20 April Saturday

പ്രതിപക്ഷത്തിന്റെ പാപ്പരത്തം

എ കെ ബാലൻUpdated: Monday Mar 16, 2020

പതിനാലാം നിയമസഭയുടെ 19–-ാം സമ്മേളനം നേരത്തെ പിരിഞ്ഞു. കോവിഡ്–-19 വൈറസ് വ്യാപനത്തെത്തുടർന്ന് സ്വീകരിച്ച മുൻകരുതലിന്റെ  ഭാഗമായാണ് നിയമസഭാ സമ്മേളനം പിരിഞ്ഞത്. 2020–-21 വർഷത്തെ ബജറ്റും ധനകാര്യ ബിസിനസുകളും പൂർത്തിയാക്കുകയായിരുന്നു പ്രധാന അജൻഡ. ഓർഡിനൻസുകൾക്ക് പകരമുള്ള ചില ബില്ലുകളും ഉപധനാഭ്യർഥനകളും അതിന്റെ ധനവിനിയോഗ ബില്ലും പാസാക്കൽ ഉൾപ്പെടെ ഏപ്രിൽ എട്ടുവരെ 27 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിരുന്നത്.

2020–-21 വർഷത്തെ ബജറ്റിലെ 12 ധനാഭ്യർഥനയും 2019–-20 വർഷത്തെ ഉപധനാഭ്യർഥനകളും അതിന്റെ ധനവിനിയോഗ ബില്ലും ചർച്ച ചെയ്ത് പാസാക്കി. 2020ലെ ധനകാര്യ ബില്ലും അവതരിപ്പിച്ചു. ബാക്കിയുള്ള വകുപ്പുകളുടെ ധനാഭ്യർഥനകളാണ് ചർച്ചകൂടാതെ പാസാക്കിയത്. ധനവിനിയോഗ ബിൽ പാസാക്കുകയും ധനകാര്യബിൽ സഭയിൽ അവതരിപ്പിക്കുകയും ചെയ്തതിനാൽ പുതിയ ബജറ്റിന്റെ നടപടികൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതിന് തടസ്സമില്ല. ധനകാര്യ ബിൽ നാല് മാസത്തിനകം പാസാക്കിയാൽ മതിയാകും.

കോവിഡ്–-19 വൈറസ് വ്യാപനത്തെത്തുടർന്ന് സർക്കാരിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. ആഘോഷങ്ങൾ, ഉത്സവങ്ങൾ, സ്വകാര്യ ചടങ്ങുകൾവരെ റദ്ദാക്കി. വിദ്യാലയങ്ങൾ അടച്ചു. ജനങ്ങൾ ഒത്തുചേരുന്നത് പരമാവധി ഒഴിവാക്കാൻ നിർദേശിച്ചു. നിയമസഭാ സമ്മേളനവും അടിയന്തര കർത്തവ്യങ്ങൾ പൂർത്തിയാക്കി പിരിയണമെന്ന ആവശ്യം ഉയർന്നു. പ്രതിപക്ഷത്തെ ചില അംഗങ്ങൾ രേഖാമൂലം സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് കാര്യോപദേശക സമിതി സമ്മേളനം ചുരുക്കാൻ തീരുമാനിച്ചത്.


 

പ്രതിപക്ഷം സങ്കുചിതമായ രാഷ്ട്രീയനിലപാടാണ് പുറത്തെടുത്തത്. കാര്യോപദേശക സമിതി റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചപ്പോൾ വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ തൽക്കാലത്തേക്ക് പിരിയണമെന്നതായിരുന്നു പ്രതിപക്ഷനിലപാട്. സഭ നേരത്തെ പിരിയുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭ നേരത്തെ പിരിയുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കില്ലെന്നും സർക്കാർ ഒളിച്ചോടുകയല്ലെന്നും മഹാമാരിയുടെ വിപത്ത് നേരിടുന്നതിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സഭ ചേരുന്നത് കേരളത്തിലാണെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓർമിപ്പിച്ചു.
എല്ലാ വകുപ്പുകളും സമ്പൂർണ ബജറ്റും അതിന്റെ ധനവിനിയോഗ ബില്ലുകളും തയ്യാറാക്കിയ സാഹചര്യത്തിൽ അതിൽനിന്ന്‌ നാലുമാസത്തെ വോട്ട് ഓൺ അക്കൗണ്ടും അതിന്റെ ധനവിനിയോഗ ബില്ലും വേർതിരിച്ച് വീണ്ടും തയ്യാറാക്കി എടുക്കുക എളുപ്പമല്ല. സാധാരണ സമ്പൂർണ ബജറ്റ് മാർച്ച് 31നുമുമ്പ്‌ പാസാക്കാത്ത സാഹചര്യത്തിലാണ് 120 ദിവസത്തെ വോട്ട് ഓൺ അക്കൗണ്ട് ബജറ്റിനോടൊപ്പം അവതരിപ്പിച്ച് പാസാക്കുന്നത്. ഇനി വീണ്ടും വോട്ട് ഓൺ അക്കൗണ്ട് തയ്യാറാക്കുന്ന സമയം ഉണ്ടെങ്കിൽ ധനാഭ്യർഥനതന്നെ ചർച്ച ചെയ്ത് പാസാക്കാം. ഇതൊന്നും അറിയാത്തവരല്ല പ്രതിപക്ഷത്തുള്ളവർ. മുസ്ലിംലീഗിലെ കെ എൻ എ ഖാദർ സഭാസമ്മേളനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുകയും അതിനുശേഷം അദ്ദേഹം സഭയിൽനിന്ന്‌ വിട്ടുനിൽക്കുകയും ചെയ്തു. പി സി ജോർജും ഈ ആവശ്യം സഭയിൽ ഉന്നയിച്ചു.

നിരവധി പ്രതിസന്ധികളെ ഈ സർക്കാർ നേരിട്ടു. ഓഖി, നിപാ, പ്രളയം, ശബരിമല വിധി, പൗരത്വ ഭേദഗതി നിയമം, അവസാനം കോവിഡ്–-19 വ്യാപനവും. എല്ലാ പ്രതിസന്ധികളെയും രാഷ്ട്രീയത്തിനപ്പുറം യോജിച്ച് നേരിടണമെന്ന സന്ദേശമാണ് സർക്കാരും മുഖ്യമന്ത്രിയും നൽകിയത്. എന്നാൽ, പ്രതിസന്ധികളെ നേരിടാൻ ഒരുമിച്ച് നിൽക്കുമ്പോൾ സർക്കാരിന് നേട്ടമുണ്ടാകുന്നു എന്ന സങ്കുചിതചിന്തയാണ് പ്രതിപക്ഷത്തെ നയിച്ചത്. അത് അവരുടെ സംഘടനയിൽ നടന്ന ഒരു ചർച്ചയിലൂടെ പുറംലോകം അറിയുകയും ചെയ്തു. പ്രളയകാലത്ത് സാലറി ചലഞ്ച് പൊളിക്കാൻ പ്രതിപക്ഷം ശ്രമിച്ചതുപോലെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് സർക്കാരിനെ വിമർശിക്കാനാണ് ശ്രമിച്ചത്. അതുതന്നെയാണ് കോവിഡ്–-19 വൈറസ് ബാധയിലും പ്രതിപക്ഷം സഭയിലും പുറത്തും സ്വീകരിച്ച നിലപാട്.

കേരളം ഒരുമിച്ച് നേരിടുന്നു എന്ന സന്ദേശം ലോകത്തിന് നൽകുമ്പോഴാണ് പ്രതിപക്ഷം അപഹാസ്യമായ ചർച്ച സഭയിൽ ഉയർത്തിക്കൊണ്ടുവന്നത്.  പ്രതിപക്ഷനേതാവിന്റെയും വീണാ ജോർജിന്റെയും സബ്മിഷനുകൾക്ക് ആരോഗ്യമന്ത്രി മറുപടി പറയവെയാണ് പ്രതിപക്ഷത്തിന്റെ അപഹാസ്യമായ നിലപാട് കണ്ടത്.

കോവിഡ്–-19ന് എതിരെ സർക്കാർ സ്വീകരിച്ച നിലപാടുകൾ വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്. കേരളത്തെ മാതൃകയാക്കണമെന്ന് മറ്റ് സംസ്ഥാനങ്ങളും അന്തർദേശീയ മാധ്യമങ്ങളുംവരെ വിലയിരുത്തുന്നു. കേരളം ഒരുമിച്ച് നേരിടുന്നു എന്ന സന്ദേശം ലോകത്തിന് നൽകുമ്പോഴാണ് പ്രതിപക്ഷം അപഹാസ്യമായ ചർച്ച സഭയിൽ ഉയർത്തിക്കൊണ്ടുവന്നത്.  പ്രതിപക്ഷനേതാവിന്റെയും വീണാ ജോർജിന്റെയും സബ്മിഷനുകൾക്ക് ആരോഗ്യമന്ത്രി മറുപടി പറയവെയാണ് പ്രതിപക്ഷത്തിന്റെ അപഹാസ്യമായ നിലപാട് കണ്ടത്. ആരോഗ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷ ഇടപെടൽ. മന്ത്രി മറുപടി പറയുമ്പോൾ കൂവിവിളിക്കാൻവരെ പ്രതിപക്ഷ അംഗങ്ങൾ തയ്യാറായി. കോവിഡ്–-19 വ്യാപനത്തെ തുടർന്നുണ്ടായ സാഹചര്യവും അത് നിയന്ത്രിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളും സംബന്ധിച്ച് മുഖ്യമന്ത്രി ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന നടത്തുമ്പോൾ പ്രതിപക്ഷം ബഹളം ഉണ്ടാക്കി ഇറങ്ങിപ്പോയി. അവസാനദിവസം പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ ഇതുസംബന്ധിച്ച് അവതരിപ്പിച്ച അടിയന്തര പ്രമേയം ചർച്ചചെയ്യാൻ സർക്കാർ തയ്യാറായതുതന്നെ സർക്കാരിനുള്ള സുതാര്യനിലപാടാണ് വ്യക്തമാക്കുന്നത്.

ഏഴ് അടിയന്തര പ്രമേയമാണ് പ്രതിപക്ഷം കൊണ്ടുവന്നത്. മന്ത്രി കെ ടി ജലീലിന് എതിരെ ഗവർണർ റിപ്പോർട്ട് നൽകി എന്നാരോപിച്ച് കൊണ്ടുവന്ന പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നൽകിയില്ല. സഭ എത്രയോ പ്രാവശ്യം ചർച്ച ചെയ്തതും ഒരു അടിയന്തര പ്രാധാന്യവും ഇല്ലാത്തതുമാണ് ഈ വിഷയമെന്ന് സ്പീക്കർ റൂൾ ചെയ്തു.

പൊലീസ് വകുപ്പിലെ സിഎജി റിപ്പോർട്ടിനെക്കുറിച്ചായിരുന്നു മറ്റൊരു അടിയന്തര പ്രമേയം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നതും മൂടിവച്ചതുമായ ഒരു സംഭവമായിരുന്നു റിപ്പോർട്ടിലെ വെടിയുണ്ടയുടെ എണ്ണത്തിലെ കുറവ് സംബന്ധിച്ച റിപ്പോർട്ട്. റിപ്പോർട്ട് വരുന്നതിന് മുമ്പുതന്നെ ഇതുസംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. അന്വേഷണം നടന്നുവരികയാണ്. പെരിയ യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകം സിബിഐ അന്വേഷിക്കണം, സ്വർണത്തിന്റെ ജിഎസ്ടി തട്ടിപ്പ്, കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്, പ്രളയ ദുരിതാശ്വാസം തുടങ്ങിയവയായിരുന്നു മറ്റ് അടിയന്തര പ്രമേയങ്ങൾ. ഇവയിലേറെയും മുൻ സമ്മേളനങ്ങളിൽ അവതരിപ്പിച്ചവയായിരുന്നു. അടിയന്തര പ്രാധാന്യമുള്ളതോ സമൂഹത്തിലെ ഗൗരവമേറിയ വിഷയങ്ങളോ ആയിരുന്നില്ല.

പ്രൊമോഷൻ തസ്‌തികയിൽ പട്ടികവിഭാഗങ്ങൾക്ക് സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പട്ടികവിഭാഗങ്ങളുടെ ആശങ്ക സംബന്ധിച്ച് പുരുഷൻ കടലുണ്ടി അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രധാനപ്പെട്ടതായിരുന്നു.

12 ശ്രദ്ധക്ഷണിക്കൽ നോട്ടീസിനും 60 സബ്മിഷനും മന്ത്രിമാർ മറുപടി നൽകി.  പ്രൊമോഷൻ തസ്‌തികയിൽ പട്ടികവിഭാഗങ്ങൾക്ക് സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പട്ടികവിഭാഗങ്ങളുടെ ആശങ്ക സംബന്ധിച്ച് പുരുഷൻ കടലുണ്ടി അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രധാനപ്പെട്ടതായിരുന്നു. റോഡുകളിലെ രാത്രികാല വാഹനാപകടങ്ങൾ തടയുന്നതിന് മാർഗരേഖ വേണമെന്ന ആവശ്യം, കലാലയങ്ങളിലെ വിദ്യാർഥികളുടെ ജനാധിപത്യപരമായി പ്രവർത്തിക്കാനുള്ള അവകാശവും സംഘടനാ സ്വാതന്ത്ര്യവും നൽകണമെന്ന ആവശ്യം, സംസ്ഥാനത്തിന് അർഹമായ പ്രളയ ദുരിതാശ്വാസ ഫണ്ട് ലഭിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന ആവശ്യം, മത്സ്യത്തൊഴിലാളികളുടെ ഭവനനിർമാണത്തിന് തീരദേശ സംരക്ഷണ വിജ്ഞാപനത്തിലെ വ്യവസ്ഥകളിൽ കേന്ദ്രം ഇളവ് വരുത്തണമെന്ന ആവശ്യം, കോവിഡ്–-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിൽ യഥാസമയം മടങ്ങിയെത്താൻ കഴിയാത്തവരുടെ പ്രശ്നത്തിന് പരിഹാരം വേണമെന്ന ആവശ്യം, സഹകരണ ബാങ്കുകളിൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്താൻ അധികാരം നൽകുന്ന ബാങ്കിങ്‌ റെഗുലേഷൻ ഭേദഗതി നിയമം പിൻവലിക്കുക തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽ അംഗങ്ങൾ കൊണ്ടുവന്നു.

ലൈഫ് ഭവനപദ്ധതി സംബന്ധിച്ച് ചട്ടം 300 പ്രകാരം സഭയിൽ മുഖ്യമന്ത്രി ഒരു പ്രസ്താവന നടത്തി. പദ്ധതിയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭവനങ്ങൾ നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഈ പ്രസ്താവനയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും പങ്കെടുത്ത ചവറ എംഎൽഎ എൻ വിജയൻപിള്ളയ്‌ക്ക്‌ ചരമോപചാരം അർപ്പിച്ചു. മുൻ എംഎൽഎ ടി നാണു മാസ്റ്ററുടെ നിര്യാണത്തിലും സഭ അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top