01 February Wednesday

കർഷകവിരുദ്ധ കേന്ദ്രനയം തിരുത്തിക്കും

വത്സൻ പനോളിUpdated: Wednesday Oct 19, 2022

കേരള കർഷക സംഘത്തിന്റെ 27–-ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ചേരുമ്പോൾ ഇന്ത്യൻ കാർഷികമേഖല നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. ഇന്ത്യയിലെയും കേരളത്തിലെയും കർഷകർ നേരിടുന്ന സുപ്രധാന വിഷയങ്ങൾ ചർച്ചചെയ്ത് കർഷക പോരാട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും കാർഷിക മേഖലയിൽ ഇടപെട്ട് കർഷകന്റെ  ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്താനുമുള്ള തീരുമാനങ്ങൾ സമ്മേളനത്തിൽ ഉണ്ടാകും.

മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിച്ച് അധികാരത്തിലേറിയ മോദി സർക്കാർ രാജ്യത്തിന്റെ കാർഷിക മേഖലയും പൊതുസ്വത്തുക്കളും കോർപറേറ്റുകൾക്ക് അടിയറ വയ്‌ക്കുകയാണ്. ഇന്ത്യ സ്വതന്ത്രമാകുന്ന ഘട്ടത്തിൽ ജനസംഖ്യ 50 കോടിയും ഭക്ഷ്യധാന്യങ്ങളുടെ ആകെ ഉൽപ്പാദനം 50 മില്യൺ ടണ്ണുമായിരുന്നു. ഇന്ന് ജനസംഖ്യ 140 കോടിയിലെത്തുമ്പോൾ ഭക്ഷ്യോൽപ്പാദനവും 314 മില്യൺ ടണ്ണായി ഉയർന്നു. ഇത് ഇന്ത്യയിലെ കർഷകരുടെ അശ്രാന്തപരിശ്രമ ഫലമാണെന്നു കാണാൻ കേന്ദ്രഭരണക്കാർക്ക്‌  കഴിയുന്നില്ല. ഇപ്പോഴും കർഷകരെ ദ്രോഹിക്കുകയും കോർപറേറ്റുകളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന നയമാണ് തുടരുന്നത്.

കേന്ദ്രസർക്കാർ മൂന്ന്‌ കർഷക ദ്രോഹനിയമം കൊണ്ടുവന്നപ്പോൾ അതിനെ ചെറുക്കാൻ അഞ്ഞൂറിലധികം കർഷകസംഘടനകളെ അണിനിരത്തി സംയുക്ത കിസാൻ മോർച്ച രൂപീകരിച്ചു. ഒരു വർഷം നീണ്ടുനിന്ന ഐതിഹാസിക സമരത്തിന്‌ നേതൃത്വം നൽകി. ആ സമരത്തെ അടിച്ചമർത്താൻ എന്തെല്ലാം പരിശ്രമങ്ങൾ നടത്തി? എത്രമാത്രം നുണകൾ പ്രചരിപ്പിച്ചു. എന്നിട്ടും മോദിക്ക് മുട്ടുമടക്കേണ്ടിവന്നു. എഴുന്നൂറോളം കർഷകരുടെ ജീവൻ നൽകി വിജയിപ്പിച്ച ആ സമരം ഒത്തുതീർപ്പാക്കുന്നതിനുവേണ്ടി രേഖാമൂലം നൽകിയ ഉറപ്പുകൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ബിജെപിയുടെ ഈ വഞ്ചനയ്‌ക്കെതിരെ രാജ്യത്തെ കർഷകരെയൊന്നടങ്കം അണിനിരത്തി പോരാടിയെങ്കിൽമാത്രമേ ഇന്ത്യയിൽ കർഷകന് നിലനിൽപ്പുള്ളൂ. അതാണ് ദേശീയസാഹചര്യത്തിൽ അഖിലേന്ത്യ കിസാൻ സഭയുടെ ഉത്തരവാദിത്വം. ഡൽഹിയെ വിറപ്പിച്ച കർഷക സമരത്തിൽ കേരളത്തിൽനിന്ന് ആയിരത്തിലധികം കർഷകർ പങ്കാളികളായി. സമരത്തിന് കരുത്തു പകരാൻ കേരളം ആളും അർഥവും നൽകി സഹായിച്ചു.

കൃഷി മാത്രമല്ല, കന്നുകാലി വളർത്തലും കോഴിവളർത്തലുമെല്ലാം ഉപജീവനമാർഗമായി കഴിയുന്ന കർഷകരെയും മോദിസർക്കാർ വെറുതെ വിടുന്നില്ല. ക്ഷീരോൽപ്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം ഇതാണ് വ്യക്തമാക്കുന്നത്. ഇന്ത്യയിലാകെ ഒമ്പത്‌ കോടിയിലധികം ക്ഷീരകർഷകരാണുള്ളത്. ഇവരിൽ ഭൂരിഭാഗവും രണ്ടോ നാലോ കന്നുകാലികളുള്ള ചെറുകിട നാമമാത്ര കർഷകരാണ്.  ലോകത്തെ ഏറ്റവും വലിയ പാലുൽപ്പാദക രാജ്യമായ ഇന്ത്യയിലാണ് ലോകത്താകെയുള്ള പാലുൽപ്പാദനത്തിന്റെ 22 ശതമാനവും.  കർഷകരിൽ ഭൂരിപക്ഷവും പ്രാദേശികമായി വിപണനം നടത്തി ഉപജീവനം നടത്തുന്നവരും സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരുമാണ്. അവരുടെ കഞ്ഞിയിൽ പാറ്റയിടുന്ന തീരുമാനമാണ് പാലുൽപ്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം. ഇതിനെതിരെ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ ഒപ്പുശേഖരിച്ച് കേന്ദ്രസർക്കാരിന് നിവേദനം നൽകുകയും അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ജൂലൈ 27ന്  പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുകയും ചെയ്‌തു.

ഇങ്ങനെ കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള നിരന്തരസമര മുഖത്താണ് അഖിലേന്ത്യ കിസാൻസഭയും കേരള കർഷക സംഘവും. എൽഡിഎഫ് സർക്കാരിന്റെ നവകേരള പ്രഖ്യാപനത്തിലെ കാർഷികമേഖലയിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതു സംബന്ധിച്ചാകും വെള്ളിയാഴ്‌ചവരെ കോട്ടയത്ത് ചേരുന്ന സംസ്ഥാന സമ്മേളനം ചർച്ച ചെയ്യുക. കാർഷക ക്ഷേമത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള പദ്ധതികളാണാവശ്യം.  ഉൽപ്പാദനം, സംഭരണം, സംസ്കരണം, വിതരണം എന്നീ മേഖലയിൽ ക്രിയാത്മകമായി സംഘം ഇടപെടുന്നുണ്ട്. ഇതിനായി കർഷക കൂട്ടായ്മകളും ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനെെസേഷനും കമ്പനികളും രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്. ഇത് കൂടുതൽ വിപുലമാക്കുന്നതു സംബന്ധിച്ച് സമ്മേളനം ചർച്ചചെയ്യും.

കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള ഭൂവിസ്തൃതി കൊച്ചു കേരളത്തിനില്ല എന്നത് യാഥാർഥ്യമാണ്. എന്നിരുന്നാലും ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ടഠമായ മണ്ണും ജലലഭ്യതയും അറിവും വിദ്യാഭ്യാസവുമുള്ള ജനതയും എന്നത് നമ്മുടെമാത്രം നേട്ടങ്ങളാണ്. അവ ഫലപ്രദമായി ഉപയോഗിക്കാനായാൽ കാർഷികരംഗത്ത് വമ്പിച്ച കുതിച്ചുചാട്ടം സാധ്യമാണ്. കാർഷികോൽപ്പന്നങ്ങൾ സംഭരിച്ച്‌ സൂക്ഷിക്കുന്നതിനും ആവശ്യമുള്ളിടത്ത്‌ കേടുകൂടാതെ എത്തിക്കുന്നതിനുമായി കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഈ ദിശയിലുള്ള പ്രവർത്തനങ്ങളിൽ കൃഷി, വ്യവസായം, സഹകരണം, തദ്ദേശഭരണം എന്നീ വകുപ്പുകളുടെ ഏകോപനവും സഹകരണവും അത്യന്താപേക്ഷിതമാണ്. പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് സംസ്ഥാനം എത്തണം.  ബിജെപി സർക്കാരിന്റെ കോർപറേറ്റ് മുതലാളിത്ത വികസനനയങ്ങൾക്കുള്ള ഇടതുപക്ഷ ബദൽ സമീപനത്തിലൂടെ മാത്രമേ കാർഷിക കേരളത്തെ സംരക്ഷിച്ചുകൊണ്ടുള്ള നവകേരളം സൃഷ്ടിക്കാനാകൂ.

കൊല്ലത്ത് ചേർന്ന 26–-ാം സംസ്ഥാന സമ്മേളനശേഷമുള്ള 32 മാസത്തെ പ്രവർത്തനങ്ങളാണ് കോട്ടയം സമ്മേളനത്തിൽ വിലയിരുത്തുന്നത്. ഇക്കാലയളവിൽ സംഘം നിരവധിയായ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. അവയെല്ലാം സൂക്ഷ്‌മമായി പരിശോധിച്ച് കാലഘട്ടം ആവശ്യപ്പെടുന്ന കടമ ഏറ്റെടുക്കാൻ സംഘത്തെ പ്രാപ്തമാക്കുന്ന തീരുമാനങ്ങൾ കോട്ടയം സമ്മേളനത്തിൽ ഉണ്ടാകുമെന്നുറപ്പാണ്.

(കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top