25 April Thursday

സൈന്യമാണ്... പരീക്ഷണമരുത്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

അഗ്നിപഥ് മുന്നോട്ടുവച്ചപ്പോൾ, മറ്റേതൊരു പദ്ധതിപോലെയും തങ്ങളുടെ അജൻഡയ്ക്കും  ഇച്ഛയ്ക്കും അനുസരിച്ച്‌ എളുപ്പത്തിൽ നടപ്പാക്കാമെന്ന കേന്ദ്ര സർക്കാരിന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ് ഓരോ നിമിഷവും ശക്തിപ്രാപിക്കുന്ന പ്രക്ഷോഭങ്ങൾ. പദ്ധതികളിൽ കൂടുതൽ മാറ്റംവരുത്തിയും പ്രക്ഷോഭങ്ങൾ നടത്തുന്ന യുവാക്കളെ സേനയിലേക്ക് പരിഗണിക്കില്ലെന്നു പറഞ്ഞു ഭയപ്പെടുത്തിയുമാണ്‌ കേന്ദ്ര സർക്കാർ  മുന്നോട്ടുപോകുന്നത്. സേനയിലേക്കുള്ള  പരീക്ഷയ്ക്ക് വർഷങ്ങൾ നീണ്ട കാത്തിരിപ്പിലായിരുന്ന ഉദ്യോഗാർഥികളോട് അവർ ഇനി എന്തുചെയ്യണമെന്ന ചോദ്യത്തിന് ഇത് നടപ്പാക്കാൻ വെമ്പുന്നവർക്ക് ഉത്തരമില്ല.

അഗ്നിപഥ്‌ എന്ത്?
പദ്ധതിയെ ചുരുക്കത്തിൽ ഇങ്ങനെ നിർവചിക്കാം. പതിനേഴരക്കും ഇരുപത്തൊന്നിനും ഇടയിൽ പ്രായമുള്ളവരെ തെരഞ്ഞെടുത്ത്‌ നാലുവർഷം വിദഗ്ധ പരിശീലനം നൽകി ‘അഗ്നിവീർ' എന്ന പദവി നൽകുന്നു. ഈ നാലുവർഷം മാസം 30,000 രൂപമുതൽ 40,000 വരെ ശമ്പളം കൊടുക്കുകയും 25 ശതമാനം ആൾക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്യും. ബാക്കി 75 ശതമാനംപേർ നാലുവർഷം കഴിഞ്ഞു പിരിഞ്ഞുപോകുമ്പോൾ 11 ലക്ഷംമുതൽ 12 ലക്ഷംവരെ നൽകും. ഒപ്പം മറ്റൊരു ഓഫർകൂടെയുണ്ട്. മേൽപ്പറഞ്ഞ 75 ശതമാനം അഗ്നിവീരന്മാർക്ക്‌ ബിഎസ്എഫ്/സിആർപിഎഫ്/പൊലീസ് അടക്കമുള്ള ജോലികളിൽ മുൻഗണന ലഭിക്കുമത്രേ. ചെറുപ്പക്കാരുടെ ഏറ്റവും ഊർജ്വസ്വലമായ പ്രായം, നാലുവർഷം ആർമിയിൽ സേവനമനുഷ്ഠിച്ച്‌ ദേശസ്നേഹം വളർത്താം, പിരിയുമ്പോൾ അതായത് 21–-ാം വയസ്സിൽ 11 ലക്ഷം രൂപ,  മറ്റുള്ളവർ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്ന പ്രായത്തിനും ഒരുവർഷംമുമ്പ് ഇവർക്ക്പൈസ വാങ്ങി പിരിയാം.  ഉന്നതപഠനം ലക്ഷ്യമില്ലാത്ത, കായികമായ തൊഴിലുകൾ ലക്ഷ്യംവയ്‌ക്കാത്ത ഒരു ടീനേജർക്ക്‌ കമിഴ്‌ന്നടിച്ചുവീഴാൻ ഇതിനേക്കാൾ വലിയ ഓഫറിന്റെ ആവശ്യമില്ല.

ആദ്യം ജവാൻ പിന്നെ കിസാനും

ഭൂപ്രകൃതിയും സാമൂഹ്യാവസ്ഥയും പരിശോധിക്കുമ്പോൾ നമ്മുടെ രാജ്യത്തെ താങ്ങിനിർത്തുന്നതുതന്നെ കർഷകരും വിവിധ സേനാംഗങ്ങളുമാണ്. രാജ്യത്തിന്റെ ഏറ്റവും അടിസ്ഥാനമായ മുദ്രാവാക്യം ജയ് ജവാൻ, ജയ് കിസാൻ പോലും പൊള്ളയാകുന്ന സ്ഥിതിവിശേഷത്തിലാണ് നിയമത്തിലൂടെയും  അഗ്നിപഥ്‌ പദ്ധതിയിലൂടെയും കേന്ദ്രം എത്തിക്കുന്നത്. കർഷകദ്രോഹനടപടികൾ തേനിൽ ചാലിച്ചുകൊണ്ട് നടപ്പാക്കാൻ തുനിഞ്ഞപ്പോൾ കാലിൽ ചേറും, കുറഞ്ഞ കാര്യഗൗരവമുള്ളവരുമെന്ന് തെറ്റിദ്ധരിച്ച കർഷകർ ഒന്നടങ്കം സർക്കാരിനെ അക്ഷരാർഥത്തിൽ മുട്ടുകുത്തിച്ചു. ലാഭം ഏറെ ഉണ്ടാകുമെന്നും  ജീവിതം മാറുമെന്നും പറഞ്ഞാണ് കർഷകരുടെ വികാരത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചതെങ്കിൽ ദേശസ്നേഹമെന്ന വികാരംകൊണ്ടാണ് യുവതയെ കൈയിലെടുക്കാൻ  ശ്രമിക്കുന്നത്.

എന്നാൽ, ദേശസ്നേഹമെന്ന വികാരത്തിനപ്പുറം നിലനിൽപ്പെന്ന സങ്കൽപ്പം കൂടെയുണ്ടെന്ന് വിസ്‌മരിച്ചുകൂടാ. രാജ്യത്തിനായി ജീവൻ പോലും പണയംവയ്ക്കുമ്പോഴും തന്റെ കുടുംബത്തിന് സർക്കാർ ഉണ്ടെന്ന ആത്മവിശ്വാസമാണ് അവരെ യഥാർഥ പോരാളികളാക്കി മാറ്റുന്നത്. സ്വന്തമായി ഒരു തീരുമാനമെടുക്കാൻ പോലും പാകമാകാത്ത മനസ്സുമായി എത്തുന്ന കുട്ടികളിൽ നാലുവർഷംകൊണ്ട് ആയുധമെടുക്കാനും ശത്രുക്കളെ തുരത്താനുമുള്ള പ്രാഗത്ഭ്യമുണ്ടാക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, ദേശസ്നേഹം ഉണ്ടാക്കിയെടുക്കാൻ ആ സമയം പോരാതെവരും. സേനയിലെ ദീർഘനാളത്തെ അനുഭവങ്ങളാണ് ഓരോരുത്തരെയും യഥാർഥ ദേശസ്നേഹം വളർത്തി ഉത്തമ സൈനികനായി മാറ്റുന്നത്. അത്തരത്തിൽ ആയുധം കൈകാര്യം ചെയ്യുന്നയാളായി മാത്രം, സർക്കാർ ചെറിയൊരു തുക മാത്രം നൽകി പുറത്തേക്കുവിടുന്ന സൈനികൻ സമൂഹത്തിന്റെ കണ്ണിൽപ്പോലും ‘എക്സ്സർവീസ്‌മാൻ' മാത്രമാണ്.

കരുത്താകേണ്ട ആത്മബന്ധം

സേനയിൽ വിവിധ റാങ്ക്‌ തമ്മിൽ വലുപ്പച്ചെറുപ്പമുള്ളവർപോലും അവർ തമ്മിലുള്ള ആത്മബന്ധം വളരെ വലുതാണ്. ആ ആത്മബന്ധമാണ്  രാജ്യസ്നേഹത്തിന്റെ പോലും അടിത്തറയായി വിലയിരുത്തപ്പെടുന്നത്. കമാൻഡ് ചെയ്യുന്നവരും അത് അനുസരിക്കുന്നവരും തമ്മിലുള്ള ആത്മബന്ധം വർഷങ്ങൾ കൊണ്ടുള്ള അടുപ്പത്തിൽനിന്നും ഉണ്ടാകുന്നതാണ്. വർഷങ്ങളായി തുടർന്നുപോകുന്ന ഈ ഓഫീസർ–-ജവാൻ ബന്ധമാണ് ഇന്ത്യയെ സംബന്ധിച്ച് ലോകത്തെത്തന്നെ മികച്ച സൈന്യമാക്കി മാറ്റുന്നത്. എന്നാൽ, വെറും നാലുകൊല്ലംകൊണ്ട് ഈ ആത്മബന്ധം എങ്ങനെ സാധ്യമാകുമെന്നത് ചോദ്യചിഹ്നമാണ്.

പ്രതിഷേധങ്ങൾക്ക് രാജ്യത്ത് വിലക്കാണ്. ഒന്നിനെയും ചോദ്യംചെയ്യാൻ ആർക്കും അവകാശമില്ലാത്ത അവസ്ഥ. അഗ്നിപഥ്‌ പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ സർക്കാർ നേരിട്ടത് ജനാധിപത്യരീതിയിലല്ല.  നാലുവർഷം പൂർത്തിയാകുമ്പോൾ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന അളവുകോലിൽ പിന്നാക്കം പോകുന്നവർ പെൻഷനും മാറ്റാനുകൂല്യങ്ങളുമില്ലാതെ  അലയേണ്ടിവരും. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ പരീക്ഷണപദ്ധതിപോലെ ചെയ്യേണ്ട ഒന്നല്ല സൈന്യവുമായി ബന്ധപ്പെട്ടവ. പാർലമെന്റിൽ കൃത്യമായി ചർച്ച ചെയ്യുകയോ, പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. എന്തിന്, ഇതുമായി ബന്ധപ്പെട്ട പഠനമൊന്നും നടത്തിയിട്ടില്ല. അഥവാ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ആ കമ്മിറ്റിയിൽ സേനയുമായി ബന്ധപ്പെട്ട മുതിർന്ന ഒരുദ്യോഗസ്ഥനും ഭാഗഭാക്കായിട്ടുമില്ല.

എന്നാൽ, സൈന്യവുമായും നാടിന്റെ സ്വത്തായ യുവതയുമായും ബന്ധപ്പെട്ട കാര്യങ്ങൾക്കാണ്‌ എന്നാകുമ്പോൾ ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. രാജ്യസുരക്ഷ ഏറെ പ്രാധാന്യമർഹിക്കുന്നു. അതിൽ ഇത്തരം ലാഘവത്തോടെയുള്ള പരീക്ഷണങ്ങൾ തീർച്ചയായും പാടില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ ആണ് ബിജെപിയുടെ കരുത്ത്‌. എന്നാൽ, ഈ പദ്ധതിക്കെതിരെ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പ്രക്ഷോഭങ്ങളേറെയും ആ സംസ്ഥാനങ്ങളിൽ തന്നെയാണെന്നത് പദ്ധതി തുടക്കം തന്നെ പാളിയെന്നതിന്റെ തെളിവാണ്. ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ അഗ്‌നിപഥ്‌ നടപ്പാക്കാൻ തന്നെയാണ് കേന്ദ്ര തീരുമാനമെങ്കിൽ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യയിലെ യുവജനങ്ങൾക്ക് കരുത്തുണ്ട്.  കർഷകസമരത്തിന്റെ തനിയാവർത്തനമാകും ഉണ്ടാകുകയെന്ന കാര്യത്തിൽ സംശയമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top