26 April Friday

ഇതല്ലേ പരിസ്ഥിതി സൗഹൃദം - അഡ്വ. കെ എസ് 
അരുൺകുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 22, 2021

ആഗോള കാലാവസ്ഥാവ്യതിയാനം ഇന്ന്‌ ലോകരാജ്യങ്ങളിൽ  സജീവ ചർച്ചാവിഷയമാണ്. കേരളത്തിൽ അടുത്ത കാലത്തുണ്ടായ പല പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അന്തരീക്ഷതാപം കുറയ്‌ക്കലാണ്‌ മനുഷ്യരാശിയുടെയും ഭൂമിയുടെയും നിലനിൽപ്പും ഭാവിയും സംരക്ഷിക്കാൻ അടിയന്തരമായി വേണ്ടതെന്ന്‌ ശാസ്ത്രസമൂഹം ആവർത്തിച്ചു പറയുന്നു. ഹരിതഗൃഹവാതകങ്ങളുടെ, പ്രത്യേകിച്ച്‌ കാർബൺ ഡൈ ഓക്സൈഡിന്റെ ബഹിർഗമനം കുറച്ചേ ഇതിന്‌ കഴിയൂ.

പരിസ്ഥിതിക്ക് ഹാനികരമായ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ, രണ്ടുമൂന്ന് ദശാബ്‌ദംകൊണ്ട് പരമാവധി കുറയ്‌ക്കണമെന്നാണ്  കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആഗോള സംഗമങ്ങളെല്ലാം ശുപാർശ ചെയ്തിരിക്കുന്നത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നതും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതുമായ വികസനപദ്ധതികൾ   കാലാവസ്ഥാ വ്യതിയാനത്തിന്റ കെടുതികൾ നേരിടാൻ ഉതകുന്ന തരത്തിൽ സുസ്ഥിരപാതയിലേക്ക്  മാറ്റേണ്ടതുണ്ട്. നമ്മുടെ രാജ്യത്തും  വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കുമ്പോൾ കാർബൺ ബഹിർഗമനത്തിന്റെ തോത് കുറയ്‌ക്കുന്നതിനാണ്‌  ഊന്നൽ. അടുത്തിടെ ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയിൽ  പ്രധാനമന്ത്രി പ്രഖ്യാപിച്ചത് രണ്ടായിരത്തിഎഴുപതോടെ  കാർബൺ ബഹിർഗമനം സീറോ ലെവലിൽ എത്തിക്കുമെന്നാണ്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രഖ്യാപിച്ച 100 ലക്ഷം കോടിയുടെ പിഎം ഗതി ശക്തി പദ്ധതി റോഡ്, റെയിൽ  ഊർജമേഖലയിലെ സമഗ്രവികസനത്തിലൂടെ നിലവിലെ കാർബൺ ബഹിർഗമനം പടിപടിയായി കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയുള്ളതാണ്‌.  നിലവിലുള്ളതിൽ ഏറ്റവും പരിസ്ഥിതിസൗഹൃദ മാർഗമാണ് സിൽവർ റെയിൽ പദ്ധതി. സമ്പൂർണ ഹരിതപദ്ധതിയായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാർബൺ ബഹിർഗമനം ഒട്ടുമുണ്ടാകില്ല.

പദ്ധതി പ്രാവർത്തികമാകുന്നതോടെ റോഡുമാർഗമുള്ള വാഹനഗതാഗതം കുറയും. ഇത്‌ അന്തരീക്ഷതാപനം കുറയ്‌ക്കാൻ സഹായകമാകും . മറ്റ്‌ പാരിസ്ഥിതിക ആഘാതങ്ങളും കാര്യമായി ഇല്ലാതെയാണ്‌  സിൽവർലൈൻ  നടപ്പാക്കുന്നത്‌. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലകളിലൂടെയോ പാത കടന്നുപോകുന്നില്ല. പുഴകളുടെയും അരുവികളുടെയും ഒഴുക്കിനെ തടസ്സപ്പെടുത്തുന്നില്ല. നെൽപ്പാടങ്ങളിലൂടെ പാത തൂണുകൾക്കു മുകളിലൂടെയായതിനാൽ കൃഷിഭൂമിയെ ബാധിക്കില്ല. ഭൂപ്രകൃതി ഉൾക്കൊണ്ടുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളതെന്ന്‌ ചുരുക്കം.


 

എന്താണ്‌ പദ്ധതി
കേരളത്തിലെ റെയിൽവേ വികസനം  ത്വരിതപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും സംയോജിതമായി 2017ൽ  രൂപീകരിച്ച കമ്പനിയാണ് കേരള റെയിൽ വികസന കോർപറേഷൻ. പദ്ധതികളുടെ സർവേ, വിശദമായ പ്രോജക്ട്‌ റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കൽ എന്നിവ പൂർത്തിയാക്കിയാണ്‌  അതിവേഗപാത  നടപ്പാക്കുന്നത്. കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന്‌ വടക്കേ അറ്റത്തേക്ക് നാല് മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയുമെന്നതാണ്‌ പ്രധാന നേട്ടം. നിലവിലെ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത  പരിഹരിക്കുന്നതിനുള്ള ബദൽമാർഗമായും പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

കർണാടക ഉൾപ്പെടെ എട്ട് സംസ്ഥാനത്ത്‌ ഇതേ മാതൃകയിൽ സംരംഭങ്ങൾ രൂപീകരിക്കുകയും വിവിധ പദ്ധതികൾ ഏറ്റെടുത്ത്‌ നടപ്പാക്കുകയും  ചെയ്യുന്നുണ്ട്. ഏഴ് സംസ്ഥാനംകൂടി റെയിൽവേയുമായി ധാരണപത്രം ഒപ്പുവയ്‌ക്കാൻ  തയ്യാറായിട്ടുണ്ട്. മുംബൈ–-അഹമ്മദാബാദ്,  ഡൽഹി-–-വാരാണസി, അഹമദാബാദ്‌–-രാജ്‌കോട്ട്, പുണെ–-നാസിക്  തുടങ്ങിയ സെക്ടറുകളിലെല്ലാം അതിവേഗ/അർധഅതിവേഗ പദ്ധതികൾ നടപ്പാക്കുന്നു. എന്നാൽ, കേരളത്തിൽ ഇത്തരം വികസനങ്ങൾ  വേണ്ടെന്ന്‌  ബിജെപിയും യുഡിഎഫും പറയുന്നു. വികസനം തടയാൻ അവർ ഒറ്റക്കെട്ടാണ്.

അന്ന്‌ അതിവേഗനിർദേശം
2011–-16  കാലത്തെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണത്തിൽ   അതിവേഗ പാതയ്‌ക്കുള്ള നീക്കം നടന്നിരുന്നതാണ്.  എൽഡിഎഫ്‌ സർക്കാർ 2009–-10 ബജറ്റിൽ ഉൾപ്പെടുത്തി 2010 ഫെബ്രുവരി 15ന്‌ ഭരണാനുമതി നൽകുകയും ചെയ്ത ഈ പദ്ധതി പിന്നീട് യുഡിഎഫ് ഏറ്റെടുത്തു. 2011ൽ തെരഞ്ഞെടുപ്പ്  വാഗ്‌ദാനമായി ഉൾപ്പെടുത്തുകയും ചെയ്‌തു. തിരുവനന്തപുരം–-മംഗളൂരു അതിവേഗ റെയിൽപ്പാത കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. 2012ൽ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി വിളിച്ച സർവകക്ഷി  യോഗത്തിൽ ഇടതുപക്ഷം പദ്ധതിയെ അനുകൂലിച്ചു.  2012  മാർച്ചിൽ  ഇ ശ്രീധരൻ നേതൃത്വം നൽകുന്ന ഡിഎംആർസിയാണ്‌  വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്. രണ്ടായിരത്തി ഇരുപതോടെ പൂർത്തീകരിക്കാമെന്നും അതിനായി 1.18 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നും  ഡിഎംആർസി കണ്ടെത്തി. യുഡിഎഫ്  മുന്നോട്ടുപോയില്ല. അന്ന് ആ പദ്ധതി ലാഭകരമെന്ന് പറഞ്ഞ അതേ ഇ ശ്രീധരൻതന്നെയാണ് അതിനേക്കാൾ കുറഞ്ഞ ചെലവിൽ നടപ്പാക്കാൻ ശ്രമിക്കുന്ന സിൽവർലൈൻ  നാടിന്‌ ഗുണകരമാകില്ലെന്ന് പറയുന്നത്.

വിശദമായ പഠനങ്ങൾ
ലിഡാർ  സർവേ വഴിയാണ്  പദ്ധതിയുടെ ടോപോഗ്രാഫിക്കൽ പഠനം നടത്തിയത്. ഏറ്റവും ആധുനികമായ സംവിധാനമാണിത്. ഏരിയൽ ലിഡാർ സർവേ നടത്തുന്നതിൽ പരിചയസമ്പന്നരായ ജിയോനോ  ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്‌  പഠനം പൂർത്തിയാക്കിയത്. സർവേയിൽ പാത പോകുന്ന വഴികളിലെ ഭൂമിയുടെ കിടപ്പ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ണ് പരിശോധന, ട്രാഫിക് സർവേ തുടങ്ങിയവയും പൂർത്തിയായി. 100  വർഷത്തെ പ്രളയജലനിരപ്പിന്റെ ഏറ്റവും കൂടിയ ഉയരത്തേക്കാളും ഒരു മീറ്റർ ഉയരത്തിലാണ് പാതയുടെ ഉയരം. 

പദ്ധതി യാഥാർഥ്യമാകുന്നതോടെ  പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46,206 പേര്  റെയിൽപാതയിലേക്ക് മാറും. 12,872 വാഹനം ആദ്യവർഷം റോഡിൽനിന്ന് ഒഴിവാകുന്നതോടെ  ഗതാഗതക്കുരുക്ക് ഗണ്യമായി കുറയും. ഇതുവഴി  530 കോടിയുടെ പെട്രോൾ/ഡീസൽ ഇന്ധനമാണ് പ്രതിവർഷം ലാഭിക്കുന്നത്. 529.45  കിലോമീറ്റർ ദൈർഘ്യത്തിൽ കടന്നുപോകുന്ന പദ്ധതിക്കായി 185  ഹെക്ടർ റെയിൽവേ ഭൂമിയും 1198 ഹെക്ടർ സ്വകാര്യ സ്ഥലവുമാണ് ഉപയോഗപ്പെടുത്തുക.  ഭൂമി ഏറ്റെടുക്കുന്നതിനായി 7075  കോടിയും പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങൾക്കായി 4460 കോടിയും പുനരധിവാസത്തിനും മറ്റുമായി 1730  കോടിയുമാണ് വകയിരുത്തുന്നത്.  ഏകദേശം 2,80,000  ടൺ കാർബൺ അന്തരീക്ഷത്തിൽനിന്ന്‌ നിർമാർജനം ചെയ്യാൻ ഈ പദ്ധതിക്ക് കഴിയും.

വസ്‌തുതാവിരുദ്ധ പ്രചാരണങ്ങൾ
വലതുപക്ഷ പാർടികളും സ്ഥാപിത താൽപ്പര്യക്കാരും കപടപരിസ്ഥിതിവാദികളും  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തിന്റെ വികസനത്തിന് എന്നും എതിരുനിൽക്കുന്നവർ തന്നെയാണ്  ദേശീയപാത വികസനത്തിനും പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി ഉൾപ്പെടെയുള്ള നിരവധി വികസനപദ്ധതികൾക്കെതിരെയും ശാസ്‌ത്രീയ കാഴ്‌ചപ്പാടോ യുക്തിചിന്തയോ ഇല്ലാതെ ഇടപെടൽ നടത്തിയത്. ഇപ്പോൾ കെ–-റെയിൽ  പദ്ധതിക്കെതിരെ ആർഎസ്‌എസും  ജമാഅത്തെ ഇസ്ലാമിയും  പോപ്പുലർ ഫ്രണ്ടും യുഡിഎഫുംകൂടി ചേർന്നുള്ള സമരങ്ങൾ  നവകേരളസൃഷ്ടിക്ക്‌ വെല്ലുവിളിയാണ്‌.

ആറുവരി ദേശീയപാത വികസനം പൂർത്തീകരിച്ചാൽ പോരെയെന്നും നിലവിലെ റെയിൽപ്പാത ഇരട്ടിപ്പിച്ചാൽ പോരെയെന്നുമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇന്നത്തെ വാഹനങ്ങളുടെ എണ്ണം നോക്കിയുള്ള വികസനമല്ല ആസൂത്രണം ചെയ്യേണ്ടത്. സമീപഭാവിയിലെ തിരക്കും എണ്ണവുംകൂടി കാണണം.കേരളത്തിലെ ട്രാക്കിൽ  626 വളവുണ്ട്. പാത ഇരട്ടിപ്പിക്കുന്നതുകൊണ്ട് നിലവിലെ സംവിധാനം  മെച്ചപ്പെടുത്താൻ  കഴിയുമെങ്കിലും വേഗതയെന്ന ലക്ഷ്യം നേടാൻ കഴിയില്ല.  ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനത്തിലേക്ക് മാറിയാലും ഒരു ബ്ലോക്കിൽ ഒന്നിലധികം ട്രെയിൻ  ഓടിക്കാമെങ്കിലും ഒരേ പാളത്തിലൂടെ സൂപ്പർ ഫാസ്റ്റ്,  മെയിൽ, എക്സ്പ്രസ്,  പാസഞ്ചർ, ഗുഡ്സ് വണ്ടികൾ ഓടുന്നതുകൊണ്ട് വേഗതയിൽ കാര്യമായ മാറ്റമുണ്ടാകില്ല.  അതിനാൽതന്നെ, പാത ഇരട്ടിപ്പിച്ചതുകൊണ്ടോ സിഗ്നൽ സംവിധാനം പുതുക്കിയതുകൊണ്ടോ പരമാവധി വേഗത കൈവരിക്കാൻ സാധിക്കില്ല.  മിക്ക രാജ്യങ്ങളിലും അതിവേഗ/അർധ അതിവേഗ വണ്ടികൾ ഓടുന്നത് സ്റ്റാൻഡേർഡ് ഗേജിലാണ്.

സിൽവർ റെയിൽ പദ്ധതി കേരളത്തെ രണ്ടായി മുറിക്കുകയല്ല,  രണ്ടറ്റത്തെയും കൂട്ടിയോജിപ്പിക്കുകയാണ്. പദ്ധതി യാഥാർഥ്യമായാൽ വിനോദസഞ്ചാര മേഖലയിലും കുതിച്ചുചാട്ടമുണ്ടാകും. പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ കേരളത്തിൽ പശ്ചാത്തല സൗകര്യം വികസിപ്പിക്കുമ്പോൾ വൻനിക്ഷേപ സാധ്യതയുമുണ്ടാകും. അത് സാമ്പത്തികവളർച്ചയ്‌ക്ക് ആക്കംകൂട്ടും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രതിസന്ധികളിൽനിന്ന്‌ തലമുറകളെ രക്ഷിക്കുന്നതിനും ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ടുമാണ്‌ സിൽവർ റെയിൽ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന, വിജ്ഞാന സമ്പദ്‌വ്യവസ്ഥയാകാൻ  ശ്രമിക്കുന്ന കേരളത്തിന്റെ തിലകക്കുറിയാകുന്ന പദ്ധതിയാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top