25 April Thursday

പാവങ്ങളുടെ പടത്തലവൻ

കോടിയേരി ബാലകൃഷ്ണൻUpdated: Friday Mar 22, 2019


പാവങ്ങളുടെ പടത്തലവൻ, മികച്ച പാർലമെന്റേറിയൻ, കർഷകപ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് എ കെ ജി.   സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 42 വർഷമാകുന്നു. 73–ാംവയസ്സിൽ ആ ജീവിതം അസ്തമിച്ചെങ്കിലും ആ മൂന്നക്ഷരം പൊരുതുന്ന തലമുറയ്ക്ക്അത്ര പെട്ടെന്നൊന്നും മറക്കാനാകില്ല. അത്രമാത്രം ആവേശദായകമായിരുന്നു ആ സമരജീവിതം.  മാതൃരാജ്യത്തെ കൊളോണിയൽ നുകത്തിൽനിന്ന് മോചിപ്പിക്കുന്നതിനും പിന്നീട്  സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനങ്ങൾക്ക് അഭിമാനത്തോടെ ജീവിക്കുന്നതിനുംവേണ്ടി വിശ്രമരഹിതമായി പോരാടിയ ജീവിതമായിരുന്നു എ കെ ജിയുടേത്.  ഇതിന്റെയെല്ലാം ഫലമായി ജീവിതത്തിന്റെ നല്ലൊരു പങ്ക് തടവറകൾക്കുള്ളിലായിരുന്നു. 20 തവണ തടവറയിൽ അടയ്ക്കപ്പെട്ടു. വർഷങ്ങൾ നീണ്ടതായിരുന്നു ജയിൽവാസം.

ഭരണഘടന പഠിക്കുന്ന നിയമവിദ്യാർഥികൾ പലവട്ടം ഉരുവിടുന്ന വിധിപ്പേരാണ് എ കെ ഗോപാലനും സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നതും. മൗലികാവകാശങ്ങളെ സംബന്ധിക്കുന്ന ആദ്യത്തെ വിധിയാണ് 1950 ൽ സുപ്രീംകോടതിയിൽനിന്നുണ്ടായത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എ കെ ജി ഏകാന്തത്തടവിലായിരുന്നു. അകത്ത് നിരാഹാരവും പുറത്ത് സമരവും നടന്നതിനാൽ 1947 ഒക്ടോബർ 12ന് എ കെ ജിയെ മോചിപ്പിച്ചു. എന്നാൽ, ഡിസംബർ 17ന് കരുതൽ തടങ്കൽ നിയമം അനുസരിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ദേശാഭിമാനി ഫണ്ട് അലങ്കോലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരോട് പ്രതികരിച്ചതിനാണ് തടവിലാക്കിയത്.

വെല്ലൂർ, രാജമുന്ദ്രി, കോയമ്പത്തൂർ, കടലൂർ എന്നിങ്ങനെ ജയിലുകൾ മാറിമാറി രണ്ടുവർഷം. ഇതിനിടെ കരുതൽ തടങ്കൽ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. കേസിന്റെ വിചാരണയ്ക്കായി എ കെ ജിയെ ഡൽഹിക്ക് കൊണ്ടുപോയി. സുപ്രീംകോടതിയിൽ എ  കെ ജിക്കുവേണ്ടി വാദിച്ചത് ബാരിസ്റ്റർ എം കെ നമ്പ്യാർ. ആറുദിവസം കേസ് വാദിച്ചു. കേസ് തള്ളപ്പെട്ടെങ്കിലും അതിലെ വിധിന്യായം സുപ്രധാനമായി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴ് ന്യായാധിപന്മാരടങ്ങുന്ന ബെഞ്ചിലെ ഓരോരുത്തരും വെവ്വേറെ വിധിയെഴുതി. കരുതൽതടങ്കൽ നിയമത്തിന്റെ സാധുതയാണ് വിലയിരുത്തിയത്. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വിധി സഹായകമാണെന്ന് എ കെ ജി അഭിപ്രായപ്പെട്ടു. തുടർന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപ്പോൾ കേസ് വാദിച്ചത് എ കെ ജിതന്നെയായിരുന്നു. മോചനവിധി ലഭിക്കുകയുംചെയ്തു. അങ്ങനെയാണ് നാലുവർഷത്തെ ജയിൽവാസത്തിനൊടുവിൽ എ കെ ജി പുറംലോകത്ത് എത്തുന്നത്.

താരതമ്യം അസാധ്യമാകുംവിധം വൈവിധ്യമാർന്ന പൊതുജീവിതവും സമരജീവിതവുമായിരുന്നു എ കെ ജിയുടേത്. ബ്രിട്ടീഷുകാരെ പുറത്താക്കാനുള്ള സമരം, അയിത്തോച്ചാടനം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനസമരം, സാമുദായിക അനാചാരങ്ങൾക്കെതിരെയുള്ള സമരം ഇങ്ങനെ, ദേശീയ സ്വാതന്ത്ര്യസമ്പാദനത്തിനുമാത്രമല്ല, നവോത്ഥാനപ്രവർത്തനത്തിനുകൂടി സമരത്തെ ആയുധമാക്കി. കോൺഗ്രസിൽനിന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിവഴി കമ്യൂണിസ്റ്റ് പാർടിയിൽ സമുന്നതനേതാവായി. ജനസമരങ്ങൾ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി. കൊടുങ്കാറ്റുപോലെ സമരങ്ങൾ നയിക്കുകയും ആ കൊടുങ്കാറ്റിൽ പല ജനവിരുദ്ധശക്തികളും തറപറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് എ കെ ജിയുടെ വേഷവും ശൈലിയുംപോലും ആളുകൾ അംഗീകരിച്ചത്. പാർലമെന്റ് അംഗമായിരിക്കെ വിവാഹത്തിനുമുമ്പ്, എ കെ ജി കുറച്ചുകാലം ഹാഫ് മീശ വച്ചിരുന്നു. അന്ന് അത് അനുകരിച്ച് വടക്കേ മലബാറിൽ വ്യാപകമായി ഹാഫ് മീശക്കാരുണ്ടായി.

കേരളത്തിന്റെ അയിത്തോച്ചാടന പോരാട്ടത്തിലെ തിളങ്ങുന്ന അധ്യായമാണ് ഗുരുവായൂർ സത്യഗ്രഹം. അതിന്റെ വളന്റിയർ ക്യാപ്റ്റനായിരുന്ന എ കെ ജിക്ക് കടുത്ത മർദനം ഏൽക്കേണ്ടിവന്നു. പിന്നീട് നാടിന്റെ പലഭാഗത്തുനിന്നും അയിത്തോച്ചാടന സമരങ്ങളും പന്തീഭോജന പ്രക്ഷോഭങ്ങളും വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുന്നേറ്റങ്ങളുമുണ്ടായി. ഇതിലെല്ലാം എ കെ ജിയുടെ നേതൃത്വമോ പങ്കാളിത്തമോ ഉണ്ടായി. ദളിത്  ജനവിഭാഗങ്ങൾക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു കണ്ണൂർ ജില്ലയിലെ കണ്ടോത്ത് എ കെ ജി നടത്തിയത്. അന്ന് എതിരാളികൾ എ കെ ജിയെ ബോധംകെടുംവരെ ക്രൂരമായി മർദിച്ചു. അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇത്രയേറെ മർദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന നേതാക്കൾ അപൂർവമാണ്.

രാജ്യത്ത് എവിടെ ജനങ്ങളെ ഭരണകൂടവും ജന്മി മുതലാളിത്തശക്തികളും പീഡിപ്പിക്കുന്നുവോ, അവിടങ്ങളിലെല്ലാം പാർലമെന്റിലെ പ്രതിപക്ഷനേതാവായിരുന്ന എ കെ ജി ഓടിയെത്തുമായിരുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകസമരങ്ങളിൽ എ കെ ജി ആവേശകരമായ സാന്നിധ്യമായി. തെലങ്കാനയിലെ കർഷകപ്പോരാളികളെ കൊന്നൊടുക്കുന്ന ഭരണകൂടഭീകരതയ്ക്കെതിരെ കൊടുങ്കാറ്റായി ആന്ധ്രയിലെ ഗ്രാമങ്ങളിൽ എ കെ ജി  നടത്തിയ പര്യടനവും അമരാവതിയിലെ കർഷകരെ കുടിയൊഴിപ്പിച്ച സർക്കാർനടപടിക്കെതിരെ എ കെ ജി  നടത്തിയ നിരാഹാരസമരവും മുടവൻമുകളിൽ മതിൽചാടിയ മിച്ചഭൂമിസമരവും കർഷകസമരങ്ങളിലെ സുപ്രധാന ഏടുകളാണ്.

മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മൊറാർജി ദേശായി ഭരണം നടത്തുമ്പോൾ, ബോംബെയിൽ മറാത്തി ജനത നടത്തിയ സമരത്തെ സർക്കാർ നേരിട്ടത് ലാത്തിയും വെടിയുണ്ടയും കൊണ്ടായിരുന്നു. ഒരുഡസനിലേറെപ്പേരെ വെടിവച്ചുകൊന്നു. നിശാനിയമവും പ്രഖ്യാപിച്ചു. ഈ ഭീകരാവസ്ഥയ്ക്ക് അന്ത്യംകുറിക്കാൻ എ കെ ജി  നടത്തിയ പോരാട്ടം ഉപകരിച്ചു. എ കെ ജിയുടെ സമരപാരമ്പര്യത്തിന്റെ പിന്തുടർച്ചയാണ് മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ് മാർച്ചിന്റെ വിജയം. എ കെ ജി  പ്രസിഡന്റ് സ്ഥാനം വഹിച്ച സംഘടനയാണ് അഖിലേന്ത്യാ കിസാൻസഭ. അതിന്റെ നേതൃത്വത്തിലായിരുന്നു നാസിക്കിൽനിന്ന് 200 കിലോമീറ്റർ താണ്ടി ചെങ്കൊടിയുമായി പരമദരിദ്രരായ മനുഷ്യർ മുംബൈയിലേക്ക് മാർച്ച് ചെയ്തത്. ആർഎസ്എസ് നയിക്കുന്ന കേന്ദ്ര ‐ സംസ്ഥാന ഭരണങ്ങളുടെ കർഷകവിരുദ്ധ നയങ്ങൾക്കേറ്റ പ്രഹരമായിരുന്നു വിജയകരമായ ലോങ് മാർച്ച്.

അടിയന്തരാവസ്ഥയുടെ നാളുകളിൽ അതിനെതിരായുള്ള പ്രവർത്തനങ്ങളിലും എ കെ ജി  സജീവമായി. അമിതാധികാരവാഴ്ച നടത്തിയ ഇന്ദിരാഗാന്ധിയെ ജനങ്ങൾ താഴെയിറക്കിയ ഘട്ടത്തിലാണ് എ കെ ജി  നമ്മെ വിട്ടുപിരിഞ്ഞത്. പ്രവർത്തിച്ച മേഖലകളിലെല്ലാം സവിശേഷമായ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന വർഗീയശക്തികളെ പുറത്താക്കാനുള്ള  ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിലാണ് ഇക്കുറി എ കെ ജി യുടെ സ്മരണ പുതുക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അഞ്ചുവർഷവും സമ്പൂർണ പരാജയമായിരുന്നു.  ഓരോ വർഷവും 2 കോടി തൊഴിൽ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽവന്നവർ യുവതയെ വഞ്ചിച്ചു. തൊഴിലില്ലായ്മനിരക്ക് കുത്തനെ കൂടി. നോട്ട് നിരോധനവും ജിഎസ്ടിയും സാധാരണക്കാരുടെ നട്ടെല്ലൊടിച്ചു. രാജ്യത്ത് കർഷകപ്രക്ഷോഭങ്ങൾ വർധിച്ചു.   അദാനിമാരും അംബാനിമാരുമാണ് മോഡിയുടെ സുഹൃത്തുക്കൾ. സാധാരണക്കാരെ അദ്ദേഹം തിരിഞ്ഞുനോക്കുന്നില്ല. ബാങ്കുകളെ പറ്റിച്ച് രാജ്യസമ്പത്ത് കൊള്ളയടിച്ച് വിദേശത്തേക്ക് കടന്ന വിജയ്മല്യ, നീരവ് മോഡി തുടങ്ങിയവർക്കെല്ലാം മോഡി ഭരണം തുണയായി.  ഭരണഘടനയെയും ഫെഡറലിസത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്ന മോഡിഭരണം അവസാനിപ്പിക്കേണ്ടത് ഇന്ത്യയെന്ന മതനിരപേക്ഷരാജ്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ബിജെപി ഭരണം തൂത്തെറിയാനും പകരം മതനിരപേക്ഷ ജനാധിപത്യ സർക്കാരിനെ അധികാരത്തിലേറ്റാനും ഇടതുപക്ഷത്തിന്റെ കരുത്ത് പാർലമെന്റിൽ വർധിപ്പിക്കണം.

ബിജെപിയിൽനിന്ന് വിഭിന്നമല്ല കോൺഗ്രസിന്റെ കാര്യവും. തീവ്ര ഹിന്ദുത്വത്തിന്   മൃദു ഹിന്ദുത്വ നിലപാടുമായാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. കോൺഗ്രസ് ഭരിക്കുന്ന  മധ്യപ്രദേശിൽ പശു സംരക്ഷണത്തിന്റെപേരിൽ ദേശീയസുരക്ഷാ നിയമപ്രകാരം നിരവധി പേർക്കെതിരെയാണ് കേസ് എടുത്തത്. കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിമാരും മുൻ മുഖ്യമന്ത്രിമാരും എംപിമാരും എംഎൽഎമാരും അടക്കം നൂറിലേറെ പ്രമുഖ നേതാക്കളാണ്  അഞ്ചുവർഷത്തിനിടയിൽ ബിജെപി യിലേക്ക് ചേക്കേറിയത്. ബിജെപിയുടെ റിക്രൂട്ട്മെന്റ് ഓഫീസുകളായി കോൺഗ്രസ് ഓഫീസുകൾ മാറി. ടോം  വടക്കനും കെ എസ് രാധാകൃഷ്ണനും ബിജെപിയിലേക്ക് ചാടിയ പ്രമുഖ മലയാളികളാണ്. ഈ നിര ഇവിടെ അവസാനിക്കുമെന്ന് തോന്നുന്നില്ല.  അതുകൊണ്ടുതന്നെ ബിജെപിയുടെയും കോൺഗ്രസിന്റെയും മുന്നണികളെ  ഒറ്റപ്പെടുത്തി എൽഡിഎഫിന്റെ വിജയം ഉറപ്പാക്കണം. അതിനായുള്ള അക്ഷീണപരിശ്രമങ്ങളിൽ ഏർപ്പെടാൻ എ കെ ജി  സ്മരണ കരുത്തേകുന്നതാണ്. രാജ്യത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് എൽഡിഎഫ് വിജയം അനിവാര്യമാണ്. മതനിരപേക്ഷ ഇന്ത്യക്കുവേണ്ടി പോരാടിയ നേതാവായിരുന്നു എ കെ ജി . സമരതീക്ഷ്ണമായ യൗവനമായിരുന്നു എന്നും എ കെ ജി . ആ ജീവിതം നമുക്കെന്നും പ്രചോദനമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top