലകളിലേക്കുയരുവാൻ അദ്ദേഹത്തിന് കഴിഞ്ഞതെങ്ങനെ എന്ന ആശ്ചര്യചിഹ്നത്തിന് മുന്നിൽ അദ്ദേഹത്തിൻറെ പുസ്‌തകപ്രേമം ഉത്തരമായി നിൽക്കുന്നു. കൗമാര പ്രായത്തിൽ വായിച്ച ബുദ്ധ തത്വങ്ങൾ അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.

മുംബയിലെ ദാദറിലുള്ള വസതിയായ ‘രാജഗൃഹ’യിൽ അമ്പതിനായിരത്തിലധികം പുസ്‌തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബൃഹദ് ഗ്രന്ഥാലയമുണ്ടായിരുന്നു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും അദ്ദേഹം ഈ വീട് നിർമ്മിച്ചത് പുസ്‌തകങ്ങൾ സൂക്ഷിക്കാൻ വേണ്ടിയാണ് എന്നും പറയപ്പെടുന്നുണ്ട്. തന്റെ മരണസമയത്ത് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഗ്രന്ഥാലയത്തിന്റെ ഉടമ ആയിരുന്നു അംബേദ്കർ. പഴയ വീട് വിറ്റും ലോണെടുത്തുമൊക്കെയാണ് അദ്ദേഹം പുസ്‌തകങ്ങൾ വാങ്ങിയിരുന്നത്. ശമ്പളത്തിന്റെ പകുതിയിലധികം അദ്ദേഹം പുസ്‌തകങ്ങൾ വാങ്ങാൻ ചെലവഴിച്ചിരുന്നു. ഏതൊക്കെ നിലകളിൽ നോക്കിയാലും ഏറ്റം വിസ്‌മയകരമായ ഒരു പുസ്‌തകജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

ജോൺ ഡൂവി(John Dewey), എഡ്‌വിൻ സെലിഗ്‌മെ‌ൻ(Edvin Seligman), കബീർ, ബുദ്ധ, തുക്കാറാം തുടങ്ങിയവരുടെയും നിയമം, സാമ്പത്തികശാസ്‌ത്രം, ഭരണഘടനാ സംബന്ധിയായവ തുടങ്ങിയും ഒട്ടനേകം ഗ്രന്ഥങ്ങൾ ഡോക്‌ടർ അംബേദ്കറുടെ ശേഖരത്തിലുണ്ടായിരുന്നു. ഇവരുടെയെല്ലാം സ്വാധീനം അദ്ദേഹത്തിന്റെ എഴുത്തിലും പ്രസംഗങ്ങളിലും പ്രതിഫലിച്ചിരുന്നു. ഇവയൊക്കെ ധാരാളമായി അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ വന്നു പോകാറുമുണ്ടായിരുന്നു.

വായനയുടെ മാന്ത്രിക പ്രഭാവം അംബേദ്കർ തന്റെ ജീവിതത്തിലൂടെ നമുക്ക് വെളിപ്പെടുത്തിത്തന്നതാണ്. അംബേദ്കറൈറ്റ് ആഘോഷങ്ങളിലെല്ലാം, വിവാഹച്ചടങ്ങുകളിലുൾപ്പടെ പുസ്‌തകവിൽപ്പനക്കൂടാരങ്ങൾ അപൂർവ്വ കാഴ്ച്ചകൾ അല്ലാതാകുന്നത് അതുകൊണ്ടുതന്നെയാണ്. ബ്രാഹ്മണർ ഗോമൂത്രവും ചാണകവും ആരാധിക്കുമ്പോൾ, ദളിതർ പുസ്‌തകങ്ങൾ ആഘോഷിക്കുന്നുവെന്നത് അംബേദ്കർ പ്രഭാവം ഒന്നു തന്നെയാണ്.

ഭരണഘടന മാറോടടുക്കിപ്പിടിച്ച്, പാർലമെന്റിലേക്ക് കൈ ചൂണ്ടി നിൽക്കുന്ന അംബേദ്കർ പ്രതിമ ദളിത് - ബഹുജൻ വിഭാഗങ്ങൾക്കുള്ള വലിയൊരു സന്ദേശമാണ്. ബ്രാഹ്മണിക്കൽ പ്രസ്ഥാനങ്ങളും, മനുവാദി സംഘങ്ങളും അംബേദ്കർ പ്രതിമകൾ തെരഞ്ഞു പിടിച്ചു തകർക്കുന്നതിന്റെ പിന്നിലെ ചേതോവികാരവും ഇതു തന്നെ. തിരിച്ചറിവിന്റെ പുസ്തകങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് രാഷ്ട്രീയാധികാരത്തിലേക്ക് കുതിക്കുക എന്ന അംബേദ്കർ സന്ദേശം ഇക്കൂട്ടരെ വിറളിപിടിപ്പിക്കുന്നതിലും അസ്വാഭാവികതയില്ല.

വാക്കിന്റെ കരുത്തും പ്രാധാന്യവും തിരിച്ചറിഞ്ഞ മഹാമനീഷിയായിരുന്നു അംബേദ്കർ. തന്റെ വാക് സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തി മാതൃഭാഷയിലും ഇംഗ്ലീഷിലും മനോഹരമായി എഴുതാൻ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാർക്കോ ബ്രാഹ്മണാദി സവർണ്ണ വിഭാഗങ്ങൾക്കോ അവഗണിച്ച് മാറ്റി നിർത്താനാവുമായിരുന്നില്ല. മഹദ് വ്യക്തികളും മഹാ ഗ്രന്ഥങ്ങളും ജീവിതത്തിൽ ചെലുത്തിയ സ്വാധീനമാണ് അദ്ദേഹത്തെ ഇതിന് പ്രാപ്‌തനാക്കിയ ഒരു പ്രധാന ഘടകം.

ബാബാ സാഹേബ് അംബേദ്കർ ധാരാളമായി എഴുതിക്കൊണ്ടേയിരുന്നു. സാമ്പത്തികവും സാമൂഹികവും രാഷ്‌ട്രീയവുമായ പല കാരണങ്ങളാൽ തന്റെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് അദ്ദേഹം വലിയ വൈഷമ്യങ്ങൾ നേരിട്ടിരുന്നു. മരണത്തിന് അറുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷവും അദ്ദേഹത്തിന്റെ പകുതിയിലേറെ സൃഷ്ടികൾ പ്രസിദ്ധീകരിക്കപ്പെടാതെ അവശേഷിക്കുകയാണ്. ലോക പുസ്‌തക ദിനത്തിൽ നമുക്ക് അംബേദ്കറിന്റെ പുസ്‌തകങ്ങൾ സംഘടിപ്പിച്ചു വായിച്ചു തുടങ്ങാം. അധഃകൃത വർഗ്ഗ വിമോചനത്തിനായുള്ള അംബേദ്കറിന്റെ അടങ്ങാത്ത അഭിവാഞ്‌ഛ തിരിച്ചറിയാൻ, അദ്ദേഹം തെളിച്ച ജ്ഞാനമാർഗത്തിലൂടെ നിർഭയം മുന്നോട്ടു നീങ്ങാൻ, അത്തരം പുസ്‌തകങ്ങളുടെ പാരായണം നിശ്ചയം നമ്മെ പ്രാപ്‌തരാക്കുക തന്നെ ചെയ്യും.
 

(https://velivada.com/ വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻറെ സ്വന്തന്ത്ര മൊഴിമാറ്റം.)
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top