22 September Friday

ആൾട്ട് ന്യൂസ് കാലത്തെ 
‘കൂപമണ്ഡൂകങ്ങൾ’ - ജോൺ ബ്രിട്ടാസ് 
എംപി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

 

വില്ലനും നായകനും ഇ‍ഴകോർക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ ലോകസാഹിത്യത്തിന് ഷേക്‌സ്‌പിയർ സമ്മാനിച്ചിട്ടുണ്ട്. അതുപോലെ വേട്ടക്കാരൻ ഇരയുടെ ഭാവതലത്തിലേക്കു മാറുന്ന ഒട്ടേറെ മുഹൂർത്തവും ക്ലാസിക്കുകളിലുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ഹോളിവുഡ് മുതൽ നമ്മുടെ സിനിമകളിൽവരെ അത്തരത്തിലുള്ള മികച്ച വേഷപ്പകർച്ചകൾ കാണാം. കേരള നിയമസഭയിൽ മാധ്യമവിലക്ക് എന്ന രീതിയിൽ വന്ന വാർത്തകൾ നോക്കുമ്പോൾ മേൽപ്പറഞ്ഞ ഒരു വേഷപ്പകർച്ചയുടെ ലാഞ്‌ഛനകൾ കാണാം. ഇല്ലാത്ത വിലക്കും വിലങ്ങും ഏറ്റുവാങ്ങി ഇരയായി മാറാനുള്ള നമ്മുടെ മാധ്യമങ്ങളുടെ ത്വരയ്ക്ക് ഷേക്‌സ്‌പിയർ കഥാപാത്രങ്ങളുടെ സ്പർശമുണ്ട്. നിയമസഭയിൽ എന്തു നടന്നുവെന്നത് സ്പീക്കർ പലതവണ വിശദീകരിച്ചിട്ടും വ്യാജമായ ഒരു ഇരവാദത്തിലാണ് മാധ്യമങ്ങൾ അഭിരമിക്കുന്നത്.

ഇന്ന്‌ കേരളത്തിൽ ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന ഒരു പദമാണ് കൂപമണ്ഡൂകം(കിണറ്റിലെ തവള) എന്നത്. വേട്ടക്കാരുടെ ഇരവാദത്തിന് ഈയൊരു സംജ്ഞയുമായി നല്ല സാദൃശ്യമുണ്ട്. കേരളത്തിൽനിന്നു കണ്ണുപറിച്ച് അൽപ്പം മേൽപ്പോട്ടു നോക്കിയാൽ ഇക്കാര്യം ബോധ്യപ്പെടും. നാലുവർഷം മുമ്പുചെയ്ത ഒരു ട്വീറ്റിനു മേലാണ് ആൾട്ട് ന്യൂസ് സ്ഥാപകൻ  മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തത്. പല കോണിൽനിന്നും പടച്ചുവിടുന്ന വ്യാജവാർത്തകളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്ന മഹത്തായ ഒരു സംരംഭമാണ് ആൾട്ട് ന്യൂസ്. ബിജെപിക്ക് വ്യാജവാർത്തകളും ദൃശ്യങ്ങളും സൃഷ്ടിക്കാനും പ്രചരിപ്പിക്കാനുമുള്ള വലിയൊരു ഫാക്ടറി തന്നെ പ്രവർത്തിക്കുന്നുണ്ട്. വർഗീയ ധ്രുവീകരണം സാധ്യമാക്കാൻ ലക്ഷ്യംവച്ചു കൊണ്ടുള്ള ദൃശ്യ-വിവര ശകലങ്ങളാണ് ഇതിൽ നല്ലൊരു പങ്കും. ഇത്തരം ഉള്ളടക്കങ്ങളുടെ നിജസ്ഥിതി എന്താണെന്ന് പുറത്തുകൊണ്ടുവരാൻ പ്രതീക് സിൻഹയ്ക്കൊപ്പം സുബൈർ സ്ഥാപിച്ച സംരംഭമാണ് ആൾട്ട് ന്യൂസ്. ആഭ്യന്തരമന്ത്രാലയത്തെപ്പോലും വ്യാജദൃശ്യങ്ങൾക്ക് ആൾട്ട് ന്യൂസ് പിടികൂടിയിട്ടുണ്ട്. നൂപുർ ശർമ നടത്തിയ വിവാദപരമായ പ്രവാചകനിന്ദയും സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് സുബൈറാണ്.

ഇവിടെയാണ് സുബൈർ കേന്ദ്ര സർക്കാരിന്റെ ഹിറ്റ്‌ലിസ്റ്റിൽ സ്ഥാനംപിടിക്കുന്നത്. ഒരു പരാതി പോലുമില്ലാതെ തങ്ങളെ ടാഗ് ചെയ്ത ഒരു ട്വീറ്റിന്റെ പേരിലാണ് ഡൽഹി പൊലീസ് സുബൈറിനെ പിടികൂടിയത്. പരാതിക്ക് ആധാരമായ കാര്യമാണ് ഏറെ രസം. ആട്ടിൻകുട്ടിയെ കൊല്ലാൻ ചെന്നായ നിരത്തിയ ന്യായത്തെ കവച്ചുവയ്ക്കും. 1983ൽ ഇറങ്ങിയ ഋഷികേശ് മുഖർജിയുടെ ‘കിസി സെ നാ കഹനാ’ (ആരോടും പറയരുത്) എന്ന സിനിമയിലെ ദൃശ്യം 2018ൽ ട്വീറ്റ് ചെയ്തു എന്നതാണ് സുബൈറിനെതിരെയുള്ള പരാതി. ‘ഹനുമാൻ ഹോട്ടൽ’ എന്ന ബോർഡ് വച്ച ഒരു ദൃശ്യമായിരുന്നു അത്. മതസപ്ർധ സൃഷ്ടിക്കുന്നു എന്നതാണ് ചുമത്തപ്പെട്ട കുറ്റം. ഋഷികേശ് മുഖർജി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് അഴിയെണ്ണേണ്ടി വരുമായിരുന്നു. കേരളത്തിനു വെളിയിൽ മാധ്യമസ്വാതന്ത്ര്യം എന്താണെന്ന് വ്യക്തമാക്കുന്ന ഒന്നാണ് സുബൈറിന്റെ അറസ്റ്റ്. നീതിക്കുവേണ്ടി പോരാടിയ മാധ്യമപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ തീസ്ത സെതൽവാദിനെയും  മുൻ ഗുജറാത്ത് പൊലീസ് ഡിജിപി ആർ ബി ശ്രീകുമാറിനെയും അറസ്റ്റുചെയ്ത് ജയിലിലടച്ചത് ഏതാനും ദിവസംമുമ്പാണ്.


 

കേന്ദ്ര സർക്കാരിനെതിരേ പ്രസക്തമായ ഒരു വാർത്തപോലും നൽകാൻ ക‍ഴിയാത്ത അവസ്ഥയിലേക്ക്‌ ഇന്ത്യൻ മാധ്യമങ്ങൾ മാറിയെന്ന് സൂചിപ്പിച്ചവരിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെ ഉൾപ്പെടുന്നു. ഇന്ത്യയിൽ അന്വേഷണാത്മക മാധ്യമപ്രവർത്തനം അസ്തമിച്ചെന്നാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ തുറന്നടിച്ചത്. അധികാരകേന്ദ്രങ്ങൾക്കെതിരേ ആയിരിക്കുമല്ലോ അന്വേഷണാത്മക മാധ്യമപ്രവർത്തനം. സംഘപരിവാർ ആശയങ്ങളുടെ പതാകവാഹകരായി ഇന്ത്യൻ മാധ്യമങ്ങൾ മാറിക്ക‍ഴിഞ്ഞുവെന്നതാണ് യാഥാർഥ്യം. അയോധ്യയെ മുൻനിർത്തിയുള്ള ആർഎസ്എസിന്റെ പ്രക്ഷോഭപരമ്പരകൾക്ക് ഊർജംപകർന്നത് മാധ്യമങ്ങളാണെന്ന് മൂന്നു പതിറ്റാണ്ടുമുമ്പുതന്നെ പ്രസ് കൗൺസിൽ വിധയെ‍ഴുതിയിരുന്നു. അന്നത്തെ സ്ഥിതി ഇതായിരുന്നെങ്കിൽ ഇപ്പോ‍ഴത്തെ മാധ്യമപ്രവർത്തനം എവിടെ എത്തിയെന്ന് സാമാന്യബോധംകൊണ്ട് തിരിച്ചറിയാൻ ക‍ഴിയും.

ഇനി കേരളത്തിലേക്ക് മടങ്ങിവരാം. നമ്മുടെ സംസ്ഥാനത്തെ മാധ്യമപ്രവർത്തകർ അനുഭവിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ അളവിന് പ്രത്യേകിച്ച് അതിർത്തികളൊന്നുമില്ല. ആർക്കെതിരെയും എന്തും എപ്പോഴും വിളിച്ചുപറയാം. ഇഷ്ടമല്ലാത്തവരെ പരിഹസിക്കാം. വിചാരണയും വിധിപ്രസ്താവവുമൊക്കെ ന്യൂസ്റൂമുകളിൽത്തന്നെ. മുഖ്യമന്ത്രി 37 ദിവസം കഴിഞ്ഞിട്ടാണ് സമ്പൂർണ വാർത്താസമ്മേളനം നടത്തിയതെന്നാണ് ചില ചാനലുകൾ ബ്രേക്കിങ്‌ ന്യൂസ് ഇട്ടത്. പൊതുപരിപാടിയായും വാർത്താകുറിപ്പായും അദ്ദേഹം ജനങ്ങളുമായി സംവദിക്കുന്നതിൽ ഒരു കുറവും വരുത്തിയിരുന്നില്ല.

എന്താണ് നമ്മുടെ രാജ്യം അംഗീകരിച്ചിരിക്കുന്ന ജനാധിപത്യവ്യവസ്ഥ. പാർലമെന്ററി ജനാധിപത്യത്തിൽ നിയമനിർമാണസഭയോടു വിധേയപ്പെട്ടാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. നിയമസഭയിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതിൽ ഇന്ത്യയിൽത്തന്നെ മുന്നിൽനിൽക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. നിയമസഭ നടക്കുമ്പോൾ കണ്ണൂരും കോഴിക്കോടുമൊക്കെ ഉദ്ഘാടനപരിപാടികൾവച്ച് ഓടിനടന്നിരുന്ന മുഖ്യമന്ത്രിമാരും മന്ത്രിമാരും നമുക്കുണ്ടായിരുന്നു. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ വാർത്താസമ്മേളനം നടത്തിയ ഒരു മുഖ്യമന്ത്രിയും പിണറായി വിജയനാണ്. മാധ്യമസ്വാതന്ത്ര്യം എന്നൊരു വിശേഷാധികാരം ഇന്ത്യൻ ഭരണഘടനയിൽ ഇല്ല. പൗരന് ഭരണഘടനയുടെ 19–--ാം വകുപ്പ് നൽകുന്ന അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ പരിരക്ഷ മാത്രമാണ് മാധ്യമങ്ങൾക്കുള്ളത്. എന്നുവച്ചാൽ, സാധാരണ പൗരനേക്കാൾ പ്രത്യേകിച്ച് ഒരധികാരവും മാധ്യമങ്ങൾക്കില്ല എന്നർഥം.

മാധ്യമസ്വാതന്ത്ര്യം ഉറപ്പിക്കാൻവേണ്ടിയാണ് അമേരിക്കൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത്. ഇന്ത്യയിലാകട്ടെ ആദ്യത്തെ ഭരണഘടനാ ഭേദഗതി അഭിപ്രായസ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ വേണ്ടിയായിരുന്നുവെന്നത് ചരിത്രത്തിന്റെ വിധിവൈപരീത്യങ്ങളിലൊന്നാണ്. ജനാധിപത്യവാദിയായ ജവാഹർലാൽ നെഹ്റുവിന്റെ കാർമികത്വത്തിൽ നടന്ന ഈ ഭേദഗതി പ്രധാനമായി ലക്ഷ്യംവച്ചത് ഇടതുപക്ഷ പ്രസിദ്ധീകരണമായ രമേഷ് ഥാപ്പറിന്റെ ക്രോസ്റോഡ്സിനെ ആയിരുന്നു. പ്രസിദ്ധ ചരിത്രകാരി റൊമീലാ ഥാപ്പറിന്റെ സഹോദരനാണ് രമേഷ് ഥാപ്പർ. ദക്ഷിണേന്ത്യയിലെ ഇടതുപക്ഷവേട്ടയെക്കുറിച്ചാണ് അന്ന് ക്രോസ്റോഡ്സ് അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്നിരുന്നത്.

പ്രധാനമന്ത്രിമാർ വർഷത്തിൽ ഒരു തവണയെങ്കിലും ദേശീയ വാർത്താസമ്മേളനം നടത്തണമെന്ന കീഴ്‌വഴക്കം നെഹ്റുവിന്റെ കാലംമുതൽ ഉണ്ടായിരുന്നു. രാജീവ് ഗാന്ധിയിൽ എത്തിയപ്പോൾ അതിന്റെ ഇടവേള മൂന്നുനാല്‌ വർഷമായി. നരേന്ദ്ര മോദി ആ കീഴ്‌വഴക്കത്തെ പടിയടച്ച്‌ പിണ്ഡംവച്ചു

കാമറ ഒന്നുകൂടി ഡൽഹിയിലേക്ക് തിരിക്കാം. എട്ടുവർഷമായിട്ട് ഒരു വാർത്താസമ്മേളനവും നടത്താത്ത ഭരണാധികാരിയാണ് ഇന്ത്യ ഭരിക്കുന്നത്. വിദേശപര്യടനത്തിന് വിമാനത്തിൽ മാധ്യമപ്രവർത്തകരെ കൊണ്ടുപോകുകയെന്ന കീഴ്‌വഴക്കംതന്നെ അദ്ദേഹം അവസാനിപ്പിച്ചു. പ്രധാനമന്ത്രിമാർ വർഷത്തിൽ ഒരു തവണയെങ്കിലും ദേശീയ വാർത്താസമ്മേളനം നടത്തണമെന്ന കീഴ്‌വഴക്കം നെഹ്റുവിന്റെ കാലംമുതൽ ഉണ്ടായിരുന്നു. രാജീവ് ഗാന്ധിയിൽ എത്തിയപ്പോൾ അതിന്റെ ഇടവേള മൂന്നുനാല്‌ വർഷമായി. നരേന്ദ്ര മോദി ആ കീഴ്‌വഴക്കത്തെ പടിയടച്ച്‌ പിണ്ഡംവച്ചു. തെരഞ്ഞെടുപ്പുസമയത്ത് അദ്ദേഹത്തിന്‌ ഇഷ്ടപ്പെട്ട പത്രാധിപരെ വിളിച്ച് അഭിമുഖം നൽകും. ചോദ്യങ്ങളൊക്കെ നേരത്തെ തീരുമാനിക്കപ്പെട്ടതാണെന്ന് അഭിമുഖം കണ്ടാലറിയാം. പാർലമെന്റിനോട് ആദരം കാട്ടണമെങ്കിൽ സമ്മേളന സമയത്ത് സഭയിൽ ഇരിക്കണം, അംഗങ്ങളെ കേൾക്കണം എന്നുപറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. മറ്റാരുമല്ല ജവാഹർലാൽ നെഹ്റു. ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി എത്ര മണിക്കൂർ രാജ്യസഭയിലും ലോക്‌സഭയിലും ചെലവഴിക്കുന്നുണ്ടെന്ന് പരിശോധിക്കുന്നത് ഉചിതമാകും. ഒരു മാസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ മൂന്നോനാലോ മണിക്കൂർ പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടായാൽ അത് വലിയ സംഭവമാണ്.

ആഴ്ചയിലൊരിക്കൽ പ്രധാനമന്ത്രിയുടെ വകുപ്പ് ചോദ്യോത്തരവേളയിൽ വരുന്നതുകൊണ്ടു മാത്രമാണ് അദ്ദേഹത്തെ മിന്നലാട്ടം പോലെയെങ്കിലും കാണാൻ അംഗങ്ങൾക്ക് അവസരം ലഭിക്കുന്നത്. പണ്ടൊക്കെ പ്രധാന വിഷയങ്ങൾ വരുമ്പോൾ പ്രധാനമന്ത്രി ഇരു സഭയെയും വിശ്വാസത്തിലെടുക്കുമായിരുന്നു. ഇന്ന് അടിയന്തരപ്രമേയംപോലും പാർലമെന്റിന്റെ പരിഗണനയ്ക്കു വരാറില്ല.
ക‍ഴിഞ്ഞദിവസം മുഖ്യമന്ത്രി പ‍ഴഞ്ചൻ ആരോപണങ്ങൾക്കുമേലുള്ള അടിയന്തരപ്രമേയത്തിന്മേലുള്ള ചർച്ചയിൽ വ്യാപൃതനായി അതിനോട് ദീർഘമായി പ്രതികരിക്കുന്നത്‌ നമ്മൾ കണ്ടു. മോദിയെയും കേരള മുഖ്യമന്ത്രിയെയും അനുചിതമായി താരതമ്യപ്പെടുത്തുന്നവർ ഇതൊന്നും കണ്ടതായി നടിക്കില്ല.

പാർലമെന്റിലെ മാധ്യമസ്വാതന്ത്ര്യം എത്രയുണ്ടെന്ന് പരിശോധിക്കുന്നതും ഉചിതമാണ്. കോവിഡിന്റെ പേരുപറഞ്ഞ് വിരലിലെണ്ണാവുന്ന മാധ്യമപ്രവർത്തകർക്ക് മാത്രമാണ് പ്രസ്ഗ്യാലറിയിൽ പ്രവേശനം. കേരളത്തിലെ ഏറ്റവും വലിയ പത്രങ്ങളുടെ പ്രതിനിധികൾക്കുപോലും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് ഗ്യാലറിയിൽ ഇരിക്കാൻ അനുമതിയുള്ളത്. തുടക്കത്തിൽ ഇത് ആഴ്ചയിൽ ഒരു ദിവസമായിരുന്നു. സ്കൂളും സിനിമാ ഹാളും മാർക്കറ്റുമൊക്കെ ഒരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുമ്പോഴാണ് മാധ്യമപ്രവർത്തകർക്ക് ഇരുമ്പുമറ തീർത്തത്. ഇതേക്കുറിച്ചൊക്കെ ‘വിലക്കും വിലങ്ങും’ എന്നൊക്കെ പറഞ്ഞ് ഏതെങ്കിലും വാർത്ത നമ്മുടെ മാധ്യമങ്ങളിൽ കണ്ടതായി ആരെങ്കിലും ഓർക്കുന്നുണ്ടോ? മന്ത്രിമാരും എംപിമാരും മുതിർന്ന മാധ്യമപ്രവർത്തകരുമൊക്കെ ഒരുമിച്ചിരുന്ന് ആശയവിനിമയം നടത്തുന്നയിടമാണ് പാർലമെന്റിന്റെ സെൻട്രൽ ഹാൾ. പണ്ടൊക്കെ പ്രധാനമന്ത്രിമാർപോലും അവിടെ വന്നിരിക്കുമായിരുന്നു. കോവിഡിന്റെ പേരിൽ സെൻട്രൽ ഹാളിലേക്ക്‌ മാധ്യമപ്രവർത്തകരുടെ പ്രവേശനം പൂർണമായും അവസാനിപ്പിച്ചു. മോദിയുടെ പുതിയ പാർലമെന്റ് കെട്ടിടത്തിൽ സെൻട്രൽ ഹാൾ എന്ന ഒരു ഏർപ്പാടുതന്നെ ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

കേരളത്തിൽ സ്ഥിരമായി വന്ന് നമ്മളെ ഉദ്ബോധിപ്പിക്കുന്ന വ്യക്തിയാണ് കേന്ദ്ര പാർലമെന്ററി സഹമന്ത്രികൂടിയായ വി മുരളീധരൻ. പാർലമെന്റിലെ വിലക്കിനെക്കുറിച്ച് അദ്ദേഹത്തോട് എപ്പോഴെങ്കിലും ചോദ്യം ഉയർത്തിയിട്ടുണ്ടോ? മന്ത്രിസഭയിലെ സഹപ്രവർത്തകന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ പ്രതിനിധികളെ വാർത്താസമ്മേളനത്തിൽനിന്ന്‌ അദ്ദേഹം ഇറക്കിവിട്ട കാര്യം നമ്മൾ എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ? പക്ഷേ, നിയമസഭയിൽ കയറുമ്പോൾ പാസ്‌ ചോദിച്ചാൽ അതു വലിയ പ്രശ്നമാണ്; വിലക്കും വിലങ്ങുമാണ്.

കേരളത്തിൽ നിലവിലുള്ള മാധ്യമസ്വാതന്ത്ര്യം അതുപോലെതന്നെയോ അതിനേക്കാൾ മഹത്തരമായോ തുടരേണ്ടതു തന്നെയാണ്. എന്നാൽ, ആരുടെ മാധ്യമ സ്വാതന്ത്ര്യമെന്ന പ്രസക്തമായ ചോദ്യം വിട്ടുകളയാൻ പാടില്ല. തങ്ങൾ പ്രയോഗിക്കുന്ന സ്വാതന്ത്ര്യം എന്തിനുവേണ്ടിയാണെന്നുകൂടി മാധ്യമപ്രവർത്തകർ തിരിച്ചറിയണം. ഒരു സ്വാതന്ത്ര്യവും ശൂന്യതയിൽ സൃഷ്ടിക്കപ്പെടുന്നതല്ല. സുപ്രീംകോടതി വിധിന്യായങ്ങൾപോലും വിമർശിക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുമ്പോൾ മാധ്യമവാർത്തകൾ തീർച്ചയായും ഓഡിറ്റിങ്ങിന്‌ വിധേയമാകും. വിമർശങ്ങളൊക്കെ വിലക്കും നിയന്ത്രണങ്ങളുമായി  വ്യാഖ്യാനിക്കപ്പെടുമ്പോ‍ഴാണ് സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം എ‍ഴുന്നുനിൽക്കുന്നത്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് ജനാധിപത്യമാണ്. അല്ലാതെ മാധ്യമാധിപത്യമല്ല. ഭരണാധികാരി വിധേയമാകേണ്ടത് ജനങ്ങളോടാണ്, അവരുടെ പ്രതിനിധികൾ അടങ്ങുന്ന നിയമനിർമാണസഭയോടാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top