19 April Friday

അധികാരമോഹം കരഞ്ഞു തീർക്കട്ടെ

എ കെ ബാലൻUpdated: Wednesday May 24, 2023

എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാംവാർഷികം കേരളം ആഘോഷിക്കുന്ന ഘട്ടത്തിൽ യുഡിഎഫ് കരിദിനം ആചരിക്കുകയും സെക്രട്ടറിയറ്റ് വളയുകയും ചെയ്തു. കേരള സമൂഹം പുച്ഛത്തോടെ യുഡിഎഫിന്റെ കരിദിനം തള്ളിക്കളയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പ്രതിപക്ഷ നേതാവ് 17 ആരോപണം സർക്കാരിനെതിരെ ഉന്നയിച്ചത്. എല്ലാം ആവർത്തനംതന്നെ. അതിന് മറുപടി അർഹിക്കുന്നില്ലെങ്കിലും ചില വസ്തുത ഓർമപ്പെടുത്തുകയാണ്.

■ ആരോപണം 1: എഐ കാമറ
ഭരണതലത്തിലും വിജിലൻസും അന്വേഷിക്കാൻ തീരുമാനിച്ച കാര്യത്തിൽ ഭരണതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കം മന്ത്രി പി രാജീവ് വ്യക്തമാക്കി. ഒരു പത്രപ്രവർത്തകനും ഈ റിപ്പോർട്ട് ഖണ്ഡിക്കാനായില്ല.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഗതാഗതനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിന് ആധുനിക സംവിധാനമെന്ന നിലയിൽ എഐ സംവിധാനം ഉപയോഗപ്പെടുത്തുന്നത്.  അപകടങ്ങളും അതുവഴിയുള്ള മരണങ്ങളും വർധിക്കുന്ന ഘട്ടത്തിൽ  ഇത് അത്യാവശ്യവുമായിരുന്നു.
കേന്ദ്ര വിജിലൻസ് കമീഷൻ മാർഗനിർദേശം പൂർണമായും പാലിച്ചാണ് ഗതാഗതവകുപ്പ് എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും പൂർത്തീകരിച്ചത്. കെൽട്രോൺ ഡിപിആർ തയ്യാറാക്കി, ഗതാഗതവകുപ്പ് സാങ്കേതിക അനുമതി നൽകി, കെൽട്രോൺ ടെൻഡർ നൽകിയ പദ്ധതിയിൽ നിയമലംഘനം ഉണ്ടെങ്കിൽ കോടതിയിൽ ചോദ്യംചെയ്യാം. വിജിലൻസ് റിപ്പോർട്ട്  തൃപ്‌തികരമല്ലെങ്കിൽ കോടതിയിൽ ചോദ്യംചെയ്യാം. പിന്നെ എന്തിനാണ് വീണ്ടും വീണ്ടും പുകമറ സൃഷ്ടിക്കുന്നത്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഓപ്പൺ ടെൻഡർ വയ്‌ക്കാതെ കെൽട്രോണിന് പർച്ചേസ് ഓർഡർ കൊടുത്തു. 2012ൽ 100 കാമറയ്‌ക്ക് 40 കോടിയാണ് നൽകിയത്. അന്ന് കെൽട്രോൺ ഉപകരാർ നൽകിയത് മീഡിയ ട്രോണിക്, ആർപി ടെക് എന്നീ സ്വകാര്യ കമ്പനികൾക്കാണ്. ഉമ്മൻചാണ്ടി കൊടുത്ത വിലയേക്കാളും കുറഞ്ഞ വിലയ്ക്കാണ് ഇപ്പോൾ കൊടുത്തത്.

മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് ഉപകരാർ കമ്പനിയുമായി ബന്ധം എന്നത് ശുദ്ധ അസംബന്ധമാണ്.  ആദ്യം പിണറായി വിജയന്റെ ഭാര്യ, അത് കഴിഞ്ഞ് മകൾ, പിന്നീട് മകന്റെ ഭാര്യാ പിതാവ്. ആരോപണത്തിന് വിധേയരാകാൻ ഇനി പേരക്കുട്ടികൾ മാത്രമാണല്ലോ ബാക്കിയുള്ളത്. ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം’

■ കെ ഫോൺ
കഴിഞ്ഞ നിയമസഭയിൽ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചത് ഇങ്ങനെയൊരു പദ്ധതിയുടെ ആവശ്യമുണ്ടോ, ഉണ്ടെങ്കിൽത്തന്നെ നിലവിലുള്ള കോർപറേറ്റ് കമ്പനികളെ ഉപയോഗിച്ചുകൂടെ എന്നായിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് കമ്പനി രൂപംകൊടുത്ത കൺസോർഷ്യത്തിൽ എസ്ആർഐടിയെ പങ്കാളിയാക്കിയത് കേന്ദ്ര പൊതുമേഖലാ കമ്പനിയല്ലേ, ഇതിലെന്താണ് അഴിമതി, നിയമവിരുദ്ധം. കേന്ദ്ര പൊതുമേഖല കൈക്കൂലി കൊടുത്ത് കേരള സര്‍ക്കാരിനെ സ്വാധീനിക്കാന്‍ കഴിയുമോ. ‘വായിൽ  തോന്നുന്നത് കോതയ്‌ക്ക് പാട്ട്'.

■ വരുമാനം കണ്ടെത്തിയ 5000 കോടി
കേന്ദ്ര നയത്തിന്റെ ഭാഗമായി കേരളത്തിന് ലഭിക്കേണ്ട ന്യായമായ വിഹിതം 40,000 കോടി വെട്ടിച്ചുരുക്കിയപ്പോൾ യുഡിഎഫ്‌ എംപിമാർ ഒരക്ഷരം പറഞ്ഞോ. കെപിസിസി പ്രതിഷേധിച്ചോ. ശബളവും പെൻഷനും കൊടുക്കാൻ സാധിക്കാത്ത അവസ്ഥ സംജാതമാകുമായിരുന്നില്ലേ. എന്നിട്ടും കേരളം അതിജീവിച്ചു. നീതിയുക്തമായ ചെറിയ ഒരു ബാധ്യത ജനങ്ങൾ വഹിക്കാൻ നിർബന്ധിക്കപ്പെട്ടു. ക്ഷേമ പെൻഷൻ സംരക്ഷിക്കാനാണ് രണ്ടുരൂപ പെട്രോളിയം ഉൽപ്പന്നങ്ങളുടെ മുകളിൽ ചുമത്തിയത്. കേന്ദ്രം നികുതിപിരിക്കാൻ അവകാശമില്ലാത്ത പെട്രോളിയം ഉൽപ്പന്നങ്ങളിൽ 20 രൂപ അധിക സെസ്‌ പിരിക്കുമ്പോൾ പ്രതിപക്ഷത്തിന് പ്രതിഷേധം ഇല്ല. ‘ഇനിയെങ്കിലും മതിയാക്കൂ ഈ മുതലക്കണ്ണീര്‍’.


 

■ റബറിന്റെ വിലസ്ഥിരത
റബറിന് 300 രൂപ വിലസ്ഥിരതയായി കേന്ദ്രം പ്രഖ്യാപിച്ചാൽ  മലയോര പ്രദേശത്തുനിന്ന് ബിജെപിക്ക് എംപിയെ തരാമെന്ന് ഒരു ബിഷപ് പറഞ്ഞപ്പോൾ പിന്തുണയ്ക്കാൻ ഒരു മടിയും കെപിസിസി പ്രസിഡന്റിന് ഉണ്ടായില്ല. ഒരു കിലോ റബറിന് 150 രൂപയിൽനിന്ന് 170 രൂപയായി വർധിപ്പിച്ച കേരള സർക്കാർ റബർ കൃഷിക്കാരുടെ ശത്രു. റബർ ഉൾപ്പെടെയുള്ള വാണിജ്യ, കാർഷിക ഉൽപ്പന്നങ്ങൾ നിയന്ത്രണമില്ലാതെ പുറത്തുനിന്ന് ഇറക്കുമതി ചെയ്യാൻ രൂപംകൊടുത്ത ആസിയാൻ കരാർ നടപ്പാക്കിയ രണ്ടാം യുപിഎ സർക്കാരും ബിജെപി സർക്കാരും കൃഷിക്കാരുടെ ഉറ്റവർ. ‘കണ്ണടച്ച് ഇരുട്ടാക്കരുത്'.

■ ലൈഫ് മിഷനും 
വടക്കാഞ്ചേരി 
140 ഫ്ലാറ്റ് സമുച്ചയവും
പാവപ്പെട്ടവന്റെ വീട് എന്ന സ്വപ്നപദ്ധതി ലൈഫ്‌ എൽഡിഎഫ് സർക്കാർ തുടങ്ങിയപ്പോൾ പാരവയ്‌ക്കാൻ ഒരു മടിയും പ്രതിപക്ഷം കാണിച്ചില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി ഉണ്ടാകില്ലെന്ന് യുഡിഎഫ് കൺവീനർ പ്രഖ്യാപിച്ചു. വടക്കാഞ്ചേരി 140 ഫ്ലാറ്റിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയത് പണം നൽകിയ റെഡ്ക്രസന്റിനുവേണ്ടി യുഎഇ കോൺസുലേറ്റും യൂണിടാക്കുമാണ്.  ഇതിൽ സർക്കാർ കക്ഷിയല്ല. കരാറുകാരനും യുഎഇ കോൺസുലേറ്റുമായി ബന്ധമുണ്ടായിരുന്ന ചിലർ കാട്ടിയ ക്രമവിരുദ്ധ പ്രവർത്തനത്തിന് ഇപ്പോൾ ഉപ്പ് തിന്നവർ വെള്ളം കുടിക്കുന്നുണ്ട്. ഇതിൽ കമീഷന്റെ വലിയൊരു ഭാഗം കൈക്കലാക്കിയ യുഎഇ കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക് പരിവേഷമുള്ള ഈജിപ്‌ഷ്യൻ പൗരനെ വിദേശത്തേക്ക്‌ കടത്താൻ സഹായിച്ചതും മറ്റൊരു വനിതാപ്രതിയുടെ സ്വത്ത് കണ്ടുകെട്ടേണ്ടെന്ന് കോടതിയിൽ നിലപാട് എടുത്തതും ആരായിരുന്നു? ബിജെപി സർക്കാരായിരുന്നില്ലേ. ലൈഫിനെ പൊളിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും  ‘ഒരേ തൂവൽ  പക്ഷികളായിരുന്നില്ലേ'...

■ ബ്രഹ്മപുരം മാലിന്യപ്രശ്‌നം
ബ്രഹ്മപുരം മാലിന്യപ്രശ്‌നത്തിന്‌ ആരാണ് ഉത്തരവാദി. 2009ൽ എൽഡിഎഫ് കൊച്ചി കോർപറേഷൻ ഭരിക്കുമ്പോൾ രാജ്യത്തെ മികച്ച സീറോ വേസ്റ്റ് നഗരത്തിനുള്ള പുരസ്കാരം ലഭിച്ചു. 2010ൽ യുഡിഎഫ് അധികാരത്തിൽ വന്നു. പിന്നീട് 2020 വരെയുള്ള ഘട്ടത്തിലാണ് മാലിന്യപ്രശ്നം രൂക്ഷമാകുന്നത്. കോർപറേഷനുമാത്രമായി വിഭാവനംചെയ്ത പ്ലാന്റിൽ യുഡിഎഫ് ഭരിക്കുന്ന സമീപ പ്രദേശങ്ങളിലെ മാലിന്യംകൂടി  കൊണ്ടിടുന്ന സ്ഥിതിയുണ്ടായി. യുഡിഎഫിന്റെ പത്തു വർഷംകൊണ്ട് 5,59,000 ടൺ മാലിന്യം കുമിഞ്ഞുകൂടി. ഇത് ശാസ്ത്രീയമായി സംസ്കരിക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ  ഉത്തരവിട്ടു. യുഡിഎഫ് നടപ്പാക്കിയില്ല. പിന്നീട് വന്ന എൽഡിഎഫ് ഭരണസമിതി വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമിക്കാൻ 2018ൽ നടപടി സ്വീകരിച്ചു.  എന്നാൽ, പദ്ധതി യാഥാർഥ്യമാക്കാൻ ഫലപ്രദമായ ഒരു നടപടി പിന്നീടുള്ള രണ്ടു വർഷവും കോർപറേഷനിലെ യുഡിഎഫ് സ്വീകരിച്ചില്ല. യുദ്ധകാലാടിസ്ഥാനത്തിൽ ജൂണോടെ പദ്ധതി പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചത്‌ എൽഡിഎഫ് ഭരണസമിതിയാണ്‌. അപ്പോൾ  തീപിടിത്തമുണ്ടായതിൽ,  മാലിന്യം കുന്നുകൂട്ടിയ യുഡിഎഫ് ഭരണസമിതി കുറ്റക്കാരല്ലേ. 

■ സിൽവർ ലൈൻ അഴിമതി
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ല. അതിന് മുമ്പുതന്നെ അഴിമതി ആരോപണം ഉണ്ടായി. വൻകിട വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കമീഷൻ പറ്റിയവർ അനുഭവത്തിന്റെ വെളിച്ചത്തിൽ അതേ കണ്ണിലൂടെ എൽഡിഎഫിനെ കാണരുത്. ഒരു സ്വപ്നപദ്ധതി ബിജെപിയും യുഡിഎഫും തകർത്തിരിക്കുകയാണ്. ഒരു വൻകിട പദ്ധതിയും ഇവിടെ നടത്താൻ എൽഡിഎഫിനെ സമ്മതിക്കരുത്. അതുവഴി ജനകീയ അംഗീകാരം പിടിച്ചെടുക്കാൻ അവസരം ഉണ്ടാക്കരുത്. ഈ ദുഷ്ടമനസ്സ് ഒരു രോഗമാണ്. കേന്ദ്രം ഒന്നു സഹായിച്ചാൽ കേരളത്തിൽ അത്ഭുതം സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു. ആ സാധ്യതയാണ് ഇല്ലാതാകുന്നത്. ‘എലിയെ പേടിച്ച് ഇല്ലം കത്തിക്കരുത്'.

■ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ല
ഈ ആരോപണം യുഡിഎഫിന് ചേർന്നതാണ്. ഒന്നാം പിണറായി സർക്കാർ വരുമ്പോൾ തെളിയിക്കാൻ കഴിയാതിരുന്ന എത്ര കേസുകൾ ഉണ്ടായിരുന്നു. എല്ലാം തെളിയിച്ചില്ലേ. ഒരു യുഡിഎഫ് മന്ത്രിയുടെ ഓഫീസിൽ  അടിച്ചുവാരാൻ വന്ന സ്ത്രീയെ ബലാത്സംഗംചെയ്ത് കുളത്തിൽ കെട്ടിതാഴ്‌ത്തിയില്ലേ, മറക്കരുത്.
സംസ്ഥാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ കാട്ടുന്ന ജാഗ്രത മറ്റേതെങ്കിലും സംസ്ഥാനത്ത് ഉണ്ടോ. വനിതാ പൊലീസ് സ്റ്റേഷൻ, വനിതാ സെൽ, വനിതാ ബറ്റാലിയൻ, അപരാജിത, പിങ്ക് പൊലീസ്, നിഴൽ, വനിതാ സ്വയംപ്രതിരോധ സംഘം, വനിതാ ബീറ്റ് എന്നിവയെല്ലാം സ്ത്രീസുരക്ഷാ പദ്ധതികളിൽ ചിലതുമാത്രമാണ്. പരാതി മുക്കുന്ന സ്ഥിതി സർക്കാരിനില്ല. എല്ലാം രജിസ്റ്റർ ചെയ്യും എഫ്ഐആറും ഇടും.

■ മെഡിക്കൽ സർവീസസ് കോർപറേഷൻ ആരോപണം
കോവിഡ് ഘട്ടത്തിൽ ആരോഗ്യരംഗത്ത് കേരളം കാട്ടിയ മാതൃക ലോകം അംഗീകരിച്ചതാണ്. അതിൽ യുഡിഎഫിന് അസൂയ സ്വാഭാവികം. ഇത്തരം ഘട്ടത്തിൽ ചട്ടങ്ങളിൽ ഇളവു നൽകാൻ സർക്കാരിന് അധികാരമുണ്ട്. അതുകൊണ്ട് പിപിഇ കിറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ രോഗികൾക്ക് ലഭ്യമായി. മരണനിരക്ക് പിടിച്ചുനിർത്താൻ കഴിഞ്ഞു. കോവിഡിനെ നേരിട്ടു. ഇതാണോ അഴിമതി. ‘കഷണ്ടിക്കും അസൂയക്കും മരുന്നില്ല' എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല.

■ 5000 കോടിയുടെ പാക്കേജ്
പാക്കേജുകളെല്ലാം നടപ്പാക്കിത്തുടങ്ങി. തീരദേശ വികസനത്തിനുള്ള വിവിധ പദ്ധതികൾ പുരോഗമിക്കുന്നു. മഞ്ചേശ്വരം, ചേറ്റുവ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനം പൂർത്തിയായി. കൊല്ലം താന്നി തീരസംരക്ഷണം, മുതലപ്പൊഴി തീരസംരക്ഷണം പുരോഗമിക്കുന്നു. ബീമാപള്ളിയിൽ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി 20 ഫ്ലാറ്റും പൊന്നാനിയിൽ 128 ഫ്ലാറ്റും കൈമാറി. 57 വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും 51 മത്സ്യമാർക്കറ്റിന്റെയും പുനരുദ്ധാരണത്തിന്‌ കിഫ്ബി അംഗീകാരം നൽകി.
ഫിഷറീസ് സ്കൂളുകൾ ആരംഭിച്ചു. മത്സരപരീക്ഷകൾക്കായി മത്സ്യത്തൊഴിലാളികളുടെ മക്കളെ സജ്ജരാക്കി. മത്സ്യത്തൊഴിലാളി ഇൻഷുറൻസ് 10 ലക്ഷമാക്കി. മറൈൻ ആംബുലൻസ്, സൗജന്യ റേഷൻ, സാമ്പത്തിക സഹായം, പുനർഗേഹം പദ്ധതികൾ തുടങ്ങി.പുനർഗേഹം പദ്ധതി വഴി 8743 കുടുംബത്തിന്‌ വീട് നൽകി. ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ നൽകാൻ നടപടി സ്വീകരിച്ചു. 51 മത്സ്യമാർക്കറ്റ്‌ ആധുനികവൽക്കരിക്കാൻ 138 കോടി രൂപ അനുവദിച്ചു. നവകേരള പദ്ധതിയുടെ ഭാഗമായി, പ്രഖ്യാപിച്ച എല്ലാ പാക്കേജുകളും യാഥാർഥ്യമാകും.

■ പിൻവാതിൽ നിയമനം
7 വർഷംകൊണ്ട് 2,04,628 പേർക്ക് സ്ഥിരം തൊഴിൽനൽകി. റിട്ടയർ ചെയ്യുന്നതിനു മുമ്പുതന്നെ ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നു. ഒരു തസ്തികപോലും ഒഴിഞ്ഞു കിടക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ ആയിരത്തിനും പതിനയ്യായിരത്തിനും ഇടയിൽ ഒരു വർഷം നിയമനം നടക്കുമ്പോൾ ഇവിടെ 30,000ത്തിനും 40,000ത്തിനും ഇടയിൽ  നടക്കുന്നുണ്ട്. ഏകദേശം 46,000 പുതിയ ഒഴിവുകൾ സൃഷ്ടിച്ച് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തു. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് വഴി കൃത്യസമയത്ത് നടത്തുന്നു. ഏഴ് വർഷത്തിനിടയിൽ ഒരു കേസുപോലും പിഎസ്‌സിയുമായി ബന്ധപ്പെട്ട് അഴിമതി പ്രശ്നത്തിൽ ഉണ്ടായിട്ടില്ല. പിൻവാതിൽ നിയമനവുമായി ഒരു പരാതിയും ഉണ്ടായിട്ടില്ല. കേന്ദ്രത്തിൽ എട്ടു ലക്ഷം പൊതുമേഖലാ ഒഴിവ്‌ ഒഴിഞ്ഞുകിടക്കുന്ന ഘട്ടത്തിലാണ് കേരളം ഈ നേട്ടം കൈവരിച്ചത്.

■ ബഫർസോൺ പ്രശ്നം
ബഫർസോൺ പ്രശ്നത്തിൽ സർക്കാരിന്റെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചത് പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണത്തിനുള്ള മറുപടിയാണ്.
ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ പ്രശ്നത്തിൽ ജനവഞ്ചന കാട്ടിയത് ഉമ്മൻചാണ്ടി സർക്കാരാണ്.10 കിലോമീറ്റർ ദൂരപരിധി നിശ്ചയിച്ചത്‌ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശായിരുന്നു. 2011ൽ യുഡിഎഫ് സർക്കാർ വന്നതിനുശേഷം മൂന്ന് ഉപസമിതി രൂപീകരിച്ചു. പരിശോധിച്ച് റിപ്പോർട്ട് നൽകി. ഈ സമിതി നൽകിയ റിപ്പോർട്ട് ദൂരപരിധി 10 കിലോമീറ്ററിന് പകരം 12 കിലോമീറ്റർ ആക്കി. ഹരിത എംഎൽഎമാർ എന്നറിയപ്പെട്ടവരിലൊരാൾ ഇന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. ഈ വഞ്ചനയ്ക്ക് കൂട്ടുനിന്ന വി ഡി സതീശന്റെ കുറ്റബോധം ഇപ്പോൾ മനസ്സിലാക്കാം. അതിന് എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്തേണ്ട.

■ വന്യജീവി ആക്രമണം
ഗൗരവമായ പ്രശ്നമാണ് വന്യജീവി ആക്രമണം. യുഡിഎഫ് ഭരിക്കുമ്പോഴും ഉണ്ടായിട്ടുണ്ട്. ഇതിൽ രാഷ്ട്രീയം കാണരുത്. ഇതുസംബന്ധിച്ച് പഠിക്കാൻ മുഖ്യ വനംമേധാവിയുടെ നേതൃത്വത്തിൽ സമിതിയെ രൂപീകരിച്ചു. 1155 കോടി ചെലവുവരുന്ന പദ്ധതിയാണിത്. ഇരകളുടെ കുടുംബത്തെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. 

■ പൊലീസ് രാജ്
ഈ ആരോപണം അടിയന്തരാവസ്ഥ ഘട്ടത്തിലെ കോൺഗ്രസ്‌ ഭരണത്തിന്റെ ഓർമവച്ചാണ്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണം. ക്രമസമാധാനപ്രശ്നം ഉണ്ടാക്കാൻ പ്രതിപക്ഷവും ബിജെപിയും പരമാവധി ശ്രമിക്കുന്നുണ്ട്. വിമാനത്തിന്റെ അകത്തുവച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ തുനിഞ്ഞതും എ കെ ജി സെന്ററിനു നേരെയുള്ള ആക്രമണവുമെല്ലാം ജനങ്ങൾ കണ്ടതാണ്. എല്ലാ കേസുകളും ഏതാനം മണിക്കൂറിനകം രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട കോടതികളിൽ അനുബന്ധ വസ്തുതകൾ അറിയിക്കുന്നു. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി വിചാരണ നടത്തി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുന്നതിൽ കേരളം മാതൃകയാണ്. യുഡിഎഫിന്റെ അവസാന ഘട്ടത്തിൽ നടന്ന നാടിനെ ഞെട്ടിച്ച ജിഷ കൊലപാതകം തെളിവില്ലാതെ നട്ടം തിരിയുമ്പോഴാണല്ലോ പിണറായി സർക്കാർ അധികാരത്തിൽ വന്നത്. ശാസ്ത്രീയ തെളിവുകളുടെ ഫലത്തിൽ  കുറ്റവാളികളെ ശിക്ഷിച്ചത് പ്രതിപക്ഷ നേതാവിന് ഓർമയുണ്ടാകുമോ. സംഭവം ആരുടെ കാലത്താണ് നടന്നത്. ആരുടെ കാലത്താണ് പ്രതിയെ പിടിച്ചത്. പൊലീസുദ്യോഗസ്ഥർ പ്രതിയാകുന്ന കേസിൽ മുഖം നോക്കാതെ നടപടി സ്വീകരിച്ചിട്ടുണ്ട്. എട്ട്‌ പൊലീസുദ്യോഗസ്ഥരെ പിരിച്ചു വിട്ടു. കേസ് അന്വേഷണത്തിന്റെ കാര്യത്തിൽ രാജ്യത്തിന് മാതൃകയാണ് കേരള പൊലീസ്.

■ ലഹരി കടത്തൽ
വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന കള്ള പ്രചാരണമാണിത്. ഇങ്ങനെ ഒരു സംഭവം കേരളത്തിലുണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ലഹരിക്കും മദ്യം–-മയക്കുമരുന്നിനും എതിരായ ശക്തമായ ബോധവൽക്കരണം നടത്തുന്നുണ്ട്. ഇത്തരം കേസുകളിൽ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിൽ മാതൃകയാണ് കേരളം.

■ കെഎസ്ആർടിസി തകർച്ച
വസ്തുതാവിരുദ്ധമായ ആരോപണം. യുഡിഎഫ് ഘട്ടത്തിനെ അപേക്ഷിച്ച് വലിയ സാമ്പത്തികസഹായം കെഎസ്ആർടിസിക്ക് നൽകി. പെൻഷനോ ശമ്പളമോ മുടങ്ങിയിട്ടില്ല. കുറച്ചുദിവസം വൈകിയാലും ഒരു പൈസപോലും കുടിശ്ശികയില്ല.ഓരോ വർഷവും സഹായിക്കാൻ 1000 മുതൽ 1500 കോടിവരെയാണ് ബജറ്റിൽ നൽകുന്നത്. ഏഴു വർഷത്തിനിടെ  8500 കോടി രൂപ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നൽകിയിട്ടുണ്ട്. കെഎസ്ആർടിസിയെ പുനഃസംഘടിപ്പിച്ച് ലാഭകരമാക്കാനുള്ള നടപടി സ്വീകരിച്ചു.

■ ലോകായുക്തയുടെ ചിറകരിഞ്ഞു
ഈ അഭിപ്രായം പറയുന്നവർ യഥാർഥത്തിൽ ലോകായുക്തയെ അവഹേളിക്കുകയാണ്. ലോകായുക്തയെ അപമാനിച്ച് പരാമർശം നടത്തിയതിന് സേവ് യൂണിവേഴ്സിറ്റി ഫോറം നേതാവിനെ ലോകായുക്ത ശാസിച്ചു. ഇതിന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ഒരിക്കലും സർക്കാർ സ്വാധീനിച്ചിട്ടില്ല. ഒന്നാം പിണറായി സർക്കാരിലെ മന്ത്രി കെ ടി ജലീൽ രാജിവയ്‌ക്കേണ്ടി വന്നത് ലോകായുക്താ പരാമർശത്തിന്റെ ഭാഗമായിരുന്നല്ലോ.കേന്ദ്രം കൊണ്ടുവന്ന ലോക്പാൽ ബില്ലിലെ വ്യവസ്ഥകൾ സംരക്ഷിക്കുന്ന രൂപത്തിലാണ് ചില ഭേദഗതികൾ നിർദേശിച്ചത്. ഇത് ലോകായുക്തയെ ശക്തിപ്പെടുത്താനാണ്.

രണ്ടാം വാർഷികത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തിൽ പരാതികൾ കേട്ട് അപ്പോൾത്തന്നെ തീർപ്പാക്കുന്നു. പെട്ടെന്ന് തീരുമാനിക്കാൻ കഴിയാത്തവ തീർപ്പാക്കാൻ  ഉദ്യോഗസ്ഥർക്ക് നിർദേശം കൊടുക്കുന്നു. ഇത്രയും മാതൃകാപരമായ സമീപനം സ്വീകരിച്ച സർക്കാരിനെതിരായി കരിദിനം ആചരിക്കാൻ കേരളത്തിലെ പ്രതിപക്ഷത്തിന് എങ്ങനെയാണ് സാധിക്കുന്നത്. അധികാര മോഹമല്ലാതെ മറ്റെന്താണ്. മോഹം കരഞ്ഞ് തീർക്കുക, ചില ജീവികൾ അങ്ങനെയാണല്ലോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top