19 April Friday

കേന്ദ്ര അവഗണനയ്‌ക്ക്‌ യുഡിഎഫ്‌ പിന്തുണ - എ വിജയരാഘവൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


നിതി ആയോഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ കേരളത്തിന് അഭിമാനകരമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാര സൂചിക ഇവയിലുണ്ടായ മുന്നേറ്റം പ്രത്യേകം ശ്രദ്ധേയമായി. ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെല്ലാം പകുതിയോളം ആളുകള്‍ അതിദരിദ്രരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. കേരളത്തിലാകട്ടെ ഈ വിഭാഗം ഒരുശതമാനത്തിൽ താഴെയാണ്. വീണ്ടും അധികാരത്തില്‍ വന്ന എൽഡിഎഫ്‌ സര്‍ക്കാര്‍ അതിദരിദ്രരെ കണ്ടെത്തി അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കേരളം സ്വീകരിച്ച ബദല്‍ സാമ്പത്തികനയങ്ങളും വികസന മാതൃകയും അഭിമാനകരമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ശക്തമായ പരിശ്രമമാണ് യുഡിഎഫും ബിജെപിയും മറ്റു വർഗീയ സംഘടനകളും നടത്തിയത്.

എന്നാല്‍, സംസ്ഥാന സര്‍ക്കാരാകട്ടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന കാഴ്ചപ്പാടുകളില്‍ ഉറച്ചുനിന്നും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവച്ചും പശ്ചാത്തലമേഖലയില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള ഇടപെടൽ നടത്തിയതുകൊണ്ടുമാണ്‌ തുടര്‍ഭരണം നേടാനായത്. കേരളം ആര്‍ജിച്ച മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാർ പിന്തുടരുന്ന സാമ്പത്തികനയം. അതേനയംതന്നെയാണ്‌ മുമ്പ്‌ കോൺഗ്രസും പിന്തുടർന്നത്‌. ഫെഡറല്‍ തത്വങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വ പരിശ്രമങ്ങളും അവഗണനയും കേന്ദ്രം തുടരുകയാണ്. ഇതിനെതിരായ ശക്തമായ ജനകീയ പ്രതിഷേധം കേരളത്തില്‍ രൂപപ്പെടുത്താനാണ് എല്‍ഡിഎഫ് പരിശ്രമിക്കുന്നത്.

രാജ്യത്ത് ജനസംഖ്യയില്‍ 2.59 ശതമാനമാണ് കേരളീയര്‍. എന്നാല്‍, നമുക്ക് ലഭിക്കുന്ന നികുതി വിഹിതം 1.92 ശതമാനം മാത്രമാണ്. കേന്ദ്ര നിക്ഷേപത്തിന്റെ കാര്യത്തിലും ഏറെ പിറകിലാണ്. കേന്ദ്ര സര്‍ക്കാരുകള്‍ വിഭവങ്ങള്‍ പങ്കിടുന്നതില്‍ ഏര്‍പ്പെടുത്തുന്ന മാനദണ്ഡവും കേരളത്തിന് വലിയ ആഘാതമായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ നാം കൈവരിച്ച നേട്ടം പൊതുനിക്ഷേപത്തിന്റെ ഫലമായിട്ടാണ്. ഈ മേഖലയിലാകട്ടെ ഗുണനിലവാരം ഉള്‍പ്പെടെയുള്ള രണ്ടാംതലമുറ പ്രശ്നങ്ങളെ നാം അഭിമുഖീകരിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാനാണ് പിണറായി വിജയൻ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, അതെല്ലാം മറച്ചുവച്ച് നമുക്ക് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ ഇല്ലാതാക്കുന്ന നയങ്ങളാണ് കേന്ദ്രത്തിന്റേത്.

15–ാം ധന കമീഷന്റെ ശുപാര്‍ശകള്‍ പ്രകാരം ഏറ്റവുമധികം സാമ്പത്തിക നഷ്ടമുണ്ടായ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 14–ാം ധന കമീഷന്റെ സമീപനത്തിനു വിപരീതമായി 2011ലെ ജനസംഖ്യക്ക്‌ 10 ശതമാനത്തിനുപകരം 15 ശതമാനം വെയ്റ്റേജ് നല്‍കിക്കൊണ്ടും 17.5 ശതമാനം വെയ്റ്റേജ് ഉണ്ടായിരുന്ന 1971ലെ ജനസംഖ്യയെ അപ്പാടെ ഒഴിവാക്കിയുമാണ് 15–ാം ധന കമീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം തീരുമാനിച്ചത്. ജിഎസ്ടി വിഹിതം നല്‍കാൻപോലും തയ്യാറാകാത്ത കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങള്‍ സംഘടിക്കുകയും സുപ്രീംകോടതിയില്‍ പോകുമെന്ന നില വരികയും ചെയ്തപ്പോഴാണ് ജിഎസ്ടി കുടിശ്ശിക അനുവദിച്ചത്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിഘടനയില്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട തീരുവ കുറച്ചും കേന്ദ്രത്തിനുമാത്രം അവകാശപ്പെട്ട സെസും സര്‍ചാര്‍ജും ഏര്‍പ്പെടുത്തിയും സംസ്ഥാനവിരുദ്ധ സമീപനം ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ഈ നികുതികളിലൂടെ 2.87 ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്രം നേടിയത്. പെട്രോളിന്റെയും ഡീസലിന്റെയും നികുതികളില്‍ 30 രൂപയിലധികം വര്‍ധിപ്പിച്ച് അഞ്ച്‌ രൂപയും പത്ത്‌ രൂപയും കുറയ്ക്കുന്ന ചെപ്പടിവിദ്യയും സ്വീകരിച്ചു. അതിനുപുറമെ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്ന വിചിത്രനിര്‍ദേശവും നൽകി. പാചകവാതക വിലയാകട്ടെ ദിനംപ്രതി വര്‍ധിക്കുന്നു.

കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനങ്ങളെ തകര്‍ക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. റെയില്‍വേ സോണ്‍ എന്ന ആവശ്യവും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. തിരുവനന്തപുരം ആസ്ഥാനമായുള്ള റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡും അടച്ചുപൂട്ടാന്‍ തീരുമാനിച്ചു.

രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി കേരളത്തോട് നാണ്യവിളകളുടെ ഉൽപ്പാദനത്തിലേക്കു തിരിയാന്‍ ആവശ്യപ്പെട്ടത് കേന്ദ്രമാണ്. എന്നാല്‍, സംസ്ഥാന ലിസ്റ്റില്‍പ്പെടുന്ന വിഷയങ്ങളില്‍പ്പോലും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന കരാറുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുമ്പോള്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യുകയെന്ന മര്യാദപോലും കാണിക്കുന്നില്ല. റബര്‍ വിലസ്ഥിരതാ ഫണ്ടിന്റെ കാര്യത്തിലും കേരളം അവഗണിക്കപ്പെട്ടു. ഓഖിയെത്തുടര്‍ന്ന് കേരളം ആവശ്യപ്പെട്ട 7000 കോടിയുടെ തീരദേശ സംരക്ഷണ പാക്കേജും അനുവദിച്ചിട്ടില്ല. കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനങ്ങളെ തകര്‍ക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. റെയില്‍വേ സോണ്‍ എന്ന ആവശ്യവും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. തിരുവനന്തപുരം ആസ്ഥാനമായുള്ള റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡും അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. റെയില്‍വേ സോണ്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല, പാലക്കാട് കോച്ച് ഫാക്ടറിയുടെ 65 ശതമാനം ഭാഗം സേലം ഡിവിഷനിലേക്ക് നല്‍കി. രണ്ട് ഘട്ടത്തിലായി 230 ഏക്കറോളം ഏറ്റെടുത്ത് കോച്ച് ഫാക്ടറിക്കായി കൈമാറി. ഈ പദ്ധതി ഇല്ലാതായ അവസ്ഥയിലാണ്. ശബരി റെയില്‍ പദ്ധതിപോലും അംഗീകരിക്കാനാകുന്നില്ല. 1997–98 കാലത്ത് നിര്‍ദേശിച്ചതാണ് അങ്കമാലി–ശബരി പദ്ധതി. ചെലവിന്റെ 50 ശതമാനം വഹിക്കാമെന്ന് സംസ്ഥാനം അറിയിച്ചിട്ടും മുന്നോട്ടുകൊണ്ടുപോകുന്നില്ല.

അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുള്ള കേരളത്തില്‍ വിദഗ്ധചികിത്സയ്ക്കായി എയിംസ് എന്നത് ന്യായമായ ആവശ്യമാണ്. അതുമില്ല. കൊച്ചിയിലും കണ്ണൂരിലും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താണ്‌ രണ്ട് മികച്ച വിമാനത്താവളം സ്ഥാപിച്ചത്‌. തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതാണ്‌. എന്നാല്‍, തിരുവനന്തപുരം അദാനിക്ക് നല്‍കി. ശബരിമലയിൽ വിമാനത്താവളമെന്ന ആവശ്യത്തോടും മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്‌ കേന്ദ്രസർക്കാർ.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചും മൗനം തുടരുകയാണ്. തിരുവനന്തപുരത്തെ ഔട്ടര്‍ റിങ്‌ റോഡ് നവീകരിക്കുന്നതിനായുള്ള ധനസഹായവും നല്‍കുന്നില്ല. തിരുവനന്തപുരത്തെയും കാസര്‍കോടിനെയും ബന്ധിപ്പിക്കുന്ന സ്വപ്നപദ്ധതിയാണ് സില്‍വര്‍ ലൈന്‍. ഈ പദ്ധതി യാത്രക്കാരെ വേഗത്തില്‍ എത്തിക്കുമെന്ന് മാത്രമല്ല, സംസ്ഥാനത്തെ സാമ്പത്തികവികസനത്തില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍, പദ്ധതിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോക്കം പോകുകയാണ്‌. അതോടൊപ്പംതന്നെ ഇവയ്ക്കെതിരായി പ്രചാരവേലകളുമായി യുഡിഎഫും ബിജെപിയും ഇറങ്ങിയിരിക്കുകയാണ്. കേന്ദ്ര റെയില്‍ ആസൂത്രണത്തില്‍ ഉള്‍ക്കൊള്ളിച്ച പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാക്കാന്‍ തയ്യാറാകുന്നില്ലായെന്ന് മാത്രമല്ല, ഈ മുഴുവന്‍ ബാധ്യതയും സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയുമാണ്. പദ്ധതി പൂര്‍ത്തീകരണത്തിന് ആവശ്യമായ തുകയില്‍ മുഖ്യ പങ്ക് വിദേശ ബാങ്കുകളില്‍നിന്ന് വായ്പയായി കണ്ടെത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍, സംസ്ഥാനത്തിന്റെ വായ്പയെടുക്കാനുള്ള അവകാശത്തെപ്പോലും നിയന്ത്രിക്കാനാണ് കേന്ദ്രശ്രമം. വികസന കുതിച്ചുചാട്ടത്തിന് ഉതകുന്ന ഒന്നാണ് സില്‍വര്‍ ലൈന്‍ പദ്ധതി. എന്നാല്‍, അവയ്ക്കെതിരെ പ്രചാരണം നടത്തി ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും മറുഭാഗത്ത് അത് തടസ്സപ്പെടുത്തുന്ന സമീപനവും യുഡിഎഫ്– ബിജെപി കൂട്ടുകെട്ട് നടപ്പാക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ആവശ്യമായ തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ എടുക്കാമെന്ന് പറഞ്ഞിട്ടും മുഖംതിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ദേശീയപാതയ്ക്ക് സ്ഥലമെടുക്കുന്ന ഘട്ടത്തില്‍ 25 ശതമാനം സംസ്ഥാനം വഹിക്കുന്നു.

പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വവും ചെലവും സംസ്ഥാനത്തിന്റേതു മാത്രമായി. പ്രവാസി പാക്കേജിന്റെ കാര്യത്തിലും സംസ്ഥാനം അവഗണനയാണ് നേരിട്ടത്

പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ അര്‍ഹമായ കേന്ദ്രസഹായം നമുക്ക് ലഭ്യമാകുന്നില്ല. പ്രളയമുണ്ടായപ്പോൾ 700 കോടി രൂപയുടെ വിദേശസഹായത്തിനും കേന്ദ്രം തടസ്സം നിന്നു. എന്നാൽ, ഗുജറാത്തില്‍ പ്രകൃതി ദുരന്തമുണ്ടായപ്പോൾ വിദേശസഹായം അനുവദിച്ചു. തുടര്‍ച്ചയായി പ്രകൃതിദുരന്തം അനുഭവിക്കുന്ന കേരളത്തിൽ കൃത്യമായ കാലാവസ്ഥാ പ്രവചന സംവിധാനങ്ങള്‍ സുപ്രധാനമാണ്. അതിന്റെ ഭാഗമായി വയനാട്–കോഴിക്കോട് അതിര്‍ത്തിയില്‍ ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാലമായ ആവശ്യവും പരിഗണിക്കുന്നില്ല. മീൻപിടിത്ത മേഖലകളില്‍ സിഡബ്യുഡിഎസ് സ്ഥാപിക്കണമെന്ന ആവശ്യവും നിറവേറ്റപ്പെട്ടിട്ടില്ല. കേരളത്തിന് 15–ാം ധന കമീഷന്‍ അനുവദിച്ച സെക്ടറല്‍ സ്പെസിഫിക് ഗ്രാന്റായ 2412 കോടിയും സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്റായ 1100 കോടിയും ലഭിച്ചിട്ടില്ല. പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വവും ചെലവും സംസ്ഥാനത്തിന്റേതു മാത്രമായി. പ്രവാസി പാക്കേജിന്റെ കാര്യത്തിലും സംസ്ഥാനം അവഗണനയാണ് നേരിട്ടത്.

മഹാമാരി പ്രതിസന്ധിയെ അതിജീവിക്കാന്‍ വായ്പാ വാങ്ങല്‍ശേഷി ഉയര്‍ത്തിയത് കേന്ദ്രത്തിന്റേത് നിബന്ധനകള്‍ ഇല്ലാതെയും സംസ്ഥാനങ്ങള്‍ക്ക് അധിക നിബന്ധനകളോടെയുമായിരുന്നു. ഇത് സംസ്ഥാനവിരുദ്ധ ധനസമീപനത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. വാക്സിനുകളുടെ കാര്യത്തിലും വലിയ അവഗണനയാണ് കാണിച്ചത്. ഈ അവഗണനയോട് നിശ്ശബ്ദത പാലിക്കുകയാണ് കേരളത്തിലെ യുഡിഎഫ്. ഫെഡറല്‍ തത്വങ്ങളുടെ ലംഘനവും സംസ്ഥാനങ്ങളുടെ ധനാധികാരത്തില്‍ കൈയിട്ടുവാരുന്നതും തുടങ്ങിവച്ചത് കോണ്‍ഗ്രസാണ്. പ്ലാനിങ്‌ കമീഷനുപകരം നിതി ആയോഗ് സൃഷ്ടിച്ച് അതിന്‌ പ്രത്യേക അംഗീകാരം നല്‍കിയ ബിജെപി നിലപാടിലും കോണ്‍ഗ്രസ്‌ നിശ്ശബ്ദത പാലിക്കുകയാണ്. ജമ്മു കശ്മീരിലെ കേന്ദ്രനിലപാടിനെ എതിർക്കാൻ കോണ്‍ഗ്രസ് തയ്യാറായില്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ അട്ടിമറിക്കാന്‍ അമിത് ഷായും കേന്ദ്രവും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും തയ്യാറാകുന്നില്ല. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെ കേന്ദ്രം അവഗണിക്കുമ്പോൾ അതിന് യുഡിഎഫ്‌ നല്‍കുന്ന പിന്തുണ തുറന്നുകാട്ടേണ്ടതുണ്ട്.

കേരളത്തിന് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ ലഭ്യമായത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 18 സീറ്റ്‌ ലഭിച്ച ഘട്ടത്തിലായിരുന്നു അത്. എന്നാല്‍, ഇടതുപക്ഷത്തിന്റെ പങ്കാളിത്തം ഇല്ലാതാകുകയും രണ്ടാം യുപിഎ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ നയങ്ങളിലൂടെ മുന്നോട്ടുപോകുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര അവഗണന വീണ്ടും തുടങ്ങിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെ സംസ്ഥാനത്തിന്റെ വികസനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരള ജനതയുടെ പ്രതിഷേധം ഉയരേണ്ടതുണ്ട്. എല്ലാ മേഖലയിലും ഒരേപോലെ വികസനം എത്തിച്ചേരുന്നതിന് കേന്ദ്ര–സംസ്ഥാന ബന്ധങ്ങള്‍ ജനാധിപത്യപരമായി പുനഃക്രമീകരിക്കുകയും വേണം. അതിന് നേതൃപരമായ പങ്ക് വഹിക്കാനാകുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാണ്. ബദൽനയങ്ങൾ ഉയർത്തി വികസനത്തിന്റെ പുത്തൻ മാതൃക സൃഷ്ടിക്കുന്നതിനായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന ശ്രമങ്ങളെ തുരങ്കംവയ്ക്കാൻ കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും നടത്തുന്ന ശ്രമങ്ങൾക്കെതിരായി ജനങ്ങളെ അണിനിരത്താനാണ് എൽഡിഎഫ്‌ പരിശ്രമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top