06 December Monday

ഭിന്നിപ്പിക്കൽശ്രമം പ്രതിരോധിക്കണം - എ വിജയരാഘവൻ എഴുതുന്നു

എ വിജയരാഘവൻUpdated: Saturday Sep 25, 2021

സോണിയ ഗാന്ധി പുതുതായി നിയമിച്ച കോൺഗ്രസ് നേതാക്കൾ കേരളത്തിലെ സമുദായ നേതാക്കളുടെയും സംഘടനകളുടെയും ആസ്ഥാനങ്ങളും ഓഫീസുകളും കയറിയിറങ്ങുന്ന പരിപാടി നടക്കുകയാണ്. സമുദായസൗഹാർദം നിലനിർത്താനുള്ള യജ്ഞമാണത്രെ ഇത്.  അവരെന്ത് അവകാശപ്പെട്ടാലും കുളം കലക്കി മീൻ പിടിക്കാനുള്ള ശ്രമമാണിതെന്ന് സമുദായ നേതാക്കൾക്കും ബോധ്യമായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. ചില മത–സമുദായ നേതാക്കൾ അതു തുറന്നുപറഞ്ഞു. തങ്ങൾ വേറെ വഴിക്കാണ് പോകുന്നതെന്നു പറഞ്ഞ് മറ്റുള്ളവരും ഇവരുടെ വണ്ടിയിൽ കയറാൻ തയ്യാറായിട്ടില്ല.  കാരണം, കോൺഗ്രസിന്റെയും അവരുടെ നേതാക്കളുടെയും തനിനിറം എല്ലാവർക്കുമറിയാം.  രഹസ്യ അജൻഡ മനസ്സിലാകാത്ത ആരുമില്ല.

കേരളത്തിൽ മതസൗഹാർദം അപകടത്തിലാണെന്നും അതുകൊണ്ട് എല്ലാവരും തങ്ങളുടെ കൂടെ നിൽക്കണമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.  എന്നാൽ, മതസൗഹാർദം അപകടപ്പെടുത്തുന്ന ഒരു സംഭവവുമുണ്ടായിട്ടില്ല. 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നശേഷം ഉണ്ടായിട്ടില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി. വർഗീയ സംഘട്ടനങ്ങളോ ലഹളകളോ സംഘർഷങ്ങളോ ഇല്ലാത്ത തുരുത്തായി കേരളം നിലനിൽക്കുന്നു. മതനിരപേക്ഷ അടിത്തറ അത്രയും ശക്തമാണ്.

വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത, ചാഞ്ചാട്ടമില്ലാത്ത നിലപാടെടുക്കുന്ന ഇടതുപക്ഷത്തിന്റെ സ്വാധീനം കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നത് ഇടതുപക്ഷവിരോധികൾപോലും അംഗീകരിക്കുന്നു.
ഒരു ബിഷപ് അവരുടെ സഭയുടെ ആത്മീയചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് തെറ്റിദ്ധാരണ പരത്താനും സംഘർഷം കുത്തിപ്പൊക്കാനുമുള്ള കോൺഗ്രസിന്റെ ശ്രമം.  സൗഹാർദത്തിൽ കഴിയുന്ന വിവിധ സമുദായങ്ങൾക്കിടയിൽ അവിശ്വാസത്തിന്റെയും സംശയത്തിന്റെയും വിത്ത് പാകാനാണ് ഇവർ ശ്രമിക്കുന്നത്.  തീവ്രവർഗീയ പ്രചാരണത്തിലൂടെ ബിജെപി ചെയ്യുന്നത്  മറ്റൊരു വിധത്തിൽ വേഷപ്രച്ഛന്നരായി ഇവരും ചെയ്യുന്നു. 

ബിഷപ് നടത്തിയ "നർക്കോട്ടിക് ജിഹാദ്' എന്ന പദപ്രയോഗത്തെക്കുറിച്ചാണെങ്കിൽ കേരളത്തിലെ ക്രൈസ്തവ സമൂഹവും സഭാമേലധ്യക്ഷരും അതു തള്ളിക്കളഞ്ഞിരിക്കുകയാണ്.  തീർത്തും അനുചിതവും അടിസ്ഥാനരഹിതവുമായ പരാമർശം നടത്തിയ ബിഷപ്പിന്റെ കൂടെ അവരാരും നിന്നില്ല എന്നതാണ് നാം കണക്കിലെടുക്കേണ്ട കാര്യം.  സിറോ–മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ്  ക്രൈസ്‌തവസഭകളുടെ നിലപാട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 


 

മയക്കുമരുന്നിനെ മതം ചേർത്ത് വിളിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. അദ്ദേഹം മാത്രമല്ല, മറ്റു സഭാ മേലധ്യക്ഷരും ഈ നിലപാടിനൊപ്പമാണ്. പിന്നെ എന്താണ് ഇവിടെ പ്രശ്നമെന്ന് മനസ്സിലാകുന്നില്ല.  സർക്കാർ നിലപാട് പറയണമെന്നാണ് കോൺഗ്രസ് നേതാക്കൾ നിത്യവും ആവശ്യപ്പെടുന്നത്.  മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലും  പൊതുപരിപാടിയിലും സംശയത്തിന് ഇടമില്ലാത്തവിധം കാര്യങ്ങൾ വ്യക്തമാക്കിയിട്ടും ഇവർക്കുമാത്രം ബോധ്യമാകുന്നില്ല. ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും ശ്രമിക്കുന്നവരോട് എന്തുപറഞ്ഞിട്ടും കാര്യമില്ല. 

ഉന്നത സ്ഥാനത്തിരിക്കുന്നവരിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പദപ്രയോഗമാണ് ബിഷപ്പിൽനിന്ന് ഉണ്ടായതെന്നും സാമൂഹ്യതിൻമകൾക്ക് മതത്തിന്റെ നിറം നൽകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.  നർക്കോട്ടിക് ജിഹാദ് ഇല്ലെന്നും ഉള്ളത് നർക്കോട്ടിക്  മാഫിയ ആണെന്നും അദ്ദേഹം വ്യക്തമാക്കി.  ലൗ ജിഹാദ് എന്നൊന്ന് ഇല്ലെന്ന് കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വിശദീകരിച്ചത് സർക്കാരിന്റെ നിലപാടാണെങ്കിൽ അതുതന്നെയാണ് ഇക്കാര്യത്തിൽ സിപിഐ എമ്മിന്റെയും അഭിപ്രായം. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മത–സാമുദായിക ചേരിതിരിവ് ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.  സർക്കാരും സിപിഐ എമ്മും നിലപാട് പറയണമെന്നാണ്  കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നത്.  ഇതു ചോദിക്കുന്നവർ അവരുടെ നിലപാട് വ്യക്തമാക്കിയോ?  ഇല്ല എന്നതാണ് രസകരം. ഒരു നിലപാടുമില്ലാതെയാണ് മതനേതാക്കളുടെ ആസ്ഥാനങ്ങൾ ഇവർ കയറിയിറങ്ങുന്നത്. 

മതസൗഹാർദത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചുകൊണ്ടാകണം.  കോൺഗ്രസ് നേതൃത്വത്തോട് ഇതുപറഞ്ഞിട്ടു കാര്യമില്ല. തരാതരംപോലെ ഭൂരിപക്ഷ വർഗീയതയുമായും ന്യൂനപക്ഷ വർഗീയതയുമായും തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി കൂട്ടുകെട്ടുണ്ടാക്കുന്നതാണ്‌ ആ പാർടി. ദയനീയമായി തോൽക്കുകയും ആഭ്യന്തരപ്രശ്നങ്ങളാൽ ഉലയുകയും ചെയ്തപ്പോൾ, മതസൗഹാർദ സന്ദേശവുമായി ഇറങ്ങിനടക്കുന്നതിന് പിന്നിലെ ദുഷ്ടലാക്ക് തിരിച്ചറിയാൻ പ്രയാസമില്ല.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി പരസ്യമായും ജമാ- അത്തെ ഇസ്ലാമിയുമായി രഹസ്യമായും അവർ കൂട്ടുകൂടി.  2020ലെ തദ്ദേശതെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിക് സീറ്റുകൾ വീതിച്ചുനൽകി.  സ്വന്തം പാർടിയിൽനിന്ന് വിമർശമുയർന്നിട്ടും ബന്ധം ഉപേക്ഷിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. ദേശീയതലത്തിലാണെങ്കിൽ മൃദുഹിന്ദുത്വ നയത്തിൽനിന്ന് പിൻമാറാൻ  കഴിയുന്നില്ല.  കോൺഗ്രസിന്റെ കൂടെ നിന്നാൽ മതന്യൂനപക്ഷങ്ങളുടെ വോട്ട് നഷ്ടപ്പെടും എന്നതാണ് ഉത്തരേന്ത്യയിലെ സ്ഥിതി.

ഇപ്പോൾ കേരളത്തിൽ നടക്കുന്ന നാടകം നാടിന്റെ മതനിരപേക്ഷ അടിത്തറയിൽ വിള്ളലുണ്ടാക്കുമെന്ന് സിപിഐ എമ്മിന്‌ നല്ല ബോധ്യമുണ്ട്. ഇവരുടെ ഹീനലക്ഷ്യം മതനിരപേക്ഷ കേരളം തിരിച്ചറിഞ്ഞു എന്നതാണ് നമുക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകുന്നത്. കേരളത്തിൽ ബിജെപിയുടെ വളർച്ച താഴോട്ടാണെന്ന്  നിയമസഭാതെരഞ്ഞെടുപ്പും പ്രാദേശിക തെരഞ്ഞെടുപ്പും തെളിയിച്ചിട്ടുണ്ട്.  അഴിമതിയിൽ മുങ്ങിയ ആ പാർടിയിലും പടലപ്പിണക്കം രൂക്ഷമാണ്.  കേരളത്തിൽ ബിജെപിക്ക് ഇത്രയും വികൃതമായ പ്രതിച്ഛായ മുമ്പൊരിക്കലുമുണ്ടായിട്ടില്ല.  ഈ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാനാണ് തീവ്രവർഗീയവൽക്കരണ ശ്രമവുമായി അവർ  ഇറങ്ങിയത്.  തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടുവെങ്കിലും സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ആർഎസ്‌എസിന്റെ നീക്കങ്ങൾ ദുർബലമായെന്ന് സിപിഐ എം കരുതുന്നില്ല. കേന്ദ്രത്തിൽ അധികാരവും യഥേഷ്ടം പണവുമുള്ള ബിജെപി, കേരളത്തിൽ കാലൂന്നാൻ എന്തും ചെയ്യും.  ജനങ്ങളുടെ ഐക്യവും സാഹോദര്യവും തകർത്താലേ അവർക്ക് വേരോട്ടമുണ്ടാക്കാൻ കഴിയൂ. വർഗീയലഹളകളിലൂടെയും സംഘർഷങ്ങളിലൂടെയുമാണ് രാജ്യത്ത്  സംഘപരിവാർ വളർന്നിട്ടുള്ളത്. അതുകൊണ്ട് ബിജെപിയുടെ നീക്കങ്ങളെ നാം അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം. മതന്യൂനപക്ഷങ്ങളിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനുള്ള ശ്രമമാണ് അവർ ഇപ്പോൾ നടത്തുന്നത്.  ദൗർഭാഗ്യകരമെന്ന് പറയട്ടെ, മതനിരപേക്ഷ പാർടിയെന്ന് അവകാശപ്പെടുന്ന  കോൺഗ്രസും ഈ വഴിക്കാണ് പോകുന്നത്. 

2014ൽ മോദി അധികാരത്തിൽ വന്നശേഷം മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം വ്യാപകമാകുകയും വർധിക്കുകയും ചെയ്തു.  ആക്രമണങ്ങളധികവും മുസ്ലിങ്ങൾക്ക് നേരെയാണ്.  നിരന്തരമായ വേട്ടയാടൽ മുസ്ലിങ്ങൾക്കിടയിൽ ഭീതിയും അരക്ഷിതബോധവും പടർത്തി. മുസ്ലിങ്ങളുടെ ജീവിതമാർഗംതന്നെ തടയാനുള്ള ശ്രമങ്ങളാണ് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നടക്കുന്നത്. മുസ്ലിങ്ങളെ ഭീകരവാദികളായും ദേശദ്രോഹികളായും മുദ്രകുത്തി ജയിലിലടയ്ക്കുന്നു.  ഈ സാഹചര്യം മുസ്ലിം മതമൗലികവാദവും തീവ്രവാദവും വളരാൻ ഇടയാക്കുന്നു എന്ന വസ്തുത സിപിഐ എം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  മതമൗലികവാദ–തീവ്രവാദ പ്രവണതകൾ മുസ്ലിം സമുദായത്തിന്റെ താൽപ്പര്യങ്ങളെയാണ് ബാധിക്കുന്നത്.  മാത്രമല്ല, ഭൂരിപക്ഷ വർഗീയത വളർത്താനേ ഇത് കാരണമാകൂ.  മതനിരപേക്ഷ പ്രസ്ഥാനങ്ങളോടൊപ്പംനിന്ന് ആർഎസ്എസ് അജൻഡയ്‌ക്കെതിരെ പോരാടുകയാണ് മുസ്ലിങ്ങളടക്കമുള്ള മതന്യൂനപക്ഷങ്ങൾ ചെയ്യേണ്ടത്. 

മതവിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഹിന്ദുത്വശക്തികൾ ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളും വർധിപ്പിച്ചു. 2016നും 2019നുമിടയിൽ 1774 കേസാണ് വിദ്വേഷ കടന്നാക്രമണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്തത്.  2016നുശേഷം ഇത്തരം ആക്രമണങ്ങൾ 59.6 ശതമാനം വർധിച്ചു.

ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വളർച്ച തടയാനാണ് ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഭരണവർഗം ഉപയോഗിക്കുന്നത്.  മതമൗലികവാദവും വിജ്ഞാനവിരോധവും സങ്കുചിത ദേശസ്നേഹവും വർഗീയതയുമെല്ലാം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ലക്ഷ്യത്തിൽത്തന്നെ.  ഇത്തരം എല്ലാ ഭിന്നിപ്പിക്കൽ ആശയങ്ങൾക്കും ശക്തികൾക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണം.  ഈ ഉറച്ച നിലപാടിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെ തീവ്രവാദ ആശയങ്ങളിലേക്കും പ്രസ്ഥാനങ്ങളിലേക്കും കൊണ്ടുപോകാൻ ചില മുസ്ലിം മതമൗലികവാദ സംഘടനകൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പാർടി തീരുമാനിച്ചത്. സിപിഐ എം ഇതു പറഞ്ഞത് മുസ്ലിംലീഗിന്  വല്ലാതെ വേദനിച്ചുവെന്ന് ഡോ. എം കെ മുനീറിന്റെ പ്രതികരണത്തിൽനിന്ന് മനസ്സിലായി.  മുസ്ലിംലീഗും ആത്മപരിശോധനയ്‌ക്ക് തയ്യാറാകേണ്ടതുണ്ട്‌.  മുസ്ലിം സമുദായത്തിലെ മൗലികവാദ–തീവ്രവാദ പ്രവണതകൾക്കെതിരെ മുമ്പ് പോരാടിയിരുന്നു എന്ന് അവകാശപ്പെടുന്ന മുസ്ലിംലീഗ്, ജമാ അത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയബാന്ധവം എന്തുകൊണ്ടാണ് അവസാനിപ്പിക്കാത്തത്.   ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യത്തിന് മുൻകൈ എടുത്തത് മുസ്ലിംലീഗായിരുന്നില്ലേ?

സാമുദായിക വികാരം ഇളക്കിവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് മനസ്സിലാക്കണം. മതനിരപേക്ഷതയ്ക്ക് പോറലുണ്ടാക്കാനുള്ള ഏതു ശ്രമവും കേരളത്തിലെ ജനങ്ങൾ പരാജയപ്പെടുത്തും. യുഡിഎഫിലെ മറ്റു കക്ഷികൾ ഈ പ്രശ്നത്തെ എങ്ങനെയാണ് കാണുന്നതെന്ന് അറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top