29 March Friday

റിസർവ്‌ ബാങ്ക്‌ രാഷ്‌ട്രീയ ചട്ടുകമായി

എ വിജയരാഘവൻUpdated: Friday Dec 3, 2021


ബാങ്കുകളുടെ ബാങ്കാണ്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തിന്റെ ധനപരമായ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള  ഉത്തരവാദിത്വമാണ് ആർബിഐക്കുള്ളത്. നോട്ട് അച്ചടിക്കലും  നിയന്ത്രണവുമെല്ലാം ആർബിഐയുടെമാത്രം അധികാരത്തിൽപ്പെട്ടതാണ്. ബാങ്കുകളുടെയും മറ്റു ധനസ്ഥാപനങ്ങളുടെയും പ്രവർത്തനത്തിന്റെ മേൽനോട്ടവും നിയന്ത്രണവും അതിന്റെ പരിധിയിൽ വരുന്നു. നാണ്യപ്പെരുപ്പം തടയാനും വിലനിലവാരത്തിൽ സ്ഥിരത നിലനിർത്താനും  ഉതകുന്ന ധനനയം രൂപീകരിക്കാനുള്ള ചുമതലയും ആർബിഐക്കാണ്. ആർബിഐയെ രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ മോദി സർക്കാർ ഉപയോഗിക്കുകയാണ്. 2014ൽ മോദി അധികാരമേറ്റതോടെ ആർബിഐയുടെ പ്രവർത്തനസ്വാതന്ത്ര്യവും ഇല്ലാതായി. കറൻസി റദ്ദാക്കാൻ മോദി തീരുമാനിച്ചത് റിസർവ് ബാങ്കിനെ ഇരുട്ടിൽനിർത്തിയാണ്.  രാഷ്ട്രീയ ചട്ടുകമാക്കി ആർബിഐയെ മാറ്റിയതിന്റെ പുതിയ തെളിവാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരായ നീക്കം.

എന്താണ് ആർബിഐ പറയുന്നതെന്ന് നോക്കാം.  
1. വോട്ടവകാശമുള്ള അംഗങ്ങളെ മാത്രമേ സഹകരണ സംഘം അംഗങ്ങളായി കണക്കാക്കാൻ പാടുള്ളൂ.  
2. വോട്ടവകാശമുള്ള അംഗങ്ങളിൽനിന്നേ നിക്ഷേപം സ്വീകരിക്കാവൂ.
3. ബാങ്ക് എന്ന പേര് സഹകരണ സ്ഥാപനങ്ങൾ ഉപയോഗിക്കരുത്. കാരണം, ആർബിഐ ബാങ്കിങ് ലൈസൻസ് നൽകിയിട്ടില്ല.  
4. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപ ഗ്യാരന്റി കോർപറേഷന്റെ സംരക്ഷണമില്ല. 

മോദി സർക്കാരിന്റെ നിർബന്ധത്തിന് വഴങ്ങി ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാനാണ് ആർബിഐ ശ്രമിക്കുന്നത്. ഭരണഘടനയുടെ 246–-ാം അനുച്ഛേദം കേന്ദ്രഗവൺമെന്റിന്റെ അധികാരത്തിലുള്ള കാര്യങ്ങളും സംസ്ഥാന വിഷയങ്ങളും വേർതിരിച്ചിട്ടുണ്ട്. സംസ്ഥാന ലിസ്റ്റിലെ 32–-ാം ഇനമാണ് സഹകരണം. ഈ ഭരണഘടനാ വ്യവസ്ഥപ്രകാരമാണ് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും സഹകരണനിയമം ഉണ്ടാക്കിയത്.  

വോട്ടവകാശമുള്ള അംഗങ്ങളിൽനിന്നേ നിക്ഷേപം സ്വീകരിക്കാൻ പാടുള്ളൂയെന്ന നിർദേശം ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? ആർബിഐ പ്രവർത്തിക്കുന്നത് ആർബിഐ ആക്ട് പ്രകാരമാണ്. ഒരു സഹകരണ സംഘത്തിൽ ആരൊക്കെ അംഗങ്ങളാകണം, ആർക്ക് വോട്ടവകാശം നൽകണം, അംഗങ്ങൾക്ക് എന്തൊക്കെ അവകാശം നൽകണം–ഇതൊക്കെ തീരുമാനിക്കുന്നത് സംസ്ഥാന നിയമസഭ പാസാക്കിയ കേരള സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരുതരം ഗുണ്ടാപ്പണിയാണ് ആർബിഐ ഇപ്പോൾ ചെയ്യുന്നത്.

സഹകരണ സംഘങ്ങളിൽ മൂന്നു വിഭാഗത്തിലുള്ള അംഗങ്ങളാണുള്ളത്. എ, ബി, സി ക്ലാസുകൾ. എ വിഭാഗത്തിലുള്ളവർക്ക് വോട്ടവകാശമുണ്ട്. ബിയിൽ വരുന്നത്  സ്ഥാപനങ്ങളാണ്. സി നോമിനൽ അംഗങ്ങൾ അഥവാ സാധാരണ അംഗങ്ങൾ. ഇവർക്ക് വോട്ടവകാശമില്ലെങ്കിലും സംഘത്തിന്റെ സേവനങ്ങൾ ലഭിക്കാൻ അവകാശമുണ്ട്. വായ്പയെടുക്കാം. പണ്ടം പണയം വയ്ക്കാം. ചെറിയ സമ്പാദ്യമുണ്ടെങ്കിൽ നിക്ഷേപിക്കാം. ഇതെല്ലാം കേരള സഹകരണ നിയമപ്രകാരമുള്ള പ്രവർത്തനമാണ്. ഈ നിയമം നിലനിൽക്കുന്നിടത്തോളം ആർബിഐയുടെ നോട്ടീസും പത്രപരസ്യവും വെറും വിരട്ടൽമാത്രം. ഇത്തരം നിയമവിരുദ്ധ നടപടികൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള  തീരുമാനം സംസ്ഥാന സർക്കാർ എടുത്തിട്ടുണ്ട്.

ആർബിഐയുടെ  നോട്ടീസിൽ പറയുന്ന അവസാനത്തെ കാര്യം ശ്രദ്ധിച്ചാൽ ആദ്യം പറഞ്ഞതിനൊന്നും അവർക്ക് അധികാരമില്ലെന്ന്  മനസ്സിലാകും. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം  ലൈസൻസ് നൽകിയിട്ടില്ല, ബാങ്ക് എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞശേഷം നിക്ഷേപത്തിന് ഗ്യാരന്റിയില്ലെന്ന്‌ പറയുന്നത് എന്തിനാണ്. എങ്കിൽ ആർബിഐക്ക് നടപടിയെടുത്താൽ പോരെ? നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെടുത്തി സഹകരണമേഖല നശിപ്പിക്കാൻ ആർബിഐയെ മോദിയും അമിത്‌ ഷായും കയറൂരിവിട്ടിരിക്കുകയാണ്. ഇവിടെ തകരുന്നത്  ആർബിഐയുടെ വിശ്വാസ്യതയാണ്.  കേരളത്തിലെ സഹകരണ പ്രസ്ഥാനം മോദി സർക്കാരിൽനിന്ന് ഇത്തരം വെല്ലുവിളി നേരിടുന്നത് ആദ്യമല്ല.  2016ൽ നോട്ട് നിരോധിച്ചശേഷം സഹകരണ ബാങ്കുകളുടെ പ്രവർത്തനം ആർബിഐയെ ഉപയോഗിച്ച് സ്തംഭിപ്പിക്കാൻ നോക്കി.  അന്നത്തെയും ഇന്നത്തെയും ലക്ഷ്യം ഒന്നാണ്. നിക്ഷേപകരുടെ വിശ്വാസം ഇല്ലാതാക്കി സ്ഥാപനങ്ങളെ തകർക്കുക. നോട്ട് നിരോധന ഘട്ടത്തിലെ ആക്രമണം ഇടതുപക്ഷ സർക്കാരും ജനാധിപത്യ പ്രസ്ഥാനങ്ങളും ചേർന്ന് പ്രതിരോധിച്ചു.  ഇപ്പോഴും സംസ്ഥാന സർക്കാർ ആവർത്തിക്കുന്നുണ്ട്,  സഹകരണ മേഖലയിൽ നിക്ഷേപകന്റെ ഒരു രൂപപോലും നഷ്ടപ്പെടില്ല.

സാമ്പത്തികവിദഗ്ധരും ആർബിഐയിലെ ബാങ്കിങ് വിദഗ്ധരും പഠിക്കേണ്ട വിഷയമാണ് കേരളത്തിലെ ജനങ്ങൾക്ക് സഹകരണ പ്രസ്ഥാനത്തിലുള്ള അചഞ്ചലമായ വിശ്വാസം. ബാങ്കിങ് റഗുലേഷൻ ആക്ട് ലംഘിച്ച് ഏതെങ്കിലും വാണിജ്യ ബാങ്ക് പ്രവർത്തിക്കുന്നുണ്ടെന്ന്  ആർബിഐ പത്രപരസ്യം നൽകിയെന്ന് സങ്കൽപ്പിക്കുക.  സ്വാഭാവികമായും ആ ബാങ്കിന്റെ തകർച്ചയാണുണ്ടാകുക. കാരണം, വിശ്വാസം നഷ്ടപ്പെട്ടാൽ നിക്ഷേപകർ ഒന്നിച്ച് പണം പിൻവലിക്കും. ഈ ബാങ്കിങ് തത്വം കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് എന്തുകൊണ്ട് ബാധ‌കമാകുന്നില്ലെന്ന് ആർബിഐ പഠിക്കട്ടെ. ജനങ്ങൾക്ക് വിശ്വാസം സഹകരണ പ്രസ്ഥാനത്തെയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയുമാണ്. ആർബിഐയുടെ പത്രപരസ്യത്തിന്റെ ലക്ഷ്യം സഹകരണ ബാങ്കുകളിലെ നിക്ഷേപം പിൻവലിപ്പിക്കുക എന്നതായിരുന്നു. കറകളഞ്ഞ ദേശദ്രോഹവും ജനദ്രോഹവുമാണ് ഈ പ്രവൃത്തിയെന്ന് പറയാതെ വയ്യ. 

നിക്ഷേപത്തിന് കേന്ദ്ര ഗ്യാരന്റി കോർപറേഷന്റെ ഗ്യാരന്റിയില്ലെന്ന് പ്രത്യേകം പറയുന്നതെന്തിനാണ്? ലൈസൻസില്ലെങ്കിൽ ഗ്യാരന്റിയുടെ കാര്യം ഉദിക്കുന്നില്ലല്ലോ. സത്യം എന്താണ്? ആർബിഐയുടെ പൂർണ നിയന്ത്രണത്തിലുള്ള ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ നിക്ഷേപത്തിനേ കേന്ദ്ര കോർപറേഷന്റെ ഗ്യാരന്റിയുള്ളൂ. എന്നാൽ, കേരള സർക്കാർ  സഹകരണ സംഘങ്ങളിലെ  നിക്ഷേപങ്ങൾക്ക് ഗ്യാരന്റി നൽകുന്നുണ്ട്.  അതിനുവേണ്ടിയാണ്  സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് രൂപീകരിച്ചത്. ആറു പതിറ്റാണ്ടായി  അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും വായ്പ നൽകുകയും ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, മുമ്പൊന്നും കാണാത്ത ‘നിയമലംഘനം ഇപ്പോൾ ആർബിഐ കാണുന്നത് രാഷ്ട്രീയമാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. 

ആദായനികുതിവകുപ്പും മാവിലായി സർവീസ് സഹകരണ ബാങ്കും തമ്മിലെ കേസിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഈ വർഷം ജനുവരി 12ന് പുറപ്പെടുവിച്ച വിധിയിൽ സഹകരണ സംഘത്തിൽ നോമിനൽ അംഗങ്ങൾക്കും മറ്റ്‌ അംഗങ്ങൾക്കുമുള്ള അവകാശം അംഗീകരിക്കുന്നുണ്ട്. കാരണം, അംഗങ്ങളെ നിർവചിക്കുന്നതും  അവകാശങ്ങൾ വ്യക്തമാക്കുന്നതും കേരള സഹകരണ നിയമപ്രകാരമാണ്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കുമേൽ ആദായനികുതി ചുമത്താനാകില്ല.  2011ൽ യുപിഎ സർക്കാർ കൊണ്ടുവന്ന 97–-ാം  ഭരണഘടനാ ഭേദഗതിയുടെ ഒരു ഭാഗം റദ്ദാക്കി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഈ വർഷം ജൂലൈയിൽ പുറപ്പെടുവിച്ച വിധിയിൽ  സഹകരണത്തിൽ ഇടപെടാൻ കേന്ദ്രഗവൺമെന്റിന് ഒരു അധികാരവും ഇല്ലെന്ന് വ്യക്തമാക്കിയതാണ്.

കാർഷികമേഖലയിൽ ബാങ്ക് പോലുള്ള ധനസ്ഥാപനങ്ങൾ വഴി നൽകുന്ന വായ്പ ഏറ്റവും കുറവാണ്. ചെറിയ സഹായംപോലും ധനസ്ഥാപനങ്ങളിൽനിന്ന് കിട്ടാതെയാണ് കർഷകർ ഓരോ ദിവസവും ആത്മഹത്യ ചെയ്യുന്നത്. ഇതിൽനിന്ന് എത്രയോ വിഭിന്നമാണ് കേരളത്തിലെ സ്ഥിതി. അതിനുകാരണം ഇവിടെ ആഴത്തിൽ വേരുപിടിച്ച സഹകരണ പ്രസ്ഥാനമാണ്. പതിനാറായിരത്തോളം സംഘമാണ് കേരളത്തിലുള്ളത്.  അതിൽ ബഹുഭൂരിഭാഗവും മികച്ച നിലയിൽ പ്രവർത്തിക്കുന്നുവെന്നാണ് സാമ്പത്തികാവലോകനം (2020) ചൂണ്ടിക്കാട്ടുന്നത്. ഗ്രാമീണർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ലളിതമായ വ്യവസ്ഥകളോടെ വായ്പ ലഭ്യമാക്കുന്നത് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളാണെന്ന് ഇതുസംബന്ധിച്ച എല്ലാ പഠനവും വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ കർഷകർ ഉൾപ്പെടെയുള്ള ഗ്രാമീണരെ ബ്ലേഡ് പലിശക്കാരുടെയും കമീഷൻ ഏജന്റുമാരുടെയും ചൂഷണത്തിൽനിന്ന് രക്ഷിച്ചുനിർത്തുന്നത് സഹകരണ സംഘങ്ങളാണ്. വായ്പ കൊടുക്കണമെങ്കിൽ നിക്ഷേപം സ്വീകരിക്കേണ്ടിവരും.

കാർഷികമേഖലയ്ക്ക് ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നൽകുന്ന വായ്പ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ കുറവ് ഒരു പരിധിവരെ നികത്തുന്നത് സഹകരണ പ്രസ്ഥാനമാണ്.  1969ലെ ദേശസാൽക്കരണത്തിനുശേഷം വാണിജ്യ ബാങ്കുകൾ കൂടുതൽ ഗ്രാമങ്ങളിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ, ആ ദിശയിൽ അധികം മുന്നോട്ടുപോയില്ല. ബാങ്ക് വായ്പയുടെ സിംഹഭാഗവും കൊണ്ടുപോകുന്നത് ധനിക കൃഷിക്കാരും വൻകിട കൃഷിക്കാരുമാണ്. പല രംഗത്തും ഉദാരവൽക്കരണത്തിന് ബദലായി നിലകൊള്ളുന്ന കേരളത്തിലെ സഹകരണമേഖലയെ തകർക്കുക എന്നത് ബിജെപിയുടെ രാഷ്ട്രീയ അജൻഡയാണ്. അതിനെ ജനാധിപത്യ കേരളം എതിർത്ത്‌ പരാജയപ്പെടുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top