29 March Friday

ഏബ്രഹാം റ്റൈറ്റസ്: മറക്കരുത് ഈ രക്തസാക്ഷിയെ

സാമുവല്‍ ഫിലിപ്പ് മാത്യുUpdated: Tuesday Oct 13, 2020

സാമുവല്‍ ഫിലിപ്പ് മാത്യു

സാമുവല്‍ ഫിലിപ്പ് മാത്യു

വര്‍ഗ്ഗീയ ശക്തികള്‍ രാജ്യത്തെമ്പാടും അഴിഞ്ഞാടുമ്പോള്‍ അതിന്റെ അലയടികള്‍ കേരളത്തിലും ഉണ്ടാകുമ്പോള്‍, മതനിരപേക്ഷതയുടെ പക്ഷത്ത് ആരാണ് നിലകൊള്ളുക? ആളുകളുടെ സ്വത്തിനും ജീവനും ആരാണ് സംരക്ഷണം ഉറപ്പുവരുത്തുക? എന്ന ചോദ്യത്തിന് ഉത്തരമാകുന്ന ചരിത്രപാഠം കൂടിയാണ് ഏബ്രഹാം റ്റൈറ്റസിന്റെ രക്തസാക്ഷിത്വവും അനന്തര സംഭവങ്ങളും... സാമുവല്‍ ഫിലിപ്പ് മാത്യു എഴുതുന്നു.

ബ്രഹാം റ്റൈറ്റസ്. ഇന്നേക്കു കൃത്യം 36 വര്‍ഷം മുന്‍പ്, 1984 ഒക്ടോബര്‍ 14 ന് കൊല്ലപ്പെട്ടു. ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ നേതാവ്. ഏബ്രഹാം റ്റൈറ്റസ് കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. അദ്ദേഹം കേരളാ കോണ്‍ഗ്രസ്സുകാരനായിരുന്നു. കേരളാ കോണ്‍ഗ്രസ്സിന്റെ (മാണി) ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. കൊല്ലപ്പെടുമ്പോള്‍  40 വയസ്സു പോലുമുണ്ടായിരുന്നില്ല; ഒരു കുഞ്ഞുണ്ടായിരുന്നു, അധ്യാപികയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ഗര്‍ഭത്തിലായിരുന്നു അപ്പോള്‍ രണ്ടാമത്തെ കുഞ്ഞ്..

ആര്‍എസ്എസിന്റെ ഗെയിം പ്ലാന്‍

ഏബ്രഹാം റ്റൈറ്റസ് തെക്കേക്കര പഞ്ചായത്തിലെ കുറത്തികാടുകാരനായിരുന്നു. അദ്ദേഹം കൊല്ലപ്പെടുന്നതിനു കുറച്ചുകാലം മുന്‍പ് ഈ പ്രദേശങ്ങളില്‍ തങ്ങളുടെ സ്വാധീനം വളര്‍ത്താനായി ആര്‍എസ്എസ് ഒരു ശ്രമം നടത്തിയിരുന്നു. അതിനായി അവര്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം അക്രമമായിരുന്നു. ഈ പ്രദേശത്തുള്ള ന്യൂനപക്ഷ വിഭാഗം ക്രിസ്ത്യാനികളാണ്. അക്കൂട്ടത്തിലുള്ളവരെ ഒരു കാരണവുമില്ലാതെ തല്ലുക, തല്ലിത്തല്ലി പ്രത്യാക്രമണങ്ങള്‍ സൃഷ്ടിക്കുക, അവയെ രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടാകുന്ന ആക്രമണപരമ്പരകളായി വളര്‍ത്തുക, അതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം നടത്തുക, എന്നിട്ടൊടുവില്‍ അതിന്റെ ലാഭവിഹിതമെന്നോണം ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ മൊത്തക്കച്ചവടക്കാരായ ആര്‍എസ്എസിന്റെ അംഗബലം വര്‍ദ്ധിപ്പിക്കുക. ഇതായിരുന്നു അവരുടെ ഗെയിം പ്ലാന്‍.

നിലക്കല്‍ പ്രക്ഷോഭകാലത്തെ ഒരു ചിത്രം

നിലക്കല്‍ പ്രക്ഷോഭകാലത്തെ ഒരു ചിത്രം

ചുമ്മാതെ അങ്ങനെ മനുഷ്യരെ ഓടിച്ചിട്ടു പിടിച്ചു തല്ലാന്‍ പറ്റുമോ എന്നൊരു സംശയം ഉയരാം. ആ കാലഘട്ടത്തെക്കുറിച്ച് ചിന്തിച്ചാല്‍ ഉത്തരം കിട്ടും. 1982 ലാണ് നിലയ്ക്കലില്‍ ഒരു കല്‍ക്കുരിശു കണ്ടെത്തിയെന്നും അത് ഒന്നാം നൂറ്റാണ്ടില്‍ തോമാശ്ലീഹാ നിലയ്ക്കലില്‍ സ്ഥാപിച്ചുവെന്ന കരുതപ്പെടുന്ന പള്ളിയുടെ അവശിഷ്ടമാണെന്നും പറഞ്ഞ് ഒരു കൂട്ടര്‍‍ അവിടെയൊരു കുടിലുകെട്ടി പ്രാര്‍ത്ഥനയും മറ്റും തുടങ്ങിയത്. അവിടെ പള്ളി പണിയാന്‍ അനുവാദത്തിനായി അവര്‍ അപ്പോളധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു.

കുരിശു കണ്ടെത്തിയെന്ന് അവകാശപ്പെട്ട സ്ഥലത്തിനടുത്തു തന്നെയായിരുന്നു നിലയ്ക്കല്‍ മഹാദേവക്ഷേത്രം. ക്ഷേത്രത്തിനു സമീപത്തായി ഒരു പള്ളി നിര്‍മ്മിക്കപ്പെടുന്നതിനെ സംഘപരിവാര്‍ അനുകൂലിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പള്ളി നിര്‍മ്മാണത്തിനായി നടത്തപ്പെട്ട നീക്കങ്ങളെ പ്രതിരോധിക്കാനായി കൊച്ചിയില്‍ വിശാല ഹിന്ദു സമ്മേളനം എന്ന പേരില്‍ വലിയൊരു യോഗം തന്നെ സംഘപരിവാര്‍ സംഘടിപ്പിച്ചു. ആ ഘട്ടത്തില്‍ തിരുവനന്തപുരത്ത് നിരോധനാജ്ഞ ലംഘിച്ചു വരെ വലിയ സമരങ്ങള്‍ സംഘടിപ്പിക്കുകയും അങ്ങനെ തെക്കന്‍ കേരളത്തില്‍ ആര്‍എസ്എസ് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്തു. കുരിശു കണ്ടെത്തി എന്നവകാശപ്പെട്ട സ്ഥലത്ത് പള്ളി നിര്‍മ്മിക്കാന്‍ ഒടുവില്‍ അനുവാദം ലഭിച്ചതുമില്ല.

ഒരു ന്യൂനപക്ഷ സമുദായത്തിന്റെ അവകാശവാദത്തെ ഖണ്ഡിക്കാനായി ഭൂരിപക്ഷ വികാരത്തെ ആളിക്കത്തിക്കാനും അതിനെ അനുവദിച്ചുകൊടുക്കാതിരിക്കത്തക്ക വിധത്തില്‍ പ്രക്ഷോഭം നടത്താനും തത്ഫലമായി സംഘടനാപരമായ ചലനാത്മകത കൈവരിക്കാനും സംഘപരിവാരത്തിനു സാധിച്ച ഒരു കാലത്ത്, ഈ പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ചടിക്കാമെന്നവര്‍ കരുതിയിട്ടുണ്ടെങ്കില്‍ അത് സംഘടന കെട്ടിപ്പടുക്കുന്നതിന്റെ അടുത്ത പടിയെന്നോണമാകാം. ഏതായാലും, അടിക്കടി അടിവാങ്ങിക്കൂട്ടിയവര്‍ ഇടക്കിടെ തിരിച്ചടിച്ചു. തിരിച്ചടി ഉണ്ടായപ്പോഴൊക്കെയാകട്ടെ പോലീസിടപ്പെട്ട് തിരിച്ചടിച്ചവരെ അകത്താക്കി, അതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്സുകാരായിരുന്നു.


പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസും

ഇവിടെ നാമോര്‍ക്കേണ്ട ഒരു വസ്തുത 1982 മുതല്‍ 1987 വരെ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്നത് കോണ്‍ഗ്രസ്സ് നയിക്കുന്ന യുഡിഎഫ് ആയിരുന്നു എന്നതാണ്. കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കെ അന്ന് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് ആലപ്പുഴ ജില്ലക്കാരനും ചേര്‍ത്തലയില്‍ നിന്ന് നിയമസഭയിലെത്തിയതുമായ വയലാര്‍ രവി ആയിരുന്നു.

മുന്‍പ് പോലീസിനെ ഭരിച്ച് കഴിവു തെളിയിച്ച കരുണാകരന് ചെക്ക് വെക്കാന്‍ സാക്ഷാല്‍ എ കെ ആന്റണി തന്നെ പിടിച്ച് ആഭ്യന്തര മന്ത്രിക്കസേരയിലിരുത്തിയതാണ് രവിയെ എന്ന് മറക്കരുത്. അങ്ങനെ സ്വന്തം ജില്ലക്കാരനും പാര്‍ട്ടിക്കാരനുമായ നേതാവ് പോലീസിനെ ഭരിക്കുമ്പോഴാണ് ഇവിടുത്തെ കോണ്‍ഗ്രസ്സുകാരായ ന്യൂനപക്ഷങ്ങള്‍ വരെ ആര്‍എസ്എസിന്റെ അടിവാങ്ങിക്കൂട്ടിയതും പോലീസിന്റെ അറസ്റ്റിന് അര്‍ഹത നേടിയതുമെന്നതാണ് രസകരമായ വസ്തുത. ഇവിടുത്തെ ചില മൂത്ത കോണ്‍ഗ്രസ്സുകാരുടെ നിലപാടും അപ്രകാരം ആര്‍എസ്എസിന് അനുകൂലമായിരുന്നു അന്ന്.

പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസും എന്ന് സ്വന്തം പാര്‍ട്ടിക്കാരെക്കുറിച്ച് എ കെ ആന്റണി പറഞ്ഞത്, അദ്ദേഹമങ്ങനെ പറയുന്നതിനു മൂന്നര ദശാബ്ദങ്ങള്‍ക്ക് മുമ്പു തന്നെ, അതും തന്റെ പക്ഷക്കാരന്റെ കാര്യത്തിലുള്‍പ്പെടെ വരെ സത്യമായിരുന്നു എന്നതാണ് എന്റെ നാട്ടിലെ ചരിത്രം വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടാത്ത കോണ്‍ഗ്രസ്സുകാര്‍ വിചാരിച്ചിട്ട് അറസ്റ്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ്സുകാര്‍ വെളിയില്‍ വരില്ല എന്നു വ്യക്തമായതോടെയാണ് വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന ന്യൂനപക്ഷങ്ങള്‍ ഏബ്രഹാം റ്റൈറ്റസ് എന്ന കേരളാ കോണ്‍ഗ്രസ്സുകാരനെ സമീപിക്കുന്നത്. സമുദായപരമായ സൗഹൃദങ്ങളും സ്വന്തം നാട്ടുകാരനെന്ന പരിഗണനയും അതിനുകാരണമായിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ്സുകളുടെ സുവര്‍ണ്ണകാലഘട്ടം

ഏഴാം കേരള നിയമസഭയുടേത് കേരളാ കോണ്‍ഗ്രസ്സുകളുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. ജോസഫ്, മാണി, പിള്ള എന്നീ മൂന്നു വിഭാഗങ്ങള്‍ക്കും കൂടി ആകെ 15 എംഎല്‍എമാര്‍ ഉണ്ടായിരുന്നു. ജോസഫ്, മാണി, പിള്ള, ജേക്കബ് എന്നിങ്ങനെ നാലു മന്ത്രിമാരുമുണ്ടായിരുന്നു. റെവന്യു, ധനകാര്യം, വിദ്യാഭ്യാസം, വൈദ്യുതി, നിയമം എന്നിങ്ങനെ അഞ്ച് പ്രബല വകുപ്പുകളാണ് അവര്‍ കൈകാര്യം ചെയ്തത്. അങ്ങനെ അന്ന് കേരള മന്ത്രിസഭയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ്സിന്റെ – കെ എം മാണി കുറച്ചുനാള്‍ മുന്‍പ് ആഭ്യന്തര മന്ത്രിയായിരുന്നു – നേതാവെന്ന നിലയില്‍ ഏബ്രഹാം റ്റൈറ്റസ് നടത്തിയ ഇടപെടല്‍ ഫലം കണ്ടു. അറസ്റ്റ് ചെയ്യപ്പെട്ട ന്യൂനപക്ഷക്കാര്‍ വിട്ടയക്കപ്പെട്ടു. ആക്രമണങ്ങള്‍ നടത്തിയവരും അവയ്ക്ക് നേതൃത്വം കൊടുത്തവരും ചുക്കാന്‍ പിടിച്ചവരുമായ പല ആര്‍എസ്എസുകാരും പിന്നീട് അകത്താക്കപ്പെട്ടു.

അതിനിഷ്ഠുരമായ കൊലപാതകം

ഇതിന്റെ അനന്തരഫലമായാണ് കുറത്തികാട് ചന്തയില്‍ നിന്ന് പച്ചക്കറി വാങ്ങി സൈക്കിളില്‍ മടങ്ങുമ്പോള്‍ തന്റെ വീടിന്റെ അടുത്തുവെച്ച് ഒരു ഞായറാഴ്ച രാത്രിയില്‍ ഏബ്രഹാം റ്റൈറ്റസ് അതിക്രൂരമായി കൊലചെയ്യപ്പെടുന്നത്. ആ ശരീരത്തില്‍ 18 വെട്ടുണ്ടായിരുന്നു. നെഞ്ചിനു താഴെ ഏറ്റ ഒരു വെട്ടില്‍ ദേഹം രണ്ടാക്കപ്പെട്ടിരുന്നു. ചിലര്‍ പറഞ്ഞത് അകത്തായവരെ പുറത്തിറക്കിയതു കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്നാണ്. വേറെ ചിലര്‍ പറഞ്ഞത് ഈ പ്രശ്നങ്ങളിലുള്‍പ്പെടാത്തവരുടെ അറസ്റ്റിനു കാരണക്കാരനായതു കൊണ്ടാണ് അദ്ദേഹത്തെ വകവരുത്തിയത് എന്നാണ്. എന്നാല്‍, അത്തരത്തിലുള്ള അറസ്റ്റുകള്‍ക്ക് കാരണമായത് ചില പ്രാദേശിക കോണ്‍ഗ്രസ്സുകാരാണെന്നാണ് വേറെ ചിലര്‍ പറഞ്ഞത്.

പിറ്റേ ദിവസം മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം സ്വീകരിച്ചാനയിച്ച് കുറത്തികാട്ടെത്തിച്ചത് അന്നത്തെ മാവേലിക്കര എംഎല്‍എ ആയിരുന്ന എസ് ഗോവിന്ദ കുറുപ്പ് എന്ന സിപിഐഎമ്മുകാരന്റെ കൂടി നേതൃത്വത്തിലായിരുന്നു. മൃതദേഹത്തിന് വഴിയൊരുക്കിക്കൊണ്ട് അദ്ദേഹം മാവേലിക്കരയില്‍ നിന്ന് കുറത്തികാടുവരെ നടന്നു എന്നാണ് ചിലര്‍ പറഞ്ഞത്. മന്ത്രിമാരാരും തന്നെ ശവമടക്കിനെത്തിയില്ല എന്നാണ് മനസ്സിലാക്കിയത്.

വര്‍ഗ്ഗീയ ശക്തികളുടെ യുഡിഎഫ് സര്‍ക്കാര്‍

അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയത് വര്‍ഗ്ഗീയ ശക്തികളായിരുന്നു. 1982ലെ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ ബിജെപി 69 മണ്ഡലങ്ങളില്‍ നിര്‍ത്തിയിരുന്നെങ്കിലും എന്‍ഡിപി, എസ്ആര്‍പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുത്തത് ബിജെപി ആയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന പരസ്യ നിലപാട് തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സ്വീകരിക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസ് ആകട്ടെ സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിനുവേണ്ടി നന്നായി അന്ന് പണിയെടുക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിക്ക് ഭൂരിപക്ഷം നേടിക്കൊടുത്ത ഘടകങ്ങള്‍ ഇതൊക്കെയായിരുന്നു.
അതുകൊണ്ടാണോ ആര്‍എസ്എസ് പ്രതിസ്ഥാനത്തുള്ള കൊലപാതകത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തങ്ങളുടെ ഒരു രാഷ്ട്രീയ നേതാവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ യുഡിഎഫിന്റെ മന്ത്രിമാരാരും എത്താതിരുന്നത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

ഈ കൊലപാതകത്തിന്റെ പിറ്റേന്ന് കേരളാ കോണ്‍ഗ്രസ്സിന്റെ (മാണി) സംസ്ഥാന ജെനറല്‍ സെക്രട്ടറി തോമസ് കുതിരവട്ടം പത്രപ്രവര്‍ത്തകരോട് പറഞ്ഞത് ആര്‍എസ്എസിനെ വളര്‍ത്തുന്ന ആഭ്യന്തര മന്ത്രിയുടെ നയം കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു എന്നും അതുകൊണ്ടാണ് തന്റെ പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി കൊല്ലപ്പെട്ടത് എന്നുമായിരുന്നു. ഇതിവിടെ പരാമര്‍ശിക്കുന്നത് ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്കനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നത് എന്ന ആരോപണം ഇടതുപക്ഷം മാത്രമുയര്‍ത്തിയിട്ടുള്ളതല്ല എന്ന് സൂചിപ്പിക്കാനാണ്. യുഡിഎഫ് മുന്നണി കേരളം ഭരിക്കുമ്പോള്‍ ആ ഭരണത്തില്‍ പങ്കാളികളായിരുന്ന ഘടകകക്ഷികള്‍ വരെ ഉയര്‍ത്തിയിട്ടുള്ള ആക്ഷേപമാണിത്.

സിപിഐഎമ്മിന്റെ ഇടപെടല്‍

ഏബ്രഹാം റ്റൈറ്റസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് സിപിഐഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി ഒക്ടോബര്‍ 16ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആര്‍എസ്എസിന്റെ ആക്രമണങ്ങളെ യോജിച്ചെതിര്‍ക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. കലാലയങ്ങളിലെ ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്ന തലതിരിഞ്ഞ പോലീസ് നയത്തിനെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്തമായി ഒക്ടോബര്‍ 18ന് തിരുവനന്തപുരത്ത് യുവജന വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അതിനു മുന്നോടിയായിറക്കിയ പ്രസ്താവനയിലുന്നയിച്ച മറ്റു വിഷയങ്ങളോടൊപ്പം‍ ആഭ്യന്തര മന്ത്രിയുടെ ആര്‍എസ്എസ് പ്രീണനമാണ് ഏബ്രഹാം റ്റൈറ്റസിന്റെ കൊലപാതകത്തിനു കാരണമായത് എന്നും അവര്‍ പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ കുമാരന്റെ പ്രസ്താവന

സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ കുമാരന്റെ പ്രസ്താവന



ഏതായാലും കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ വിചാരിച്ചിട്ട് ആര്‍എസ്എസുകാര്‍ അടി നിറുത്തില്ലെന്ന് അക്രമങ്ങള്‍ക്കിരയായിക്കൊണ്ടിരുന്ന ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മനസ്സിലായതോടെ അവരില്‍ പലരും പതിയെ കോണ്‍ഗ്രസ്സ് വിട്ട് സിപിഐഎമ്മിലേക്ക് തിരിഞ്ഞു. പാര്‍ട്ടി അവരെ സംരക്ഷിച്ചു, അവര്‍ക്കുവേണ്ട പ്രതിരോധം തീര്‍ത്തു. അങ്ങനെ പതിയെ ഈ പ്രദേശത്ത് ആര്‍എസ്എസ് സംഘടനാപരമായി ക്ഷയിച്ചില്ലാതെയായി. സിപിഐ(എം) ആകട്ടെ പുതിയ ജനവിഭാഗങ്ങളിലേക്കു കൂടി തങ്ങളുടെ സ്വാധീനം വര്‍ധിപ്പിച്ചുകൊണ്ട് ഈ പ്രദേശത്തെ തങ്ങളുടെ ജനപിന്തുണ വിപുലപ്പെടുത്തി.

ഏബ്രഹാം റ്റൈറ്റസിന്റെ രാഷ്ട്രീയം ഇടതുപക്ഷത്തിന്റേതല്ലായിരുന്നു എങ്കില്‍ പോലും, സ്വന്തം രക്തസാക്ഷിത്വത്തിലൂടെ ഞങ്ങളുടെ നാട്ടിലെ സിപിഐഎമ്മിന്റെ വളര്‍ച്ചയ്ക്ക് , പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ ഇടയില്‍, ഒരളവുവരെ കാരണമായിത്തീര്‍ന്നു അദ്ദേഹം. അദ്ദേഹത്തെ ഇന്നത്തെ കേരളാ കോണ്‍ഗ്രസ്സുകാര്‍ ഓര്‍ക്കുന്നുണ്ട് എങ്കില്‍  അദ്ദേഹത്തെ കൊലപ്പെടുത്തിയത് ആരാണെന്നും അവരുടെ രാഷ്ട്രീയമെന്താണ് എന്നും ഒടുവില്‍ അവര്‍ക്കെതിരെ പൊരുതിയത് ആരാണെന്നും കൂടി ഓര്‍ക്കുക.

എല്ലാ വര്‍ഗ്ഗീയതകളും എതിര്‍ക്കപെടേണ്ടത്

വര്‍ഗ്ഗീയതയെയാകെത്തന്നെ എതിര്‍ക്കേണ്ടതുണ്ട്. എന്നാല്‍, ന്യൂനപക്ഷങ്ങളിലെ തന്നെ ചിലര്‍ കരുതുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരെയല്ല, മറിച്ച് മറ്റ് ന്യൂനപക്ഷങ്ങളുടെ വര്‍ഗ്ഗീയതക്കെതിരെയാണ് പൊരുതേണ്ടത് എന്നാണ്. അത്തരത്തിലുള്ള നിരവധി വാട്ട്സ്ആപ്പ് കുറിപ്പുകളും ഹൃസ്വ വിഡിയോകളും കഴിഞ്ഞ കുറച്ചു നാളുകളായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നൊന്നില്ല എന്നു വരെ പറഞ്ഞുകളഞ്ഞ ചിലരുണ്ട്. ഇനി അങ്ങനെയൊന്നു ഉണ്ടെങ്കില്‍ തന്നെ അതിനോടു സന്ധിചെയ്യുന്നതാണ് തങ്ങള്‍ക്ക് ഗുണകരമെന്ന് കരുതുന്നവരുമുണ്ട്‍. അതുകൊണ്ടുണ്ടായ ഗുണമെന്തായിരുന്നു എന്ന് മധ്യപ്രദേശിലെ ഉജ്ജെയിനില്‍ പുഷ്പാ മിഷന്‍ ആശുപത്രി നടത്തുന്നവരോട് ചോദിച്ചാല്‍ മതി.

രണ്ടര വര്‍ഷം മുന്‍പ് ആശുപത്രിയിലേക്ക് പാഞ്ഞുകയറിയ ഒരു കൂട്ടമാളുകള്‍ ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. അവിടുത്തെ ചുറ്റുമതില്‍ പൊളിച്ചു നിരപ്പാക്കി. അതിനു മുന്‍പും പിന്‍പുമായി ആക്രമണങ്ങളുടെ പരമ്പര തന്നെ അവിടെയുണ്ടായി. ഈ അക്രമങ്ങള്‍ നടക്കുമ്പോള്‍ ആശുപത്രി നടത്തിപ്പുകാരുടെ അതേ സമുദായത്തില്‍പ്പെട്ടയാള്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്നു. അക്രമം തടയുന്നതിലോ അക്രമികളെ പിടികൂടുന്നതിനോ അദ്ദേഹം ഇടപെട്ടില്ല. ഡെല്‍ഹിയിലെ സമുദായ നേതാക്കള്‍ ആക്രമണത്തിനെതിരെ ഒരു പ്രസ്താവന ഇറക്കി. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരായിരുന്നു എന്ന് കൃത്യമായറിഞ്ഞിട്ടുകൂടി അവരെ പേരെടുത്തു പറയാന്‍ അവര്‍ക്ക് പാങ്ങില്ലാതെ പോയി.

ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളുമുപയോഗിച്ച് ഞൊടിയിടയില്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നൊരു കാലത്തു പോലും അക്രമികളെ തിരിച്ചറിഞ്ഞില്ല എന്നൊരു കൂട്ടര്‍ നടിക്കുന്നു. അപ്പോഴാണ്‌ ഒരു സംഭവം നടന്നെന്നറിയാന്‍ രണ്ടും മൂന്നും ദിവസങ്ങള്‍ വേണ്ടിയിരുന്നൊരു കാലത്ത്‍ തങ്ങളുടെ എതിര്‍പക്ഷത്തുള്ളവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നപ്പോള്‍ വരെ വര്‍ഗ്ഗീയ ശക്തികളാണതിനു പിന്നിലെന്നു കൃത്യമായി പറഞ്ഞുകൊണ്ട് അവര്‍ക്കെതിരെ യോജിച്ച എതിര്‍പ്പിന് ആഹ്വാനം ചെയ്യാനൊരു കൂട്ടര്‍ യാതൊരു മടിയും കാണിക്കാതെ മുന്നോട്ടു വന്നത്.

ഞങ്ങളുടെ നാടിന്റെ ഈ അനുഭവത്തില്‍ നിന്ന് വിവേകമുള്ളവര്‍ക്ക് ഗൗരവമായ ഒരു പാഠമുള്‍ക്കൊള്ളാനാവും. വര്‍ഗ്ഗീയ ശക്തികള്‍ രാജ്യത്തെമ്പാടും അഴിഞ്ഞാടുമ്പോള്‍ അതിന്റെ അലയടികള്‍ കേരളത്തിലും ഉണ്ടാകുമ്പോള്‍, മതനിരപേക്ഷതയുടെ പക്ഷത്ത് ആരാണ് നിലകൊള്ളുക? ആളുകളുടെ സ്വത്തിനും ജീവനും ആരാണ് സംരക്ഷണം ഉറപ്പുവരുത്തുക?

ഇനിയും സംശയമുണ്ടെങ്കില്‍ ഒഡീഷയിലെ കണ്ഡമാലിലും ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലും വര്‍ഗ്ഗീയ ശക്തികളുടെ ആക്രമണങ്ങള്‍ക്കിരയായിട്ടുള്ള മനുഷ്യരോടു ചോദിച്ചാല്‍ മതി, അവര്‍ക്ക് ഒരു സംശയവുമില്ല!
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top