നാട്ടിൽ എന്ത് നല്ലതു നടന്നാലും കുറ്റം കണ്ടെത്തുന്ന കൊസ്‌തേപ്പുമാരെ ജീവിതത്തിലും സിനിമകളിലും ഒരുപാട് കണ്ടിട്ടുണ്ട്. നമ്മുടെ പ്രതിപക്ഷ നേതാവും ആ ലൈനിലാണ്. അദ്ദേഹം ഏഴ് ആരോപണമാണ് മാധ്യമങ്ങൾക്കു മുമ്പിൽ പറയുന്നത്. അവ ഒന്നൊന്നായി പരിശോധിക്കാം.
സേവനം നൽകാതെ മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ 1.72 കോടി രൂപ എക്‌സാലോജിക് കമ്പനിക്ക് ലഭിച്ചത് അഴിമതിയാണ്. ഇക്കാര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ട്?
ഇവിടെ ഓർക്കേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യമുണ്ട്. ഒന്ന്, ആദായനികുതി വകുപ്പിനോ ജിഎസ്‌ടി വിഭാഗത്തിനോ വീണ നിയമപ്രകാരം കൊടുക്കേണ്ട ആദായനികുതിയോ സേവനനികുതിയോ കൊടുത്തില്ലെന്ന ആക്ഷേപം ഇല്ല. ഒരു കേസും ഇല്ല. രണ്ടാമത്തെ കാര്യം വീണ സർവീസ് കൊടുക്കേണ്ട കമ്പനിക്ക് (സിഎംആർഎൽ) കരാർപ്രകാരമുള്ള സർവീസ് ലഭിച്ചില്ലെന്ന പരാതിയും ഇല്ല. ഇത് വ്യക്തമാക്കുന്ന സത്യവാങ്‌മൂലം സിഎംആർഎൽ ആദായനികുതി വകുപ്പിന് ( Interim Board of Settlement) സമർപ്പിച്ചിട്ടുപോലും സ്വീകരിക്കാതെയാണ്, ബോർഡിന്റെ മുമ്പിൽ കക്ഷിയല്ലാത്ത ഒരാളെക്കുറിച്ച് പരാമർശിച്ചത്.
സ്വാഭാവികനീതി മുഖ്യമന്ത്രിയുടെ മകൾക്ക് നിഷേധിക്കണമെന്ന് ഒരുനിയമത്തിലും ഇല്ലല്ലോ. എക്സാലോജിക് സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്നതോ കമ്പനിയുടെ ഡയറക്ടർമാർ സർക്കാർ ശമ്പളം പറ്റുന്നവരോ അല്ല. സർക്കാരിൽനിന്നോ സർക്കാർ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങളുമായോ കരാറുകളിൽ ഏർപ്പെടുകയോ പൊതുപണം കൈപ്പറ്റുകയോ ചെയ്‌തിട്ടില്ല. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ നടന്ന ഇടപാട് മാത്രമാണ്. എക്സാലോജിക്കോ അതിന്റെ ഡയറക്ടറോ വീണയോ പൊതുസേവകർ എന്ന നിർവചനത്തിലല്ല. അഴിമതി നിരോധന നിയമം സെക്‌ഷൻ രണ്ട് (സി) പൊതുസേവകർ എന്ന പദത്തിനെ പന്ത്രണ്ട് വിഭാഗമാക്കി നിർവചിച്ചിട്ടുണ്ട്. ആ നിർവചനത്തിൽ എവിടെയും സിഎംആർഎൽ, എക്സാലോജിക് എന്നീ രണ്ട് സ്വകാര്യ സ്ഥാപനവും അതിന്റെ ഡയറക്ടർമാരും വരുന്നതേ ഇല്ല. പൊതുസേവകർ നടത്തുന്ന അഴിമതികളോ അധികാരദുർവിനിയോഗമോ അന്വേഷിക്കുന്നതിനു വേണ്ടിയാണ് വിജിലൻസ് വകുപ്പ്. നികുതിയടച്ച് പ്രവർത്തിക്കുന്ന എക്സാലോജിക്കിനെതിരെ ഒരു കേസ് എടുക്കാൻ നിയമപ്രകാരം വിജിലൻസിന് സാധ്യമല്ല. ഈ കാര്യം പ്രതിപക്ഷനേതാവിന് അറിയില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. അദ്ദേഹം എക്സാലോജിക്കിനെതിരെ വിജിലൻസ് കേസ് എടുക്കണമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താനാണ്.
എഴുപത് കോടിയിൽ താഴെ തീർക്കാമായിരുന്ന എഐ കാമറ പദ്ധതിയിൽ 180 കോടിയിലധികം ചെലവഴിച്ചു. മുഖ്യമന്ത്രിയുടെ ബന്ധുവിന് അടുപ്പമുള്ള പ്രസാഡിയോ കമ്പനിക്ക് വഴിവിട്ട് കരാർ നൽകാനുണ്ടായ സാഹചര്യത്തെക്കുറിച്ച് എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതും മുഖ്യമന്ത്രി പ്രതികരിക്കാത്തതും?
70 കോടിയിൽ പദ്ധതി പൂർത്തിയാക്കാമെന്നത് പ്രതിപക്ഷത്തിന്റെ വാദം മാത്രമാണ്. പ്രസാഡിയോ കമ്പനിക്ക് കരാർ കൊടുക്കുന്നത് എസ്ആർഐടി ആണ്. ടെൻഡർ ഡോക്യുമെന്റിൽ ഉപകരാർ നൽകാനുള്ള വ്യവസ്ഥയുണ്ട്. അതുപ്രകാരം എസ്ആർഐടിക്ക് ഉപകരാർ നൽകാം. പ്രസാഡിയോ/ മറ്റ് ഏതെങ്കിലും കമ്പനിക്ക് ആരെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് ഉപകരാർ നൽകണമെന്ന വ്യവസ്ഥ ഇല്ലാത്തതിനാൽ ഈ വിഷയത്തിൽ ഇടപെടാൻ സർക്കാരിന് സാധിക്കില്ല. ഇതിൽ നിലവിൽ വി ഡി സതീശനും രമേശ് ചെന്നിത്തലയുംതന്നെ കേസ് കൊടുത്തിട്ടുണ്ട്. കോടതിയിലുള്ള വിഷയത്തിൽ എന്തന്വേഷണമാണ്? പ്രതിപക്ഷ നേതാവിന് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ? എഐ കാമറ സ്ഥാപിച്ചശേഷം റോഡ് അപകടമരണ നിരക്കിൽ ഉണ്ടായത് ഗണ്യമായ കുറവാണ്. രാഷ്ട്രീയവിരോധംകൊണ്ട് എഐ കാമറയ്ക്കുമുന്നിൽ സമരം സംഘടിപ്പിച്ചവർക്കുള്ള മറുപടിയാണ് ഈ കണക്കുകൾ.
1028 കോടിയുടെ കെ ഫോൺ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം 1531 കോടിയാക്കി വർധിപ്പിക്കുകയും ധനവകുപ്പിന്റെ നിർദേശങ്ങളെ മറികടക്കുകയും ചൈനീസ് കേബിൾ ഉൾപ്പെടെയുള്ളവ വാങ്ങിയതും സംബന്ധിച്ച ക്രമക്കേടുകൾ നിലനിൽക്കുകയും പ്രസാഡിയോയുടെ ഇടപെടൽ ദുരൂഹമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും എന്തുകൊണ്ടാണ് അന്വേഷണത്തിന് തയ്യാറാകാത്തത്?
ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിക്കപ്പെട്ട നാട്ടിൽ, ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുന്നതിന് എൽഡിഎഫ് സർക്കാർ നടത്തിയ വിപ്ലവകരമായ ചുവടുവയ്പാണ് കെ ഫോൺ. 20 ലക്ഷം പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി ഹൈസ്പീഡ് ഇന്റർനെറ്റ് നൽകാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പ്രശംസിക്കുമ്പോൾ പ്രതിപക്ഷ നേതാവ് പതിവ് കുത്തിത്തിരുപ്പുമായി കടന്നുവരികയാണ്. പ്രതിപക്ഷ നേതാവ് പറയുന്നത്, കെ ഫോണിന്റെ കേബിൾ മൊത്തം ചൈനീസ് എന്നാണ്.
എൽഎസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനി നിയമാനുസൃതം നേടിയ ടെൻഡർ പ്രകാരമാണ് കെ ഫോൺ പദ്ധതിക്ക് ആവശ്യമായ ഒപിജിഡബ്ല്യു അഥവാ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സപ്ലൈ ചെയ്യുന്നത്. ഹരിയാനയിലെ അവരുടെ ഫാക്ടറിയിലാണ് ഈ വയർ നിർമിക്കുന്നത്. അതിനാവശ്യമായ ഫൈബർ കോമ്പോണെന്റ് മാത്രമാണ് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തത്.
കോവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി പിപിഇ കിറ്റ്, ഗ്ലൗസ് ഉൾപ്പെടെയുള്ളവ വാങ്ങിയതിലെ അഴിമതിക്ക് മുഖ്യമന്ത്രി അംഗീകാരം നൽകിയത് എന്തുകൊണ്ടാണ്?
പ്രതിപക്ഷ നേതാവിന്റെ ഈ ചോദ്യത്തിന് നിയമസഭയിൽത്തന്നെ കൃത്യമായി മറുപടി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നൽകിയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ ഓർമയിലേക്ക് ആ മറുപടി ഒന്നുകൂടി വ്യക്തമാക്കുന്നു. 2020 ജനുവരിയിൽ കോവിഡ് സ്ഥിരീകരിച്ചശേഷം അത് വ്യാപകമാകുന്നതിനു മുമ്പ് പ്രതിരോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാർ മെഡിക്കൽ കോർപറേഷന് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നിപാ പ്രതിരോധത്തിന് വാങ്ങിയ ഉപകരണങ്ങളും പ്രാദേശികമായി ലഭിക്കുന്ന സാമഗ്രികളും ഉപയോഗിച്ച് പ്രതിരോധ നടപടികൾ സ്വീകരിച്ചു. 2020 മാർച്ചിൽ രണ്ടാം തരംഗം പ്രതിരോധിക്കാനായി വൻ തയ്യാറെടുപ്പ് അനിവാര്യമായി. കോർപറേഷൻ മുഖാന്തരം സംഭരിക്കുന്നതിനുള്ള സാമഗ്രികളുടെ വിശദമായ രേഖ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് 275 കോടിയുടെ സാങ്കേതിക അനുമതി നൽകി. 1,70,640 പിപിഇ കിറ്റ് വേണമെന്ന് നിശ്ചയിച്ചു. തദ്ദേശീയമായ വിതരണക്കാർക്കും കേന്ദ്ര ഏജൻസിയായ എച്ച്എൽഎൽ അനുവദിച്ച കിറ്റുകൾ ആനുപാതികമായി വിതരണം ചെയ്യാൻ നടപടികളും സ്വീകരിച്ചു. 10 ലക്ഷം പിപിഇ കിറ്റ് വേണമെന്ന് കോർപറേഷൻ യോഗം വിലയിരുത്തി. ഇതിൽ എട്ടു ലക്ഷം രണ്ടു മാസത്തിനുള്ളിൽ സംഭരിക്കുന്നതിന് കോർപറേഷനെ ചുമതലപ്പെടുത്തി.
തദ്ദേശീയമായ വിതരണക്കാരെ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായി. 50 ശതമാനം മുൻകൂർ തുക നൽകി വിവിധ വിതരണക്കാരിൽനിന്ന് സംഭരിക്കുന്നതിന് കോർപറേഷൻ മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകി. പിന്നീട് ഒരു വിതരണ സ്ഥാപനത്തിന്റെ പിപിഇ കിറ്റ് സംബന്ധിച്ചുള്ള പ്രശ്നം ആരോപണമായി ഉയർന്നുവന്നു.
വിവിധ സ്ഥാപനങ്ങളിൽനിന്ന് ഈ അടിയന്തര സാഹചര്യത്തിൽ ഗുണനിലവാരം അനുസരിച്ച് 1550 മുതൽ 1736 രൂപ വരെ വില നൽകി വാങ്ങുകയായിരുന്നു. (അടിയന്തര സാഹചര്യത്തിൽ പ്രാദേശികമായി വസ്തുക്കൾ ലഭിക്കാത്ത സാഹചര്യത്തിൽ ഈ പ്രതിസന്ധിയെ നേരിടുന്നതിന് പൊതുവായി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഇങ്ങനെയുണ്ടായത്). വ്യത്യസ്ത നിരക്കാണ് ഓരോരുത്തരും ഈടാക്കിയിരുന്നത്. 30.03.2020 ൽ മെസ്റ്റേഴ്‌സ് സാൻ ഫാർമയ്‌ക്ക് (ലോകോത്തര നിലവാരമുള്ളതും യൂറോപ്യൻ കമീഷൻ സർട്ടിഫൈ ചെയ്തിട്ടുള്ളതുമാണിത്) 50,000 പിപിഇ കിറ്റ് വിതരണം ചെയ്യുന്നതിനുള്ള അനുമതി നൽകിയിരുന്നു. 15,000 എണ്ണം മാത്രമാണ് ഈ സ്ഥാപനത്തിൽനിന്ന് സംഭരിച്ചത്. തദ്ദേശീയമായി പിപിഇ കിറ്റുകൾ ജിഎസ്ടി ഉൾപ്പെടെ 871.50 രൂപയ്ക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായി. നേരത്തേ മെസ്റ്റേഴ്സ് സാൻ ഫാർമയ്ക്ക് നൽകിയ 35,000 ഓർഡർ റദ്ദാക്കി. ജനതയെ കോവിഡ് ദുരിതത്തിൽനിന്ന് രക്ഷപ്പെടുത്താനുള്ള അടിയന്തരമായ ഇടപെടലിനെയാണ് അഴിമതിയായി ചിത്രീകരിച്ചത്.
ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായിട്ടും വിജിലൻസ് അന്വേഷണം പാതിവഴിയിൽ മുടങ്ങിപ്പോയത് എന്തുകൊണ്ട്?
ലൈഫ് മിഷൻ കേസ് ഉയർന്ന ഘട്ടത്തിൽ വിജിലൻസിനു മുമ്പാകെ പരാതി വന്നു. എഫ്ഐആർ എടുത്ത് അന്വേഷിച്ചു. നിരവധി രേഖകൾ വിജിലൻസ് പിടിച്ചെടുക്കുകയും ആരോപണവിധേയരടക്കമുള്ളവരെ ചോദ്യം ചെയ്യുകയുംചെയ്‌തു. മൊഴി രേഖപ്പെടുത്തി. വിജിലൻസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷിച്ചുവരികയാണ്. ചില രേഖകൾ ആ ഏജൻസികളുടെ കൈവശംകൂടി ഉള്ളതിനാൽ അതുകൂടി ലഭിച്ചെങ്കിൽ മാത്രമേ വിജിലൻസ് അന്വേഷണം പൂർത്തിയാകുകയുള്ളൂ. അന്വേഷണ പുരോഗതി നിയമസഭയിൽ അടക്കം സർക്കാർ പലതവണ വ്യക്തമാക്കി. ഇതാണ് വസ്തുത എന്നിരിക്കെ കേസ് അന്വേഷണം നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്.
തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം തോമസ് പോക്സോ കേസ് പ്രതിയെ മാറ്റിയതിൽ എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ തൃശൂർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്?
പ്രതിപക്ഷ നേതാവിന്റെ ഈ രണ്ട് ചോദ്യവും അതിൽ പ്രതിപാദിക്കുന്ന സംഭവങ്ങളും ഭാവനയിൽനിന്ന് ഉരുത്തിരിഞ്ഞതും ചില മാധ്യമങ്ങൾ സൃഷ്ടിച്ചതുമായ വിഷയങ്ങളാണ്. ഇരു വിഷയങ്ങളിലും ഒരു പൊലീസ് സ്റ്റേഷനിലും ആരും പരാതി നൽകിയിട്ടില്ല.
ഓണക്കാലത്ത് ജനജീവിതം ദുരിതപൂർണമാക്കിയതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും മറുപടിയുണ്ടോ?
പ്രതിപക്ഷ നേതാവിന്റെ ഈ ചോദ്യങ്ങൾ കേട്ട് ജനങ്ങൾ പൊട്ടിച്ചിരിക്കും. കാരണം ഏഴു വർഷം മുമ്പുള്ള ഓണക്കാലവും ഇപ്പോഴത്തെ ഓണക്കാലവും തമ്മിലുള്ള വ്യത്യാസം നല്ലരീതിയിൽ തിരിച്ചറിയാം. കാണം വിറ്റുപോലും ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥയായിരുന്നല്ലോ യുഡിഎഫ് ഭരണത്തിൽ. ഇപ്പോൾ ജനം സുഭിക്ഷമായി ആഘോഷിക്കുകയാണ്. ഇതു കാണാതെയാണ് പ്രതിപക്ഷ നേതാവ് പുകമറ സൃഷ്ടിക്കുന്നത്.
ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ജനകീയ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. വിപണി ഇടപെടലിനും വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കുമായി അനുവദിച്ചത് 18,000 കോടി രൂപയാണ്. നെല്ല് സംഭരണത്തിൽ മുഴുവൻ തുകയും കൊടുത്തുതീർക്കാനുള്ള നടപടികളാണ് സർക്കാർ നടത്തുന്നത്. നൽകാൻ ബാക്കിയുണ്ടായിരുന്ന 250 കോടി രൂപ പിആർഎസ് വായ്‌പയായി ഓണത്തിനു മുമ്പ് നൽകിത്തുടങ്ങി. കേന്ദ്രം ഈ ഇനങ്ങളിൽ തരേണ്ട 637 കോടി രൂപ തരാത്തതിൽ പ്രതിപക്ഷ നേതാവിന് ഒരു പരാതിയുമില്ല. കേന്ദ്രം സാമ്പത്തികമായി ഉപരോധം പ്രഖ്യാപിച്ചപ്പോഴും അതെല്ലാം മറികടന്ന് 18,000 കോടി രൂപയുടെ സഹായം ഓണക്കാലത്ത് മലയാളിയുടെ വീട്ടിൽ എത്തിയെന്ന സത്യം പ്രതിപക്ഷ നേതാവിന് കാണാൻ കഴിയാത്തത് എന്തുകൊണ്ടാണ്?
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..