29 March Friday

അട്ടപ്പാടിയില്‍ മാറ്റത്തിന്റെ വസന്തം - എ കെ ബാലൻ എഴുതുന്നു

എ കെ ബാലൻ പട്ടികജാതി‐വർഗ,പിന്നോക്കവിഭാഗ മന്ത്രിUpdated: Wednesday Dec 9, 2020


രാജ്യത്തെ ആദിവാസി ക്ഷേമപദ്ധതികൾ എങ്ങനെയാകണം എന്നതിന്റെ മികച്ച മാതൃകയാണ്  ഇന്ന്  കേരളത്തിലെ ആദിവാസി മേഖലകൾ. അതിന്റെ തിലകക്കുറിയായി അട്ടപ്പാടി ശോഭിക്കുന്നു. ഒരുകാലത്ത് ആദിവാസിക്ഷേമം എങ്ങനെയാകരുത് എന്നതിന്റെ ഉദാഹരണമായിരുന്നു അട്ടപ്പാടി. ശിശുമരണനിരക്കും പോഷകാഹാരക്കുറവ്മൂലമുള്ള രോഗങ്ങളും ദാരിദ്ര്യവും കഷ്ടപ്പാടുകളും ക്ഷേമപദ്ധതികളിലെ അഴിമതിയും ചേർന്ന് അട്ടപ്പാടി കുപ്രസിദ്ധമായിരുന്നു.  മാധ്യമങ്ങൾ ഇത് വലിയ ചർച്ചയാക്കി.  ഇന്ന് അട്ടപ്പാടി മാധ്യമങ്ങളിൽ ചർച്ചയാകാത്തത്  കാര്യങ്ങൾ ശരിയായി നടക്കുന്നതുകൊണ്ടാണ്.

കൃത്യമായ കാഴ്ചപ്പാടും പദ്ധതി ആസൂത്രണവും നിർവഹണവും കൊണ്ടാണ് ആദിവാസി ജനവിഭാഗത്തിന്റെ ജീവിതത്തെ ഉയർത്തിയെടുക്കാൻ കഴിഞ്ഞത്. 2016ൽ എൽഡിഎഫ്‌  അധികാരത്തിലെത്തിയ ഉടനെ  ഗോത്ര വിഭാഗത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമാക്കിയുള്ള  പദ്ധതിക്ക് രൂപം നൽകി. 37 പട്ടികവർഗ ജനവിഭാഗത്തെ ഒരൊറ്റ പൊതു സമീപനംകൊണ്ട് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് തുല്യനീതി വിഭാവനം ചെയ്യുന്ന തത്വങ്ങൾക്ക് എതിരാണ്. ഓരോ ഗോത്രവിഭാഗവും നേരിടുന്ന പ്രശ്നങ്ങളും വികസന ആവശ്യങ്ങളും പരിഗണിച്ചുകൊണ്ട് വ്യത്യസ്ത സമീപനം കൈക്കൊള്ളുകയും വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

കൃഷിയിലൂടെയുള്ള ഉപജീവന പദ്ധതികൾ, പുതിയ തൊഴിൽ മേഖലകളിലേക്ക് പട്ടികവർഗ വിഭാഗത്തെ ആകർഷിക്കാനുള്ള പദ്ധതികൾ, പോഷകാഹാര സുരക്ഷാപദ്ധതികൾ, നൈപുണ്യ വികസനപദ്ധതികൾ, വിദ്യാഭ്യാസമേഖലയിൽ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ എന്നിവ ആവിഷ്കരിച്ചാൽ മാത്രമേ പട്ടികവർഗ ജനവിഭാഗത്തിന്റെ വികസനം സാധ്യമാകൂ എന്ന തിരിച്ചറിവിലൂടെയാണ് പദ്ധതികൾ തയ്യാറാക്കിയത്. പരമ്പരാഗത അറിവുകൾ, വൈദഗ്ധ്യം, കൃഷിരീതികൾ, ഭക്ഷണരീതികൾ എന്നിവകൂടി കണക്കിലെടുത്താണ് പദ്ധതികൾ തയ്യാറാക്കിയത്. പുതിയ അറിവുകളും ശേഷികളും വികസിപ്പിക്കാനുള്ള പദ്ധതികളും ആരംഭിച്ചു.

അഗളി, ഷോളയൂർ, പുതൂർ  പഞ്ചായത്തുകൾ ചേർന്നതാണ് അട്ടപ്പാടി ബ്ലോക്ക്. 11,016 പട്ടികവർഗ കുടുംബമാണ് അട്ടപ്പാടിയിലുള്ളത്. ക്ഷേമ, വികസന പദ്ധതികൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ഐടിഡിപി 2018വരെ ഗ്രാമവികസനവകുപ്പിന് കീഴിലായിരുന്നു. ഈ സംവിധാനത്തിന് മാറ്റം വരുത്തി ഐടിഡിപിയെ പൂർണമായും പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയും പ്രോജക്ട്‌ ഓഫീസറായി പട്ടികവർഗ വികസന വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.

സാമൂഹ്യപഠനമുറി
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന  വിദ്യാർഥികൾക്ക് അവരുടെ വിനിമയ ഭാഷയായ ഗോത്രഭാഷകളിൽനിന്ന് പഠനമാധ്യമമായ മലയാളത്തിലേക്ക്  വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് അവരുടെ കൊഴിഞ്ഞുപോക്കിന് മുഖ്യ കാരണമാകുന്നതെന്ന് പഠനങ്ങളിൽനിന്ന് വ്യക്തമായി. ഇത് പരിഹരിക്കാനാണ് ഗോത്രഭാഷ അറിയാവുന്ന പട്ടികവർഗക്കാരായ യോഗ്യതയുള്ളവരെ മെന്റർ ടീച്ചർമാരായി വയനാട്ടിലും അട്ടപ്പാടിയിലും നിയമിച്ചുകൊണ്ടുള്ള ഗോത്രബന്ധു പദ്ധതി ആരംഭിച്ചത്. വയനാട്ടിലാണ് പദ്ധതി ആരംഭിച്ചത്.  വയനാട്ടിൽ 246ഉം  അട്ടപ്പാടിയിൽ  26ഉം  മെന്റർ ടീച്ചർമാരെയാണ് നിയമിച്ചത്.  ഇത് വലിയ മാറ്റങ്ങളുണ്ടാക്കി. കൊഴിഞ്ഞുപോക്ക്  ഗണ്യമായി കുറഞ്ഞു. അട്ടപ്പാടിയിലെ  ഉൾപ്രദേശങ്ങളിൽനിന്നുള്ള പട്ടികവർഗ വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതിപ്രകാരം പ്രത്യേക വാഹനസൗകര്യം ഏർപ്പെടുത്തി. ഇതിനായി 15  സ്കൂളിന്‌ നാല് വർഷത്തിനുള്ളിൽ 1.9  കോടി നൽകി. ഇതുവഴിയും കൊഴിഞ്ഞുപോക്ക്  കുറയ്ക്കാൻ സാധിച്ചു.


 

പട്ടികവർഗ വിദ്യാർഥികൾക്ക് വീട്ടിൽ ഗൃഹപാഠം ചെയ്യാനുള്ള പരിമിതികൾ മറികടക്കാനാണ് ഊരുകൾ കേന്ദ്രീകരിച്ച് സാമൂഹ്യപഠനമുറി എന്ന പദ്ധതി  ആരംഭിച്ചത്. ഊരിൽ ആധുനികരീതിയിലുള്ള പഠനസൗകര്യങ്ങളാണ് സാമൂഹ്യപഠനമുറിയിൽ ഒരുക്കിയത്. കംപ്യൂട്ടറും ഇന്റർനെറ്റും ഉറപ്പുവരുത്തി. ഒരു ഫെസിലിറ്റേറ്ററുടെ സേവനവും ഉറപ്പാക്കി. സംസ്ഥാനത്താകെ 250  സാമൂഹ്യപഠനമുറിയിൽ 18  എണ്ണം അട്ടപ്പാടിയിൽ പൂർത്തീകരിച്ചു. മുക്കാലി മോഡൽ റസിഡൻഷ്യൽ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിന് പദ്ധതി ആരംഭിച്ചു. പുതിയ ബ്ലോക്ക് ഉദ്ഘാടനംചെയ്തു. സയൻസ്, കൊമേഴ്സ് വിഷയങ്ങൾ പുതുതായി അനുവദിച്ചു. സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി 1.53  കോടി രൂപ അനുവദിച്ചു. ഷോളയൂർ, ആനവായ് എന്നിവിടങ്ങളിൽ പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിടങ്ങൾ ഉദ്ഘാടനംചെയ്തു. അഗളി പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിർമാണം ആരംഭിച്ചു. ഉയർന്ന വിദ്യാഭ്യാസനിലവാരം പുലർത്തുന്ന 218  പട്ടികവർഗ വിദ്യാർഥികൾക്ക് അസിസ്റ്റൻസ് ടു ബ്രില്യൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി 7.88 ലക്ഷം രൂപ ധനസഹായം നൽകി.

ഭക്ഷണം മുടങ്ങാതിരിക്കാൻ കമ്യൂണിറ്റി കിച്ചൺ
പരമ്പരാഗതമായ ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനായി മില്ലറ്റ് വില്ലേജ് എന്ന പദ്ധതി കൃഷിവകുപ്പുമായി ചേർന്ന് ആരംഭിച്ചു. 70  ഊരിലായി 1256  കർഷകർക്ക് ഏഴു കോടി രൂപ ഈ പദ്ധതിപ്രകാരം നൽകി.  സ്വന്തമായി ഭൂമിയുള്ളവരും കൃഷിയിൽ താൽപ്പര്യമുള്ളവരുമായ ആദിവാസികൾക്ക് ധാന്യം, പയറുവർഗങ്ങൾ, പച്ചക്കറി എന്നിവ കൃഷി ചെയ്യാൻ 2019 മുതൽ ധനസഹായം നൽകുന്നു. ഇതുവരെ 145  ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. 

അട്ടപ്പാടിയിലെ പട്ടികവർഗ വനിതകൾക്ക് നൈപുണ്യ വികസനപദ്ധതിയിലൂടെ തൊഴിൽ നൽകുന്നതിന് ആരംഭിച്ച നൂതന പദ്ധതിയാണ് അപ്പാരൽ പാർക്ക്. 250  പട്ടികവർഗ വനിതകൾക്ക്  ആധുനിക വസ്ത്രനിർമാണത്തിലാണ് പരിശീലനം നൽകിയത്. ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ മുഖേന 50 പട്ടികവർഗ യുവതീയുവാക്കൾക്ക് ഡിസിഎ കോഴ്സിൽ പരിശീലനം നൽകാനായി 38.25  ലക്ഷം രൂപ അനുവദിച്ചു. 2013ൽ 31  ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത്. ഇന്ന് അത് ഏഴാക്കി കുറച്ചു. പോഷകസമൃദ്ധമായ ആഹാരം എല്ലാ പട്ടികവർഗക്കാർക്കും എത്തിക്കാൻ 192  കമ്യൂണിറ്റി കിച്ചൺ ഈ സർക്കാർ ആരംഭിച്ചു. പോഷകാഹാരക്കുറവുള്ള കുട്ടികളെയും ഗർഭിണികളെയും കണ്ടെത്തുന്നതിന് പ്രത്യേക സ്ക്രീനിങ്‌ ക്യാമ്പുകൾ പ്രവർത്തിക്കുന്നു.

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി  ആശുപത്രിയുടെ  നിലവാരം ഉയർത്തുന്നതിന് 18.25  ലക്ഷം രൂപ ചെലവഴിച്ചു. 2017--18 ൽ ആശുപത്രികളുടെ വികസനത്തിന് 1.7  കോടിയും ഈ വർഷം ഇതുവരെ 1.2  കോടിയും അനുവദിച്ചു. നിർജീവമായിരുന്ന ഇലച്ചിവഴി, പാടവയൽ ഒപി ക്ലിനിക്കുകളിൽ ജീവനക്കാരെ നിയമിക്കുകയും വാഹനവും പശ്ചാത്തലസൗകര്യവും ഒരുക്കുകയും ചെയ്തു.

ഗോത്രവാത്സല്യനിധി എന്ന പേരിൽ പട്ടികവർഗ പെൺകുട്ടികൾക്കായി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു.  ഓരോ പെൺകുട്ടിക്കും ഇൻഷുറൻസ് ആനുകൂല്യം ഏർപ്പെടുത്തുന്നു. 18  വയസ്സ് വരെ വിദ്യാഭ്യാസത്തിന്  ആനുകൂല്യം നൽകുന്നതിനൊപ്പം 18  വയസ്സ് പൂർത്തീകരിച്ചാൽ നിശ്ചിത തുക ഇൻഷുറൻസ്  ലഭിക്കുകയും ചെയ്യും. പാലക്കാട് ജില്ലയിൽ 2017  ഏപ്രിൽ ഒന്നിനുശേഷം ഇതുവരെ 310  കുട്ടികളെ ഇൻഷ്വർ ചെയ്തു. ഒരു കോടി രൂപവീതം ചെലവഴിച്ച്  അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന അംബേദ്കർ സെറ്റിൽമെന്റ്‌ പദ്ധതിപ്രകാരം അട്ടപ്പാടിയിൽ ഒമ്പതു കോളനിയെ തെരഞ്ഞെടുത്തു. 8.27  കോടികോർപസ് ഫണ്ട് ആയി നൽകി. 1.2  കോടി ചെലവഴിച്ച്  മുക്കാലി ഫോറസ്റ്റ് സ്റ്റേഷൻ -ചിണ്ടക്കി റോഡിലെ 1.6  കിലോമീറ്റർ ഇന്റർലോക്ക് ടൈലുകൾ പാകി ഗതാഗതയോഗ്യമാക്കി.

ഹഡ്കോ ഭവനപദ്ധതിപ്രകാരം 2016--–-17ൽ 466  ഭവനരഹിതരായ പട്ടികവർഗക്കാർക്ക് വീട് അനുവദിച്ചു നൽകി. ആകെയുള്ള 2957  പൂർത്തീകരിക്കാത്ത ഭവനങ്ങൾക്കായി 2017--–-18ൽ 12.83  കോടിയും 2018–--19ൽ  9.50  കോടിയും അനുവദിച്ചു. ഒരേക്കറിൽ താഴെ ഭൂമിയുള്ള 1460  പട്ടികവർഗ കുടുംബത്തിന്‌ 1230  ഏക്കർ ഭൂമി അനുവദിച്ചു. ശേഷിക്കുന്നവരിൽ 222  പേർക്കുള്ള 162.4 ഏക്കർ ഭൂമി കണ്ടെത്തി അവരെ കാണിച്ചുകൊടുത്തു. സമ്മതപത്രം ലഭിച്ചാൽ വിതരണം നടത്തും. ഭക്ഷ്യസഹായ പദ്ധതിക്കായി 2016–--17ൽ  11000  കുടുംബത്തിന്‌ 1.80  കോടിയും 2017--–-18ൽ  12111  കുടുംബത്തിന്‌(ഉപകുടുംബങ്ങൾ ഉൾപ്പെടെ) 1.22  കോടിയും വിതരണം ചെയ്തു.

വ്യക്തമായ കാഴ്ചപ്പാടോടെ നടത്തിയ പ്രവർത്തനങ്ങളാണ്  അട്ടപ്പാടിയെ അടിമുടി മാറ്റിയെടുത്തത്. കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനിക്കാൻ കഴിയുന്ന പ്രദേശമാണ് അട്ടപ്പാടി. തനത് ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ ഈ മാതൃക ലോകമാകെ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top