29 March Friday

ഉക്രയ്ൻ: നാറ്റോയുടെ ചതിയും റഷ്യയുടെ മറുപടിയും - എ എം ഷിനാസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

videograbbed image

പ്രിൻസ്റ്റൺ സർവകലാശാലയിലെ പ്രൊഫസറും സോവിയറ്റ്–- സോവിയറ്റനന്തര ചരിത്രത്തെക്കുറിച്ച് വിശേഷാവഗാഹവുമുള്ള ചരിത്രകാരനുമായ സ്റ്റീഫൻ കോത്ക്കിൻ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ വിദേശനയത്തെ വിശേഷിപ്പിച്ചത് ‘പ്രതിരോധപരമായ സമരോത്സുകത’ എന്നാണ്. 2012ൽ പ്രസിഡന്റ് പദവിയിൽ തിരികെയെത്തിയശേഷം സൂക്ഷ്മഭേദങ്ങളോടെയാണെങ്കിലും പുടിൻ പിന്തുടരുന്നത് മുൻ സോവിയറ്റ് യൂണിയന്റെ വിദേശനയം തന്നെയാണെന്ന് സ്റ്റീഫൻ കോത്ക്കിൻ എഴുതുന്നു.(റഷ്യാസ് പെർപച്ച്വൽ ജിയോപൊളിറ്റിക്സ്; ഫോറിൻ അഫയേഴ്സ്, ഏപ്രിൽ 18, 2016). 2014ൽ ക്രീമിയയെ റഷ്യയോട് കൂട്ടിച്ചേർത്തതും ഇപ്പോൾ ഉക്രയ്ൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചതും 2008ൽ ജോർജിയയുമായി ഇടഞ്ഞതും ഏതാനും ആഴ്ചകൾക്കുമുമ്പ്‌ കസാഖ്‌സ്ഥാനിൽ അവിടത്തെ ഭരണാധികാരിയുടെ അഭ്യർഥനപ്രകാരം ഇടപെട്ടതും സിറിയൻ യുദ്ധത്തിൽ ബാഷർ അൽ അസദിന്റെ ഭരണകൂടഭദ്രത ഉറപ്പുവരുത്താൻ 2015 മുതൽ രംഗത്തിറങ്ങിയതുമെല്ലാം പുടിനെ ‘അക്രമിയും കൊലയാളി’യുമായി നിരന്തരം പാശ്ചാത്യ സാമ്രാജ്യത്വസഖ്യം ചിത്രീകരിക്കുന്നതിലാണ് കലാശിച്ചത്.

ഏറ്റവും വലിയ രണ്ടാമത്തെ റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗിൽനിന്ന് കേവലം 160 കിലോമീറ്റർമാത്രം ദൂരമുള്ള ഈസ്റ്റോണിയ എന്ന മുൻ സോവിയറ്റ് റിപ്പബ്ലിക്കിൽവരെ നാറ്റോ സൈന്യം നിലയുറപ്പിച്ചതോടെയാണ്, റഷ്യ നേരിടുന്ന സുരക്ഷാ അരക്ഷിതത്വത്തെ മുൻനിർത്തി പുടിൻ പ്രദർശിപ്പിക്കുന്നത് ‘ആത്മരക്ഷാപരമായ യുദ്ധോദ്യുക്തത’ യാണെന്ന് കോത്ക്കിൻ ശരിയായി നിരീക്ഷിച്ചത്. ഈ പരമാർഥം കണ്ടില്ലെന്നു നടിച്ചുള്ള റഷ്യയോടുള്ള പാശ്ചാത്യചേരിയുടെ പ്രതികരണം, ‘പൊള്ളയായ തണ്ടിന്റെയും ആത്മരതിയുടെയും മതിഭ്രമ’മാണെന്നു പറഞ്ഞത് യേൽ സർവകലാശാലയിൽ അമേരിക്കൻ വിദേശവിദഗ്ധനായ വാൾട്ടർ റസ്സൽ മീഡ് ആണ്. ഉക്രയ്ന് ക്രീമിയ ഒരിക്കലും തിരിച്ചുകിട്ടില്ലെന്നും പുടിൻ ആദരം അർഹിക്കുന്ന നേതാവാണെന്നും ഉക്രയ്നെ റഷ്യ ആക്രമിക്കുന്ന വിധത്തിൽ പ്രകോപനമുണ്ടാക്കുന്ന വാക്കും പ്രവൃത്തിയും ജർമനിയുടെ സഖ്യരാഷ്ട്രങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യക്ക് റഷ്യയെ ആവശ്യമുള്ളതുപോലെ ജർമനിക്കും റഷ്യയെ ആവശ്യമുണ്ടെന്നും ജനുവരി 23ന് ഡൽഹിയിൽ വെട്ടിത്തുറന്നു പറഞ്ഞതിന് രാജിവയ്‌ക്കാൻ നിർബന്ധിതനായ ജർമൻ നാവികസേനയുടെ വൈസ് അഡ്മിറലായ ഷോൺബാച്ചിന്റെ നിരീക്ഷണവും ഇതോടൊപ്പം ചേർത്തുവായിക്കണം. 27 അംഗ യൂറോപ്യൻ യൂണിയനിൽത്തന്നെ റഷ്യയോട് എന്ത് നിലപാടെടുക്കണമെന്ന കാര്യത്തിൽ അഭിപ്രായൈക്യമില്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കു വേണ്ട 40 ശതമാനം പ്രകൃതിവാതകം റഷ്യയിൽനിന്നാണ്‌ എത്തുന്നത്.

ഉക്രയ്ൻ വിഷയത്തിന്റെ വേരു കിടക്കുന്നത് മൂന്നു പതിറ്റാണ്ടുമുമ്പുള്ള നാറ്റോയുടെയും അതിന്റെ തലതൊട്ടപ്പനായ അമേരിക്കയുടെയും സഖ്യശിങ്കിടികളുടെയും പെരുംചതിയിലാണ്. അതോടൊപ്പം നാറ്റോയെ ജർമനിയിൽനിന്ന് ഒരിഞ്ചുപോലും കിഴക്കോട്ട് വ്യാപിപ്പിക്കില്ലെന്ന അമേരിക്കൻ സാമ്രാജ്യത്വചേരിയുടെ കപടവാഗ്ദാനം അപ്പടി വിഴുങ്ങിയ ഗോർബച്ചേവും എഡ്വേഡ് ഷെവർനദ്സെയും (അന്നത്തെ സോവിയറ്റ് വിദേശമന്ത്രി) ബോറിസ് യെത്സിനുമെല്ലാം ഇക്കാര്യത്തിൽ കൂട്ടുപ്രതികളുമാണ്. നാറ്റോ വ്യാപനത്തെക്കുറിച്ച് ഇവർക്കു നൽകിയ സുരക്ഷാ ഉറപ്പുകളുടെ ഘോഷയാത്ര അനാവരണം ചെയ്യുന്ന യുഎസ്, സോവിയറ്റ്, ജർമൻ, ബ്രിട്ടീഷ്, ഫ്രഞ്ച് ഡീക്ലാസിഫൈഡ് രേഖകൾ ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ നാഷണൽ സെക്യൂരിറ്റി ആർക്കൈവ് 2017ൽ പുറത്തുവിടുകയും വിഷയവിദഗ്ധരെ പങ്കെടുപ്പിച്ച് ചർച്ച ചെയ്യുകയുമൂണ്ടായി.

1990 ഫെബ്രുവരി ഒമ്പതിന്‌ ഗോർബച്ചേവും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ബേക്കറും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ബേക്കറിന്റെ പ്രശസ്തമായ പ്രസ്താവം ‘നാറ്റോ ഒരിഞ്ചുപോലും കിഴക്കോട്ട് വ്യാപിപ്പിക്കില്ല’ പുറത്തുവന്നത്. 1989ൽ നടന്ന മാൾട്ട ഉച്ചകോടിയിൽ ബുഷ് സീനിയർ ഗോർബച്ചേവിനോടു പറഞ്ഞത്, താൻ ബെർലിൻ മതിലിനു മുകളിൽ ആനന്ദനൃത്തം ചെയ്യില്ലെന്നും ജർമൻ ഏകീകരണത്തിനുശേഷം സോവിയറ്റ് സുരക്ഷാതാൽപ്പര്യങ്ങളെ ഹനിക്കില്ല എന്നുമാണ്. 1990 ജനുവരിയിൽ ജർമൻ വിദേശമന്ത്രിയായിരുന്ന ഹാൻസ് ജെൻഷർ ബവേരിയയിലെ തുത്സിങ്ങിൽ ഒരു പൊതുപരിപാടിയിൽ പറഞ്ഞത് ‘കിഴക്കൻ യൂറോപ്പിലെ മാറ്റങ്ങളും ജർമനികളുടെ ഏകീകരണവും സോവിയറ്റ് സുരക്ഷാതാൽപ്പര്യങ്ങൾക്ക് ക്ഷതമേൽപ്പിക്കുന്ന വിധത്തിലാകാൻ അനുവദിക്കില്ല’ എന്നത്രെ. കിഴക്കൻ ജർമൻ ഭൂപ്രദേശത്ത് നാറ്റോ സാന്നിധ്യമുണ്ടാകില്ലെന്നും ജെൻഷർ പ്രഖ്യാപിച്ചു. ഈ ‘തുത്സിങ് പദ്ധതി’ ഗോർബച്ചേവും പടിഞ്ഞാറൻ ജർമനിയുടെ ചാൻസലറായ ഹെൽമുട്ട് കോളും 1990 ഫെബ്രുവരി 10ന് മോസ്കോയിൽ നടന്ന ഒരു നിർണായക സമ്മേളനത്തിൽ തത്വത്തിൽ ജർമൻ ഏകീകരണത്തിന് സോവിയറ്റ് സമ്മതം ലഭിച്ചപ്പോൾ വീണ്ടും ആവർത്തിച്ചു. 1990 ഫെബ്രുവരി ആറിന്‌ ജെൻഷറും ബ്രിട്ടീഷ് വിദേശമന്ത്രി ഡഗ്ലസ് ഹെർഡും കണ്ടുമുട്ടിയപ്പോൾ നടന്ന സംഭാഷണത്തിന്റെ രേഖയിൽ ജെൻഷർ ഇങ്ങനെ പറഞ്ഞതായി കാണാം: ‘ഒരു ദിവസം പോളണ്ട് വാഴ്സാസഖ്യം വിട്ടാൽ ആ രാജ്യത്തെ നാറ്റോയിൽ എടുക്കില്ലെന്ന ഉറപ്പ് സോവിയറ്റ് യൂണിയന് തീർച്ചയായും നൽകണം.’

1990 ഫെബ്രുവരി ഒമ്പതിന്‌ ഡഗ്ലസ് ഹെർഡ് ഗോർബച്ചേവിനെയും ഷെവർനദ്സെയെയും കണ്ടിരുന്നു. ജയിംസ് ബേക്കറും അന്ന് അവരുമായി ചർച്ച നടത്തിയിരുന്നു. ‘നാറ്റോയുടെ കിഴക്കോട്ടുള്ള വ്യാപനം അംഗീകരിക്കാനാകില്ല’ എന്ന് സോവിയറ്റ് നേതാക്കൾ പറഞ്ഞപ്പോൾ ജെൻഷറും ബേക്കറും ഏകസ്വരത്തിൽ പറഞ്ഞത് നാറ്റോയുടെ സൈനിക അധികാരപരിധി പൂർവദിക്കിലേക്ക് ഒരു കാരണവശാലും പടർത്തില്ല എന്നാണ്. ഫ്രഞ്ച് പ്രസിഡന്റ് മിത്തറാങ് 1990 മെയ് 25ന് ഗോർബച്ചേവിനോട് പറഞ്ഞത് താൻ വ്യക്തിപരമായി സൈനികസഖ്യങ്ങളെ ക്രമേണ പിരിച്ചുവിടണമെന്ന പക്ഷക്കാരനാണ് എന്നാണ്. 1990 ജൂൺ എട്ടിന് ‘ഉരുക്കുവനിത’യായ മാർഗരറ്റ് താച്ചർ ലണ്ടനിൽ ഗോർബച്ചേവിനെ കണ്ടപ്പോൾ നാറ്റോ വ്യാപനം ഉണ്ടാകില്ലെന്ന ഉരുക്കുറപ്പാണ് നൽകിയത്. ഇങ്ങനെ സോവിയറ്റ് യൂണിയൻ തകരുന്നതുവരെ ഉറപ്പുകളുടെ പ്രളയമായിരുന്നു. 1993 ഒക്ടോബറിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി വാറൻ ക്രിസ്റ്റഫർ റഷ്യൻ പ്രസിഡന്റ് യെത്സിനുമായി മോസ്കോവിലെ സവിദാവോ ദാച്ചയിൽ 45 മിനിറ്റ്‌ സംസാരിച്ചപ്പോൾ ‘മുൻ വാഴ്സാ സഖ്യരാഷ്ട്രങ്ങളുമായി നാറ്റോയ്ക്ക് സഹവർത്തകത്വം ഉണ്ടാകാം പക്ഷേ, അവർക്ക് അംഗത്വമോ പങ്കാളിപദവിയോ നൽകില്ല’ എന്നാണ് പറഞ്ഞത്. അപ്പോൾ അന്തസ്സാരവിഹീനനായ യെത്സിൻ ആഹ്ലാദത്തോടെ പ്രതികരിച്ചത്, ‘ഇത് അത്യുജ്വലമായ ആശയമാണ്. ബിൽ ക്ലിന്റണോട് പറയൂ ഈ പദ്ധതി എന്നെ പുളകം കൊള്ളിച്ചു’ എന്ന്.

1999 മാർച്ചിൽ ചെക് റിപ്പബ്ലിക്, ഹംഗറി, പോളണ്ട് എന്നീ മുൻ വാഴ്സാ സഖ്യരാജ്യങ്ങൾക്ക് നാറ്റോ അംഗത്വം നൽകി. 2004ൽ ഇസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളും ബൾഗേറിയ, റൊമാനിയ, സ്ലൊവേനിയ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളും നാറ്റോയുടെ ഭാഗമായി. 2008ൽ നടന്ന റഷ്യ–-ജോർജിയ യുദ്ധത്തിന്റെ ഒരു കാരണം, പാശ്ചാത്യാനുകൂലിയായ ജോർജിയൻ പ്രസിഡന്റ് മിഖായേൽ സഖാഷ്വിലിയുടെ നാറ്റോ അംഗത്വാഭിലാഷവും അതിന് നാറ്റോയുടെ സന്നദ്ധതയുമായിരുന്നു. ഫലം, അബ്ഖാസിയയും തെക്കൻ ഒസറ്റിയയും ജോർജിയയിൽനിന്ന് അടർന്നുപോന്നു എന്നതാണ്. ഇപ്പോഴത്തെ ഉക്രയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കിയും നാറ്റോയിൽ ചേരാൻ അദമ്യത്വരയുള്ള ഭരണാധികാരിയാണ്.

നാറ്റോയാകട്ടെ ഉക്രയ്നെ സർവാത്മനാ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയുമാണ്. ഉക്രയ്നും ജോർജിയയും നാറ്റോയിൽ ചേർന്നാൽ ‘റഷ്യൻ തടാകം’ എന്നറിയപ്പെടുന്ന കരിങ്കടൽ നാറ്റോ തടാകമായി മാറും. വടക്ക് ആർടിക് സമുദ്രവും കിഴക്ക് അകലെ ശാന്തസമുദ്രവും മാത്രമാണ് പ്രകൃത്യാ ഉള്ള റഷ്യയുടെ അതിർത്തികൾ. റഷ്യയുടെ പശ്ചിമ അതിർത്തി പങ്കിടുന്ന രാജ്യങ്ങളെല്ലാം (ബെലാറസും ഉക്രയ്നുമൊഴികെ) ഇപ്പോൾ നാറ്റോയിൽ അംഗങ്ങളാണ്. ഉക്രയ്ൻ നാറ്റോയിൽ ചേർന്നാൽ റഷ്യയുടെ ഇപ്പോൾത്തന്നെ അതിദുർബലമായ ഭൗമരാഷ്ട്രീയ സൈനികസുരക്ഷ കൂടുതൽ അവതാളത്തിലാകും. ‘സോവിയറ്റ് യൂണിയന്റെ പതനം 20–-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൗമരാഷ്ട്രീയ ദുരന്തമായിരുന്നു’വെന്ന് തുറന്നുപറഞ്ഞ പുടിൻ, ഉക്രയ്ന് നാറ്റോ അംഗത്വം നൽകില്ല എന്നത്‌ ഉൾപ്പെടെയുള്ള സുരക്ഷാ ഉറപ്പുകൾ ലഭിക്കാനാണ് അതിർത്തിയിൽ വൻസേനാവിന്യാസം നടത്തിയിരിക്കുന്നത്. എന്നാൽ, അമേരിക്ക ഇപ്പോൾ യൂറോപ്പിൽ പൊതുവിലും കിഴക്കൻ യൂറോപ്പിൽ വിശേഷിച്ചും യുദ്ധമൂർച്ഛ പടർത്തുകയാണ്. മൂന്നു പതിറ്റാണ്ടു മുമ്പ് പാശ്ചാത്യചേരി നടത്തിയ ചതിപ്രയോഗത്തിന് വളരെ വൈകിയുള്ള പ്രതിക്രിയയിലാണ് വാസ്തവത്തിൽ റഷ്യ ഇപ്പോൾ.

(എറണാകുളം മഹാരാജാസ്‌ കോളേജിൽ ചരിത്രവിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top