20 April Saturday

നിരാശയോടെ മടക്കം

കെ ശ്രീകണ്‌ഠൻUpdated: Thursday Apr 28, 2022

കോൺഗ്രസിന്റെ സമ്പൂർണ തകർച്ചയ്‌ക്ക്‌ സാക്ഷ്യംവഹിച്ചാണ്‌ എ കെ ആന്റണി രാജ്യതലസ്ഥാനത്തുനിന്നും തിരിച്ചുവരുന്നത്‌. കോൺഗ്രസിന്റെ തിരിച്ചുവരവ്‌ ലക്ഷ്യംവച്ച്‌ അടുത്തമാസം രാജസ്ഥാനിൽ ചിന്തൻശിബിരം നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും പഴയ പ്രതാപകാലം കഴിഞ്ഞെന്ന്‌ അദ്ദേഹത്തിന്‌ ഉത്തമബോധ്യമുണ്ട്‌. അധികാരമുണ്ടായിരുന്ന 13 സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു ആന്റണി എന്നത്‌ വിധിവൈപരീത്യം

ദേശീയ രാഷ്‌ട്രീയത്തിൽനിന്ന്‌ ഒഴിഞ്ഞ്‌ എ കെ ആന്റണിയുടെ മടങ്ങിവരവ്‌ പ്രതീക്ഷിച്ചതു തന്നെയാണ്‌. 2004ൽ മുഖ്യമന്ത്രി പദം രാജിവച്ച്‌ ഡൽഹിയിലേക്കു പോയ അദ്ദേഹം തിരികെ എത്തുന്നത്‌ രാഷ്‌ട്രീയ ആധികളൊന്നും കൂടാതെയാണ്‌. ആ തിരിച്ചുവരവിൽ ഇവിടെ വലിയ ഹർഷാരവമോ, അപശ്രുതിയോ ഉയരാനും സാധ്യതയുമില്ല. ആന്റണിയുടെ വാക്കുകൾ കടമെടുത്താൽ എല്ലാത്തിനും ഒരുകാലമുണ്ടല്ലോ. ‘മോഹമുക്തനായ കോൺഗ്രസുകാരൻ’എന്നൊക്കെ കടുത്ത അനുയായികൾ വിശേഷണം ചാർത്താറുണ്ടെങ്കിലും അത്‌ പൂർണമായും ശരിയല്ലെന്നതും വസ്‌തുതയാണ്‌. ഉള്ളിന്റെയുള്ളിൽ താലോലിച്ച ചില മോഹങ്ങൾ ഡൽഹിയിലെ കൊടുംതണുപ്പിൽ ഉപേക്ഷിച്ചാണ്‌ ആ മടക്കം.

മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, രാജ്യസഭാംഗം തുടങ്ങിയ പദവികൾ പലവട്ടം ആന്റണിയെ തേടിവന്നിട്ടുണ്ടെങ്കിലും അതിനുമപ്പുറം ചിലത്‌ അദ്ദേഹത്തിന്റെ മോഹവലയത്തിൽ ഉണ്ടായിരുന്നുവെന്നത്‌ പരമാർഥമാണ്. കോൺഗ്രസ്‌ രാഷ്‌ട്രീയത്തിൽ ഇത്രയേറെ പരിഗണന കിട്ടിയ മറ്റൊരു നേതാവ്‌ ഉണ്ടാകില്ല. കേന്ദ്രമന്ത്രിപദം രാജിവച്ചാൽ മുഖ്യമന്ത്രിസ്ഥാനം. അത്‌ വിട്ടാൽ നേരം ഇരുട്ടിവെളുക്കുംമുമ്പ്‌ കേന്ദ്രമന്ത്രി. അധികാരത്തിന്റെ ഈ ആസ്വാദനകാലവും ആന്റണിയുടെ ജീവിതത്തിന്റെ ഭാഗമാണ്‌. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചാണ്‌ 1995ൽ മുഖ്യമന്ത്രിയായത്‌. 2004ൽ മുഖ്യമന്ത്രിപദം രാജിവച്ചാണ്‌ ഡൽഹിയിൽ എത്തി കേന്ദ്രമന്ത്രിയായത്‌.

ഇന്ദിര ഗാന്ധി മുതലുള്ള കോൺഗ്രസ്‌ അധ്യക്ഷന്മാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇന്ദിര ഗാന്ധിയെ തള്ളിപ്പറഞ്ഞ്‌ ഇടതുപക്ഷത്തോടൊപ്പം ചേർന്ന കോൺഗ്രസ്‌ നേതാവാണ്‌ ആന്റണി. അടിയന്തരാവസ്ഥക്കാലത്ത്‌ ഭരണത്തോടൊപ്പം നിലയുറപ്പിച്ച ആന്റണിയും കൂട്ടരും പിന്നീടു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി വിജയിച്ചപ്പോൾ കോൺഗ്രസ്‌ വിട്ടു. കോൺഗ്രസ്‌ എ (ആന്തുലെ വിഭാഗം) നിലവിൽവന്നത്‌ ഇക്കാലത്താണ്‌. വയലാർ രവി, പി സി ചാക്കോ, വക്കം പുരുഷോത്തമൻ, ആര്യാടൻ മുഹമ്മദ്‌, ഉമ്മൻചാണ്ടി തുടങ്ങിയവരെല്ലാം അന്ന്‌ ആന്റണിക്കൊപ്പം എ കോൺഗ്രസുകാരായി. സിപിഐ എം നയിക്കുന്ന മുന്നണിയിലേക്കു വന്ന്‌ 1980ൽ കേരളത്തിൽ ഭരണത്തിൽ പങ്കാളിയായി. ഇന്ദിര ഗാന്ധിയെയും കെ കരുണാകരനെയും വർഗശത്രുവായി നേരിട്ട ആന്റണിയും കൂട്ടരും 1981ൽ വീണ്ടും കോൺഗ്രസ്‌ ഐയിൽ ലയിച്ചു. കടുത്ത വിമർശകനായിരുന്ന എ കെ ആന്റണി മടങ്ങിവന്നപ്പോൾ പഴയതൊക്കെ മറക്കാൻ ഇന്ദിര ഗാന്ധിയും കെ കരുണാകരനും തയ്യാറായി. പക്ഷേ, അധികാരത്തിനുവേണ്ടിയുള്ള ചതുരംഗക്കളിയിൽ കെ കരുണാകരനെതിരെ ആന്റണി നടത്തിയ കരുനീക്കം കെ മുരളീധരനടക്കം വിസ്‌മരിക്കുമെന്ന്‌ തോന്നുന്നില്ല.

വ്യാഴാഴ്‌ച അദ്ദേഹം ഡൽഹിയിൽനിന്ന്‌ വിമാനമാർഗം കേരളത്തിലേക്ക്‌ വരുമ്പോൾ  1995 മെയ്‌ മാസത്തിലെ ഒരു വിമാനയാത്ര പലരും മറന്നിട്ടുണ്ടാകില്ല. കെ കരുണാകരനെ രാജിവയ്‌പിച്ച്‌ പകരക്കാരനാകാൻ പ്രത്യേക വിമാനം ചാർട്ടർ ചെയ്‌താണ്‌ അന്ന്‌ ആന്റണി വന്നത്‌. കേന്ദ്ര ഭക്ഷ്യമന്ത്രിയായിരിക്കെ പഞ്ചസാരകുംഭകോണ ആരോപണം ഉയരുന്നതിന്‌ തൊട്ടുമുമ്പായിരുന്നു രാജി.  ഡൽഹിയിൽ കേന്ദ്രീകരിച്ചെങ്കിലും ഉമ്മൻചാണ്ടിയുടെയും മറ്റും നേതൃത്വത്തിൽ കേരളത്തിൽ അരങ്ങേറിയ ഗ്രൂപ്പുയുദ്ധം നയിച്ചത്‌ ആന്റണിയായിരുന്നു. മുസ്ലിംലീഗ്‌ അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണകൂടി കിട്ടിയതോടെ പ്രത്യേക വിമാനത്തിൽ ആന്റണിക്ക്‌ വഴിയൊരുങ്ങി. സമീപകാല രാഷ്‌ട്രീയത്തിൽ കെ കരുണാകരനോളം മികച്ച ആളില്ലെന്ന ആന്റണിയുടെ സാക്ഷ്യം കുറ്റബോധത്തിൽനിന്ന്‌ പിറവിയെടുത്തതാകാനേ തരമുള്ളൂ. ഒരു പദവിയിൽനിന്നും ഇതേവരെ തന്നെ ആരും ഇറക്കിവിട്ടിട്ടില്ലെന്ന്‌ ആന്റണി അവകാശപ്പെടുമ്പോൾ, മറിച്ചോ എന്ന ചോദ്യവും പ്രസക്തമാണ്‌. 1977ലും കെ കരുണാകരനെ ഇറക്കിയാണ്‌ എ കെ ആന്റണി ആദ്യം മുഖ്യമന്ത്രിയായത്‌. രാജൻ കേസിലെ കോടതി വിധിയാണ്‌ അന്ന്‌ ആയുധമാക്കിയതെങ്കിൽ 1995ൽ അത്‌ ചാരക്കേസ്‌ ആയിമാറി.

സിപിഐ എമ്മിനൊപ്പം മുന്നണിയിൽ ചേരുകയും പിന്നീട്‌ ഭരണത്തിൽ പങ്കാളിയാകുകയും ചെയ്‌ത ആന്റണി അതൊക്കെ വിസ്‌മരിച്ചതും രാഷ്‌ട്രീയ ചരിത്രത്തിലുണ്ട്‌. ‘100 വർഷത്തേക്ക്‌ ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ എത്തില്ല’ എന്നായിരുന്നു 1987ലെ തെരഞ്ഞെടുപ്പുവേളയിൽ ആന്റണി നടത്തിയ പ്രഖ്യാപനം. വോട്ട്‌ എണ്ണിയപ്പോൾ എൽഡിഎഫ്‌ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തി. പ്രളയകാലത്തുപോലും കേരളത്തിലേക്ക്‌ തിരിഞ്ഞുനോക്കാതിരുന്ന ആന്റണി കഴിഞ്ഞ തെരഞ്ഞെടുപ്പുസമയത്ത്‌ വോട്ട്‌ പിടിക്കാനെത്തി. ‘തുടർഭരണം വന്നാൽ സർവനാശം’ എന്ന ശാപവചനമായിരുന്നു അന്നത്തേത്‌. ആന്റണിയുടെ വാക്കുകളെ ജനങ്ങൾ തള്ളിക്കളഞ്ഞത്‌ എത്ര ശക്തിയോടെയാണ്‌.

മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയായിരുന്നെങ്കിലും എ കെ ആന്റണിയുടെ നേട്ടമായി കേരളീയർക്ക്‌ ചൂണ്ടിക്കാട്ടാൻ ഒന്നുമില്ല എന്നതാണ്‌ വസ്‌തുത. കേന്ദ്ര മന്ത്രിസഭയിൽ രണ്ടാമനായിരുന്നിട്ടുപോലും കേരളത്തിനുവേണ്ടി അദ്ദേഹം എന്തെങ്കിലും ചെയ്‌തതായി കാണാൻ കഴിയില്ല. കേരളത്തോട്‌ താൻ പ്രതിപത്തി കാണിച്ചാൽ മറ്റു സംസ്ഥാനങ്ങളിലുള്ളവർ ആക്ഷേപം ഉയർത്തുമെന്നായിരുന്നു ഇതിനുള്ള ആന്റണിയുടെ ന്യായം. 1996ൽ തുടർഭരണം ലക്ഷ്യംവച്ചായിരുന്നു ചാരായ നിരോധനം. ഓരോ തീരുമാനവും അന്നത്തെ ശരികളായിരുന്നുവെന്നാണ്‌ അദ്ദേഹം ഇപ്പോൾ വാദിക്കുന്നത്‌.

സംഘപരിവാർ വർഗീയതയെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും നെഹ്‌റു കുടുംബത്തോടുള്ള വിധേയത്വം അദ്ദേഹം പരസ്യമാക്കി

ഡൽഹി വിടുകയാണെന്നു പറയാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലും എകെ ആന്റണി ഒരുകാര്യം ശ്രദ്ധിച്ചു. ബിജെപിയെ നേരിട്ട്‌ ആക്രമിക്കാൻ അദ്ദേഹം ഒരുമ്പെട്ടില്ല. കേന്ദ്ര സർക്കാരിനെ വാക്കുകൊണ്ടുപോലും നോവിക്കാതിരിക്കാനുള്ള കരുതൽ. നാനാത്വത്തിൽ ഏകത്വം, ബഹുസ്വരത എന്നൊക്കെ പറഞ്ഞതേയുള്ളൂ. സംഘപരിവാർ വർഗീയതയെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും നെഹ്‌റു കുടുംബത്തോടുള്ള വിധേയത്വം അദ്ദേഹം പരസ്യമാക്കി.

കോൺഗ്രസിന്റെ സമ്പൂർണ തകർച്ചയ്‌ക്ക്‌ സാക്ഷ്യംവഹിച്ചാണ്‌ എ കെ ആന്റണി രാജ്യതലസ്ഥാനത്തുനിന്നും തിരിച്ചുവരുന്നത്‌. കോൺഗ്രസിന്റെ തിരിച്ചുവരവ്‌ ലക്ഷ്യംവച്ച്‌ അടുത്തമാസം രാജസ്ഥാനിൽ ചിന്തൻശിബിരം നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും പഴയ പ്രതാപകാലം കഴിഞ്ഞെന്ന്‌ അദ്ദേഹത്തിന്‌ ഉത്തമബോധ്യമുണ്ട്‌. അധികാരമുണ്ടായിരുന്ന 13 സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായായിരുന്നു ആന്റണി എന്നത്‌ വിധിവൈപരീത്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top