25 April Thursday

പാർലമെന്റിലും ജനാധിപത്യക്കുരുതി - എ വിജയരാഘവൻ എഴുതുന്നു

എ വിജയരാഘവൻUpdated: Friday Aug 6, 2021

പാർലമെന്ററി ജനാധിപത്യം തകർക്കാൻ 2014 മുതൽ മോഡി സർക്കാർ നടത്തുന്ന ശ്രമങ്ങൾ വളരെ ആസൂത്രിതമാണ്. കൃത്യമായ പരിപാടികളോടെ കേന്ദ്രസർക്കാർ ഇത്‌ ചെയ്‌തുവരുന്നു. ഈ ജനാധിപത്യ ധ്വംസന അജൻഡ പ്രാവർത്തികമാക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് രണ്ടാഴ്ചയായി പാർലമെന്റിന്റെ ഇരുസഭയിലും നടക്കുന്ന സംഭവങ്ങൾ. ഇസ്രയേൽ കമ്പനി എൻഎസ്ഒയുടെ പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുനടത്തിയ ചാരപ്പണി സംബന്ധിച്ച് പുതിയവിവരങ്ങൾ പുറത്തുവരികയാണ്. എന്നാൽ, അതേക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ ധാർഷ്ട്യത്തോടെ നിരാകരിക്കുന്നു. ചർച്ച പോകട്ടെ, രാജ്യത്തെ പിടിച്ചുകുലുക്കിയ ചാരവൃത്തി സംബന്ധിച്ച് ഒരു പ്രസ്താവന പാർലമെന്റിൽ നടത്താൻപോലും പ്രധാനമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ തയ്യാറല്ല. ഇത്രയും മർക്കടമുഷ്ടിയും ജനാധിപത്യ മര്യാദയില്ലാത്ത സമീപനവും മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പാർലമെന്റിനോട് തങ്ങൾക്ക് ഉത്തരവാദിത്തമോ കൂറോ ബഹുമാനമോ ഇല്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ് നരേന്ദ്ര മോഡിയും സംഘവും.

ചാരവൃത്തിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ജസ്റ്റിസ് അരുൺ മിശ്രയുടെ ഫോൺ അദ്ദേഹം സുപ്രീം കോടതിയിലുള്ളപ്പോൾ ചോർത്തിയെന്ന വാർത്ത ജനാധിപത്യം നേരിടുന്ന ഭീഷണിയുടെ ഗൗരവം സൂചിപ്പിക്കുന്നു. സുപ്രീംകോടതി ജഡ്ജിയുടെ ഫോൺ ചോർത്തി അദ്ദേഹത്തെ നിരീക്ഷണത്തിൽ നിർത്താമെങ്കിൽ രാജ്യത്ത് ആർക്കാണ് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുക. ഇന്ത്യ ജനാധിപത്യ രാജ്യമായി നിലനിൽക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ജനങ്ങളുടെ മനസ്സിലുള്ളത്. മനുഷ്യാവകാശവും പൗരസ്വാതന്ത്ര്യവും സ്വകാര്യതയും നിഷേധിക്കപ്പെട്ടാൽ പിന്നെ എന്താണ് ജനാധിപത്യം? പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെപ്പോലെ വലിയ ജനാധിപത്യ രാജ്യങ്ങളൊന്നുമില്ല. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ജനാധിപത്യ വ്യവസ്ഥയുള്ള രാജ്യമെന്നാണ് നാം അഭിമാനത്തോടെ വിശേഷിപ്പിക്കുന്നത്. എന്നാൽ, നമ്മുടെ ദൗർബല്യം മറനീക്കി കാണിക്കുന്നതാണ് പെഗാസസ് ചാരവൃത്തി.

പെഗാസസിലൂടെ ലക്ഷ്യംവച്ചവരുടെ പട്ടികയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമുണ്ട്. എന്നാൽ, ചോർത്തൽ സംഭവിച്ചില്ലെന്ന് സമാധാനിച്ചിരിക്കാൻ ഫ്രാൻസ് തയ്യാറായില്ല. അവർ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്തിന്, പെഗാസസ് വികസിപ്പിച്ച രാഷ്ട്രമായ ഇസ്രയേൽപോലും അന്വേഷണത്തിന് തയ്യാറായി. ഇന്ത്യയിൽ പ്രമുഖ പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, ജഡ്ജിമാർ, അഭിഭാഷകർ, ബിസിനസുകാർ, കേന്ദ്ര മന്ത്രിമാർ എന്നിവരുടെയൊക്കെ ഫോണുകൾ ചോർത്തിയെന്ന് വസ്തുതകൾ നിരത്തി മാധ്യമങ്ങൾ തെളിയിച്ചിട്ടും അന്വേഷണത്തിന് ബിജെപി സർക്കാർ തയ്യാറല്ല. പാർലമെന്റിൽ ചർച്ചയ്‌ക്കുപോലും തയ്യാറാകാത്തതിൽനിന്ന് മോഡിസർക്കാർ ഇക്കാര്യത്തിൽ വല്ലാതെ ഭയപ്പെടുന്നുവെന്ന് വ്യക്തമാണ്. സർക്കാരിന്റെ കൈകൾ ശുദ്ധമാണെങ്കിൽ, എന്തിനാണ് ചർച്ചയെ പേടിക്കുന്നത്. ഇന്ത്യാ സർക്കാരോ, സർക്കാർ ഏജൻസികളോ പെഗാസസ് ഉപയോഗിച്ചില്ലെന്ന് പറയാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സർക്കാരിനുവേണ്ടി ഏതെങ്കിലും ബാഹ്യഏജൻസി ചാരവൃത്തി നടത്തിയോ? അങ്ങനെയൊരു സംശയവും ഉയരുന്നുണ്ട്.


 

പെഗാസസ് ചാരവൃത്തി ലോക രാഷ്ട്രങ്ങൾക്കുമുമ്പിൽ ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്തിയിരിക്കയാണ്. ഈ സാഹചര്യത്തിൽപ്പോലും സർക്കാർ നിലപാട് പറയാതെ പാർലമെന്റിൽ ചർച്ച തടയുകയാണ്. ഈ പോക്ക് ദൂരവ്യാപകമായ ഭവിഷ്യത്തുണ്ടാക്കും. പാർലമെന്ററി ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് പോറലേൽക്കും. പാർലമെന്റിന് വിധേയമായി പ്രവർത്തിക്കേണ്ട സർക്കാർ, പാർലമെന്ററി സംവിധാനം പരാജയമാണെന്ന് വരുത്താനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യംതന്നെ തകർക്കാനുള്ള നീക്കമായി ഇതിനെ കാണണം. ചാരവൃത്തി പാർലമെന്റിൽ ചർച്ച ചെയ്യാതിരിക്കാൻ പറയുന്ന കാരണമാണ് വിചിത്രം. ഇത്‌ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോഴാണ് ജനങ്ങളെ ബാധിക്കില്ലെന്ന് സർക്കാർ വാദിക്കുന്നത്. ജസ്റ്റിസ് പുട്ടസ്വാമിയും ഇന്ത്യാ സർക്കാരും തമ്മിലെ കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2017ൽ പുറപ്പെടുവിച്ച വിധിപ്രകാരം സ്വകാര്യത ജനങ്ങളുടെ മൗലികാവകാശമാണ്. ഈ അവകാശമാണ് സർക്കാർ ചവിട്ടിമെതിക്കുന്നത്. പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുക സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്. അതു നിറവേറ്റുന്നില്ലെങ്കിൽ ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് എങ്ങനെ പറയാൻ കഴിയും?

പാർലമെന്റിനെ നോക്കുകുത്തിയാക്കുന്ന നടപടികൾ മോഡി സർക്കാരിൽനിന്ന് തുടരെത്തുടരെ ഉണ്ടാകുകയാണ്. ജൂലൈ 19നു തുടങ്ങിയ പാർലമെന്റ്‌ സമ്മേളനത്തിൽ 15 പ്രധാന ബില്ലാണ് ചർച്ചയോ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനയോ ഇല്ലാതെ പാസാക്കിയത്. ആഗസ്ത്‌ നാലിന് രാജ്യസഭ മൂന്ന് ബില്ലും ലോക്‌സഭ രണ്ടും ബില്ലും പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ചർച്ചയില്ലാതെ പാസാക്കി. വളരെ പ്രധാനപ്പെട്ട നിയമങ്ങൾ പോലും ആദ്യം കൊണ്ടുവരുന്നത് ഓർഡിനൻസായാണ്. മൂന്ന് കാർഷിക ബിൽ ഉദാഹരണം. ഓർഡിനൻസുകൾ പിന്നീട് സഭയിൽ ചർച്ചയില്ലാതെ പാസാക്കിയെടുക്കും. മോഡിസർക്കാർ ഇത്‌ പതിവാക്കിയിരിക്കയാണ്.

നിയമനിർമാണം അവധാനതയോടെ നടത്തേണ്ടതാണ്. ബില്ലുകളുടെ എല്ലാവശവും വിശദമായി പരിശോധിക്കുന്നതിന് പാർലമെന്റിന് പരിമിതിയുണ്ട്. അതുകൊണ്ടാണ് ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനയ്‌ക്ക് വിടുന്നത്. കേരള നിയമസഭയിലാണെങ്കിൽ ഈ ധർമം നിർവഹിക്കുന്നത് സബ്ജക്ട് കമ്മിറ്റികളാണ്. സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായി പാർലമെന്റിൽ നടന്നുവന്നിരുന്നു. സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ ശുപാർശ പാർലമെന്റ് പരിശോധിച്ചശേഷമാണ് ബില്ലുകൾ പാസാക്കുന്നത്. ചില ശുപാർശകൾ സ്വീകരിക്കും; ചിലത്‌ തള്ളും. നിയമനിർമാണം അർഥവത്താക്കുന്നതിന് പാർലമെന്റിനെ സഹായിക്കുകയാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യുന്നത്. എന്നാൽ, മോഡി സർക്കാർ സ്റ്റാൻഡിങ് കമ്മിറ്റികളെ അപ്രസക്തമാക്കി. ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് വിടുന്നേയില്ല. കാർഷിക ബില്ലുകളും ജമ്മു–-കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന ബില്ലും പൗരത്വനിയമ ഭേദഗതി ബില്ലുമൊന്നും സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിട്ടില്ല. പാർലമെന്റിൽ ഭൂരിപക്ഷം ഉള്ളതുകൊണ്ട് എന്തും ചെയ്യാമെന്ന ധിക്കാരത്തിലാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. രാജ്യസഭയിലെ ചർച്ചയും വോട്ടെടുപ്പും ഒഴിവാക്കുന്നതിന് പല ബില്ലും മണി ബില്ലായി അവതരിപ്പിക്കുന്നു. ആധാർനിയമം കൊണ്ടുവന്നത് അങ്ങനെയാണ്. ധന ബില്ലിൽ ധനവുമായി ബന്ധമില്ലാത്തവ ഉൾപ്പെടുത്തുന്നു. ഭരണഘടന പ്രകാരം രാജ്യസഭയ്ക്കുള്ള അവകാശമാണ് ഈ രീതിയിൽ ഹനിക്കുന്നത്.


 

ജനാധിപത്യവിരുദ്ധമായ രീതിയിലാണ് മൂന്ന് കാർഷിക ബിൽ രാജ്യസഭയിൽ പാസായെന്ന് ഉപാധ്യക്ഷൻ പ്രഖ്യാപിച്ചത്. 2020 സെപ്തംബർ 20നു രാജ്യസഭയിൽ നടന്ന കാര്യങ്ങൾ ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന് തീരാകളങ്കമാണുണ്ടാക്കിയത്. കാർഷിക വിപണി കോർപറേറ്റുകളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഒരു ബില്ലിൽ സിപിഐ എമ്മിന്റെയും കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും അംഗങ്ങൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും അധ്യക്ഷൻ അനുവദിച്ചില്ല. ഒരംഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടാൽ പോലും നടത്തണമെന്നാണ് ചട്ടം. ഇതൊക്കെ കാറ്റിൽപ്പറത്തി അംഗങ്ങളെ സസ്പെൻഡ്‌ ചെയ്യുന്നതും സാധാരണമായിരിക്കുന്നു. പ്രതിപക്ഷശബ്ദം അടിച്ചമർത്തി സർക്കാരിന് ഇഷ്ടമുള്ള നിയമങ്ങൾ പാർലമെന്റിൽ ചുട്ടെടുക്കുകയാണ്. ലോക്‌സഭയെയും രാജ്യസഭയെയും റബർ സ്റ്റാമ്പാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
പാർലമെന്റിൽ പെഗാസസ് ചാരവൃത്തി മാത്രമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് വരുത്താനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂട്ടുന്നതും കർഷകസമരവും ജനജീവിതവുമായി ബന്ധപ്പെട്ട അടിയന്തരപ്രശ്നങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഒരു വിഷയത്തിലും ചർച്ചയ്‌ക്ക് സർക്കാർ ഒരുക്കമല്ല. പെഗാസസ് വിഷയത്തിൽ പ്രതിക്കൂട്ടിലായപ്പോൾ കർഷകസമരം ചർച്ച ചെയ്യാമെന്നാണ് പറയുന്നത്. പെഗാസസിന്റെ തുടർച്ചയായി കർഷകസമരം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന ശരിയായ നിലപാടാണ് പ്രതിപക്ഷം കൂട്ടായി എടുത്തിട്ടുള്ളത്.

കോവിഡ് മഹാമാരിയുടെ പേരിലാണ് പാർലമെന്റ് അംഗങ്ങളുടെ പല അവകാശവും സർക്കാർ നിഷേധിക്കുന്നത്. പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന സമൂഹത്തിൽ എക്സിക്യൂട്ടീവിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഉത്തരവാദിത്തമാണ് പാർലമെന്റിൽ നിർവഹിക്കുന്നത്. സർക്കാരിനുവേണ്ടി നിയമനിർമാണങ്ങൾക്കായി സഭ സമയം കണ്ടെത്തുന്നു. അതോടൊപ്പം സർക്കാർ പ്രവർത്തനങ്ങളെ സംബന്ധിച്ച് അംഗങ്ങൾക്ക് കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിവരാന്വേഷണം നടത്താനുള്ള ചോദ്യോത്തരവേളയുമുണ്ട്. എന്നാൽ, കോവിഡിന്റെ മറവിൽ ചോദ്യോത്തരവേളതന്നെ കഴിഞ്ഞവർഷം സർക്കാർ മാറ്റിവച്ചു. വിവിധ ജനകീയ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരങ്ങളുള്ള പാർലമെന്റിൽ അത്തരം ചർച്ചകൾക്കായി സമയം നീക്കിവയ്‌ക്കാനും ബിജെപി സർക്കാർ സന്നദ്ധമാകുന്നില്ല. സർക്കാരിനുമേൽ പാർലമെന്റിന്റെ നിയന്ത്രണവും മേൽനോട്ടവും ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉള്ളതാണ് നമ്മുടെ ഭരണഘടന. ചോദ്യോത്തരം ഇല്ലാതാകുമ്പോൾ ഭരണഘടന വിഭാവനംചെയ്ത മേൽനോട്ടവും നിയന്ത്രണവും ദുർബലമാകുകയാണ്. സ്വകാര്യ ബില്ലുകൾ, അനൗദ്യോഗിക പ്രമേയങ്ങൾ എന്നിവയും അംഗങ്ങളുടെ പ്രധാനപ്പെട്ട അവകാശങ്ങളാണ്. കോവിഡിന്റെ പേരിൽ ഈ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമവും നടന്നു.

തികച്ചും ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിച്ചുകൊണ്ടാണ് ബിജെപി സർക്കാർ മുന്നോട്ടുപോകുന്നത്. ജനാധിപത്യത്തോട് സംഘപരിവാറിനുള്ള അലർജി അവരുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ഇറ്റലിയിലെ ഫാസിസ്റ്റുകളെയും ജർമനിയിലെ നാസികളെയും ആരാധനയോടെ കണ്ട പ്രസ്ഥാനത്തിന്റെ പ്രതിനിധികളിൽനിന്ന് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നതിൽ അത്ഭുതമില്ല. സിപിഐ എമ്മിന് ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങൾ കുറവാണെങ്കിലും പാർലമെന്ററി ജനാധിപത്യം തകർക്കാനുള്ള എല്ലാ നീക്കത്തെയും പാർടി ശക്തമായി എതിർക്കുന്നുണ്ട്. ജനാധിപത്യംതന്നെ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കുന്നതിന് പാർലമെന്റിന് പുറത്തും ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top