03 December Friday

കെഎഎസ് യാഥാർഥ്യമാകുമ്പോൾ - അഡ്വ. എം കെ സക്കീർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

ആറു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് യാഥാർഥ്യമാകുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്പെഷ്യൽ റൂൾസ് നിലവിൽ വന്നതിനുശേഷം 2019 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് കെഎഎസ്  ജൂനിയർ ടൈം സ്കെയിൽ ട്രെയിനിയുടെ ആദ്യവിജ്ഞാപനം പിഎസ്‌സി പുറപ്പെടുവിച്ചത്.  തുടർന്ന്, നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ദിവസം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലേക്ക് നയിച്ചത്. 2020 നവംബർ ഒന്നിനുതന്നെ കെഎഎസ് നിലവിൽ വരാനുള്ള പ്രവർത്തനങ്ങൾ  നടത്തിയെങ്കിലും  മഹാമാരിയെത്തുടർന്നുള്ള നിയന്ത്രണങ്ങൾ  നടപടികളെ ബാധിച്ചു. എങ്കിലും കടുത്തനിയന്ത്രണങ്ങൾക്കിടയിലും ഓഫീസ് പൂർണ തോതിൽ പ്രവർത്തിച്ചാണ്  പരീക്ഷ, മൂല്യനിർണയം, അഭിമുഖം എന്നിവ പൂർത്തിയാക്കിയത്.

കേരള സംസ്ഥാനം രൂപീകൃതമായതിനുശേഷം നാല്‌ ഭരണപരിഷ്കാര കമീഷനാണ് നിലവിൽ വന്നിട്ടുള്ളത്. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം ഭരണപരിഷ്കാര കമീഷൻ (1957), ഹൈദരാബാദ് മുൻ മുഖ്യമന്ത്രി എം കെ വെള്ളോടി, ഐസിഎസിന്റെ നേതൃത്വത്തിലുള്ള രണ്ടാം ഭരണപരിഷ്കാര കമീഷൻ (1965), ഇ കെ നായനാർ അധ്യക്ഷനായ മൂന്നാം ഭരണപരിഷ്കാര കമീഷൻ (1997), വി എസ് അച്യുതാനന്ദൻ അധ്യക്ഷനായ നാലാം ഭരണപരിഷ്കാര കമീഷൻ (2016).  ഈ കമീഷനുകളുടെയെല്ലാം റിപ്പോർട്ടുകളിൽ സർക്കാർ പദ്ധതികൾ കാര്യക്ഷമമായും ജനക്ഷേമത്തിലൂന്നിയും നടപ്പാക്കുന്നതിന് ഭരണനിർവഹണ സംവിധാനത്തിൽ പരിഷ്കരണം നിർദേശിച്ചിരുന്നു.  മൂന്നാംകമീഷന്റെ റിപ്പോർട്ടിൽ സെക്രട്ടറിയറ്റിലടക്കം വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയും അതിനനുസൃതമായുള്ള പ്രത്യേക സിവിൽ സർവീസിന്റെ ആവശ്യകതയും എടുത്തുപറഞ്ഞിരുന്നു. ഉദ്യോഗസ്ഥ ശ്രേണിബന്ധത്തിൽ ശ്രമകരമായ അഴിച്ചുപണി വേണ്ടിവരുമെന്നതിനാൽ ആ നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞില്ല. എന്നാൽ, 2016 മുതൽ കെഎഎസ്  രൂപീകരണം സംബന്ധിച്ച ചർച്ചകൾ സജീവമായി. സർക്കാർതലത്തിലും ജീവനക്കാരുടെ സംഘടനകളുമായും നിരന്തര ചർച്ചകൾ നടന്നു.

ഭരണനിർവഹണം കാര്യക്ഷമമാക്കാൻ സാങ്കേതിക മികവും വിഷയനൈപുണ്യവുമുള്ള പുതിയ തലമുറ ഉദ്യോഗസ്ഥരെ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യമാണ് കെഎഎസിനുള്ളത്.  പദ്ധതി നിർവഹണം കൂടുതൽ സൃഷ്ടിപരമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും വിദഗ്ധ പരിശീലനം ആർജിച്ച പ്രൊഫഷണലുകൾ സർക്കാർ സംവിധാനത്തിന്റെ മധ്യതലത്തിൽ നിയോഗിക്കപ്പെടാൻ പോകുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കെഎഎസിലേക്ക് ആദ്യ നിയമനശുപാർശ ചെയ്യാനാണ് പിഎസ്‌സി തീരുമാനിച്ചിട്ടുള്ളത്. ജൂനിയർ ടൈം സ്കെയിലിൽ ഉൾപ്പെട്ട മൂന്ന് സ്ട്രീമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

സ്ട്രീം 1: 21 –-32 പ്രായപരിധിയിലുള്ള ബിരുദധാരികൾക്കായുള്ള നേരിട്ടുള്ള നിയമനം.

സ്ട്രീം 2: കേരള സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിലെ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള (അപ്രൂവ്‌ഡ്‌ പ്രൊബേഷനേഴ്‌സ്‌) അല്ലെങ്കിൽ സ്ഥിരാംഗങ്ങളായ (ഫുൾ മെമ്പർ) ബിരുദധാരികളായ 40 വയസിനുള്ളിലെ   ജീവനക്കാരിൽനിന്ന്‌ നേരിട്ടുള്ള നിയമനം.

സ്ട്രീം 3: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് വിശേഷാൽ ചട്ടം ഷെഡ്യൂൾ ഒന്നിൽ പരാമർശിച്ചിട്ടുള്ള സർക്കാർ വകുപ്പുകളിൽ ഗസറ്റഡ് തസ്തികയിൽ ഉദ്യോഗം വഹിക്കുന്നവരോ ഷെഡ്യൂൾ ഒന്നിൽ പരാമർശിച്ചിട്ടുള്ള പൊതു കാറ്റഗറികളിലെ തത്തുല്യ തസ്തികകളിലുള്ളവരോ ആയ ബിരുദധാരികളായ 50 വയസ്സ്‌ പരിധിയിലുള്ളവരിൽനിന്ന് നേരിട്ടുള്ള നിയമനം.

ഒന്നാം സ്ട്രീമിൽ 5,47,543 പേരും രണ്ടാം സ്ട്രീമിൽ 26,950 ഉം മൂന്നാം സ്ട്രീമിൽ 2951 ഉം അപേക്ഷകരാണുണ്ടായിരുന്നത്. 2020 ഫെബ്രുവരി 22, 2020 ഡിസംബർ 29 എന്നീ തീയതികളിൽ ഒഎംആർ പ്രാഥമിക പരീക്ഷയിൽ യഥാക്രമം 3,08,138 പേരും 20,292 ഉം 1396 പേരും ഹാജരായി. 2020 നവംബർ 20, 21, ജനുവരി 15, 16 തീയതികളിൽ വിവരണാത്മക പരീക്ഷയിൽ സ്ട്രീം ഒന്നിൽ 2005 പേരും സ്ട്രീം രണ്ടിൽ 985 ഉം സ്ട്രീം മൂന്നിൽ 723 പേരും പങ്കെടുത്തു. 2021 സെപ്തംബറിൽ ഓരോ സ്ട്രീമിൽനിന്നും യഥാക്രമം 197, 189, 196 പേർ അഭിമുഖത്തിന് അർഹരായി.

പ്രാഥമിക പരീക്ഷയിൽ പിഎസ്‌സി ജീവനക്കാർക്കു പുറമെ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ സേവനവും ഉപയോഗിച്ചിരുന്നു.  വിശദമായ സിലബസും പരീക്ഷാതീയതിയും വിജ്ഞാപനത്തോടൊപ്പംതന്നെ പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യപരീക്ഷയുടെ സിലബസും  മുൻകൂട്ടി ലഭ്യമാക്കി. അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഉള്ളടക്കം പരിഗണിച്ചുകൊണ്ടുള്ള സിലബസ് അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയ്ക്ക് സമാനമായിരുന്നു. വിവിധ ഐശ്ചിക വിഷയമെടുത്തവരുടെ പഠനമേഖലയെ പരിഗണിച്ചും ഭരണനിർവഹണ മേഖലയിലെ വൈദഗ്ധ്യവും പരിശോധിക്കുംവിധമാണ് സിലബസ് തയ്യാറാക്കിയത്. ഇംഗ്ലീഷിനൊപ്പം ഭരണഭാഷയായ മലയാളവും ചോദ്യങ്ങളുടെ ഭാഗമായിരുന്നു.  ഭാഷാന്യൂനപക്ഷങ്ങൾക്കും അർഹമായ പരിഗണന നൽകി.


 

ഉദ്യോഗാർഥികളുടെ വ്യക്തിഗുണവും വിഷയ അവഗാഹവും സമഗ്രമായി പരിശോധിക്കുംവിധം കുറ്റമറ്റതായിരുന്നു അഭിമുഖം.  പരിചയസമ്പന്നരായ വിഷയവിദഗ്ധരുടെ സേവനം പിഎസ്‌സി ഉറപ്പുവരുത്തി. സ്ട്രീം ഒന്ന് റാങ്ക് പട്ടികയിൽ ഉയർന്ന അക്കാദമിക് യോഗ്യതയുള്ളവരും അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ മികവ് പുലർത്തിയവരും ഉൾപ്പെടുന്നു. സംസ്ഥാന സർക്കാർ സർവീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാണ് സ്ട്രീം രണ്ടിലും മൂന്നിലും ഉൾപ്പെട്ടിട്ടുള്ളത്.  പിഎസ്‌സിയുടെ തെരഞ്ഞെടുപ്പ് നടപടികളിലെ ഉന്നത നിലവാരവും സൂക്ഷ്‌മതയുമാണ് ഇത് തെളിയിക്കുന്നത്.

റിപ്പോർട്ട് ചെയ്ത 105 ഒഴിവിലേക്കാണ് നവംബർ ഒന്നിന് നിയമന ശുപാർശ ചെയ്യുന്നത്. ഒഴിവുകൾ ഓരോ സ്ട്രീമിലേക്കും തുല്യമായി വിഭജിക്കും. നിയമനശുപാർശ ലഭിക്കുന്നവർ പതിനെട്ടു മാസത്തെ വിദഗ്ധ പരിശീലനം വിജയകരമായി പൂർത്തീകരിക്കണം.   വികസന പദ്ധതികളുടെ നടത്തിപ്പ്, ആസൂത്രണം, ധനവിനിയോഗം എന്നിവ സംബന്ധിച്ച ആധികാരിക പരിശീലനമാണ് ലഭിക്കുക.

പിഎസ്‌സിയുടെ തെരഞ്ഞെടുപ്പ് നടപടികളും വിദഗ്ധ പരിശീലനവും പൂർത്തീകരിക്കുന്നതോടെ മികച്ച ഉദ്യോഗസ്ഥരുടെ സേവനമേഖലയായി കെഎഎസ്‌ നിലവിൽ വരികയാണ്. ഇത് കേരളത്തിന്റെ ഭരണനിർവഹണരംഗത്തെ കൂടുതൽ കാര്യക്ഷമവും ശക്തവുമാക്കും. ജൂനിയർ ടൈം സ്കെയിൽ തസ്തികകളിൽ ഏറ്റവും ഉയർന്ന ശമ്പളം പറ്റുന്ന ജില്ലാ സപ്ലൈ ഓഫീസർ, ഡെപ്യൂട്ടി കലക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി ഗ്രേഡ് 2, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫീസർ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട്‌, ഡെപ്യൂട്ടി രജിസ്ട്രാർ, ഡെപ്യൂട്ടി ഡയറക്ടർ, ഡെപ്യൂട്ടി ലേബർ കമീഷണർ, ജില്ലാ ട്രഷറി ഓഫീസർ തുടങ്ങി നൂറിലേറെ തസ്തികയിൽനിന്ന്‌ സീനിയർ ടൈം സ്കെയിൽ തസ്തികകളായ ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി ഗ്രേഡ് 1, ചീഫ് പ്ലാനിങ്‌ ഓഫീസർ, ഫിനാൻസ് ഓഫീസർ, ജോയിന്റ് ഡയറക്ടർ എഡ്യൂക്കേഷൻ, റവന്യൂ ഡിവിഷണൽ ഓഫീസർ, കോർപറേഷൻ സെക്രട്ടറി തുടങ്ങിയ അമ്പതോളം തസ്തികയിലേക്കും സെലക്‌ഷൻ ടൈം സ്കെയിൽ തസ്തികകളായ ജോയിന്റ് കമീഷണർ, അഡീഷണൽ രജിസ്ട്രാർ, ജോയിന്റ് സെക്രട്ടറി (ഫിനാൻസ്), അഡീഷണൽ ലേബർ കമീഷണർ തുടങ്ങിയ അമ്പതോളം തസ്തികയിലേക്കും സൂപ്പർ ടൈം സ്കെയിലിൽ ഉൾപ്പെട്ട സ്പെഷ്യൽ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, ഡയറക്ടർ തുടങ്ങിയ പത്ത് ഉന്നത തസ്തികയിലേക്കും സ്ഥാനക്കയറ്റം നേടാനുള്ള അവസരമാണ് കെഎഎസിന്റെ ഭാഗമാകുന്ന ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന് താഴെ കെഎഎസിന് വലിയ സാധ്യതകളാണ് തുറന്നുവയ്ക്കുന്നത്. ഐഎഎസ് കേഡറിന് താഴെ   ഭരണതന്ത്രജ്ഞതയുള്ള ഒരു ടീം രൂപപ്പെട്ടു വരും. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് പ്രവേശിക്കാനുള്ള ഒരവസരമായും കെഎഎസ് മാറും.

കാര്യക്ഷമവും ശക്തവുമായ സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്കുള്ള ചരിത്രപരമായ ഒരു ചുവടുവയ്‌പിനാണ് കേരളം സാക്ഷിയാകുന്നത്.  ഇന്ത്യയിലെ ഏറ്റവും ശക്തമായ പൊതുറിക്രൂട്ട്മെന്റ് സ്ഥാപനമായ കേരള പിഎസ്‌സിയെ സംബന്ധിച്ച് കെഎഎസിലേക്കുള്ള തെരഞ്ഞെടുപ്പ് മറ്റൊരു പൊൻതൂവലാണ്. നിലവിൽ പിഎസ്‌സി നടത്തുന്ന ഏറ്റവും ഉയർന്ന പരീക്ഷയാണിത്. സർക്കാർ ഏൽപ്പിച്ച ഉത്തരവാദിത്വം പ്രതികൂല സാഹചര്യത്തിലും സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞു എന്നതിൽ കമീഷന് മാത്രമല്ല, പിഎസ്‌സിയിലെ ജീവനക്കാർക്കും അഭിമാനിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top