24 September Sunday

സുബൈറിന്‌ ജയിൽ; നൂപുറിന്‌ സംരക്ഷണം

എം പ്രശാന്ത്‌Updated: Tuesday Jul 5, 2022

ഒരു നുണ പലവട്ടം ആവർത്തിച്ചാൽ ജനങ്ങൾ വിശ്വസിക്കുമെന്ന ഗീബൽസിയൻ തന്ത്രംതന്നെയാണ്‌ ഇന്ത്യയിൽ സംഘപരിവാറിന്റെയും പ്രചാരണാടിത്തറ. സ്‌മാർട്ട്‌ഫോണുകൾ വ്യാപകമാകുകയും വാട്‌സാപ്പും ഫെയ്‌സ്‌ബുക്കും പോലുള്ള സമൂഹമാധ്യമങ്ങൾ ആഴത്തിൽ വേരുപടർത്തുകയും ചെയ്‌തതോടെ ഗീബൽസിയൻ തന്ത്രം കൂടുതൽ എളുപ്പത്തിൽ പ്രയോഗിക്കാൻ സംഘപരിവാറിനാകുന്നു. ന്യൂനപക്ഷ വിരുദ്ധതയും കമ്യൂണിസ്‌റ്റ്‌ വിരുദ്ധതയും ജനമനസ്സുകളിൽ എളുപ്പത്തിൽ കുത്തിനിറയ്‌ക്കുന്ന വ്യാജനിർമിതികൾ സമൂഹമാധ്യമങ്ങളിലൂടെ നിമിഷവേഗത്തിൽ രാജ്യമാകെ പടർത്തുന്ന സംഘടിത സംവിധാനവും സംഘപരിവാർ സൃഷ്ടിച്ചു. 2014ലെ മോദിയുടെ തെരഞ്ഞെടുപ്പ്‌ വിജയത്തിലും 2019ൽ കൂടുതൽ സീറ്റുകളോടെയുള്ള വിജയാവർത്തനത്തിലും സമൂഹമാധ്യമങ്ങളിലൂടെയുള്ള സംഘടിത നുണപ്രചാരണം വലിയ ഘടകമായി.

സംഘപരിവാറിന്റെ നുണനിർമാണ ഫാക്ടറികൾക്ക്‌ സമീപകാലത്ത്‌ പരിക്കുകളേൽക്കുന്നുണ്ട്‌. നുണ പ്രചരിക്കുന്ന വേഗത്തിൽത്തന്നെ അതിന്റെ സത്യാവസ്ഥയും നിലവിൽ സമൂഹമാധ്യമങ്ങളിൽ പടരുന്നുണ്ട്‌. ആൾട്ട്‌ന്യൂസ്‌ എന്ന ഓൺലൈൻ മാധ്യമമാണ്‌ ഇതിന്‌ വഴിയൊരുക്കിയത്‌. സംഘപരിവാറിന്റെ നിരവധിയായ വ്യാജനിർമിതികൾ നിമിഷങ്ങൾകൊണ്ട്‌ ആൾട്ട്‌ന്യൂസ്‌ പൊളിച്ചടുക്കി. സ്വാഭാവികമായും ഈ സ്ഥാപനവും അതിന്റെ നടത്തിപ്പുകാരും ആർഎസ്‌എസിന്റെയും ബിജെപിയുടെയും ശത്രുപക്ഷത്തായി. സംഘപരിവാറിന്റെ വ്യാജസൃഷ്ടികൾക്ക്‌ പുറമെ മോദി സർക്കാരിന്റെ പ്രചാരകരായ ടൈംസ്‌നൗ, റിപ്പബ്ലിക്, സീന്യൂസ്‌ തുടങ്ങി ദേശീയ ചാനലുകളുടെ നുണപ്രചാരണങ്ങളും ആൾട്ട്‌ന്യൂസ്‌ തുടർച്ചയായി പൊളിച്ചു.

ഐടി പ്രൊഫഷണലുകളായിരുന്ന മുഹമദ്‌ സുബൈറും പ്രതീക്‌ സിൻഹയുമാണ്‌ 2017ൽ ആൾട്ട്‌ന്യൂസിന്‌ തുടക്കമിട്ടത്‌. അഹമ്മദാബാദ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആൾട്ട്‌ന്യൂസിന്‌ ട്വിറ്ററിൽ അരക്കോടിയോളം ഫോളോവേഴ്‌സുണ്ട്‌. ഇംഗ്ലീഷിന്‌ പുറമെ ഹിന്ദി, ഗുജറാത്തി ട്വിറ്റർ അക്കൗണ്ടുകളും ആൾട്ട്‌ന്യൂസിനുണ്ട്‌. ആൾട്ട്‌ന്യൂസ്‌ സ്ഥാപകരായ സുബൈറിനും പ്രതീകിനും ഇസ്ലാമിസ്റ്റ്‌, ജിഹാദി, മാവോയിസ്‌റ്റ്‌, കമ്യൂണിസ്‌റ്റ്‌ തുടങ്ങിയ വിശേഷണങ്ങളാണ്‌ സംഘപരിവാർ കേന്ദ്രങ്ങൾ ചാർത്തിയിട്ടുള്ളത്‌. സംഘപരിവാറിന്റെ തുടർച്ചയായ സൈബർ ആക്രമണങ്ങൾക്ക്‌ വിധേയരാണ്‌ ഇരുവരും.

ടൈംസ്‌നൗ ചാനലിലൂടെ ബിജെപി ദേശീയവക്താവ്‌ നൂപുർ ശർമ നടത്തിയ പ്രവാചകനിന്ദ ദേശീയശ്രദ്ധയിൽ കൊണ്ടുവന്നതും ആൾട്ട്‌ന്യൂസാണ്‌. നൂപുർ ശർമയുടെ പരാമർശങ്ങൾ സുബൈർ ട്വിറ്ററിൽ പങ്കുവച്ചു. ഇതോടെ അന്തർദേശീയതലത്തിൽത്തന്നെ വിഷയം വിവാദമായി. നൂപുർ ശർമയെ ബിജെപിക്ക്‌ താൽക്കാലികമായെങ്കിലും തള്ളിപ്പറയേണ്ടി വന്നു. ഇത്‌ സമൂഹമാധ്യമങ്ങളിലെ സംഘപരിവാർ പ്രചാരകരെ വല്ലാതെ ചൊടിപ്പിച്ചു. ഇതോടെ സുബൈറിന്റെ രക്തത്തിനായുള്ള മുറവിളിയായി. സുബൈറിന്റെ 2018ലെ ഒരു ട്വീറ്റ്‌ ‘ഹനുമാൻഭക്ത്‌’ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഡൽഹി പൊലീസിനെയും മറ്റും ടാഗ്‌ ചെയ്‌തുകൊണ്ടായിരുന്നു ട്വീറ്റ്‌. 1983ൽ പുറത്തിറങ്ങിയ ‘കിസി സെ നാ കഹ്‌നെ’ എന്ന ഹിന്ദി ചിത്രത്തിലെ ഒരു രംഗമായിരുന്നു സുബൈർ ട്വിറ്ററിൽ പങ്കുവച്ചത്‌. ഒരു ഹോട്ടലിന്റെ ‘ഹണിമൂൺ’ എന്ന പേര്‌ ‘ഹനുമാൻ’ എന്ന്‌ തിരുത്തിയതാണ്‌ ചിത്രത്തിലുള്ളത്‌. 2014നുശേഷം സംഭവിച്ചതെന്ന അടിക്കുറിപ്പോടെയായിരുന്നു സുബൈറിന്റെ ട്വിറ്റർ പോസ്‌റ്റ്‌.

‘ഹനുമാൻഭക്തി’ന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഈ പോസ്‌റ്റ്‌ വളരെ വേഗത്തിൽ ട്രെൻഡായി മാറി. ‘അറസ്‌റ്റ്‌ മുഹമദ്‌സുബൈ’ എന്ന ഹാഷ്‌ടാഗോടെയാണ്‌ ചിത്രം പ്രചരിക്കപ്പെട്ടത്‌. ഷെഫാലി വൈദ്യ, സ്വരാജ്യ കോളമിസ്‌റ്റ്‌ അഭിജിത്ത്‌ അയ്യർ മിത്ര, അരുൺ പുദൂർ തുടങ്ങി സമൂഹമാധ്യമങ്ങളിലെ സംഘപരിവാർ പ്രചാരകർ കൂട്ടത്തോടെ സുബൈറിന്റെ അറസ്‌റ്റിനായി മുറവിളി ഉയർത്തി. അമിത്‌ ഷായെയും ആഭ്യന്തര മന്ത്രാലയത്തെയും ഡൽഹി പൊലീസിനെയുമെല്ലാം ടാഗ്‌ ചെയ്‌തായിരുന്നു ഇവരുടെ ട്വീറ്റുകളും റീട്വീറ്റുകളും. സ്വരാജ്യ, ഓപ്‌ഇന്ത്യ തുടങ്ങിയ പരിവാർ ഓൺലൈൻ മാധ്യമങ്ങളും സുബൈറിനെതിരായി രംഗത്തുവന്നു.

ജൂൺ 19നായിരുന്നു സുബൈറിനെതിരായ ‘ഹനുമാൻഭക്തി’ന്റെ ട്വിറ്റർ പോസ്‌റ്റ്‌. ജൂൺ 20നുതന്നെ ഡൽഹി പൊലീസ്‌ സുബൈറിനെ കസ്‌റ്റഡിയിലെടുത്തു. മതവികാരം വ്രണപ്പെടുത്തി, കലാപത്തിന്‌ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ്‌ ആദ്യം ചുമത്തിയത്‌. പിന്നീട്‌ ക്രിമിനൽ ഗൂഢാലോചന, തെളിവ്‌ നശിപ്പിക്കൽ, നിയമവിരുദ്ധമായി വിദേശഫണ്ട്‌ സ്വീകരിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ഇഡി അടക്കമുള്ള മറ്റ്‌ കേന്ദ്ര ഏജൻസികളും ഇപ്പോൾ സുബൈറിനു പിന്നാലെയാണ്‌. ആൾട്ട്‌ന്യൂസ്‌ സഹസ്ഥാപകനായ പ്രതീകിനെക്കൂടി അറസ്‌റ്റുചെയ്യുന്നതിനായി സംഘപരിവാർ സമ്മർദം ശക്തിപ്പെടുത്തുകയുമാണ്‌.

പ്രവാചകനിന്ദ നടത്തി രാജ്യത്താകെ കലാപത്തിന്‌ വഴിയൊരുക്കിയ നൂപുർ ശർമ ഇപ്പോഴും നിയമത്തിന്‌ മുന്നിലെത്താതെ സ്വതന്ത്രയായി വിഹരിക്കുമ്പോഴാണ്‌ 2018ലെ ട്വീറ്റിന്റെ പേരിൽ സുബൈറിനെതിരായ നടപടി. ഗുജറാത്ത്‌ വംശഹത്യാ കേസിൽ അടുത്തിടെ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ടീസ്‌ത സെതൽവാദിനെയും മുൻ ഡിജിപി ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത്‌ പൊലീസ്‌ അറസ്‌റ്റുചെയ്‌തിരുന്നു. വംശഹത്യയിൽ മോദിക്ക്‌ പങ്കുണ്ടെന്ന്‌ എസ്‌ഐടി മുമ്പാകെ പറഞ്ഞ ഐപിഎസ്‌ ഉദ്യോഗസ്ഥൻ സഞ്‌ജീവ്‌ ഭട്ട്‌ വർഷങ്ങളായി ജയിലിലാണ്‌. സംഘപരിവാർ വിമർശകരെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടയ്‌ക്കുന്ന മോദി ഭരണകൂടം ആർഎസ്‌എസിന്റെ വിദ്വേഷപ്രചാരകർക്കു നേരെ കണ്ണടയ്‌ക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top