25 April Thursday

അഗ്നിപഥ്‌ വിനാശകരമായ പദ്ധതി : പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

സായുധ സേനയിലേക്കുള്ള സൈനിക റിക്രൂട്ട്‌മെന്റിന്റെ നിലവിലുള്ള രീതിയിൽ അടിസ്ഥാനപരമായ വ്യതിയാനം വരുത്തുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ യുവാക്കളിൽനിന്നും എല്ലാ വിഭാഗത്തിലുംപ്പെട്ട വിമുക്തഭടന്മാരിൽനിന്നും വ്യാപകമായ എതിർപ്പാണ്‌ ഉയരുന്നത്‌. ശക്തമായ എതിർപ്പ് അവഗണിച്ച്, പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിയുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്‌. സായുധ സേനയിൽനിന്ന്‌ വിരമിച്ച വിവിധതലങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രതിരോധ നിരീക്ഷകരും പദ്ധതിയോടുള്ള എതിർപ്പ്‌ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ‘അഗ്നിവീരന്മാർ' എന്ന് ഗംഭീരമായി പേരിട്ടെങ്കിലും, ഇതിന്റെ വിനാശകരമായ സ്വഭാവം മനസ്സിലാക്കിയത് മുഖ്യമായും ഗ്രാമീണ മേഖലയിലെ യുവാക്കളായിരുന്നു എന്നതാണ്‌ ഏറെ പ്രധാനം. സൈന്യത്തിൽ ഹ്രസ്വകാല കരാർ സമ്പ്രദായം കൊണ്ടുവരുന്നത്‌ സൈനികരുടെ ഗുണനിലവാരത്തെയും പോരാട്ടവീര്യത്തെയും ബാധിക്കുമെന്നാണ്‌ പ്രധാന വാദം. നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ 25 ശതമാനം പേരെമാത്രം സ്ഥിരപ്പെടുത്താൻ തെരഞ്ഞെടുക്കുന്നതിലെ അന്തർലീനമായ വിവേചനം, നാല് വർഷത്തിനുശേഷം സേവനം അവസാനിപ്പിക്കുന്നവരുടെ ഭാവി അനിശ്‌ചിതത്വത്തിലേക്ക്‌ തള്ളിവിടുന്നതും വികലമായ പദ്ധതിയുടെ പ്രധാനപ്പെട്ട വിമർശമാണ്.

എന്നാൽ, അഗ്നിപഥ് പദ്ധതിക്കും ആഴമേറിയ ഒരു മറുവശം കൂടിയുണ്ട്‌. ഇത്‌ സായുധ സേനയെയും രാജ്യത്തെയും സമൂഹത്തെയും കൂടുതൽ അപകടകരമാക്കും. ഇന്ത്യൻ ഭരണകൂടത്തെയും അതിന്റെ സ്ഥാപനങ്ങളെയും ഹിന്ദുത്വ പ്രതിച്ഛായയിൽ പുനർരൂപകൽപ്പന ചെയ്യാനുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ് അഗ്നിപഥിനെ കാണേണ്ടത്. ഭരണകൂടത്തിന്റെ മറ്റ് ആയുധങ്ങളെപ്പോലെതന്നെ, ഹിന്ദുത്വത്തിൽ ഉറച്ചുനിൽക്കുന്ന ഭരണാധികാരികൾ സായുധ സേനയെയും അവരുടെ പ്രത്യയശാസ്ത്ര വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കാൻ പോകുന്നു. ഓരോ വർഷവും ആയുധപരിശീലനം നേടിയ പതിനായിരക്കണക്കിന് സൈനികർ സമൂഹത്തിൽ എത്തുന്നത് ഹിന്ദു സമൂഹത്തെ സൈനികവൽക്കരിക്കുകയെന്ന സവർക്കറുടെ ലക്ഷ്യം പൂർത്തീകരിക്കാനേ സഹായിക്കുകയുള്ളൂ. ഇതോടൊപ്പം, സംയുക്ത സേനാ മേധാവി (സിഡിഎസ്) നിയമനത്തിന്റെ മാനദണ്ഡങ്ങൾ വിപുലീകരിച്ചതിലൂടെ സായുധസേനയുടെ ഉന്നത നേതൃത്വത്തെ കൂടുതൽ രാഷ്ട്രീയവൽക്കരിക്കുന്നതിനുള്ള വഴി തുറന്നിരിക്കുന്നു. ‘അഗ്നിവീരന്മാർ' എങ്ങനെ പരിശീലിപ്പിക്കപ്പെടുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. "ദേശീയ വികാരങ്ങളുള്ള ഈ യുവാക്കളിൽ (അഗ്നിവീരന്മാർ) നിയമം അനുസരിക്കുന്ന ഏറ്റവും മികച്ച പൗരന്മാരെ നിങ്ങൾ കണ്ടെത്തും, ദേശീയ താൽപ്പര്യം സംരക്ഷിക്കുകയും ചെയ്യും...’ എന്നാണ്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അവകാശപ്പെട്ടത്‌. ഹിന്ദുത്വ ദേശീയതയാണോ ഈ യുവാക്കളിൽ കുത്തിവയ്ക്കപ്പെടുക?

സായുധസേനയിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ പ്രതിഷേധവും സംഘർഷവും കലാപത്തിലേക്ക്‌ നീങ്ങിയപ്പോൾ അഗ്നിവീരന്മാർക്ക്‌ കേന്ദ്ര സായുധ പൊലീസ് സേനകളിലും പ്രതിരോധ ഉൽപ്പാദന യൂണിറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഉറപ്പാക്കുമെന്ന്‌ സർക്കാർ തിടുക്കത്തിൽ പ്രഖ്യാപിച്ചു. മറ്റ് വിവിധ സർക്കാർ മന്ത്രാലയങ്ങളും സമാനമായ വാഗ്ദാനങ്ങൾ നൽകി. എന്നിരുന്നാലും, ഇതൊന്നും നിരാശരായ യുവാക്കളുടെ പ്രതിഷേധത്തെ തണുപ്പിക്കില്ല. ഇത്തരം വാഗ്‌ദാനങ്ങളുടെ വിധിയെന്താണെന്ന്‌ മുൻ സൈനികർക്കൊപ്പം യുവാക്കൾക്കും അറിയാം. നിലവിൽ വിമുക്തഭടന്മാർക്ക് കേന്ദ്രസർക്കാർ വകുപ്പുകളിലെ ഗ്രൂപ്പ് സിയിൽ 10 ശതമാനവും ഗ്രൂപ്പ് ഡിയിൽ 20 ശതമാനവും സംവരണം ഉണ്ട്‌. പ്രതിരോധ മന്ത്രാലയത്തിലെ വിമുക്ത ഭടന്മാരുടെ ക്ഷേമവകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ, ഈ ക്വോട്ട പ്രകാരമുള്ള നിയമനം നൽകിയിട്ടില്ല. 77 വകുപ്പിലെ 34ൽ ഗ്രൂപ്പ് സിയിലെ മൊത്തം തസ്‌തികയുടെ 1.29 ശതമാനവും ഗ്രൂപ്പ് ഡിയിൽ 2.66 ശതമാനവും മാത്രമാണ് വിമുക്തഭടന്മാരുള്ളത്‌. കേന്ദ്ര അർധസൈനിക സേനയിൽ വിമുക്തഭടന്മാർക്ക്‌ 10 ശതമാനം സംവരണം നിലവിലുണ്ടെങ്കിലും പൂർണമായും നൽകിയിട്ടില്ല. 2019 ജൂൺ 30 വരെയുള്ള കണക്കുപ്രകാരം വിമുക്തഭടന്മാർക്ക് ഗ്രൂപ്പ് സിയിൽ 0.47 ശതമാനവും ഗ്രൂപ്പ് ബിയിൽ 0.87 ശതമാനവും ഗ്രൂപ്പ് എയിൽ 2.20 ശതമാനവും മാത്രമാണ്‌ നിയമനം നൽകിയത്‌. സർക്കാർ വകുപ്പുകളുടെ ഈ മോശം റെക്കോഡ് നിലനിൽക്കെ, അഗ്നിവീരന്മാർക്ക് സ്വകാര്യമേഖലയിൽ ശോഭനമായ ഭാവി ഉണ്ടെന്ന അവകാശവാദത്തിൽനിന്ന്‌ സർക്കാരിന് പിന്നോട്ട് പോകേണ്ടിവന്നു. സായുധ സേനയിൽനിന്ന് വിരമിക്കുന്ന അഗ്നിവീർമാരെ ജോലിക്കെടുക്കാൻ 85 മുൻനിര ഇന്ത്യൻ കമ്പനിയെ സർക്കാർ സമീപിച്ചു.


 

സർക്കാർ ഇടപെടലിനെത്തുടർന്ന്‌ കോർപറേറ്റ്‌ തലവന്മാർ അഗ്നിപഥ് പദ്ധതിയെ പ്രശംസിച്ചു. ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര, ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക, ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൽ തുടങ്ങി നിരവധി പേർ അഗ്നിപഥ് പദ്ധതിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രസ്താവന ഇറക്കി. അത്തരം പ്രസ്താവനകളിൽ സവിശേഷമായത്‌ ആനന്ദ് മഹീന്ദ്രയുടേതായിരുന്നു: “അഗ്നിവീരന്മാർ നേടുന്ന അച്ചടക്കവും വൈദഗ്ധ്യവും അവരെ മികച്ച തൊഴിൽ യോഗ്യരാക്കും. പരിശീലനം ലഭിച്ച, കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു’’. ഹിന്ദുത്വ, -കോർപറേറ്റ്‌ കൂട്ടുകെട്ട്‌ യോജിച്ച്‌ പ്രവർത്തിക്കുന്നതിന്റെ ഒരു ഉദാഹരണമാണിത്‌. ഈ പദ്ധതിയെ കോർപറേറ്റ് മേഖല വാഴ്‌ത്തുന്ന രീതിയിൽ, ഇപ്പോൾ വൻകിട വ്യവസായങ്ങളിലെ ജോലികൾക്കുള്ള പരിശീലന സ്‌കൂളുകളായി സൈന്യത്തെ മാറ്റിയിരിക്കുന്നു. കോർപറേറ്റുകൾ നൽകുന്ന നിയമനം തുച്ഛമാണെന്ന യാഥാർഥ്യം ആയിരക്കണക്കിന് വിമുക്തഭടന്മാർക്കും വിരമിച്ച ഉദ്യോഗസ്ഥർക്കും അറിയാവുന്നതാണ്‌.

അഗ്നിപഥ് പദ്ധതിക്കുവേണ്ടി കോർപറേറ്റ് മേഖല നൽകുന്ന പിന്തുണയുടെ കാരണം മറ്റെവിടെയോ ആണ്. പ്രതിരോധ ഉൽപ്പാദന വ്യവസായമേഖല സ്വകാര്യ മേഖലയ്‌ക്ക്‌ തുറന്നുകൊടുത്തതോടെ, ടാറ്റയും മഹീന്ദ്രയുംപോലുള്ള വൻകിട വ്യവസായ സ്ഥാപനങ്ങളാണ് പ്രതിരോധ ഉൽപ്പാദന പദ്ധതികളിലേക്ക് പ്രവേശിക്കുന്നത്. കരാർ സൈനികരെ ഉൾപ്പെടുത്തി സായുധസേനയുടെ പുനർക്രമീകരണം നടത്തിയാൽ നിരായുധരായ വലിയൊരു വിഭാഗം സൈനികരുടെ ലഭ്യത ഭാവിയിൽ അവരുടെ താൽപ്പര്യങ്ങൾ നിറവേറ്റും.  സായുധസേനയുടെ പുനർക്രമീകരണത്തിലും പ്രതിരോധ സംരംഭങ്ങളുടെ സ്വകാര്യവൽക്കരണത്തിലും കോർപറേറ്റുകൾക്ക് പങ്കാളിത്തമുണ്ടെങ്കിൽ, ജോലി ലഭിക്കാത്തതിലും സമൂഹത്തിലെ പദവി നഷ്‌ടപ്പെടുന്നതിലും നിരാശ പ്രകടിപ്പിക്കുന്ന നിരവധി സൈനികരെ തങ്ങൾക്ക്‌ അണിനിരത്താൻ സാധിക്കുമോ എന്നാണ്‌ ഹിന്ദുത്വ ശക്തികൾ നോക്കുന്നത്‌. ബിജെപി ഓഫീസിന്റെ സുരക്ഷയ്ക്കായി ഒരാളെ നിയമിക്കേണ്ടിവന്നാൽ അഗ്നിവീരന്മാർക്ക് മുൻഗണന നൽകുമെന്ന ബിജെപി നേതാവ് കൈലാഷ് വിജയ വർഗ്യയുടെ പരാമർശം ഒന്നുകൂടി എടുത്തു പറഞ്ഞാൽ മതി. ബജ്റംഗദളിലേക്കും ഹിന്ദുത്വ ബ്രിഗേഡിലേക്കും അവരെ റിക്രൂട്ട് ചെയ്യുന്നതിനും ഇതേ മുൻഗണന നൽകും. അഗ്നിപഥ് പദ്ധതി ഇന്ത്യൻ ഭരണകൂടത്തിന്റെ സുപ്രധാന സ്ഥാപനമായ സായുധസേനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഇത് എതിർക്കപ്പെടേണ്ടതും പ്രതിഷേധിക്കേണ്ടതും പിൻവലിക്കേണ്ടതുമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top