02 October Monday

എം ചന്ദ്രൻ... പ്രതിസന്ധികളിൽ തളരാത്ത നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 3, 2023

പാലക്കാട്‌ ജില്ലയിൽ കമ്യൂണിസ്റ്റ്‌, തൊഴിലാളി പ്രസ്ഥാനങ്ങൾക്ക്‌ ഒരിക്കലും മറക്കാൻ കഴിയാത്ത നേതാവാണ്‌ എം ചന്ദ്രൻ. ഇടതുപക്ഷ  പ്രസ്ഥാനത്തിന്റെ വളർച്ചയിലും കെട്ടുറപ്പിലും അദ്ദേഹം വഹിച്ച പങ്ക്‌ എന്നും ഓർമിക്കപ്പെടും. ഒരു കാലഘട്ടത്തിൽ ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെയും ഈറ്റില്ലമായിരുന്ന  ജില്ലയിൽ ഒരു പ്രത്യേക ഘട്ടത്തിൽ ജനസ്വാധീനം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി. സിപിഐ എം സാൽക്കിയാ പ്ലീനത്തിൽ ഉൾപ്പെടെ ഈ പിന്നോട്ടടി സംബന്ധിച്ച്‌ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഈ സങ്കീർണഘട്ടത്തിൽ, തളരാതെ, ആത്മവിശ്വാസം ഒട്ടും ചോരാതെ, പ്രവർത്തകർക്ക്‌ ആവേശവും പ്രതീക്ഷയും നൽകി പാർടിയെയും സംഘടനയെയും നയിച്ച്‌ വളർച്ചയിലേക്ക്‌ എത്തിക്കുന്നതിൽ എം ചന്ദ്രൻ കാണിച്ച അസാമാന്യ നേതൃപാടവും എന്നും സ്‌മരിക്കപ്പെടും. എം ചന്ദ്രനോടൊപ്പം ടി ശിവദാസമേനോൻ,  എം കെ കൃഷ്‌ണൻ, പി പി കൃഷ്‌ണൻ തുടങ്ങിയ നേതാക്കളാണ്‌ അന്ന്‌ പാർടിയെ വളർച്ചയിലേക്ക്‌ നയിക്കുന്നതിൽ വലിയ ദൗത്യം ഏറ്റെടുത്തത്‌.

1980ൽ ആണ്‌ ഞാൻ ഒറ്റപ്പാലത്തുനിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കുന്നത്‌. അതിന്റെ ഭാഗമായാണ്‌ തൃത്താലയിൽ എത്തുന്നത്‌. അന്ന്‌ ആദ്യം പരിചയപ്പെട്ട നേതാവ്‌ തൃത്താലയിൽ എം ചന്ദ്രനാണ്‌. അതിനുശേഷം 43 വർഷക്കാലം പാർലമെന്ററി ജീവിതത്തിലും പൊതുജീവിതത്തിലും ചന്ദ്രനോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. പാലക്കാട്‌ ജില്ലയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എന്നനിലയിൽ വളരെ അടുത്തുപ്രവർത്തിക്കാനുള്ള നിരവധി അവസരം ലഭിച്ചു. വ്യക്തിയെന്ന നിലയിൽ അദ്ദേഹവുമായും കുടുംബവുമായുള്ള അടുപ്പം ഒരിക്കലും മറക്കാനാകില്ല. ജില്ലയിൽ തൊഴിലാളി പ്രസ്ഥാനവും കർഷക പ്രസ്ഥാനവും ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവാണ്‌. കർഷകസംഘത്തിന്റെ  ഭാരവാഹിയായിരുന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി പദവിയിലുമെത്തി. സിപിഐ എമ്മിന്റെ വളർച്ചയ്‌ക്ക്‌ മുന്നിൽനിന്ന്‌ പ്രവർത്തിക്കുന്നതിനൊപ്പം മറ്റു ബഹുജന സംഘടനകളെയും  ശക്തിപ്പെടുത്തുന്നതിനും ചന്ദ്രൻ നടത്തിയ സേവനം നിസ്‌തുലമാണ്‌.

1980ൽ ആണ്‌ അദ്ദേഹം തൃത്താല ഏരിയ സെക്രട്ടറിയാകുന്നത്‌. അന്ന്‌ തൃത്താല സംഘടനാപരമായി അത്ര മെച്ചപ്പെട്ടതായിരുന്നില്ല. തൃത്താലയിൽ പാർടി കെട്ടിപ്പടുക്കുന്നതിന്‌ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. തൃത്താലയിൽ അതിമനോഹരമായ ഏരിയ കമ്മിറ്റി ഓഫീസ്‌ പണിയുന്നതിന്‌ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറിയായശേഷം അന്ന്‌ സംസ്ഥാനത്ത്‌ ഏറെ ശ്രദ്ധിക്കപ്പെടുന്ന ജില്ലാ കമ്മിറ്റി ഓഫീസ്‌ 13 ലക്ഷം രൂപ ചെലവിട്ട്‌ നിർമിച്ചു. അതിനുമുമ്പ്‌ അസൗകര്യങ്ങൾ നിറഞ്ഞതും സ്ഥലപരിമിതിയും ഉള്ളതായിരുന്നു. അവിടെ ഏറെക്കാലം ഞങ്ങൾ ഒരുമിച്ച്‌ കഞ്ഞിയും കുടിച്ച്‌ താമസിച്ചു. പ്രവർത്തിക്കുന്ന മേഖലകളിൽ മൗലികത നിലനിർത്തി കൃത്യനിഷ്‌ഠയോടെ പാർടിയെ ചലിപ്പിക്കുന്നതിലും തീരുമാനങ്ങൾ നടപ്പാക്കുന്നതിലും കർശന സമീപനമാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. അതുവഴി പാർടിയെയും ബഹുജന സംഘടനകളെയും  ശക്തിപ്പെടുത്തുന്നതിന്‌ എം ചന്ദ്രൻ വഹിച്ച പങ്ക്‌ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ നിർണായകമാണ്‌.

എൽഡിഎഫ്‌ മുന്നണിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിനും ട്രേഡ്‌ യൂണിയൻ നേതാവ്‌ എന്ന നിലയിൽ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ പരിഹരിക്കുന്നതിലും അദ്ദേഹം കാർക്കശ്യം കണിച്ചു. ചുമട്ടുതൊഴിലാളികൾക്ക്‌ കൂലി വർധനയ്‌ക്കും അവരെ സംഘടനാപരമായി ഒരുമിപ്പിക്കുന്നതിലും അസാമാന്യപാടവം കാണിച്ചു. ഏറ്റവും കൂടുതൽ കർഷകരുള്ള മണ്ഡലമാണ്‌ ആലത്തൂർ. നിയമസഭാ സാമാജികനായിരിക്കെ  കർഷകരുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ എം ചന്ദ്രൻ എന്നും ബദ്ധശ്രദ്ധനായിരുന്നു. അതോടൊപ്പം വ്യവസായ, ട്രേഡ്‌ യൂണിയൻ പ്രശ്‌നങ്ങളും നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം ജാഗ്രത കാട്ടി. ഇത്ര പെട്ടെന്നുള്ള വിയോഗം അക്ഷരാർഥത്തിൽ നഷ്ടംതന്നെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top