19 April Friday

കൊലയാളികൾക്കെതിരെ നാടുണരണം - എ എ റഹിം എഴുതുന്നു

എ എ റഹിംUpdated: Monday Oct 19, 2020


രണ്ട്‌ മാസത്തിനിടയിൽ കേരളത്തിന്റെ തെരുവുകളിൽ പിടഞ്ഞുവീണത് നാല്‌ ചെറുപ്പക്കാരാണ്. മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകരും ഒരു സിപിഐ എം അംഗവുമാണ് കൊല്ലപ്പെട്ടത്. ആഗസ്ത്‌ 19ന് കായംകുളത്ത് കോൺഗ്രസ് ക്രിമിനലുകൾ കൊന്നുകളഞ്ഞ സിപിഐ എം  അംഗം സിയാദ്, ഉത്രാടരാത്രിയിൽ തിരുവനന്തപുരത്ത് തേമ്പാംമൂട്ടിൽ കോൺഗ്രസ് ക്രിമിനൽ സംഘം വീണ്ടും കൊന്നുതള്ളിയത് രണ്ട് ചെറുപ്പക്കാരെ. ഒരാൾ ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റും മറ്റൊരാൾ ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് ജോയിന്റ്‌ സെക്രട്ടറിയും. ഹഖ് മുഹമ്മദും മിഥിലാജും.  ഇരട്ടക്കൊലപാതകത്തിനുശേഷം  തൃശൂരിലെ കുന്നംകുളത്ത് ഡിവൈഎഫ്‌ഐക്ക് നഷ്ടപ്പെട്ടത് സംഘടനയുടെ ചൊവ്വന്നൂർ മേഖലാ ജോയിന്റ്‌ സെക്രട്ടറി പി യു സനൂപിനെയാണ്. സനൂപിനെ കൊന്നത് ആർഎസ്എസ് –--ബജ്‌രംഗ്‌ദൾ ക്രിമിനൽ സംഘമായിരുന്നു.

നാല് കൊലപാതകവും പരിശോധിച്ചാൽ, ജീവനെടുക്കാൻമാത്രം സംഘർഷങ്ങളൊന്നും  ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാനാകും. ഇത് ആസൂത്രിതമാണ്. സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കുന്നതിന് കോൺഗ്രസും ബിജെപിയും നടത്തിയ ഗൂഢാലോചനയാണ് ഈ കൊലപാതകങ്ങൾ.  പ്രകോപനമുണ്ടാക്കി അക്രമപരമ്പരകൾ സൃഷ്ടിക്കാനാണ് നീക്കം. തുടർച്ചയായ മൂന്ന് കൊലപാതകം ആയപ്പോൾ സ്വാഭാവികമായ പ്രതിഷേധമുണ്ടായി. ചിലയിടങ്ങളിലെല്ലാം സംഘർഷങ്ങളിലേക്ക് നീങ്ങി. എന്നാൽ, നാലാമത്തെ കൊലപാതകത്തിനുശേഷവും എന്തുകൊണ്ട് നിങ്ങൾ അക്രമം നടത്തിയില്ല എന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം.

കോൺഗ്രസ് നടത്തിയ കൊലപാതകങ്ങളെ ബിജെപിയോ ബിജെപി നടത്തിയ കൊലപാതകത്തെ കോൺഗ്രസോ തള്ളിപ്പറഞ്ഞില്ല. അപലപിച്ചില്ല എന്നുമാത്രമല്ല,  ബിജെപിയെ പരസ്യമായിത്തന്നെ ന്യായീകരിക്കാനും കോൺഗ്രസ് മടിച്ചില്ല. കോൺഗ്രസിനെ വിമർശിക്കാൻ ബിജെപിയും തയ്യാറായില്ല. ഡിവൈഎഫ്‌ഐ പ്രവർത്തകരെ കൊന്നും ആക്രമിച്ചും പ്രകോപനം സൃഷ്ടിച്ച് കേരളത്തിന്റെ ക്രമസമാധാനനില തകർക്കാനാണ് ഇരുവരുടെയും പദ്ധതി എന്ന് ഈ പരസ്പര സഹകരണം വ്യക്തമാക്കുന്നു. കോവിഡ് വ്യാപനമുണ്ടാക്കി ഗവൺമെന്റിന്റെ പ്രതിച്ഛായ തകർക്കാൻ നടത്തിയ നിന്ദ്യമായ ഗൂഢാലോചനയുടെ തുടർച്ചയാണിത്.


 

നിഷ്ഠുരമായ അരുംകൊലകൾക്കെതിരെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ സ്വീകരിച്ച സമീപനം വിമർശനപരമായി സമൂഹം ചർച്ച ചെയ്യണം. സ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെയാണ് മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ  പ്രതികരിച്ചത്. കോൺഗ്രസിനോ ബിജെപിക്കോ ശക്തമായ പ്രഹരമേൽപ്പിക്കുംവിധം ഒരു വാർത്തയും നൽകിയില്ല.  ലജ്ജാകരമായ വലതുപക്ഷ വിധേയത്വത്താൽ മൂകരും ബധിരരുമായി നിൽക്കുന്ന  മാധ്യമങ്ങളെ കാണാൻ കഴിയും. ഇന്നലെകളിൽ ഇതേ മാധ്യമങ്ങൾ പ്രകടിപ്പിച്ച വൈകാരിക പ്രകടനങ്ങൾ, ഏകപക്ഷീയമായ വിചാരണകൾ എല്ലാം അക്രമരാഷ്ട്രീയത്തെ ഇല്ലാതാക്കാനല്ല, മറിച്ച് ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യംവച്ചുള്ളതായിരുന്നുവെന്ന് വ്യക്തമാകുന്നു.

രാജ്യവ്യാപകമായ ഇടതുപക്ഷവിരുദ്ധ പ്രചാരണത്തിന് കോൺഗ്രസും ബിജെപിയും മാധ്യമങ്ങളും ഒരുമിച്ച് കൈകോർത്തത് നാം മറന്നിട്ടില്ല. "ചുവപ്പ് ഭീകരത' എന്ന് ബ്രാൻഡ് ചെയ്തായിരുന്നു ഈ ആസൂത്രിത വലതുപക്ഷ പ്രചാരണം. ചരിത്രത്തിൽ ഏറ്റവുമധികം ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും ഡിവൈഎഫ്‌ഐ, എസ്എഫ്ഐ, സിപിഐ എം  പ്രവർത്തകരായിരുന്നു. എന്നിട്ടും വേട്ടക്കാരായി ഇരകളെ ചിത്രീകരിക്കുന്ന ഏകപക്ഷീയമായ വ്യാജപ്രചാരണങ്ങൾ സമൂഹത്തിന്റെ പൊതുബോധത്തെ ഇടതുപക്ഷവിരുദ്ധമാക്കണം എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമുള്ളതായിരുന്നു.  2018 ഫെബ്രുവരി 22ന്  കണ്ണൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസവേദിയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി നേരിട്ടെത്തി. ബിജെപിയും കോൺഗ്രസും "ചുവപ്പ് ഭീകരത' എന്ന് ഒരുമിച്ച് ആവർത്തിച്ചത് യാദൃച്ഛികതയല്ല ആസൂത്രിതമാണ്.

തിരുവനന്തപുരത്ത് ആർഎസ്എസുകാരനായ രാജേഷ് 2017ൽ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് 2017 ജൂലൈ 30ന് കോഴിക്കോട്ട് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ സത്യഗ്രഹംതന്നെ സംഘടിപ്പിച്ചു. കണ്ണൂരിൽ കതിരൂർ മനോജ് എന്ന ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് ആരോപണവിധേയരായത് സിപിഐ എം പ്രവർത്തകരാണ്. അന്നത്തെ യുഡിഎഫ് സർക്കാർ അന്വേഷണം സിബിഐക്ക് വിട്ടു. ഈ സന്ദർഭങ്ങളിലെല്ലാം "അക്രമരാഷ്ട്രീയത്തിനെതിരെ' കോൺഗ്രസും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ഒരേ മനസ്സോടെ ഇടതുപക്ഷവേട്ടയ്ക്ക് മാസങ്ങളോളം നേതൃത്വം കൊടുത്തു. പെരിയയിൽ അന്വേഷണം പൂർത്തിയാക്കി യഥാസമയം കുറ്റപത്രം കൊടുക്കുമ്പോഴും സംഭവത്തെ സിപിഐ എം തള്ളിപ്പറയുമ്പോഴും അതൊരു രാഷ്ട്രീയപ്രശ്‌നമായി വളർത്തുന്നതിനും തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ഇന്ധനമാക്കി മാറ്റുന്നതിനും കോൺഗ്രസും ബിജെപിയും മാധ്യമങ്ങളും ചേരുന്ന ഇടതുപക്ഷവിരുദ്ധ സഖ്യം പ്രയത്‌നിക്കുന്നു.


 

വെട്ടുകളുടെ എണ്ണം, ആർത്തലച്ചുകരയുന്ന അനാഥരുടെ ചിത്രങ്ങൾ ഒന്നും ഇക്കഴിഞ്ഞ രണ്ട്‌ മാസത്തിനിടയിൽ മലയാളികൾ കണ്ടില്ല. സിപിഐ എം അംഗം സിയാദിനെ കായംകുളത്ത് കോൺഗ്രസ് ക്രിമിനലുകൾ കൊല്ലുമ്പോൾ, "എന്റെ കുഞ്ഞുങ്ങളെയോർത്ത് എന്നെ വെറുതെ വിടൂ' എന്ന് ആ ചെറുപ്പക്കാരൻ യാചിച്ചിരുന്നു. ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം വിതരണംചെയ്ത് മടങ്ങിവരുന്ന വഴിയിലാണ് സിയാദ് കൊല്ലപ്പെട്ടത്. ദാരുണമായ ഈ സംഭവം അനാഥമാക്കിയ ആ കുഞ്ഞുങ്ങളെത്തേടി ഒരു മാധ്യമവും പോയില്ല. ഉത്രാടരാത്രിയിലാണ് രണ്ട് ചെറുപ്പക്കാരെ നിഷ്ഠുരമായി വെട്ടിയും കുത്തിയും കൊന്നുകളഞ്ഞത്. ഇരുവർക്കുമുള്ളത് പറക്കമുറ്റാത്ത കുഞ്ഞുങ്ങളായിരുന്നു. ഹഖ്മുഹമ്മദിന്റെ ഭാര്യ നാല് മാസം ഗർഭിണിയായിരുന്നു. പിഞ്ചുമകൾ ഐറയും ഭാര്യ നജ്‌ലയും ഹഖിന് അന്ത്യചുംബനം നൽകുന്ന കരൾപിളർക്കുന്ന കാഴ്ച പകർത്താൻപോലും മലയാളത്തിലെ ഒരു മാധ്യമങ്ങളും ആ വഴിക്ക് വന്നില്ല. മിഥിലാജിന്റെ അഞ്ചരയും ആറരയും വയസ്സുള്ള മക്കൾ, അഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇഹ്‌സാൻ, ഭാര്യ നസീഹ എന്നിവരും സഹോദരങ്ങളും ഹൃദയംപൊട്ടി വിലപിക്കുന്ന ദൃശ്യത്തിനുനേരെ "നിഷ്പക്ഷ' മാധ്യമങ്ങളുടെ ക്യാമറകൾ നിർദയം കണ്ണടച്ചുനിന്നു.

അക്ഷരാർഥത്തിൽ അനാഥനായിരുന്നു തൃശൂരിൽ ആർഎസ്എസുകാർ കൊലപ്പെടുത്തിയ പി യു സനൂപ്. എന്നാൽ, ഒരു നാടിനെയാകെ അനാഥമാക്കി ഈ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ രക്തസാക്ഷിത്വം. ആർത്തലച്ചുകരയാത്ത ഒരു മനുഷ്യനും അവിടെയുണ്ടായിരുന്നില്ല. കൈരളി ടിവിയുടെ ക്യാമറകൾ പുറത്തെത്തിച്ച കരൾപിളർക്കുന്ന ആ കാഴ്ചകൾ കണ്ട് കേരളം കരഞ്ഞു.

നോംചോംസ്‌കിയും എഡ്വേർഡ് എസ് ഹെർമനും ചേർന്നെഴുതിയ "സമ്മതികളുടെ നിർമിതി: ബഹുജനമാധ്യമങ്ങളുടെ അർഥശാസ്ത്രം' എന്ന പുസ്തകം മാധ്യമവാർത്തകൾ രൂപപ്പെടുന്ന അരിപ്പകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിലൊന്ന് കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. ദളിതരോടും സ്ത്രീകളോടും പിന്നോക്ക ജനവിഭാഗത്തിൽപ്പെട്ടവരോടും ദരിദ്രരോടും എതിരായി വാർത്തകൾ നൽകാനും അവരെ തമസ്‌കരിക്കാനും മുതലാളിത്ത ലോകത്തെ മാധ്യമങ്ങൾ മത്സരിക്കുന്നതിനെക്കുറിച്ച് ഇരുവരും രേഖപ്പെടുത്തുന്നു. ഇടതുപക്ഷവിരുദ്ധമായ പൊതുബോധനിർമിതി മാധ്യമങ്ങളുടെ മുഖ്യ അജൻഡയാണ്. അതിനായി ചില സംഭവങ്ങളെ പർവതീകരിക്കുകയും മറ്റുചിലതിനെ തമസ്‌കരിക്കുകയും ചെയ്യും. ഇപ്പോൾ നടന്ന കൊലപാതകങ്ങൾ നേരെ തിരിച്ചായിരുന്നുവെന്ന്  വെറുതെ ഒന്ന് സങ്കൽപ്പിക്കുക. മാധ്യമങ്ങളുടെ സമീപനം ഇങ്ങനെയാകുമായിരുന്നോ? ഒരിക്കലുമില്ല.


 

ഡിവൈഎഫ്‌ഐ, കൊലയ്ക്ക് കൊലപാതകംകൊണ്ട് മറുപടി പറയില്ല. ഒരു കുടുംബവും ആരാലും അനാഥമാക്കപ്പെടരുത്. ഉറച്ച ശബ്ദത്തോടെ കേരളമാകെ ഇതുപറയണം. "കൊല അരുത്'. ഹൃദയം പിളരുന്ന വേദനയിലും സംയമനത്തോടെ നിൽക്കുകയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. എന്നാൽ, കോൺഗ്രസ് –-ബിജെപി നേതാക്കൾ ഇപ്പോഴും പ്രകോപനം തുടരുന്നു. തേമ്പാമൂട് ഇരട്ടക്കൊലയിലെ പ്രതികൾക്ക് നിയമസഹായവും അവരുടെ കുടുംബങ്ങൾക്കുവേണ്ടി ധനസമാഹരണവും നടത്തുകയാണ് കോൺഗ്രസ്. സനൂപിന്റെ കൊലപാതകത്തിനുശേഷം ബിജെപിയും ഇതേ സമീപനമാണ് കൈക്കൊള്ളുന്നത്. നവംബർ മൂന്നിന് ഡിവൈഎഫ്‌ഐ രൂപീകൃതമായിട്ട് 40 വർഷം തികയുകയാണ്. നാളിതുവരെ ആയുധങ്ങളും അച്ചടിമഷിയും വേട്ടയാടുക മാത്രമായിരുന്നു. എന്നിട്ടും തകരുകയല്ല, യുവത്വത്തിന്റെ ആവേശവും അഭിമാനവുമായി ഡിവൈഎഫ്‌ഐ വളരുകയായിരുന്നു. അരക്കോടിയിലധികം അംഗങ്ങൾ ഇന്ന് ഈ സംഘടനയുടെ കീഴിലുണ്ട്. ആത്മത്യാഗത്തിന്റെയും നന്മനിറഞ്ഞ പ്രവർത്തനങ്ങളിലൂടെയുമാണ് ഡിവൈഎഫ്‌ഐ നാടിന്റെ മനംകവർന്നത്.

സനൂപ് കൊല്ലപ്പെട്ട ദിവസവും ഒരു രോഗിയും ആശുപത്രിയിൽ വിശന്നിരുന്നില്ല. ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി പൊതിച്ചോർ ശേഖരിക്കുന്ന പ്രവർത്തനമാണ് സനൂപ് എന്ന ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ്‌ സെക്രട്ടറി തന്റെ ജീവിതത്തിൽ അവസാനമായി നടത്തിയ രാഷ്ട്രീയപ്രവർത്തനം. ഹഖും മിഥിലാജും നാടിന്റെ പ്രിയപ്പെട്ടവരായിരുന്നു. സമൂഹ അടുക്കളയിൽ അരിച്ചാക്ക് ചുമന്ന് കയറിപ്പോകുന്ന ഹഖ് മുഹമ്മദിന്റെ മുഖം മലയാളികൾക്ക് മറക്കാനാകില്ല. ആക്രിപെറുക്കിയും അധ്വാനിച്ചും നാടിന് താങ്ങാകാൻ നടന്നവരായിരുന്നു ഈ കൊല്ലപ്പെട്ട എല്ലാവരും. ഞങ്ങൾ ഇനിയും ഇതൊക്കെത്തന്നെ തുടരും. കോൺഗ്രസും ബിജെപിയും ചേരുന്ന കേരളത്തിലെ പുതിയ അവിശുദ്ധസഖ്യത്തിന്റെ ഭീഷണികളുടെ മുമ്പിൽ തലകുനിക്കില്ല.

കേരളത്തിന്റെ മനഃസാക്ഷി നിഷ്പക്ഷമായി നിലകൊള്ളണമെന്ന് ഡിവൈഎഫ്‌ഐ അഭ്യർഥിക്കുന്നു. സാംസ്‌കാരിക പ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ ഇക്കാര്യത്തിൽ ഡിവൈഎഫ്‌ഐ പ്രതീക്ഷിക്കുന്നു. "കൊല അരുത്, കോൺഗ്രസ്–-ബിജെപി കൊലയാളികൾക്കെതിരെ നാടുണരുക' എന്ന സന്ദേശവുമായി  പ്രമുഖവ്യക്തികളെ നേരിൽക്കാണുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാക്കാൻ കേരളം കൈകോർക്കണം എന്ന സന്ദേശമാണ് മുന്നോട്ടുവയ്‌ക്കുന്നത്. എല്ലാ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ഡിവൈഎഫ്‌ഐ വിനീതമായി അഭ്യർഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top