12 August Friday

ദുർബല വിഭാഗത്തിനായി പോരാട്ടം

ബി വിദ്യാധരൻ കാണിUpdated: Thursday May 26, 2022

ആദിവാസി ക്ഷേമസമിതിയുടെ അഞ്ചാം സംസ്ഥാന സമ്മേളനം -വ്യാഴവും വെള്ളിയും ഇടുക്കി അടിമാലിയിൽ  നടക്കുകയാണ്. സംഘടന രൂപംകൊണ്ടിട്ട് 22 വർഷം പിന്നിട്ടു. കേരളത്തിൽ 37 ഉപജാതി വിഭാഗത്തിലായി ചിതറിക്കിടന്നിരുന്ന ആദിവാസിസമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്താൻ സംഘടനയ്‌ക്കു കഴിഞ്ഞു. കേരള ജനസംഖ്യയുടെ 1.5 ശതമാനത്തിനു താഴെയാണ് ആദിവാസിവിഭാഗം. ഇന്ന് രണ്ടേകാൽ ലക്ഷത്തിലധികം അംഗത്വമുള്ള സംഘടനയുടെ പ്രവർത്തനഫലമായി ആദിവാസികളെ അവകാശബോധമുള്ളവരും അഭിമാനബോധമുള്ളവരുമായി മാറ്റിയെടുക്കാൻ കഴിഞ്ഞു. സംഘടന ഇവരുടെ ഉന്നമനത്തിനും പുരോഗതിക്കുംവേണ്ടി നിരന്തരം പ്രവർത്തിക്കുന്നു. നാലാം സംസ്ഥാന സമ്മേളനകാലംമുതൽ എൽഡിഎഫ്‌ ഭരണമാണ്. ഈ കാലഘട്ടം ആദിവാസിമേഖലയിൽ പുത്തൻ ഉണർവായി. അതിന് തൊട്ടുമുമ്പുള്ള യുഡിഎഫ്‌ ഭരണകാലം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയുമായിരുന്നു. ആദിവാസി ക്ഷേമപ്രവർത്തനം സമസ്തമേഖലയിലും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയിരിക്കുകയായിരുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതോടെ ആദിവാസികളുടെ നല്ലകാലം പിറന്നു. ഭവനം, ഭൂമി, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ മേഖലയിൽ പ്രത്യേക പാക്കേജുകൾ കൊണ്ടുവന്നു. വർഷങ്ങളായി പണിപൂർത്തിയാക്കാതെ കിടന്ന മുഴുവൻ -വീടിന്റെയും പണി ഏറ്റെടുത്തു സമയബന്ധിതമായി പൂർത്തിയാക്കി ആദിവാസികൾക്ക് കൈമാറി. അതോടൊപ്പം പുതുതായി അനുവദിക്കുന്ന വീടുകളുടെ തുക നാലു ലക്ഷം രൂപയിൽനിന്ന് ആറു ലക്ഷമാക്കി മാറ്റി.വിദ്യാഭ്യാസാനുകൂല്യങ്ങൾ രണ്ടു ഘട്ടമായി വർധിപ്പിച്ചു. ഹോസ്റ്റലുകളിലും എംആർഎസുകളിലും  വിദ്യാർഥികളുടെ മെസ്‌ അലവൻസും പോക്കറ്റ് -മണിയും വർധിപ്പിച്ചു. ആരോഗ്യമേഖലയിൽ സർക്കാരിന്റെ പ്രത്യേക ശ്രദ്ധയും നിരീക്ഷണവും ശക്തമാക്കി. ഇതിന്റെ ഫലമായി ആദിവാസിമേഖല രോഗമുക്തമായി. ശിശുമരണം പഴങ്കഥയായി. ഈ മേഖലയിൽ സർക്കാരിന്റെ ശ്രദ്ധയും ഇടപെടലും പോഷകാഹാരവും ഉറപ്പുവരുത്തിയതിന്റെ ഗുണഫലമാണ്‌ ഇത്. കോവിഡ് മഹാമാരിയെ ആദിവാസിമേഖലയിൽ ഫലപ്രദമായി ചെറുക്കാനും കഴിഞ്ഞു.

വിദ്യാഭ്യാസമേഖലയിൽ നിലനിന്നിരുന്ന ഏറ്റവും വലിയ വെല്ലുവിളി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കായിരുന്നു. ഇതിനു കാരണം തിരിച്ചറിഞ്ഞ സർക്കാർ ഫലപ്രദമായ നടപടികൾ കൈക്കൊണ്ടു. അഭ്യസ്തവിദ്യരായ ആദിവാസി യുവതീയുവാക്കൾ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നം തൊഴിലില്ലായ്മയാണ്. എൽഡിഎഫ് സർക്കാർ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നിരവധി പദ്ധതി ആവിഷ്‌കരിച്ചു. എക്സൈസിലും പൊലീസിലും ഒഴിഞ്ഞുകിടന്ന സംവരണ തസ്തികകളിലേക്ക് പ്രത്യേക നിയമനങ്ങൾ നടത്തി. വനം വകുപ്പിൽ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കാനുള്ള നടപടി പുരോഗമിക്കുന്നു. എംബിബിഎസ് പാസായ 30 ആദിവാസി ഡോക്ടർമാർക്ക് പിഎസ്‌‌സി നിയമന ഉത്തരവുനൽകി. സംസ്ഥാനത്ത്‌ ആദ്യമായി പാലോട് ട്രൈബൽ എംപ്ലോയ്മെന്റ് കം ഗൈഡൻസ് സെന്റർ ആരംഭിച്ചു. നിരവധി എൻജിനിയറിങ്‌ ബിരുദധാരികളെ പഞ്ചായത്തുകളിൽ തൊഴിലുറപ്പുപദ്ധതികളുടെ മേൽനോട്ടത്തിനായി നിയമിച്ചു. പിഡബ്ല്യുഡിയിലും ഇറിഗേഷനിലും നിരവധിപേരെ നിയമിച്ചു. പിഎസ്‌സി മെമ്പർ  സ്ഥാനം, ഹൈക്കോടതിയിൽ ഗവ. പ്ലീഡറുടെ നിയമനം, വകുപ്പുമന്ത്രിയുടെ ഓഫീസിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിട്ടുള്ള ആദിവാസിയുടെ നിയമനം ഇങ്ങനെ എണ്ണിപ്പറയാവുന്ന കാര്യങ്ങൾ നടന്നു. ഒരു കുടുംബത്തിൽ ഒരാളിന് ജോലിയെന്നുള്ള എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം കാത്തിരിക്കുകയാണ് ആദിവാസികൾ.

കേന്ദ്ര സർക്കാർ ആദിവാസി ജനവിഭാഗത്തിന്റെ അവകാശങ്ങളും താൽപ്പര്യങ്ങളും ബലികഴിക്കുകയാണ്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണതത്വം അനുസരിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ  ലഭിച്ചുകൊണ്ടിരുന്ന നിയമനങ്ങൾ നിലച്ചു. സംവരണതത്വം അനുസരിച്ച് ജോലി ലഭിച്ചുകൊണ്ടിരുന്ന സ്ഥാപനങ്ങളും സ്വകാര്യവൽക്കരിച്ചതിന്റെ ഭാഗമായി  തൊഴിൽ ലഭ്യത അടഞ്ഞു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടികളുടെ ഭാഗമായി  തൊഴിലവസരങ്ങൾ നഷ്ടമായി.  ഇതിനെതിരെ അതിശക്തമായ ചെറുത്തുനിൽപ്പും ജീവൻമരണപോരാട്ടവും നടത്താൻ ആദിവാസികൾ തയ്യാറെടുക്കുകയാണ്.

  സംഘടന രൂപംകൊണ്ടതിനുശേഷം സംസ്ഥാനത്ത് നടത്തിയ ഭൂസമരങ്ങളിലൂടെ നിരവധി നേട്ടം കൈവരിച്ചു. ഭൂരഹിതരായ നിരവധി കുടുംബത്തിന്‌ ഒരേക്കർമുതൽ അഞ്ചേക്കർവരെ നേടിക്കൊടുക്കാൻ കഴിഞ്ഞു. ഏറ്റവുമൊടുവിലായി കഴിഞ്ഞ 19 വർഷമായി എകെഎസ് തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഭൂസമരത്തിന്റെ  ഭാഗമായി 33 കുടുംബത്തിന്‌ കൈവശഭൂമിക്ക് രേഖ നൽകാനുള്ള നടപടി പൂർത്തിയായി. തിരുവനന്തപുരം ആദിവാസി ഭൂരഹിതരില്ലാത്ത ജില്ലയായി. കേരളത്തിലെ സമസ്തമേഖലയിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ ആദിവാസികൾ സംതൃപ്തരാണ്. 2002-ൽ വയനാട്ടിലും മറ്റു ജില്ലകളിലും ആരംഭിച്ച ഭൂസമരത്തിലൂടെ ഭൂരഹിതരും നാമമാത്ര ഭൂമിയുള്ള ആയിരക്കണക്കിന് ആദിവാസികൾക്കും ഭൂമി നേടിക്കൊടുക്കാൻ കഴിഞ്ഞു. ഈ സമ്മേളനവേളയിലും ആദിവാസി ക്ഷേമസമിതിക്ക്‌ ഭാരിച്ച ഉത്തരവാദിത്വം നിലനിൽക്കുകയാണ്.ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ അവശേഷിക്കുന്ന വിഷയങ്ങൾ സമ്പൂർണമായി പരിഹരിക്കപ്പെടുമെന്ന് കേരളത്തിലെ ആദിവാസി സമൂഹം വിശ്വസിക്കുന്നു.

(ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top