29 March Friday

അസാധുവാകാത്ത ഓർമകൾ - മമ്മൂട്ടി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 7, 2021

പത്രമാധ്യമങ്ങളിൽക്കൂടിയാണ് നടീനടന്മാർക്ക് പേരും പ്രശസ്തിയും വരുന്നത്.- അങ്ങനെയാണ് സിനിമാ ജീവിതത്തിന്റെ ആരംഭകാലത്ത് സതീർഥ്യന്റെ ശുപാർശപ്രകാരം യേശുദാസനെ പരിചയപ്പെടുന്നതും. ഇന്നത്തേക്കാൾ വിവരക്കേട് ഉണ്ടായതിനാലും ആവശ്യമില്ലാതെ ഒരുപാട് സംസാരിക്കുന്ന ശീലമുള്ളതിനാലും ഞാൻ പ്രത്യേക ഇനത്തിൽപ്പെട്ട ആളാണെന്ന് അദ്ദേഹത്തിന്‌ തോന്നിയിട്ടുണ്ടാകും. 

എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ച ‘കട്ട്-കട്ട്'- വളരെ പ്രചാരമുള്ള സിനിമാ ആക്ഷേപഹാസ്യ മാസികയായിരുന്നു. കുറേക്കാലം അത് നല്ലനിലയിൽ നടന്നുവന്നു. അതിലെ  ലേഖനങ്ങളും കുറിപ്പുകളും ചലച്ചിത്രരംഗത്ത് ചർച്ച ചെയ്യപ്പെട്ടു. സിനിമയിൽ വേണ്ടാത്തതിനെ ‘കട്ട്'- ചെയ്യുകയെന്ന ദൗത്യമാണ് മാസിക നിർവഹിച്ചത്. ഷൂട്ടിങ് സമയത്ത് ഷോട്ട് തെറ്റിയാൽ സംവിധായകൻ ‘കട്ട്'- പറയും. അന്ന് പലർക്കും ആ വാക്ക് അറിയില്ല. ഇപ്പോൾ സെറ്റുകളിൽ എത്തുന്ന കുട്ടികൾപോലും പറയും.

സിനിമയുടെ പിന്നാമ്പുറ വിശേഷവും ഹാസ്യവും തുറന്നുകാണിച്ച ഏക പ്രസിദ്ധീകരണമായിരുന്നു ‘കട്ട്-കട്ട്’.- മുഖം നോക്കാതെ ആക്ഷേപിക്കുകയും പരിഹസിക്കുകയുംചെയ്ത  മാസികയിൽ സിനിമയുമായി ബന്ധപ്പെട്ട കൃത്യവും വസ്തുനിഷ്ഠവുമായ വിമർശങ്ങൾ ഉൾക്കൊള്ളിച്ചു. അവസരം തേടിയെത്തുന്ന ഒരാളെപ്പറ്റി കട്ട്-കട്ട് എഴുതിയാൽ അയാൾക്ക് ചാൻസ് കിട്ടുമായിരുന്നു. അതിനാലാണ് എന്നെപ്പറ്റി അതിൽ നാല് വാക്കെഴുതാൻ യേശുദാസനോട് അപേക്ഷിച്ചത്. ഒപ്പം ചേർക്കാൻ ഫോട്ടോയും വേണ്ടിയിരുന്നു. സാധാരണ ഫോട്ടോ അല്ല. കണ്ടാൽ നടനാണെന്ന് തോന്നണം. പച്ച ഉടുപ്പിട്ട് മുറിമീശ വച്ച് ചരിഞ്ഞുനിന്ന് എടുത്ത ഫോട്ടോ ഇന്നും ഓർമയിലുണ്ട്. അന്ന് തുടങ്ങിയ സൗഹൃദം ഞങ്ങൾ തുടർന്നു.  കാർട്ടൂണിനെയും സിനിമയെയുംപറ്റി  സംസാരിച്ചു. കാർട്ടൂൺ വരയ്ക്കുന്നതിനെപ്പറ്റി ധാരാളം കാര്യം അദ്ദേഹം വിശദീകരിച്ചു.

സാധാരണ എല്ലാവർക്കും എന്തെങ്കിലും കുറ്റമോ കുറവോ കാണും. അത് മുഖത്തോ ശരീരപ്രകൃതിക്കോ ആകാം. അവ നിസ്സാരമാണെങ്കിലും പർവതീകരിക്കുകയാണ് കാർട്ടൂണിസ്‌റ്റുകൾ. ഇന്ദിര ഗാന്ധിയെ മൂക്ക് നീട്ടിയാണ് വരയ്ക്കുക. എന്റെ മൂക്കും ചിലർ അങ്ങനെ വരയ്ക്കാറുണ്ട്. മലയാളികളായ ഒട്ടേറെ കാർട്ടൂണിസ്‌റ്റുകൾ ഇന്ത്യക്കകത്തും പുറത്തും അറിയപ്പെട്ടു. ശങ്കർ, ഒ വി വിജയൻ, അരവിന്ദൻ തുടങ്ങിയവർ. പ്രശസ്തരും ഭാവനാസമ്പന്നരുമായ അവർക്കൊപ്പമാണ് യേശുദാസൻ.

9- പുരാണ ക്വിലാ റോഡ് എന്നത് ശങ്കർ ഡൽഹിയിൽ താമസിച്ച വീടിന്റെ പേരാണ്. അതാണ് യേശുദാസൻ പുസ്തകത്തിന് നൽകിയത്. ഗുരുവായ ശങ്കറിനൊപ്പം അദ്ദേഹം  അവിടെ കുറേക്കാലം കഴിഞ്ഞു. എന്തുകൊണ്ടും ഉചിതമായ പേരാണത്. നാം വായിക്കാറുള്ള സാധാരണ പുസ്തകങ്ങളെപ്പോലെയല്ല. എല്ലാവരും കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചതെങ്കിലും എല്ലാത്തിലും എന്തെങ്കിലും ഹാസ്യമോ വിനോദമോ  ഉണ്ട്. നർമത്തിന്റെ കാഴ്‌ചപ്പാടുണ്ടാകും.

യേശുദാസന് പിന്തുടർച്ചയുണ്ടാകണം. ഒരുകാലത്ത് മലയാളികൾ ഈ രംഗത്ത് സജീവമായിരുന്നു. ഇന്ന് അങ്ങനെയല്ല. ‘കട്ട്- കട്ട്’, ‘അസാധു'- തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ നിലച്ചു. അവ പുനരാരംഭിക്കണം. അവസാനം കണ്ടപ്പോൾ ഞങ്ങൾ അതേപ്പറ്റി സംസാരിച്ചു. പ്രിന്റ് മീഡിയക്കുപകരം സോഷ്യൽ മീഡിയയുണ്ട്. അതിൽ പ്രസിദ്ധീകരിക്കാം. ആലോചിക്കാമെന്ന് അദ്ദേഹവും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top