25 April Thursday

ജനവികാരവും സംഘപരിവാർ അജന്‍ഡയും - എ വിജയരാഘവൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 6, 2021

പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്ത്‌ ജനങ്ങളുടെയാകെ വികാരമോ എതിർപ്പോ അവരുടെ കഷ്‌ടപ്പാടോ വകവയ്‌ക്കാതെ ഒരു സർക്കാരിന്‌ പ്രവർത്തിക്കാൻ കഴിയുമോ? അങ്ങനെ പ്രവർത്തിക്കാൻ കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന പാർടി തയ്യാറാകുമോ? ഒരുപിടി സമ്പന്നർ ഒഴികെ ജനങ്ങളെയാകെ ശ്വാസംമുട്ടിച്ച്‌ കൊല്ലുന്ന രീതിയിൽ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വർധിപ്പിക്കാൻ മോദി സർക്കാർ തയ്യാറാകുമ്പോൾ ഇങ്ങനെയൊരു ചോദ്യം സ്വാഭാവികമായും ഉയരും. അഞ്ചുവർഷം കൂടുമ്പോഴെങ്കിലും ജനങ്ങളെ സമീപിക്കാൻ ബാധ്യസ്ഥരായ ഭരണാധികാരികൾക്ക്‌ ഇത്രയും ക്രൂരമായി പെരുമാറാൻ എങ്ങനെ ധൈര്യം കിട്ടുന്നു എന്ന്‌ ആരും ചോദിക്കും. അതിന്‌ ഉത്തരം കണ്ടെത്താനാണ്‌ ഈ കുറിപ്പിൽ ശ്രമിക്കുന്നത്‌.

ഇന്ധനവില വർധനയിലൂടെ മോദി സർക്കാർ എങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്നെന്ന്‌ വ്യക്തമാക്കുന്ന കുറിപ്പുകൾ ഈ പേജിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്‌. അതിനാൽ അതിലേക്ക്‌ അധികം കടക്കുന്നില്ല. ഇന്ധനവിലവർധനയ്‌ക്ക്‌ കേന്ദ്ര സർക്കാരിനൊപ്പം കേരള സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ ദുഷ്‌ടലാക്ക്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ തുറന്നുകാണിച്ചിട്ടുമുണ്ട്‌. ശൗചാലയം ഉൾപ്പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാണ്‌ ഇന്ധനവില വർധിപ്പിച്ച്‌ പണം സമാഹരിക്കുന്നതെന്ന വാദം സർക്കാർ വക്‌താക്കളും സംഘപരിവാറും അവരെ സന്തോഷിപ്പിക്കാൻ നിൽക്കുന്ന മാധ്യമങ്ങളും ഉന്നയിച്ചുകേട്ടിരുന്നു. എന്നാൽ, പെട്രോൾ വില നൂറു കടക്കുകയും പാചകവാതക വില സിലിണ്ടറിന്‌ ആയിരം രൂപയോടടുക്കുകയും ചെയ്‌തശേഷം ആ വാദം കേൾക്കുന്നില്ല. അന്താരാഷ്‌ട്ര വിലയനുസരിച്ചാണ്‌ ഇവിടെ വില കൂടുന്നതെന്ന പ്രചാരണം ഒരാളും വിശ്വസിക്കുന്നുമില്ല. അതുകൊണ്ടാകാം ആ പ്രചാരണത്തിനും ശക്‌തി കുറഞ്ഞത്‌. യുപിഎ സർക്കാരിന്റെ കാലത്തെ ഓയിൽ ബോണ്ടിന്റെ തിരിച്ചടവിനാണ്‌ വില കൂട്ടുന്നതെന്ന നുണയും പൊളിഞ്ഞു. പിന്നീട്‌ കേട്ടത്‌ കോവിഡ്‌ വാക്‌സിനേഷനു വേണ്ടിയാണെന്നാണ്‌. ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ? 2020–-21ൽ 3,61,000 കോടി രൂപയാണ്‌ അഡീഷണൽ എക്‌സൈസ്‌ ഡ്യൂട്ടിയും സെസുമായി പിഴിഞ്ഞെടുത്തത്‌. 2021–-22ൽ ബജറ്റിലെ പ്രതീക്ഷ 3.2 ലക്ഷം കോടി രൂപയാണെങ്കിലും പിരിവ്‌ നാല്‌ ലക്ഷം കോടി കടന്നേക്കും. അഡീഷണൽ എക്‌സൈസ്‌ ഡ്യൂട്ടിയും സെസുമായതിനാൽ സംസ്ഥാനങ്ങൾക്ക്‌ ഒന്നും പങ്കുവയ്‌ക്കേണ്ട.


 

വിമർശിക്കുന്നവർ അതു ചെയ്യട്ടെ, എതിർക്കുന്നവർ എതിർക്കട്ടെ, ഞങ്ങൾ ഞങ്ങളുടെ വഴിക്ക്‌ പോകുമെന്ന നിലപാടിലാണ്‌ മോദി സർക്കാരും സംഘപരിവാറുമെന്ന്‌ തോന്നുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌ തീരുവയിൽ കഴിഞ്ഞ ദിവസം നിസ്സാരമായ കുറവ്‌ വരുത്തിയത്‌ കാണാതെയല്ല ഇതു പറയുന്നത്‌. ഈ ഇളവ്‌ കണ്ണിൽ പൊടിയിടലാണെന്ന്‌ ആർക്കും മനസ്സിലാകും. ഈ ഇളവ്‌ നൽകിയതിൽനിന്ന്‌ ഒരു കാര്യം തെളിയുന്നുണ്ട്‌. സർക്കാരിന്‌ വേണമെങ്കിൽ വില നിയന്ത്രിക്കാം. പാർലമെന്റിൽ നല്ല ഭൂരിപക്ഷം കിട്ടിയാൽ പിന്നെ ജനങ്ങളുടെ ആവശ്യമില്ലെന്ന സമീപനത്തിലേക്ക്‌ ബിജെപി എത്തിക്കഴിഞ്ഞു. അതുകൊണ്ടാണ്‌ തങ്ങളെ പിന്തുണയ്‌ക്കുന്ന ജനങ്ങളെപ്പോലും ബാധിക്കുന്ന പ്രശ്‌നമായിട്ടും കുലുക്കമില്ലാത്തത്‌. എന്തുകൊണ്ടാണ്‌ ഒരു പുനരാലോചനയ്‌ക്ക്‌ സർക്കാർ തയ്യാറാകാത്തത്‌? ജനകീയ സമരങ്ങളെ അപ്രസക്‌തമാക്കുകയോ നിഷ്‌ഫലമാക്കുകയോ ചെയ്യാനുള്ള ആർഎസ്‌എസ്‌ അജൻഡകൂടി ഇതിനുപിന്നിലുണ്ട്‌. സമരത്തിനു വഴങ്ങി ഒരു ആവശ്യവും പരിഗണിക്കാൻ സർക്കാർ തയ്യാറല്ലെന്ന്‌ തെളിയിക്കുകയാണ്‌. നികുതി കുറച്ചാൽ അറുപതു രൂപയ്‌ക്ക്‌ വിൽക്കാവുന്ന ഡീസലിനും എഴുപത്‌ രൂപയ്‌ക്ക്‌ നൽകാവുന്ന പെട്രോളിനും നൂറു രൂപയ്‌ക്ക്‌ മീതെ ഈടാക്കുന്നതിനെതിരെ ഉയരുന്ന ജനരോഷം അവഗണിച്ച്‌ മുന്നോട്ടുപോകാൻ കഴിഞ്ഞാൽ ഈ രാജ്യത്ത്‌ ഏതു കോർപറേറ്റ്‌ അജൻഡയും സംഘപരിവാർ പദ്ധതിയും സുഗമമായി നടപ്പാക്കാം എന്നാണ്‌ മോദി സർക്കാർ കണക്കുകൂട്ടുന്നത്‌.

തെരഞ്ഞെടുപ്പ്‌ വരുമ്പോൾ ജനങ്ങളോട്‌ സമാധാനം പറയേണ്ടിവരില്ലേ? ജനാധിപത്യം അംഗീകരിക്കുന്ന ഒരു രാഷ്‌ട്രീയ പാർടിയെ സംബന്ധിച്ചാണെങ്കിൽ ഈ ചോദ്യങ്ങൾ പ്രസക്‌തമാണ്‌. എന്നാൽ, ബിജെപി അങ്ങനെയൊരു രാഷ്‌ട്രീയ കക്ഷിയല്ല. അഭിപ്രായ സ്വാതന്ത്ര്യവും പൗരന്മാർക്ക്‌ തുല്യാവകാശവും ഉറപ്പുനൽകുന്ന ജനാധിപത്യം, ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപി ഒരിക്കലും അംഗീകരിക്കുന്നില്ല. മാധ്യമങ്ങളും നീതിന്യായവ്യവസ്ഥയും ഇലക്‌ഷൻ കമീഷനും റിസർവ്‌ ബാങ്കുമൊക്കെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഭരണഘടനാജനാധിപത്യം തകർക്കാതെ ആർഎസ്‌എസിന്‌ ഹിന്ദുരാഷ്‌ട്രത്തിലേക്ക്‌ പോകാൻ കഴിയില്ല. അതുകൊണ്ട്‌, ഭരണഘടന പിച്ചിച്ചീന്താതെ തന്നെ മതാധിപത്യത്തിലേക്ക്‌ ചുവടുവയ്‌ക്കാനാണ്‌ സംഘപരിവാർ ശ്രമിക്കുന്നത്‌.

ജനങ്ങളെ തീരാദുരിതത്തിലേക്ക്‌ തള്ളിവിടുന്നവർക്ക്‌ തെരഞ്ഞെടുപ്പ്‌ ജയിക്കാൻ കഴിയുമോ? തെരഞ്ഞെടുപ്പ്‌ ജയിക്കാൻ ജനക്ഷേമം വേണമെന്നോ ജനദ്രോഹം പാടില്ലെന്നോ സംഘപരിവാർ കരുതുന്നില്ല എന്നതാണ്‌ ഉത്തരം. തെരഞ്ഞെടുപ്പ്‌ ജയിക്കാൻ അവരുടെ കൈയിൽ വേറെ ആയുധങ്ങളുണ്ട്‌. മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതുതന്നെ പ്രധാനം. രാമജന്മഭൂമി പ്രസ്ഥാനം വഴി ഹിന്ദുവികാരം ഇളക്കിവിട്ടാണ് ലോക്‌സഭയിലെ രണ്ട്‌ സീറ്റ്‌ 85 സീറ്റായി ബിജെപി ഉയർത്തിയത്‌. എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര സംഘടിപ്പിച്ചപ്പോൾ സീറ്റ്‌ 120 ആയി ഉയർന്നു. ബാബ്‌റി മസ്‌ജിദ്‌ തകർത്തശേഷം നടന്ന തെരഞ്ഞെടുപ്പിൽ സീറ്റ്‌ 161 ആയി. ഇങ്ങനെ വർഗീയത ഉപയോഗിച്ചപ്പോഴൊക്കെ അതിന്റെ നേട്ടം ബിജെപിക്ക്‌ ലഭിച്ചിട്ടുണ്ട്‌. 2013 ആഗസ്‌ത്‌–-സെപ്‌തംബർ മാസങ്ങളിൽ യുപിയിലെ മുസഫർ നഗറിൽ സംഘടിപ്പിച്ച വർഗീയലഹളയുടെ പ്രയോജനം 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വേണ്ടുവോളം കിട്ടി.

വർഗീയലഹള കഴിഞ്ഞാൽ ബിജെപിയുടെ കൈയിലുള്ള രണ്ടാമത്തെ ആയുധം കോർപറേറ്റ്‌ പിന്തുണയാണ്‌. അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ചെലവഴിക്കുന്നതിലധികം തുക ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊടിക്കുന്നുണ്ട്‌. പണം കോർപറേറ്റുകൾ നൽകും. ഇരു കൂട്ടരും ചങ്ങാത്തത്തിലാണ്‌. ഒരു നിബന്ധനയേയുള്ളൂ. ഭരണം വരുമ്പോൾ ചില നയങ്ങൾ പണം മുടക്കിയവർ തീരുമാനിക്കും. തെരഞ്ഞെടുപ്പ്‌ ജയിക്കാനുള്ള മൂന്നാമത്തെ ആയുധം മാധ്യമങ്ങളാണ്‌. 2014 മുതൽ മാധ്യമങ്ങൾ പരസ്യമായി സംഘപരിവാർ പക്ഷത്ത്‌ ചേർന്നിരിക്കുകയാണ്‌. അച്ചടിയെന്നോ ഇലക്‌ട്രോണിക്‌ എന്നോ ഓൺലൈൻ എന്നോ വ്യത്യാസമില്ല. ചില ടിവി ചാനലുകൾക്ക്‌ ബിജെപി അനുകൂല ഉന്മാദമാണ്‌. മാധ്യമങ്ങൾ ഈ രീതിയിൽ നിൽക്കുമ്പോൾ ബിജെപിക്ക്‌ എതിരായി ഉയരുന്ന ആശയങ്ങൾ എങ്ങനെ ജനങ്ങളിലെത്തും? അതാണ്‌ ഇപ്പോൾ ബിജെപിക്ക്‌ വലിയ രക്ഷ. ഇന്ധനവിലവർധന മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നെന്ന്‌ പരിശോധിച്ചാൽ അവരുടെ പക്ഷപാതിത്വം നന്നായി മനസ്സിലാകും.

തെരഞ്ഞെടുപ്പ്‌ ജയിക്കാൻ ബിജെപിക്ക്‌ ഇനിയും ആയുധങ്ങളുണ്ട്‌. തരാതരംപോലെ അതു പുറത്തെടുക്കും. രാജ്യസുരക്ഷയെക്കുറിച്ച്‌ ഉൽക്കണ്‌ഠ പരത്തിയാലും നേട്ടമുണ്ടാക്കാൻ കഴിയുമെന്ന്‌ ബിജെപി പരീക്ഷിച്ച്‌ അറിഞ്ഞിട്ടുണ്ട്‌. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ ജമ്മു–-കശ്‌മീരിലെ പുൽവാമയിൽ സിആർപിഎഫിന്റെ വാഹനവ്യൂഹത്തിനുനേരെ ചാവേർ ആക്രമണമുണ്ടായത്‌. ആക്രമണത്തിന്‌ ഭീകരർ പദ്ധതിയിട്ടിരുന്നുവെന്ന്‌ ഇന്റലിജൻസ്‌ മുന്നറിയിപ്പുണ്ടായിരുന്നു. അതു കണക്കിലെടുത്തില്ല. ഗുരുതരമായ സുരക്ഷാവീഴ്‌ചയുണ്ടായെന്ന്‌ ജമ്മു–-കശ്‌മീർ ഗവർണർപോലും സമ്മതിച്ചു. വസ്‌തുതകൾ ഇങ്ങനെയാണെങ്കിലും മോദിയും അമിത്‌ ഷായും ഇതൊരു തെരഞ്ഞെടുപ്പ്‌ വിഷയമാക്കി. അതാണ്‌ ഈ പാർടിയുടെ തനിനിറം.

അടുത്ത ദിവസം ഡീസലിന്‌ 10 രൂപയും പെട്രോളിന്‌ അഞ്ച്‌ രൂപയും കുറയ്‌ക്കാൻ മോദി തയ്യാറായത്‌ നിയമസഭാ–-ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതുകൊണ്ടാണ്‌ . ഏതായാലും നാമമാത്രമായി വില കുറച്ചുകൊണ്ട്‌ ധനമന്ത്രാലയം പറഞ്ഞത്‌ ഭരിക്കുന്നവരുടെ കള്ളക്കളി വ്യക്തമാക്കും. വില കുറച്ചതുകൊണ്ട്‌ ഉപയോഗം വർധിക്കുമെന്നും വിലക്കയറ്റം കുറയുമെന്നും പാവങ്ങൾക്കും സാധാരണക്കാർക്കും അത്‌ സഹായമാകുമെന്നുമാണ്‌. ഇന്ധനവില കൂടുമ്പോൾ സാർവത്രികമായി വിലക്കയറ്റമുണ്ടാകുമെന്ന്‌ സർക്കാർ ഇപ്പോൾ സമ്മതിക്കുകയാണ്‌. ഡീസലിന്‌ 10 രൂപ കുറച്ചപ്പോൾ ഈ നേട്ടങ്ങളൊക്കെ ഉണ്ടാകുമെങ്കിൽ 30 രൂപ വർധിപ്പിച്ചതുകൊണ്ട്‌ ജനങ്ങൾ എന്തുമാത്രം ദുരിതം നേരിടുന്നുണ്ടാകും.


 

ജനവികാരം ചവിട്ടിമെതിക്കുന്ന മോദി സർക്കാരിന്റെ പോക്കിന്‌ കടിഞ്ഞാണിടാൻ കൂടുതൽ ശക്‌തമായ സമരങ്ങൾ കൂടിയേ തീരൂ എന്നാണ്‌ സാഹചര്യം വ്യക്തമാക്കുന്നത്‌. പ്രക്ഷോഭത്തിന്റെ രൂപം എന്തായാലും പരമാവധി ജനങ്ങളെ അണിനിരത്തുക എന്നതാണ്‌ പ്രധാനം.
ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസുകാർ എറണാകുളത്ത്‌ ദേശീയപാത തടസ്സപ്പെടുത്തി നടത്തിയ സമരം, നടൻ ജോജു ജോർജിന്റെ പ്രതിഷേധത്തോടെ വലിയ വിവാദമായല്ലോ. ജോജു ജോർജിനെ കോൺഗ്രസുകാർ ആക്രമിക്കുകയും അദ്ദേഹത്തിന്റെ കാർ തല്ലിത്തകർക്കുകയും ചെയ്‌തു. ഇവരുടെ പേക്കൂത്ത്‌ ദൃശ്യമാധ്യമങ്ങളിൽ ജനങ്ങൾ കണ്ടതാണ്‌. പെട്രോൾ, ഡീസൽ, പാചകവാതകം വില വർധനയ്‌ക്കെതിരെ സമരം ചെയ്യാൻ രാഷ്‌ട്രീയമായും ധാർമികമായും കോൺഗ്രസിന്‌ എന്താണ്‌ അവകാശം. 1991ൽ കോൺഗ്രസ്‌ തുടക്കമിട്ട ഉദാരവൽക്കരണ നയങ്ങളാണ്‌ ജനങ്ങളെ കെടുതിയിലേക്ക്‌ തള്ളിവിട്ടത്‌. ഇന്ധനവില തീരുമാനിച്ചിരുന്നത്‌ സർക്കാരായിരുന്നു. ഓയിൽ മാർക്കറ്റിങ്‌ കമ്പനികൾക്ക്‌ അതുകൊണ്ട്‌ നഷ്‌ടം വരികയാണെങ്കിൽ സർക്കാർ നികത്തും. അതിനാണ്‌ ഓയിൽപൂൾ അക്കൗണ്ട്‌ ഉണ്ടാക്കിയത്‌. 2010ൽ മൻമോഹൻ സിങ്‌ സർക്കാരാണ്‌ പെട്രോളിന്റെ വിലനിയന്ത്രണം നീക്കിയത്‌. അതിന്റെ ചുവടുപിടിച്ച്‌ 2014-ൽ മോദി ഡീസലിന്റെ വില നിയന്ത്രണവും ഒഴിവാക്കി. കോൺഗ്രസിന്റെയും ബിജെപിയുടെയും സിദ്ധാന്തം ഒന്നുതന്നെ. നയങ്ങൾ തീരുമാനിക്കുന്നത്‌ കോർപറേറ്റുകളുടെ താൽപ്പര്യത്തിനാകണം. ഇതാണ്‌ ഇരുകൂട്ടരുടെയും നയമെന്നിരിക്കെ ഇന്ധനവിലക്കയറ്റത്തിനെതിരെ സമരം ചെയ്യാൻ കോൺഗ്രസിന്‌ ധാർമികമായി ഒരു അവകാശവുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top