09 August Tuesday

അഗ്‌നിവീറും തൊഴിലില്ലായ്‌മയും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് സ്‌കീമിന്റെ പശ്ചാത്തലത്തിൽ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വലിയ പ്രതിഷേധങ്ങളാണ് രാജ്യത്താകമാനം നടക്കുന്നത്. സേനകളിലെ സ്ഥിരനിയമനം നിർത്തി പകരം കരാർ അടിസ്ഥാനത്തിൽ താൽക്കാലികക്കാരെ റിക്രൂട്ടുചെയ്യാൻ ഉദ്ദേശിച്ചുള്ള അഗ്നിപഥ് സ്‌കീമിന്‌ എതിരെ മാത്രമല്ല ഈ  രോഷവും പ്രതിഷേധവും. മൂന്നു പതിറ്റാണ്ടായി  രാജ്യത്ത് നടപ്പാക്കുന്ന നിയോലിബറൽ സാമ്പത്തികനയങ്ങൾ കൂടുതൽ ശക്തിയോടെ തുടരുന്ന മോദി ഭരണത്തിൻ കീഴിൽ, അനുദിനം കൂടിവരുന്ന തൊഴിലില്ലായ്‌മയാൽ പൊറുതിമുട്ടിയ ഇന്ത്യൻ യുവതയുടെ രോഷപ്രകടനംകൂടിയാണിത്‌.

സർക്കാരിന്റെ തന്നെ പീരിയോഡിക് ലേബർ സർവേ പ്രകാരമുള്ള കണക്കുകൾ അനുസരിച്ച് 17നും -59നും ഇടയിൽ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ 2011-–-12ൽ  3.5  ശതമാനമായിരുന്നെങ്കിൽ അഞ്ചു വർഷത്തെ മോദിഭരണം കഴിഞ്ഞ്‌ 2018-–-19ൽ എത്തുമ്പോൾ 8.8 ശതമാനമായി വർധിച്ചു. മഹാമാരിക്കു മുമ്പുള്ള വർഷത്തെ കണക്കുപറയാൻ കാരണം തൊഴിലില്ലായ്‌മ പ്രശ്‌നം കോവിഡിനു മുമ്പുതന്നെ ഭീകരമായിരുന്നുവെന്നു സൂചിപ്പിക്കാനാണ്. മഹാമാരിയും അത് നേരിടുന്നതിൽ കേന്ദ്രം കാണിച്ച കെടുകാര്യസ്ഥതയും  പ്രശ്‌നത്തെ കൂടുതൽ രൂക്ഷമാക്കി.

രാജ്യത്തെ തൊഴിലില്ലായ്‌മയുടെ ആഴം മനസ്സിലാക്കാൻ പീരിയോഡിക് ലേബർ സർവേയുടെ കണക്കുകൾ അപര്യാപ്‌തമാണ്. പ്രതിവർഷം കുറഞ്ഞത് 30 ദിവസമെങ്കിലും തൊഴിൽ ലഭ്യമായവരെല്ലാം ഈ കണക്കെടുപ്പിൽ തൊഴിലുള്ളവരാണ്. കേവലം 30 ദിവസംമാത്രം തൊഴിലുള്ള ഒരാൾക്ക് കുടുംബച്ചെലവ് പോയിട്ട് വ്യക്തിപരമായ ഭക്ഷണ ആവശ്യംതന്നെ നിറവേറ്റാൻ കഴിയില്ല.  പ്രഭാത്‌ പട്നായിക്കിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ രാജ്യത്തെ ജനങ്ങളുടെ പ്രതിശീർഷ ഭക്ഷ്യധാന്യ ഉപഭോഗത്തിന്റെ കണക്ക്  ഏറെക്കുറെ തൊഴിലില്ലായ്‌മയുമായി ബന്ധപ്പെട്ട കൃത്യമായ സൂചനകൾ നൽകുമെന്നാണ്. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം കുറയുന്ന സ്ഥിതി ഇല്ലാത്തതിനാൽ പ്രതിശീർഷ ഭക്ഷ്യധാന്യ ഉപഭോഗം കുറയുന്നുവെന്നത് സാധാരണ ജനങ്ങളുടെ വാങ്ങൽ ശേഷി കുറയുന്നതിന്റെ അടയാളമാണ്.  നവ ലിബറൽ സാമ്പത്തികനയങ്ങൾ ആരംഭിക്കുന്നതിന്‌ തൊട്ടുമുമ്പുള്ള 1989-–-91ലെ ശരാശരി വാർഷിക പ്രതിശീർഷ ഭക്ഷ്യധാന്യ ഉപഭോഗമെന്നത് 180.2 കിലോ ആയിരുന്നു. എന്നാൽ, മഹാമാരിക്ക് തൊട്ടുമുമ്പുള്ള 2016-–-18ൽ ഇത് 178.7 ആയി കുറഞ്ഞു. നേരത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇപ്പോൾ ബിജെപിയും തുടരുന്ന സാമ്പത്തികനയങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതത്തെ എത്രമാത്രം പ്രതികൂലമായാണ് ബാധിക്കുന്നത് എന്നതിന്റെ തെളിവുകളാണ്‌ ഇത്.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ റെയിൽവേ റിക്രൂട്ട്‌മെന്റ്‌ (ബോർഡ്‌സ്‌ നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറീസ്‌) പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ ആളിപ്പടർന്ന സമരം നാം കണ്ടതാണ്. ഏറ്റവും ഞെട്ടിക്കുന്ന വസ്തുത ലെവൽ രണ്ടുമുതൽ ലെവൽ ആറുവരെയുള്ള തസ്തികകളിലെ 35,000 ഒഴിവിലേക്കായി റെയിൽവേ ബോർഡ് 2020-–-21ൽ നടത്തിയ പരീക്ഷയ്ക്ക് അപേക്ഷിച്ചത് 1.25 കോടി പേരാണ്. റെയിൽ മന്ത്രിയായിരുന്ന പീയൂഷ് ഗോയൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്‌  നാലു ലക്ഷം ഒഴിവ്‌ രണ്ടു വർഷംകൊണ്ട് നികത്തുമെന്നു പറഞ്ഞിരുന്നു. ഇതിനായി അപേക്ഷിച്ച 2.42 കോടി അപേക്ഷകരിൽനിന്ന്‌ പരീക്ഷാ ഫീസായി 1200 കോടി രൂപയോളം സമാഹരിച്ചു. എന്നാൽ, കാര്യമായി നിയമനം  നടത്താതെ ഉദ്യോഗാർഥികളെ കബളിപ്പിച്ചു.  മേൽപ്പറഞ്ഞ കണക്കുകൾ മാത്രംമതി രാജ്യത്തെ തൊഴിലില്ലായ്മ എത്രത്തോളം സങ്കീർണമാണെന്ന്‌ വ്യക്തമാകാൻ.  

രാജ്യസഭയിലെ ചോദ്യത്തിന് 2021 ൽ സർക്കാർ നൽകിയിട്ടുള്ള മറുപടി പ്രകാരം ഡിഫൻസ് (സിവിൽ), ആഭ്യന്തരം, പോസ്റ്റൽ, റെയിൽവേ, റവന്യൂ  എന്നീ സുപ്രധാന വകുപ്പുകളിൽ 10 ലക്ഷത്തിലേറെ ഒഴിവുണ്ട്. ഇതിനു പുറമേയുള്ള മറ്റു വകുപ്പെല്ലാം ചേർത്ത് കേന്ദ്ര സർക്കാരിന്റെ കീഴിൽമാത്രം 30 ലക്ഷത്തിലധികം തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇത് നികത്താനുള്ള ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്നുമില്ല. 2018നും 2022നും ഇടയിൽ രാജ്യത്ത് തൊഴിലില്ലായ്മ കാരണം 25,231 യുവജനങ്ങൾ ആത്മഹത്യ ചെയ്‌തെന്നാണ് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്‌. സിഎംഐഇയുടെ കണക്കുപ്രകാരം 2022 ജൂണിൽ ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനവും നഗരമേഖലയിൽ 7.8 ശതമാനവുമാണ്. ഗ്രാമ നഗര വ്യത്യാസമില്ലാതെയുള്ള തൊഴിൽ പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കാനുള്ള ഏതാനും ചില കണക്ക്‌ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഇതാണ് സ്ഥിതി എന്നിരിക്കെ രാജ്യം നേരിടുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതിയൊന്നും ആവിഷ്‌കരിച്ച് നടപ്പാക്കുന്നില്ലെന്നു മാത്രമല്ല, റെയിൽവേയും സൈന്യവും ഉൾപ്പെടെയുള്ള മേഖലകളിൽപ്പോലും സ്വകാര്യവൽക്കരണം നടപ്പാക്കി നിലവിലുള്ള തൊഴിൽ സാധ്യതകൾ കൂടി ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. 17നും 59നും ഇടയിൽ പ്രായമുള്ള തൊഴിൽശേഷിയുള്ളവരുടെ (demographic dividend)വർധിച്ച എണ്ണം സാമ്പത്തിക വളർച്ചയ്ക്കുള്ള വലിയൊരു സാധ്യതയാണ് രാജ്യത്തിനു നൽകിയിട്ടുള്ളത്. എന്നാൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ ഈ അധ്വാനശേഷി പാഴാക്കിക്കളയുകയാണ് കേന്ദ്രം ചെയ്യുന്നത്.

അടുത്ത 18 മാസംകൊണ്ട് 10 ലക്ഷം റിക്രൂട്ട്മെന്റുകൾ നടത്തുമെന്ന് കേന്ദ്ര സർക്കാരിന്റെ വാർഷികാഘോഷവേളയിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതല്ലെങ്കിൽപ്പോലും സേനാവിഭാഗങ്ങളിലും സിവിലിയൻ തസ്തികകളിലും നിലവിലുള്ള ഒഴിവുകളെങ്കിലും നികത്താൻ കേന്ദ്ര സർക്കാർ തയ്യാറായേക്കുമെന്ന തോന്നൽ ഈ പ്രഖ്യാപനം ഉളവാക്കിയിരുന്നു. രാജ്യത്താകെ നിരവധി യുവാക്കളാണ് സേനകളിൽ തൊഴിലിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. കരസേനയിലെ ജവാൻ, ക്ലർക്ക് തുടങ്ങിയ തസ്തികകളിലെ ഫിസിക്കൽ ടെസ്റ്റ്‌ പാസായ നിരവധി ചെറുപ്പക്കാർ കോവിഡ് കാരണം മാറ്റിവച്ച എഴുത്തുപരീക്ഷയ്ക്കായി കേരളത്തിലുൾപ്പെടെ തയ്യാറെടുപ്പ് നടത്തുകയാണ്. ആ സമയത്താണ് സേനകളിലെ സ്ഥിരം നിയമനംതന്നെ അവസാനിപ്പിക്കുന്ന പ്രഖ്യാപനം വരുന്നത്. ഇത് തൊഴിലില്ലായ്മകൊണ്ട് പൊറുതിമുട്ടി കത്തിപ്പടരാൻ നിന്ന യുവജന രോഷത്തിന് തീപ്പൊരി പകർന്നെന്ന് മാത്രം.

പ്രതിഷേധത്തിനു മുന്നിൽ പകച്ചുപോയ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളിലൊന്ന് പൊതുമേഖലാ സ്ഥാപനങ്ങളിൽ 10 ശതമാനം സംവരണം നൽകുമെന്നാണ്. എൽഐസി ഉൾപ്പെടെ രാജ്യത്തിന്റെ അഭിമാനമായിരുന്ന പൊതുമേഖലയെ ഒന്നൊന്നായി സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുന്ന  സർക്കാരാണ് ഈ പൊള്ളയായ വാഗ്ദാനം രാജ്യത്തെ യുവാക്കൾക്ക് നൽകുന്നത്. പൊതുമേഖലാ സ്വകാര്യവൽക്കരണമാണ് തൊഴിലില്ലായ്മ ഇത്രയും രൂക്ഷമാക്കാൻ കാരണം. വികലമായ സാമ്പത്തികനയം തിരുത്താതെയും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാതെയും ഈ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല.

അതുകൊണ്ടുതന്നെ കേവലം അഗ്നിപഥ് സ്കീമിനോടുള്ള പ്രതികരണം മാത്രമല്ല, ഇപ്പോൾ ഉയർന്നുവരുന്ന പ്രതിഷേധത്തിന്റെ പിന്നിൽ. തൊഴിലില്ലായ്മകൊണ്ട് വലഞ്ഞ ഇന്ത്യൻ യുവത്വത്തിന്റെ രോഷാഗ്നി ആളിക്കത്താൻ അഗ്നിപഥ്  വെടിമരുന്ന് പകർന്നുവെന്ന് മാത്രമേയുള്ളൂ. അതിനാൽത്തന്നെ ഈ പ്രക്ഷോഭം ഇന്ത്യൻ യുവതയുടെ ജീവിതം ദുസ്സഹമാക്കിയ നിയോ ലിബറൽ സാമ്പത്തികനയത്തിന്റെ തായ്‌വേര് അറുക്കുംവിധത്തിൽ കൂടുതൽ ശക്തിപ്പെടേണ്ടതും വ്യാപിക്കേണ്ടതുമുണ്ട്.
(ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top