26 April Friday

‘മോദി ഭാരത’ത്തിലെ 
അരക്ഷിതർ - ഐഷി ഘോഷ്‌ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

നാനാമേഖലയിലും സർവനാശം വിതച്ച്‌ അധികാരഹുങ്കുമായി പത്താം വർഷത്തിലേക്ക്‌ കടക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ വിദ്യാഭ്യാസമേഖലയിലെ പരിഷ്‌കാരങ്ങൾ ചരിത്രം വളച്ചൊടിച്ചും തിരസ്കരിച്ചും വരുംതലമുറയുടെ മനസ്സിൽ വർഗീയവിഷം കുത്തിവയ്‌ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌. മോദി ഭരണത്തിൻ കീഴിൽ രാജ്യത്തെ വിദ്യാഭ്യാസമേഖലയിലെ തെറ്റായ ഇടപെടലുകളെക്കുറിച്ചും സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ദേശാഭിമാനിയോട്‌ സംസാരിക്കുകയാണ്‌ ഡൽഹി ജെഎൻയു സർവകലാശാലയിലെ സ്റ്റുഡന്റ്‌ യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌. തയ്യാറാക്കിയത്‌: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ സുജിത്‌ ബേബി

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ ഏതുവിധത്തിലാണ്‌ വിദ്യാർഥിസമൂഹം നിരീക്ഷിക്കുന്നത്‌

ഏതുമേഖലയിലും കുത്തകവൽക്കരണവും നവ ഉദാര സാമ്പത്തിക നയങ്ങളും കൂടുതൽ ശക്തമായി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ്‌ നരേന്ദ്ര മോദി സർക്കാർ നടത്തുന്നത്‌. വിദ്യാഭ്യാസ മേഖലയും ഇതിൽനിന്ന്‌ ഒഴിഞ്ഞു നിൽക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുന്നു. വിദ്യാഭ്യാസമേഖലയ്‌ക്ക്‌ ആവശ്യമായ ഫണ്ട്‌ ചെലവഴിക്കാനും മോദി സർക്കാർ തയ്യാറാകുന്നില്ല. രണ്ടാമതും അധികാരത്തിലെത്തിയതിനു പിന്നാലെ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ മുൻഗണനയെന്തെന്ന്‌ വ്യക്തമാക്കുന്നതാണ്‌. അത്‌ പൊതുവിദ്യാഭ്യാസത്തിനല്ല പ്രാധാന്യം നൽകുന്നത്‌. എല്ലാവർക്കും വിദ്യാഭ്യാസമെന്ന ആശയത്തിന്‌ തിരിച്ചടിയാകുമിത്‌. സർക്കാർ ഫണ്ട്‌ കുറയുന്നതോടെ സാധാരണക്കാർ വിദ്യാഭ്യാസ വായ്‌പകളെ ആശ്രയിക്കേണ്ടി വരും. അത്‌ അവരെ കടക്കെണിയിലേക്ക്‌ തള്ളിവിടും. കുത്തകവൽക്കരണം നടപ്പാക്കിയും വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരുകൾക്കുള്ള അവകാശങ്ങൾ കവർന്നെടുത്തും ഫെഡറൽ സംവിധാനങ്ങൾ തകർക്കുകയാണ്‌. വിദ്യാർഥികൾ എന്ത്‌ ഭക്ഷണം കഴിക്കണമെന്നുപോലും നിശ്ചയിച്ച്‌ പൂർണമായും ബ്രാഹ്മണവൽക്കരണമാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്‌.

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തിലെ പോരായ്‌മകൾ എന്തെല്ലാമാണെന്നാണ്‌ കാണുന്നത്‌

2019ൽ വിദ്യാഭ്യാസ നയത്തിന്റെ കരട്‌ പ്രസിദ്ധീകരിച്ചപ്പോൾത്തന്നെ അതിലെ പോരായ്‌മകൾ എസ്‌എഫ്ഐ ചൂണ്ടിക്കാട്ടിയതാണ്‌. കാതലായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ല എന്നതാണ്‌ പ്രധാന പോരായ്‌മ. ഇന്ത്യയിലെ പാർശ്വവൽകൃത പ്രദേശങ്ങളിൽ വളരെ കുറച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ്‌ ഇപ്പോഴുമുള്ളത്‌. അതുകൊണ്ടുതന്നെ കുട്ടികൾ സ്കൂളുകളിലേക്കെത്തുന്നത്‌ നിരുത്സാഹപ്പെടുത്തുകയാണ്‌. വിദ്യാർഥികൾ സംഘടിക്കുന്നതിന്‌ പുതിയ വിദ്യാഭ്യാസ നയം എതിരാണ്‌. ഭിന്നശേഷിക്കാരുടെയും ഭിന്നലിംഗക്കാരുടെയും പ്രശ്‌നങ്ങളും ഇവിടെ അഭിമുഖീകരിക്കപ്പെടുന്നില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനനിവാര്യമായ പുരോഗമന, ജനാധിപത്യ, ശാസ്ത്രീയ ചിന്താഗതികളെല്ലാം നിരാകരിക്കപ്പെടുന്നു.

പുതിയ വിദ്യാഭ്യാസ നയം ഏതു വിധത്തിലാകും വിദ്യാർഥികളെയും വരുംതലമുറയെയും സ്വാധീനിക്കാൻ പോകുന്നത്‌

സിലബസ്‌ മാറ്റത്തിലൂടെ യുവതലമുറയുടെ ചിന്താഗതി മാറ്റിമറിക്കാനുള്ള നിരന്തര ശ്രമമാണ്‌ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്‌. സവർക്കറെ പാഠപുസ്‌തകങ്ങളിലേക്ക്‌ തിരുകി കയറ്റുമ്പോൾ അംബേദ്‌കറും മുഗൾ രാജവംശവും ഒഴിവാക്കപ്പെടുകയാണ്‌. വർഗീയ, വിഭജന രാഷ്ട്രീയത്തിന്റെ പാതയിൽ വരുംതലമുറയുടെ ചിന്തകളെ മാറ്റിയെടുക്കുകയെന്നതാണ്‌ സംഘപരിവാർ അജൻഡ. ചെറുപ്പത്തിലേ ചിന്താശേഷിയെ തട്ടിയെടുത്ത്‌ വിദ്വേഷ രാഷ്ട്രീയം പടർത്താനുള്ള നീക്കങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.

വിദ്വേഷരാഷ്ട്രീയം തലച്ചോറിൽ നിറയ്‌ക്കുന്നതിന്റെ ഭാഗമായല്ലേ ചില സിനിമകൾപോലും ഈ കാലഘട്ടത്തിൽ നിർമിക്കപ്പെടുന്നത്‌

മുസ്ലിം വിഭാഗക്കാർ രണ്ടാം തരം പൗരന്മാരാണെന്ന്‌ വരുത്തിത്തീർക്കാനുള്ള ശ്രമമാണ്‌ ആർഎസ്‌എസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്‌ട്രമാണെന്ന ബോധ്യമുള്ളവർ അതിനെ എതിർക്കാൻ തയ്യാറാകുന്നുണ്ട്‌. വരുംതലമുറയിൽനിന്ന്‌ ആ എതിർപ്പും ഒഴിവാകണമെന്ന ആഗ്രഹത്തിലാണ്‌ സംഘപരിവാർ  ഇത്തരം സിനിമകൾ നിർമിക്കുന്നത്‌. തെറ്റായ വസ്തുതകൾ ചരിത്രമായി അവതരിപ്പിക്കാനാണ്‌ നീക്കം. ലൗജിഹാദടക്കം പ്രചരിപ്പിച്ച്‌ വിദ്വേഷം കുത്തിനിറയ്‌ക്കുന്നത്‌ ഇതിന്റെ ഭാഗമാണ്‌.

രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയല്ലേ ഇത്തരം പ്രചാരണങ്ങൾക്ക്‌ നേതൃത്വം നൽകുന്നതിന്റെ മുൻനിരയിലുള്ളത്‌

കർണാടക തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കേരള സ്റ്റോറി ഒരു രാഷ്ട്രീയ വിഷയമായി ഉയർത്തിയിരുന്നു. വാട്ടർ മെട്രോയടക്കമുള്ള പദ്ധതികളുടെ ഉദ്‌ഘാടനത്തിന്‌ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക്‌ അതേക്കുറിച്ചൊന്നും പറയാനുണ്ടായില്ല. തിരിച്ചുപോയശേഷം വീണ്ടും കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള പരിശ്രമം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി. രാജ്യത്തിന്റെ പലയിടത്തും ഉപജീവനംപോലും പ്രയാസത്തിലാണ്‌. ഉന്നാവ്‌, കത്വയടക്കം സ്ത്രീ സമൂഹം നേരിടുന്ന അരക്ഷിതാവസ്ഥ തുറന്നുകാണിക്കുന്ന വിഷയങ്ങളാണ്‌. സ്ത്രീസുരക്ഷയിലും മതനിരപേക്ഷ കാഴ്‌ചപ്പാടുയർത്തിപ്പിടിക്കുന്നതിലും കേരളം ഇന്ത്യക്ക്‌ മാതൃകയാകുകയാണ്‌. ഒരു ബദൽ രാഷ്ട്രീയമാണ്‌ കേരളം മുന്നോട്ടുവയ്‌ക്കുന്നത്‌.  ഇതാണ്‌ സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നത്‌.

നവകേരള സങ്കൽപ്പവും മോദിയുടെ പുതിയ ഭാരതവും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു

പുതിയ ഭാരതമെന്ന മുദ്രാവാക്യമാണ്‌ ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്‌. ആ ഇന്ത്യയിൽ വിദ്യാർഥികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്‌. പാർശ്വവൽകൃത സമൂഹങ്ങൾക്കും സ്ത്രീകൾക്കും അവിടെ സ്ഥാനമില്ല. ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്ന നവകേരളം ‘മോദി ഇന്ത്യ’ക്ക്‌ ബദലാണ്‌. മെച്ചപ്പെട്ട ശമ്പളവും തൊഴിലവസരങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തിലുണ്ട്‌. പുതിയ സാങ്കേതിക വിദ്യകളിലൂടെയുള്ള സേവനങ്ങൾ ഉറപ്പാക്കിയും മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾക്കായി പരിശ്രമിച്ചും വിനോദ സഞ്ചാരമേഖലയെ പരിപോഷിപ്പിച്ചും പുതിയൊരു മുഖമാണ്‌ കേരളം സമ്മാനിക്കുന്നത്‌. ഈ ചിത്രം രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലുള്ളവർ മനസ്സിലാക്കിയാൽ തങ്ങൾക്ക്‌ പ്രയാസമുണ്ടാകുമെന്ന ചിന്തയിൽനിന്നാണ്‌ കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള പരിശ്രമം ഉടലെടുക്കുന്നത്‌.

രാജ്യത്തിന്റെ അധികാര ചിഹ്നമായി ചെങ്കോൽ മാറുമ്പോൾ വനിതയായ രാഷ്ട്രപതി പോലും മാറ്റി നിർത്തപ്പെട്ടില്ലേ

നാടുവാഴിത്തത്തിന്റെയും രാജാധികാര കൈമാറ്റത്തിന്റെയും പ്രതീകമാണ്‌ ചെങ്കോൽ.  ജനാധിപത്യത്തിൽ ചെങ്കോലിന്‌ സ്ഥാനമില്ല. എല്ലാവർക്കും തുല്യ അവകാശമുള്ളൊരു രാജ്യത്ത്‌ നാടുവാഴിത്ത, സ്വേച്ഛാധികാര സമ്പ്രദായം തിരികെയെത്തിക്കാനുള്ള ശ്രമം നടക്കുന്നുവെന്നുവേണം മനസ്സിലാക്കാൻ. പാർലമെന്റ്‌ ഉദ്‌ഘാടനച്ചടങ്ങ്‌ ആകെ കാവിമയമാക്കി. മതന്യൂനപക്ഷങ്ങൾക്ക്‌ എവിടെയും സ്ഥാനമുണ്ടായിരുന്നില്ല.
ദളിത്‌ വിഭാഗത്തിൽനിന്നുള്ള രാഷ്ട്രപതി ചടങ്ങുകളിൽനിന്ന്‌  മാറ്റി നിർത്തപ്പെടുന്നത്‌ ഇതാദ്യമല്ല. മുൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ പല ചടങ്ങുകളിലേക്കും ക്ഷണിക്കപ്പെട്ടിരുന്നില്ല. ആദിവാസി വിഭാഗത്തിൽനിന്നുള്ള വനിത എന്നതാണ് സംഘപരിവാർ ദ്രൗപദി മുർമുവിൽ കണ്ട അയോഗ്യത. ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു മുഖം മാത്രമാണ്‌ ആർഎസ്‌എസിന്‌ ആദിവാസി വിഭാഗത്തിൽനിന്നുള്ള വനിതാ രാഷ്ട്രപതി.

പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനം നടക്കുന്ന വേളയിൽ തലസ്ഥാന നഗരിയിലെ തെരുവുകളിൽ വനിതാ താരങ്ങൾ വലിച്ചിഴയ്‌ക്കപ്പെടുകയായിരുന്നല്ലോ

പ്രതിപക്ഷത്തിരുന്നപ്പോൾ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച്‌ സ്മൃതി ഇറാനിയും നിർമല സീതാരാമനടക്കമുള്ളവർ വാചാലരായിരുന്നു. കത്വ, ഉന്നാവ്‌, ഹാഥ്‌രസ്‌ തുടങ്ങിയ സംഭവങ്ങളുണ്ടായപ്പോൾ അധികാരസ്ഥാനത്തുള്ള ഇവർ മൗനത്തിലായി.  രാജ്യത്തിന്‌ അഭിമാനമായ ഗുസ്തി താരങ്ങൾ ഒരു മാസത്തിലധികമായി ജന്തർമന്ദറിൽ സമരം ചെയ്യുന്നു. അവരെ ഗൗനിക്കാനോ പ്രശ്‌നപരിഹാരത്തിനോ ബിജെപി തയ്യാറാകുന്നില്ല. ഇരകളെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ളവർ കുറ്റവാളികളെ കുടചൂടിക്കുകയാണ്‌.

പ്രതിഷേധിക്കുന്നവരെയെല്ലാം തല്ലിച്ചതയ്‌ക്കുകയെന്ന ഫാസിസ്റ്റ്‌ രീതിയാണ്‌ ഡൽഹിയിൽ. അഭിപ്രായ വ്യത്യാസമുയർത്തി സമരരംഗത്തെത്തുന്ന വിദ്യാർഥികളെയും ചെറുപ്പക്കാരെയും തൊഴിലാളികളെയും കർഷകരെയുമെല്ലാം പൊലീസും സംഘപരിവാറും തല്ലിച്ചതയ്‌ക്കുകയാണ്‌. അതിനെയെല്ലാം അതിജീവിച്ചാണ്‌ രാജ്യത്ത്‌ പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്നത്‌. കർഷക സമരം തുടങ്ങിയ ഘട്ടത്തിൽ അതിനോട്‌ ക്രിയാത്മകമായി പ്രതികരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. പിന്നീട്‌ സമരം അതിരൂക്ഷമായതോടെയാണ്‌ കേന്ദ്രം പിന്നാക്കം പോകാൻ നിർബന്ധിതമായത്‌. ഇത്തരത്തിൽ മോദി സർക്കാരിനെ മുട്ടുകുത്തിക്കാൻ പ്രാപ്‌തമായ സമരങ്ങളാണിപ്പോൾ രാജ്യത്തുയരുന്നത്‌.

ഇന്ത്യയിലെ കർഷകരും തൊഴിലാളികളും യുവാക്കളും കായിക താരങ്ങളുമെല്ലാം പ്രതിഷേധത്തിന്റെ പാതയിലാണ്‌. വർഗീയ നിലപാടുകളുമായി മുന്നോട്ട്‌ പോകുന്ന മോദി സർക്കാരിനെതിരായ പോരാട്ടത്തിൽ വിദ്യാർഥികൾ നിർവഹിക്കേണ്ട കടമയെന്താണ്‌

പരസ്പരം കൈകോർത്തുള്ള പ്രക്ഷോഭമാണ്‌ രാജ്യം ഇന്നാവശ്യപ്പെടുന്നത്‌. സമൂഹത്തിന്റെ മറ്റ്‌ കോണുകളിൽനിന്നുള്ള പ്രക്ഷോഭകരോട്‌ ഐക്യപ്പെട്ട്‌, വിനാശകരമായ നയങ്ങൾ തുടരുന്ന വർഗീയ ശക്തികൾക്കെതിരെ പോരാടുകയെന്ന സുപ്രധാനമായ കടമയാണ്‌ ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർഥികൾക്ക്‌ നിർവഹിക്കാനുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top