03 June Saturday

മറക്കാനാകുമോ സോവിയറ്റ്‌ ചങ്ങാതിയെ?

അമൽ പുല്ലാർക്കാട്ട്Updated: Tuesday Aug 16, 2022

ജവഹർലാൽ നെഹ്‌റു 1961ൽ സോവിയറ്റ്‌ യൂണിയൻ സന്ദർശിച്ചപ്പോൾ

ഇന്ത്യയെ ഇന്ത്യയാക്കി മാറ്റുന്നതിൽ സോവിയറ്റ്‌ യൂണിയനെപ്പോലെ പ്രയത്നിച്ച ഒരു രാഷ്ട്രം വേറെയില്ല. എന്നിരുന്നാലും ഇന്ത്യൻ ഭരണവർഗം ഇതെല്ലാം വളരെ വേഗത്തിൽ മറന്നുകളഞ്ഞവരാണ്. ഇന്ത്യയോട് സോവിയറ്റ് നാട് കാണിച്ച ആത്മാർഥത ഇന്ത്യ തിരിച്ചു നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ദൗർഭാഗ്യകരം എന്ന് മാത്രമേ പറയാൻ സാധിക്കൂ. ആ നാടിന്റെ തകർച്ചയിലും ശേഷമുണ്ടായ പരിതാപകരമായ പട്ടിണിക്കാലത്തും ഇന്ത്യൻ ഭരണവർഗം എന്ത് ചെയ്‌തു എന്നതും വലിയ ചോദ്യചിഹ്നമാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരം നമ്മൾ അറിയുന്നവരുടെയും അതിലേറെ അറിയപ്പെടാത്തവരുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും രക്തസാക്ഷിത്വങ്ങളുടെയും വഴികളിലൂടെ സഞ്ചരിച്ചു ഒരു അനർഘമായ നിമിഷത്തിലെത്തിയതിന്റെ എഴുപത്തിയഞ്ചാം സംവത്സരത്തിലാണ് നമ്മൾ. എന്നാൽ സ്വാതന്ത്ര്യപൂർണമായ സാമൂഹിക ജീവിതം നയിക്കുക എന്ന ഇന്നും അഗമ്യമായ മനുഷ്യചിന്തയുടെ പൂർത്തീകരണത്തിനായുള്ള പോരാട്ടങ്ങൾ പലനിലകളിൽ ഇപ്പോഴും തുടർന്നുപോരുന്നു.

ഓരോ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെ കരുത്ത്‌ അതിന്റെ പ്രതീക്ഷാനിർഭരതയാണ്. ഓരോ വേദനകളും കുഴിവെട്ടി മൂടി ശക്തിയിലേക്ക് കുതികൊള്ളാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത് ചില ഉജ്വലമായ ചരിത്രത്തിന്റെ ഓർമകൾ കൂടിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1921ലെ അഹമ്മദാബാദ് സെഷനിൽ കമ്യൂണിസ്റ്റ് പാർടിയെ പ്രതിനിധീകരിച്ചു മൗലാന ഹസ്രത് മൊഹാനിയും സ്വാമി കുമാരാനന്ദും പൂർണസ്വരാജ് പ്രമേയം അവതരിപ്പിക്കുമ്പോൾ മുൻനിര നേതാക്കളിലേറെയും ആ പ്രതീക്ഷയെ ഉൾക്കൊള്ളാൻ കഴിയാത്തവരായിരുന്നു.

ഹസ്‌റത് മൊഹാനിയും  അംബേദ്കറും

ഹസ്‌റത് മൊഹാനിയും അംബേദ്കറും

ആ പൂർണ സ്വാതന്ത്ര്യവാഞ്ചയെ മുന്നിൽനിന്ന് എതിർക്കുകയാണ് അന്ന് ഗാന്ധിജി ചെയ്‌തത്‌. ശേഷം 1929ലെ ലാഹോർ സെഷനിൽ മാത്രമേ പരിപൂർണ സ്വാതന്ത്ര്യം എന്ന തീരുമാനത്തിലേക്ക് കോൺഗ്രസിന് എത്താൻ കഴിയുന്നുള്ളൂ.

വ്യത്യസ്‌ത ധാരകളായി ചിതറി നിന്നിരുന്ന ദേശീയ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളുടെ നേതൃത്വം അന്തർദേശീയ രാഷ്ട്രീയ വികാസങ്ങളിൽ ശ്രദ്ധാലുക്കളായിരുന്നു. സാമ്രാജ്യത്വ, നാടുവാഴിത്ത വ്യവസ്ഥിതികൾക്ക്‌ സാർവദേശീയമായി സംഭവിച്ച പരാജയങ്ങളും വിപ്ലവകരമായ ജനകീയ മുന്നേറ്റങ്ങളും നമ്മുടെ ദേശീയ പ്രക്ഷോഭങ്ങൾക്ക് വലിയ ഊർജമാണ് പകർന്നത്.

യൂറോപ്യൻ നാടുകളിലെ നിലനിൽക്കുന്ന ചൂഷണ വ്യവസ്ഥിതിക്കെതിരെ ഉയർന്നുവന്ന സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും കോളനിവൽക്കരിക്കപ്പെട്ട നാടുകളിൽ പൊട്ടിപ്പുറപ്പെട്ട സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും സമകാലികമായ രാഷ്ട്രീയ പ്രതിഭാസങ്ങളായിരുന്നു. അന്തർദേശീയ പ്രശസ്തി നേടിയ 1857 ലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരമായാണ് അന്ന്‌ കാൾ മാർക്‌സും

കാറൽ മാർക്സ് ,ഫ്രഡറിക് എംഗൽസ്‌

കാറൽ മാർക്സ് ,ഫ്രഡറിക് എംഗൽസ്‌

െഫ്രഡറിക് എംഗൽസും വിശേഷിപ്പിച്ചത്.

ഇതേ കാലഘട്ടത്തിൽ തന്നെ നടന്ന സമാനമായ സമരങ്ങളായിരുന്നു ഇംഗ്ലീഷ് സാമ്രാജ്യത്വത്തിനെതിരെ 1865 ൽ നടന്ന ജമൈക്കയിലെ മോറന്റ്‌  ബേ കലാപം,  അയർലൻഡിൽ ബ്രിട്ടീഷുകാർക്കെതിരെ 1867 ൽ നടന്ന ഫെനിയൻ കലാപം, ന്യൂസിലാൻഡിൽ ഇംഗ്ലീഷ് കോളനിവൽക്കരണത്തിനെതിരെ 1860 ൽ നടന്ന മാവോരി കലാപങ്ങൾ എന്നിവയെല്ലാം. ഇതിന് തികച്ചും സമകാലികമായിത്തന്നെയാണ് വ്യത്യസ്‌ത നാടുകളിലെ സോഷ്യലിസ്റ്റ് പോരാളികൾ ചേർന്ന് 1864 ൽ ഒന്നാം ഇന്റർനാഷണൽ രൂപീകരിക്കുന്നത്.

തുടർന്ന് ഇരുപതാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ 1905 ൽ റഷ്യയിൽ സാർ ചക്രവർത്തിക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭവും പാർലമെന്റായ ദ്യൂമയുടെ രൂപീകരണവും ഗാന്ധിജിയടക്കമുള്ള പലരും ഏറെ പുരോഗമനോന്മുഖമായ സംഭവവികാസമായി നോക്കിക്കണ്ടു.

എന്നാൽ ഇതിനെല്ലാം അപ്പുറത്തേക്ക് ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഏറെ സവിശേഷമായി സ്വാധീനിച്ച സാർവലൗകീകമായ സാമൂഹിക പ്രതിഭാസമായിരുന്നു 1917 ൽ റഷ്യയിൽ അരങ്ങേറിയ ബോൾഷെവിക് വിപ്ലവം.

റഷ്യൻ വിപ്ലവം നടക്കുന്നതിന്‌ ഏതാണ്ട്‌ സമാനമായ കാലത്താണ്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കവും.

റഷ്യൻ വിപ്ലവകാലത്തെ കാഴ്‌ച

റഷ്യൻ വിപ്ലവകാലത്തെ കാഴ്‌ച

റഷ്യൻ തൊഴിലാളിവർഗം ലോകത്തിലെ കരുത്തനായൊരു ചക്രവർത്തിയിൽ നിന്നും അധികാരം പിടിച്ചെടുത്ത്‌ സാമൂഹിക നീതിയുടെ പുതിയ മാനങ്ങളോടെ ഒരു രാഷ്ട്രം രൂപീകരിച്ചത് ഇന്ത്യൻ ജനതയുടെ വിമോചന സ്വപ്നങ്ങൾക്ക് കുറച്ചൊന്നുമല്ല കരുത്തുപകർന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ലെനിൻ അടക്കമുള്ള ബോൾഷെവിക് നേതാക്കൾ നൽകിയ പിന്തുണയും ഇതിന് സവിശേഷ ഘടകമായി വർത്തിച്ചു. പുതിയ രാഷ്ട്രസ്വപ്നങ്ങളിലേക്ക് കരുതിവയ്‌ക്കേണ്ട ധാർമിക മൂല്യങ്ങളെക്കുറിച്ചുള്ള ചിന്തകളുടെ തീപ്പൊരികൾ കൂടി ഈ കാലഘട്ടം ഇന്ത്യയ്‌ക്ക് സമ്മാനിക്കുന്നുണ്ട്.

സോവിയറ്റ് നാടിനെ ഇന്ത്യൻ ജനത വിസ്മയത്തോടെ നോക്കിക്കാണുകയും സാർവലൗകികമായ തലത്തിൽ പാശ്ചാത്യ സാമ്രാജ്യത്വ മുതലാളിത്ത  മാതൃകകൾക്കെതിരെയുള്ള ഒരു ബദൽ മാതൃകയായി സങ്കൽപ്പിക്കുകയും ചെയ്‌തു. എന്നാൽ സോവിയറ്റ് ജനതയുമായി സ്വാതന്ത്ര്യ പൂർവകാലത്തുള്ള സംവേദനങ്ങൾക്ക് നിരവധി പ്രതിബന്ധങ്ങൾ സൃഷ്ടിക്കപ്പെട്ടു.

പെഷവാർ (1922), കാൺപൂർ (1924), മീററ്റ് (1929), ലാഹോർ (1930) തുടങ്ങിയ ഗൂഢാലോചനാ കേസുകളും റഷ്യയിൽ നിന്നുള്ള വാർത്തകളുടെ കടുത്ത സെൻസർഷിപ്പും അക്കാദമിക മേഖലയിൽ സോവിയറ്റ് പഠനങ്ങളുടെ നിരാകരണവും ഇന്ത്യയിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം അടിച്ചേൽപ്പിക്കുകയാണ് ചെയ്തത്.

ഇന്ത്യയിലെ സോവിയറ്റ് സ്വാധീനത്തേയും കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തനത്തെയും ഭയത്തോടും അരക്ഷിതാവസ്ഥയോടും കൂടി നോക്കിക്കാണുവാനേ കോളനി ഭരണകൂടത്തിനു കഴിഞ്ഞുള്ളൂ. യാഥാസ്ഥിതിക വിഭാഗങ്ങളുടെയും കഥ മറിച്ചായിരുന്നില്ല.

കമ്യൂണിസ്റ്റ് പാർടി തുടക്കകാലം മുതൽതന്നെ നിരോധിക്കപ്പെട്ടു. എന്നാൽ ഭഗത് സിങ്ങിലൂടെയും ടാഗോറിലൂടെയും ഷെയ്ഖ് അബ്ദുള്ളയിലൂടെയും പെരിയാറിലൂടെയുമെല്ലാം നടന്ന ആശയ സംവേദനങ്ങളിലൂടെ സാധാരണക്കാർക്കിടയിൽ സോവിയറ്റ് യൂണിയൻ ജനപ്രീതിയാർജിച്ചുതന്നെ നിലനിന്നു.

സ്വാതന്ത്ര്യം നേടിയെടുത്ത ശേഷമാണ് ഇന്ത്യാ ‐സോവിയറ്റ് ബന്ധം സാർഥകമായി വികസിക്കുന്നത്. സ്വാതന്ത്ര്യശേഷം ഇന്ത്യ അയച്ച ആദ്യ സോവിയറ്റ് അംബാസിഡറും തന്റെ സഹോദരിയുമായ വിജയലക്ഷ്മി പണ്ഡിറ്റിന് നെഹ്‌റു 1948 ൽ അയക്കുന്ന കത്തിൽ നമ്മൾ സോവിയറ്റ് യൂണിയനുമായി നിറഞ്ഞ സൗഹാർദ്ദം പുലർത്തേണ്ടതുണ്ട് എന്നും നമ്മുടെ ഭാവി വികസന മാതൃക പലനിലകളിൽ അവരുടേതിന് സമാനമാണ് എന്നും സോവിയറ്റ് യൂണിയനിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കുവാനുണ്ടെന്നും സ്നേഹപൂർവം സൂചിപ്പിക്കുന്നുണ്ട്.

 സ്വാതന്ത്ര്യം നേടിയെടുത്ത ശേഷമാണ് ഇന്ത്യാ ‐സോവിയറ്റ് ബന്ധം സാർഥകമായി വികസിക്കുന്നത്. സ്വാതന്ത്ര്യശേഷം ഇന്ത്യ അയച്ച ആദ്യ സോവിയറ്റ് അംബാസിഡറും തന്റെ സഹോദരിയുമായ വിജയലക്ഷ്മി പണ്ഡിറ്റിന് നെഹ്‌റു 1948 ൽ അയക്കുന്ന കത്തിൽ നമ്മൾ സോവിയറ്റ് യൂണിയനുമായി നിറഞ്ഞ സൗഹാർദ്ദം പുലർത്തേണ്ടതുണ്ട് എന്നും നമ്മുടെ ഭാവി വികസന മാതൃക പലനിലകളിൽ അവരുടേതിന് സമാനമാണ് എന്നും സോവിയറ്റ് യൂണിയനിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കുവാനുണ്ടെന്നും സ്നേഹപൂർവം സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്തെ കാഴ്‌ച

ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്തെ കാഴ്‌ച

ഇന്ത്യൻ സ്വാതന്ത്ര്യത്തെ സ്വാഗതം ചെയ്‌ത സ്റ്റാലിൻ അംബാസഡർ ഡോ. എസ് രാധാകൃഷ്ണനോട് 1950 ലും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി ഡെലിഗേഷനോട് 1951 ലും ആഴത്തിലും പരപ്പിലും സംസാരിച്ചിരുന്നു. എന്നാൽ സ്‌റ്റാലിന്‌ ഇന്ത്യയിൻ വരാൻ കഴിഞ്ഞില്ല. ഒ വി വിജയൻ ഒരു ഘട്ടത്തിൽ സ്റ്റാലിൻ അക്കാലത്ത്‌ ഇന്ത്യയിലേക്ക് വന്നിരുന്നെങ്കിൽ ജനത അതൊരു ദൈവിക സാക്ഷാൽക്കാരംപോലെ കൊണ്ടാടുമായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ അക്കാലത്തെ സ്റ്റാലിന്റെ ചിത്രം 1953 ൽ അദ്ദേഹത്തിന്റെ മരണശേഷം നെഹ്‌റു പാർലമെന്റിൽ അവതരിപ്പിക്കുന്ന അനുശോചനക്കുറിപ്പിൽ കാണാവുന്നതാണ്.

ഞങ്ങൾക്ക് തൊട്ടു മുമ്പേ കടന്നുപോയ കാലഘട്ടത്തിൽ സ്റ്റാലിനെപോലൊരു ഇതിഹാസപുരുഷൻ വേറെയില്ല എന്നാണ് അദ്ദേഹം ലളിതമായി പറഞ്ഞുവയ്‌ക്കുന്നത്. ഇതിന് തൊട്ടുപിറകേയാണ് കരുണാനിധി തന്റെ മകന് സ്റ്റാലിൻ എന്ന് പേരിടുന്നത്.

സ്റ്റാലിൻ

സ്റ്റാലിൻ

ഇതേ സമയത്തിലാണ്‌ മഹാകവി വള്ളത്തോൾ 'തൂകുക കണ്ണീരിന്ത്യേ; വേറെയില്ലല്ലോ സ്റ്റാലിൻ’ എന്നെഴുതിയത്.

ഇന്ത്യ‐ സോവിയറ്റ് ബന്ധത്തിന്റെ കഥ മറ്റൊരു ദിശയിലേക്കെത്തുന്നത് 1955 ലെ നെഹ്റുവിന്റെ സോവിയറ്റ് സന്ദർശനത്തോടെയാണ്. 1949 ൽ അമേരിക്കയിൽ ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിന് സഹായമഭ്യർഥിച്ച്‌ ചെന്ന നെഹ്‌റുവിന് നിരാശയായിരുന്നു ഫലം. തങ്ങൾ നൽകുന്ന ഏതൊന്നിനും ലാഭം പ്രതീക്ഷിക്കുന്ന മുതലാളിത്ത ലോകത്തിന് ഇന്ത്യയെന്ന ദീർഘയത്നം ചെയ്യുന്ന ജനതയെ സഹായിച്ചിട്ട് ആ അവസരത്തിൽ ഒന്നും നേടാനുണ്ടായിരുന്നില്ല.

എന്നാൽ ഒരു അധിനിവേശാനന്തര ജനതയുടെ നേതാവിന് സമാനതകളില്ലാത്ത  സ്വീകരണമാണ്  സോവിയറ്റ് നാട് ഒരുക്കിയത്.

സോവിയറ്റ് യൂണിയനിലെ ആദ്യ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ഇന്ത്യൻ ആർട്‌ എക്‌സിബിഷൻ, നെഹ്റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയുടെ റഷ്യൻ പരിഭാഷയുടെ പ്രകാശനം എന്നിവയെല്ലാം മോസ്‌കോയിൽ സംഘടിപ്പിക്കപ്പെട്ടു. 1785 ൽ ഇന്ത്യയിൽ വന്നു താമസിച്ച റഷ്യൻ ഭാഷാശാസ്ത്രജ്ഞനും യാത്രികനുമായ ഗെറാസിം ലെബദേവ്, ഹിമാലയത്തിൽ താമസിച്ച്‌ മനോഹരമായ ഇന്ത്യൻ ചിത്രങ്ങൾ വരച്ച റഷ്യൻ ചിത്രകാരൻ നിക്കോളായ് റോയേറിച്ച് എന്നിവരെല്ലാം അനുസ്മരിക്കപ്പെട്ടു. റഷ്യൻ ബുദ്ധവിഹാര കേന്ദ്രമായ ദാറ്റ്സാങ് പുനർനവീകരിക്കപ്പെട്ടു.

1469 ൽ ഇന്ത്യയിലേക്ക് കപ്പൽ മാർഗം വന്ന റഷ്യൻ യാത്രികൻ അഫനാസി നികിതിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ കലിനിനിലെ വോൾഗാ തീരത്ത്‌ നൂറ്റാണ്ടുകളുടെ ഇന്ത്യാ റഷ്യ സൗഹൃദത്തിന്റെ പ്രതിരൂപമായി സ്ഥാപിക്കപ്പെട്ടു.

1469 ൽ ഇന്ത്യയിലേക്ക് കപ്പൽ മാർഗം വന്ന റഷ്യൻ യാത്രികൻ അഫനാസി നികിതിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ കലിനിനിലെ വോൾഗാ തീരത്ത്‌ നൂറ്റാണ്ടുകളുടെ ഇന്ത്യാ റഷ്യ സൗഹൃദത്തിന്റെ പ്രതിരൂപമായി സ്ഥാപിക്കപ്പെട്ടു.

സോവിയറ്റ് കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രമായ പ്രാവ്ദ 1955 ജൂൺ ഒന്നിന് എഴുതിയത് അത്യാർത്തി പൂണ്ട കോളനിവത്കരണക്കാർ എത്തുന്നതിന് മുമ്പാണ് ഇന്ത്യയിലേക്ക് ദുരുദ്ദേശങ്ങളേതുമില്ലാത്ത നികിതിന്റെ സൗഹൃദ സന്ദർശനം ഉണ്ടായത് എന്നായിരുന്നു. ഇന്തോസോവിയറ്റ് പ്രൊജക്‌ട്‌ ആയി വാസ്‌ലി പ്രോനിന്റെയും മുഹമ്മദ് അബ്ബാസിന്റെയും സംയുക്ത സംവിധാനത്തിൽ അഫനാസി നികിതിനെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ട്രാവൽ ഓവർ ദി ത്രീ സീ’ നിർമിക്കപ്പെട്ടു.

അഫനാസി നികിതിന്റെ പ്രതിമ

അഫനാസി നികിതിന്റെ പ്രതിമ

1955 ന്റെ മധ്യത്തിൽ തന്റെ പ്രഭാഷണങ്ങളുമായി വ്യത്യസ്‌ത സോവിയറ്റ് നാടുകളിലേക്ക് യാത്ര ചെയ്‌ത ഇന്ത്യൻ പ്രധാനമന്ത്രി സോവിയറ്റ് ജനതയെ അഭിസംബോധന ചെയ്യുന്ന കമ്യൂണിസ്റ്റ് അല്ലാത്ത ആദ്യ ദേശീയ നേതാവായി മാറി. സന്ദർശനം കഴിഞ്ഞുമടങ്ങുന്ന വേളയിൽ എയർപോർട്ടിൽതന്നെ കാണുവാനെത്തിയ മാധ്യമ പ്രവർത്തകരോട് നെഹ്‌റു 'എന്റെ ഹൃദയം ഇവിടെ വച്ചിട്ടാണ് ഞാൻ മടങ്ങുന്നത്’  എന്നാണ് പ്രതികരിച്ചത്.

തുടർന്ന് ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിന്റെ മേഖലകളിൽ സമഗ്രമായ സോവിയറ്റ് സംഭാവനകൾ വന്നെത്തുന്നത് കാണാം. 1955 ൽ തന്നെ ഐഐടി ബോംബെയുടെ നിർമാണത്തിന് സോവിയറ്റ് സഹായമെത്തി. മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അടക്കമുള്ള സോവിയറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡൽഹി യൂണിവേഴ്സിറ്റിയടക്കമുള്ള ഇന്ത്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണ ബന്ധങ്ങളുണ്ടാക്കി. സ്‌കൂളുകളിലെ ശാസ്ത്ര പഠനങ്ങൾ, ലൈബ്രറി, അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയ്‌ക്കെല്ലാം സോവിയറ്റ് സഹായങ്ങൾ എത്തി.

1984ൽ മോസ്‌കോയിൽ നടന്ന ഇന്ത്യ‐സോവിയറ്റ്‌ യൂണിയൻ സൗഹൃദ ഗെയിംസിന്റെ ഉദ്‌ഘാടനച്ചടങ്ങ്‌

1984ൽ മോസ്‌കോയിൽ നടന്ന ഇന്ത്യ‐സോവിയറ്റ്‌ യൂണിയൻ സൗഹൃദ ഗെയിംസിന്റെ ഉദ്‌ഘാടനച്ചടങ്ങ്‌

വിദ്യാർഥികൾക്ക് സോവിയറ്റ് യൂണിയൻ സ്‌കോളർഷിപ്പുകൾ നൽകുവാൻ ആരംഭിച്ചതോടെ നിരവധി ഇന്ത്യൻ പഠിതാക്കൾ ഉന്നത വിദ്യാഭ്യാസത്തിനായി സോവിയറ്റ് സർവകലാശാലകളിലെത്തി. 1955 ൽ തന്നെയാണ് സ്വാതന്ത്ര്യം നേടുംവരെ ബ്രിട്ടീഷുകാർ തടഞ്ഞ സോവിയറ്റ് പഠനങ്ങൾക്ക്‌ മുൻഗണന നൽകിക്കൊണ്ട് ഇന്ത്യയുടെ പ്രഥമ അന്തർദേശീയ ഗവേഷണ പഠന സ്ഥാപനമായ ഇന്ത്യൻ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ഡൽഹിയിൽ സ്ഥാപിക്കുന്നത്.

യുഎസ്എസ്ആർ കേന്ദ്രീകരിച്ചു പ്രാദേശിക പഠനവിഭാഗം സ്ഥാപിച്ച ഈ ഗവേഷണ സ്ഥാപനം 1969 ൽ ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) ഡൽഹിയിൽ സ്ഥാപിക്കപ്പെടുന്നതോടുകൂടി അവിടുത്തെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ആയി മാറി. ഇവിടെ ഏറ്റവും വലിയ സെന്റർ ആയി നിലകൊണ്ടത് സെന്റർ ഫോർ സോവിയറ്റ് യൂണിയൻ ആൻഡ് ഈസ്റ്റ് യൂറോപ്യൻ സ്റ്റഡീസ് ആയിരുന്നു. സോവിയറ്റ് തകർച്ചയ്‌ക്ക് ശേഷം പ്രസ്‌തുത പഠനവിഭാഗം പുനർനിർമ്മിക്കപ്പെടുകയും പ്രധാന കേന്ദ്രമായി സെന്റർ ഫോർ റഷ്യൻ ആൻഡ് സെൻട്രൽ ഏഷ്യൻ സ്റ്റഡീസ് മാറുകയും ചെയ്‌തു. ഇവിടെ ഗവേഷണ പഠനം നടത്തുവാൻ അവസരം ലഭിച്ചയാളാണ് ഈ ലേഖകൻ എന്നുകൂടി വിനയപുരസ്സരം സൂചിപ്പിച്ചുകൊള്ളട്ടെ.

യഥാർത്ഥത്തിൽ 1955 ലെ ഇന്ത്യ‐സോവിയറ്റ് സൗഹൃദ ഉടമ്പടിയുടെ ഫലമായിട്ടുകൂടിയാണ് ഇന്ത്യയിൽ ഒരു സോഷ്യലിസ്റ്റ് മോഡൽ പ്ലാനിങ്ങിന് ഭരണകൂടം തയ്യാറാകുന്നത്. പ്ലാന്റുകൾ, ഡാമുകൾ, ഇലക്ട്രിക്‌ പവർ സ്റ്റേഷനുകൾ, കാർഷിക പദ്ധതികൾ, സമാധാനത്തിനും പരസ്‌പര സഹകരണത്തിനും വേണ്ടിയുള്ള കൂട്ടായ പരിശ്രമങ്ങൾ എന്നിവയെല്ലാം ഇന്ത്യ‐സോവിയറ്റ് സൗഹൃദ ഉടമ്പടിയിൽ വിശാലമായി ആലോചിച്ചു നടപ്പാക്കപ്പെട്ടു.

ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിയിൽ പൊതുഉടമസ്ഥതയുടെ വലിപ്പം കൂടിയത് അമേരിക്കൻ മുതലാളിത്ത ചേരിയെ ചൊടിപ്പിക്കുകയാണ് ചെയ്‌തത്‌. 1955 ൽ സോവിയറ്റ് സാമ്പത്തികസാങ്കേതിക സഹായത്തോടെ ഭിലായിലെ സ്റ്റീൽ പ്ലാന്റ് നിർമാക്കാനുള്ള പദ്ധതിയായി. സോവിയറ്റ് മോഡലിൽ ഇന്ത്യയിൽ പ്ലാനിങ് കമ്മീഷൻ രൂപീകരിക്കപ്പെടുകയും പഞ്ചവത്സര പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്‌തു.

നികിത ക്രൂഷ്‌ചേവും നിക്കോളായ് ബുൾഗാനിനും നയിച്ച സോവിയറ്റ് പ്രതിനിധി സംഘത്തിന്റെ വരവ്  സോവിയറ്റ് നേതൃത്വത്തിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമായി മാറി. 1955 നവംബറിൽ വന്നിറങ്ങിയ അവർക്ക് ഹൃദയത്തിന്റെ ഭാഷയിലാണ് ഇന്ത്യൻ ജനത വരവേൽപ്പ് നൽകിയത്.

സോവിയറ്റ്‌ നേതാക്കളായ ക്രൂഷ്‌ചേവും ബുൾഗാനിനും  ഇന്ത്യാസന്ദർശനത്തിനിടെ കൊൽക്കത്തയിൽ കുട്ടികൾക്കൊപ്പം

സോവിയറ്റ്‌ നേതാക്കളായ ക്രൂഷ്‌ചേവും ബുൾഗാനിനും ഇന്ത്യാസന്ദർശനത്തിനിടെ കൊൽക്കത്തയിൽ കുട്ടികൾക്കൊപ്പം

ജനങ്ങളെ അഭിസംബോധന ചെയ്യുവാൻ രാംലീല മൈതാനത്തിലെത്തിച്ചേർന്ന ക്രൂഷ്‌ചേവിനും ബുൾഗാനിനും കാണാൻ കഴിഞ്ഞത് അഞ്ചുലക്ഷത്തിൽ പരം സാധാരണക്കാരെയാണ്.

രാജ്യത്തിന്റെ ആത്മമിത്രങ്ങളെ നിറഞ്ഞ മനസ്സോടെ ആ പാവപ്പെട്ട ജനത സ്വീകരിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സഞ്ചരിച്ചുകൊണ്ട് അവർ ജനങ്ങളെ അഭിസംബോധന ചെയ്‌തു. ‘ഹിന്ദിറൂസി ഭായിഭായി’ എന്ന മുദ്രാവാക്യങ്ങളാൽ മൈതാനങ്ങളും തെരുവുകളും മുഖരിതമായി.

ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിന്‌ സഹായിക്കുവാനായി തങ്ങളുടെ കിഴക്കൻ യൂറോപ്യൻ ചങ്ങാതി രാഷ്ട്രങ്ങളെയും സോവിയറ്റ് യൂണിയൻ പ്രോൽസാഹിപ്പിച്ചു. ഈസ്റ്റ് ജർമനി, പോളണ്ട്, ഹംഗറി, ചെക്കോസ്ലോവാക്യ, റൊമാനിയ എന്നിവരെല്ലാം ഇന്ത്യയെ സഹായിക്കാൻ സന്നരായി. ഇന്ത്യയിലെ പെട്രോളിയം അസംസ്‌കൃത ഉൽപന്നങ്ങളുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് സഹായവുമായി ഈസ്റ്റേൺ യൂറോപ്യൻ സഹകരണത്തിന് റൊമാനിയ തുടക്കം കുറിച്ചു.

നെഹ്റുവിന്റെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഇന്ത്യയിൽ എണ്ണപ്പാടങ്ങൾക്കുള്ള സാധ്യതകൾ കണ്ടെത്തുവാനായി സോവിയറ്റ് വിദഗ്‌ധരെ ക്രൂഷ്ചേവ് ഇന്ത്യയിലേക്ക് അയച്ചു. അവർ അസമിലെ ഓയിൽ ഫീൽഡുകൾ കണ്ടെത്തി. അവരുടെ സഹായത്തോടെയാണ് ഇന്ത്യ ഒഎൻജിസി (ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ), എച്ച്സിസി (ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി), എച്ച്സിഎൽ (ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്സ് ലിമിറ്റഡ്) എന്നീ സ്ഥാപനങ്ങൾ ആരംഭിക്കുന്നത്.

വ്യവസായവൽക്കരണം കേന്ദ്രീകരിച്ച്‌ നിർമിച്ച രണ്ടാം പഞ്ചവത്സര പദ്ധതിയിൽ  സോവിയറ്റ് യൂണിയനിൽ നിന്നുള്ള എം ഐ റുബിൻസ്റ്റൈൻ, പോളണ്ടിൽ നിന്നുള്ള ഓസ്‌കാർ ലാങ്കേ എന്നിവർ ഇന്ത്യൻ പ്ലാനിങ് കമ്മീഷന്റെ ഭാഗമായി പ്രവർത്തിച്ചുകൊണ്ട്‌ വലിയ സംഭാവനകൾ നൽകി.

1965 ൽ 4.48 ബില്യൺ രൂപയുടെ സഹായമാണ് സോവിയറ്റ് യൂണിയൻ ഇന്ത്യയ്‌ക്ക് നൽകിയത്. ഇത് പഞ്ചവത്സര പദ്ധതികളുടെ പൂർത്തീകരണത്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ നിർമാണത്തിനുമെല്ലാം വിനിയോഗിക്കപ്പെട്ടു. ഭിലായ് സ്റ്റീൽ പ്ലാന്റ്‌, റാഞ്ചി പ്ലാന്റുകൾ, രാജസ്ഥാനിലെ വലിയ യന്ത്രവൽകൃത ഫാം, ബോംബെയിലെയും പഞ്ചാബിലെയും ഓയിൽ ഖനനം,  ബിഹാറിലെ ബറൂണിയിലെ ഓയിൽ റിഫൈനറി എന്നിവയുടെ നിർമാണത്തിനും പ്രവർത്തനത്തിനുമായി ഈ സഹായം വകയിരുത്തി ഉപയോഗിച്ചു.

സോവിയറ്റ് സഹായത്തോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഉരുക്കുനിർമാണ കമ്പനിയായ ബൊക്കാറോ സ്റ്റീൽ മിൽ സ്ഥാപിക്കുന്നത്. സോവിയറ്റ് യൂണിയൻ ആയിരക്കണക്കിന് വരുന്ന ഇന്ത്യൻ എഞ്ചിനീർമാർ, ടെക്‌നീഷ്യന്മാർ, ഓപ്പറേറ്റർമാർ എന്നിവർക്കെല്ലാം ട്രെയിനിങ് നൽകി. പലർക്കും നേരിട്ട് സോവിയറ്റ് ഫാക്ടറികളിൽ പരിശീലനം ലഭിച്ചു. ഇന്ത്യൻ വ്യവസായ നിർമാണ മേഖലയെ കരുപ്പിടിപ്പിക്കുന്നതിൽ ഇതെല്ലാം നിർണായക സംഭാവനകളാണ് നൽകിയത്.

നെഹ്‌റുവും ക്രൂഷ്‌ചേവും

നെഹ്‌റുവും ക്രൂഷ്‌ചേവും

1955 ൽ ഇന്ത്യയിൽ ക്രൂഷ്‌ചേവും ബുൾഗാനിനും നടത്തിയ പ്രസംഗങ്ങളിൽ ഇന്ത്യൻ ദേശീയതാ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ കശ്‌മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിന് പിന്തുണ നൽകുകയും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നത്തിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ വേണ്ട എന്ന നിലപാട് ഉയർത്തിപ്പിടിക്കുകയും ചെയ്‌തു. ഗോവ വിട്ടുനൽകാൻ തയ്യാറാകാതിരുന്നിരുന്ന പോർച്ചുഗീസ് ഭരണകൂടത്തെ സോവിയറ്റ് യൂണിയൻ പരസ്യമായും നിശിതമായും വിമർശിച്ചു.

ബുൾഗാനിൻ തന്റെ പ്രസംഗത്തിൽ ഇന്ത്യയുടെ മേലുള്ള പോർച്ചുഗീസ് കോളനിവൽക്കരണം പരിഷ്‌കൃത സമൂഹങ്ങൾക്ക് അപമാനമാണെന്ന് തുറന്നടിച്ചു. ക്രൂഷ്ചേവ് ഗോവ കയ്യേറി ഭരിക്കുന്ന പോർച്ചുഗൽ പുറത്തുപോകണമെന്ന തന്റെ നിലപാട് വ്യക്തമാക്കി. ഇന്ത്യ സൈനിക നടപടിയിലൂടെ ഗോവ പിടിച്ചെടുത്തപ്പോൾ നാറ്റോ അംഗം കൂടിയായ പോർച്ചുഗൽ ശക്തമായ പ്രതിഷേധമുയർത്തി.

അമേരിക്ക ഇന്ത്യയെ പരസ്യമായി വിമർശിക്കുകയും യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യക്കെതിരായ പ്രമേയം കൊണ്ടുവരികയും ചെയ്‌തു. സോവിയറ്റ് യൂണിയൻ അമേരിക്കൻ പ്രമേയത്തെ വീറ്റോ ചെയ്‌തു നിഷ്‌പ്രഭമാക്കുകയും ശക്തമായി ഇന്ത്യയ്‌ക്കൊപ്പം നിൽക്കുകയും ചെയ്‌തു.

സോവിയറ്റ് കമ്യൂണിസ്റ്റ് പാർടി മുഖപത്രമായ പ്രാവ്ദ ഇന്ത്യയ്‌ക്ക് ഉറച്ച പിന്തുണ നൽകിക്കൊണ്ട് 'പോർച്ചുഗീസ് കോളനിവൽക്കരണത്തെ ഇന്ത്യയിൽ നിന്ന് പുറന്തള്ളുക’, 'ഏഷ്യയിൽ നിന്നും കോളനിവൽക്കരണത്തിന്റെ അഴുക്ക് നീക്കം ചെയ്യുക‘, 'സാമ്രാജ്യത്വത്തെ പൊളിച്ചടുക്കുക’, 'സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ ആഹ്ലാദം’ എന്നീ തലക്കെട്ടുകളിൽ ലേഖനങ്ങൾ എഴുതി.

ഇന്ത്യയുടെ പ്രധാനപ്പെട്ട സൈനിക സജ്ജീകരണങ്ങളും ആയുധങ്ങളും സോവിയറ്റ് യൂണിയന്റെ സംഭവനകളായി. ഇത്തരം സഹായങ്ങൾക്ക് ഇന്ത്യ പകരം നൽകിയതാകട്ടെ ഇന്ത്യൻ രൂപയിലുള്ള തിരിച്ചടവും ഇന്ത്യയ്‌ക്ക്‌ നൽകാൻ കഴിയുന്ന കയറ്റുമതി ഉൽപ്പന്നങ്ങളും മറ്റുമായിരുന്നു.

മറ്റൊരു രാഷ്ട്രവും അംഗീകരിക്കാത്ത ഇത്തരം സംവിധാനങ്ങളെ ഇന്ത്യയോടുള്ള ലാഭേച്ഛയില്ലാത്തതും ആഴത്തിലുമുള്ള സൗഹൃദം നിമിത്തം കനത്ത നഷ്‌ടമുണ്ടെങ്കിലും സോവിയറ്റ് യൂണിയന് സ്വീകാര്യമായി. ഇന്ത്യ‐ ചൈന യുദ്ധകാലത്തു പരസ്യമായി മറ്റൊരു കമ്യൂണിസ്റ്റ് രാജ്യമായ ചൈനക്കെതിരെയാണ് സോവിയറ്റ് യൂണിയൻ നിലപാട് സ്വീകരിച്ചത്.

തൻമൂലം ചൈനയുടെ ശത്രുത സോവിയറ്റ് യൂണിയന് ഏറ്റുവാങ്ങേണ്ടി വന്നു. 1963 നവംബറിൽ 'എങ്ങനെ സോവിയറ്റ് കമ്യൂണിസ്റ്റ് നേതാക്കൾ ഇന്ത്യയ്‌ക്കൊപ്പം ചൈനക്കെതിരായി അണിനിരക്കുന്നു എന്നതിന്റെ സത്യാവസ്ഥ’എന്ന തലക്കെട്ടിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗിക പ്രസിദ്ധീകരണമായ പീക്കിങ് റിവ്യൂ ലേഖനം പ്രസിദ്ധീകരിച്ചു.

1965 ലും 1971 ലും നടന്ന ഇന്ത്യ‐പാകിസ്ഥാൻ യുദ്ധങ്ങളിലെ ഇന്ത്യൻ വിജയങ്ങൾക്ക് സോവിയറ്റ് യൂണിയന്റെ സൈനികവും സാമ്പത്തികവുമായ പിന്തുണ  നിർണായക ഘടകമായിരുന്നു. സോവിയറ്റ് ആയുധങ്ങളും യുദ്ധതന്ത്രങ്ങളും ഇന്ത്യ ഫലപ്രദമായി ഉപയോഗിച്ചു. മറ്റൊരുവശത്തു അമേരിക്ക ഇന്ത്യയ്‌ക്ക് എതിരായി പാകിസ്താനെ സഹായിച്ചു പോന്നു.

എന്നാൽ അന്തർദേശീയ തലത്തിലും സോവിയറ്റ് യൂണിയൻ നൽകിയ പിന്തുണ  ഇന്ത്യയുടെ ആത്മവിശ്വാസം വലിയരീതിയിൽ വർധിപ്പിച്ചു. ഒരു ഘട്ടത്തിൽ ക്രൂഷ്ചേവ് ‘ഞങ്ങൾ നിങ്ങളുടെ വിളിപ്പുറത്തു കേവലം ഒരു മലനിരകളുടെ അപ്പുറത്തു കാത്തുനിൽക്കുന്നുണ്ട്’ എന്നുവരെ പറയാൻ തയ്യാറായി.

നെഹ്‌റുവിന് ശേഷം പ്രധാനമന്ത്രിമാരായി വന്ന ലാൽ ബഹാദൂർ ശാസ്ത്രിയും ഇന്ദിര ഗാന്ധിയും സോവിയറ്റ് ബന്ധത്തെ പിന്തുടരുകയാണ് ചെയ്‌തത്‌. അവർ വിയറ്റ്നാമിലും കോംഗോയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലുമെല്ലാം നടന്ന യു എസ് അധിനിവേശത്തെ അപലപിച്ചു.

ശക്തമായ സോവിയറ്റ് സ്വാധീനം അടിയന്തരാവസ്ഥക്കാലത്തും ഇന്ദിര ഗാന്ധിയെക്കൊണ്ട് 1976 ൽ ഇന്ത്യൻ ഭരണഘടനയുടെ പ്രിയാംബിളിൽ 'സോഷ്യലിസ്റ്റ്', 'സെക്കുലർ’ എന്നീ പദങ്ങൾ ആലേഖനം ചെയ്യിപ്പിച്ചു. ഇന്ദിര ഗാന്ധിയുടെ 1976 ലെ സോവിയറ്റ് സന്ദർശനം തെരുവുകളിലും വഴികളിലും സദസ്സുകളിലുമെല്ലാം നിറഞ്ഞുനിന്ന സോവിയറ്റ് ജനത ആഹ്ലാദാതരപൂർവം സ്വീകരിക്കുന്ന ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ ചിത്രീകരിച്ച പഴയ വീഡിയോ യൂട്യൂബിലുണ്ട്‌.

സോവിയറ്റ്‌ സന്ദർശനത്തിനെത്തിയ ഇന്ദിര ഗാന്ധിയെ ബ്രഷ്‌നേവ്‌ സ്വീകരിക്കുന്നു

സോവിയറ്റ്‌ സന്ദർശനത്തിനെത്തിയ ഇന്ദിര ഗാന്ധിയെ ബ്രഷ്‌നേവ്‌ സ്വീകരിക്കുന്നു

ഇതെല്ലാം തന്നെ ചരിത്രത്തിൽ ഇന്ത്യയ്‌ക്ക് സോവിയറ്റ് യൂണിയൻ നൽകിയ സംഭാവനകളിൽ വലുതും ചെറുതുമായ ചിലത് മാത്രമാണ്.

യഥാർത്ഥത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ തന്നെ ഒരു കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ ഇന്ത്യയിൽ ചെലുത്തിയിട്ടുള്ള സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ സ്വാധീനം ഇതിനേക്കാളെല്ലാം എത്രയോ ആഴത്തിലുള്ളതാണ്. ഇന്ത്യ‐സോവിയറ്റ് സൗഹൃദത്തെ സംബന്ധിച്ചു എന്തൊക്കെ വിമർശനങ്ങൾ ഉയർന്നാലും ഒരു അധിനിവേശാനന്തര രാഷ്ട്ര നിർമ്മാണത്തിൽ സോവിയറ്റ് നാട് നമുക്ക് നൽകിയ ഭൗതീകവും മാനസികവുമായ പിന്തുണ ഒരു അളവുകോലിനാൽ ഗണിക്കാവുന്നതിലും എത്രയോ വലുതാണ്.

ഇന്ത്യയെ ഇന്ത്യയാക്കി മാറ്റുന്നതിൽ ഇത്രയേറെ പ്രയത്‌നിച്ച ഒരു രാഷ്ട്രം വേറെയില്ല. എങ്കിലും ഇന്ത്യൻ ഭരണവർഗം ഇതെല്ലാം വളരെ വേഗത്തിൽ മറന്നുകളഞ്ഞവരാണ്. ഇന്ത്യയോട് സോവിയറ്റ് നാട് കാണിച്ച ആത്മാർഥത ഇന്ത്യ തിരിച്ചു നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ദൗർഭാഗ്യകരം എന്ന് മാത്രമേ പറയാൻ സാധിക്കൂ.

ആ നാടിന്റെ തകർച്ചയിലും ശേഷമുണ്ടായ പരിതാപകരമായ പട്ടിണിക്കാലത്തും ഇന്ത്യൻ ഭരണവർഗം എന്ത് ചെയ്‌തു

എന്നതും വലിയ ചോദ്യചിഹ്നമാണ്. ഇന്ന് ഇന്ത്യൻ ഭരണ വർഗത്തിന് സോഷ്യലിസം എന്ന വാക്ക് ഒരു മാറാപ്പാണ്. പ്രവൃത്തിയിൽ അവസരവാദികളും മുതലാളിത്തവാദികളും ആണെങ്കിൽ പോലും പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിലെ ഒരു രാഷ്രീയ പാർടിക്കും ഞങ്ങൾ മുതലാളിത്തപാതയിൽ വിശ്വസിക്കുന്നവരാണ് എന്ന് തുറന്നുപറയുവാനുള്ള ധൈര്യം ഇന്നും ഉണ്ടായിട്ടില്ല.

മാത്രമല്ല തങ്ങൾ സോഷ്യലിസ്റ്റുകളാണ് എന്ന്  പറയുകയും ചെയ്യുന്നുണ്ട്. ഇത് ആ പഴയ സോവിയറ്റ് സ്വാധീനത്തിന്റെ ശേഷിപ്പ് തന്നെയാണ്. ഇന്ത്യ മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടു സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം കൊണ്ടാടുന്ന വേളയിൽ മറവികൾക്കെതിരെയുള്ള ഓർമകളുടെ സമരമായി ഈ ചരിത്രം മായാതെ നിൽക്കേണ്ടതുണ്ട്.

ഏതു പൗരാണിക സംഹിതകൾക്കുമപ്പുറം നാനാത്വത്തിൽ ഏകത്വമായി ഇന്ത്യൻ ജനതയെ നിലനിർത്തുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ഭരണഘടനയുടെയും രാഷ്ട്രനിർമാണത്തിന്റെയും ചരിത്രമാണ് എന്ന വസ്‌തുത ഓരോ ഇന്ത്യക്കാരും വീണ്ടും തിരിച്ചറിയുന്ന സന്ദർഭം കൂടിയായി ഈ വിശേഷാവസരം മാറട്ടെ  .

(ജെ എൻ യു സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ ഗവേഷക വിദ്യാർഥിയാണ്‌ ലേഖകൻ)
 

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top