11 June Sunday

തൊഴിലില്ലായ്മയുടെ അഗ്നിപഥം ; യുവത സമരത്തീച്ചൂളയിലേക്ക് - എ എ റഹിം 
എംപി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

രാജ്യത്ത് അഗ്നിപഥിനെതിരായ സമരം തുടരുകയാണ്. സംഘപരിവാറിന്റെ അദൃശ്യമായ നിയന്ത്രണമോ ഭരണകൂടത്തോട് മമതയോ ഉള്ള കോർപറേറ്റ് മാധ്യമങ്ങൾ വ്യക്തമായ അജൻഡയുടെ ഭാഗമായി ഇത്തരം സമരങ്ങളെ വെളിച്ചത്തേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രമിക്കുന്നു എന്നതാണ് യാഥാർഥ്യം. രാജ്യത്തെ യുവത അഗ്നിപഥിനെതിരായ സമരം തൊഴിലില്ലായ്മയ്‌ക്കെതിരായ മഹാസമരമായി വളർത്തുകയാണ്. എന്നാൽ, ബിജെപി സർക്കാരുകളാകട്ടെ, സമരങ്ങളെ അടിച്ചമർത്താനുള്ള നീക്കത്തിലാണ്‌. മറ്റു പല പ്രതിപക്ഷ പാർടികളും അഗ്നിപഥിനെതിരെ നിലപാടെടുത്തിട്ടുണ്ട്. ദിവസങ്ങൾ കഴിയുംതോറും ആ നിലപാടുകളിൽ വെള്ളം ചേർക്കപ്പെടുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാവ് മനീഷ് തിവാരിയുടെ അഗ്നിപഥിനോടുള്ള സമീപനം ഇത് തുറന്നുകാട്ടുന്നതാണ്. ഇന്ത്യൻ സായുധസേനയിൽ ഈ പദ്ധതി വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് മനീഷ് തിവാരിയുടെ പക്ഷം.

അഗ്നിപഥ് രജിസ്‌ട്രേഷനിലൂടെ അനേകം യുവാക്കൾ അപേക്ഷിച്ചിട്ടുണ്ട് എന്നാണ് സംഘപരിവാർ ന്യായം. ഇത് പദ്ധതിയെ ജനങ്ങൾ മനസ്സിലാക്കിയതിന്റെയും ഏറ്റെടുത്തതിന്റെയും തെളിവായി അവർ പ്രചരിപ്പിക്കുന്നുമുണ്ട്. എന്നാൽ, തൊഴിലില്ലായ്മ കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് മേൽപ്പറഞ്ഞ അപേക്ഷകൾ. ലഭിക്കുന്ന എന്തു ജോലിയും ചെയ്യാൻ പാകത്തിൽ നിവൃത്തിയില്ലായ്മയുടെ അങ്ങേയറ്റത്താണ് യുവത്വം. വർഷങ്ങളായി സായുധസേനകളിലേക്ക് റിക്രൂട്ട്‌മെന്റിനായി പരിശീലിച്ചുകൊണ്ടിരിക്കുന്ന യുവാക്കൾ അപേക്ഷിക്കുന്നത് മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടാണ്. ഇത് പദ്ധതിയുടെ വിജയമല്ല, ഇന്ത്യയിലെ തൊഴിലില്ലാപ്പടയുടെ നിവൃത്തിയില്ലായ്മയുടെ നിദർശനമാണ്.

അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള വിമർശങ്ങൾക്ക് സർക്കാരും ബിജെപി നേതാക്കളും നൽകിയ മറുപടി വസ്തുതകൾക്ക് വിരുദ്ധവും പരിഹാസ്യവുമാണ്. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിൽ അഗ്നിവീരന്മാർക്ക് മുൻഗണന നൽകുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ, രാജ്യത്തെ വിവിധ സൈനിക- അർധസൈനിക വിഭാഗങ്ങളിൽ വർഷങ്ങളായി നിയമനമേ നടക്കുന്നില്ല. ഇവർക്ക് മേൽപ്പറഞ്ഞ യൂണിഫോം സർവീസുകളിൽ നിയമനം നൽകുമ്പോൾ, അവിടെ സ്വാഭാവികമായി നിയമനം ലഭിക്കേണ്ടവരുടെ അവസരങ്ങൾ നഷ്ടപ്പെടില്ലേ. പട്ടാളത്തിലോ രാജ്യത്തെ മറ്റേതെങ്കിലും സേനയിലേക്കോ എന്നതുമാത്രമല്ല, എല്ലാ സേനകളിലുമായി സ്ഥിരം തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി  കൈലാഷ് വിജയവർഗിയ,  ബിജെപി ഓഫീസിന്റെ കാവൽജോലിക്ക് അഗ്നിവീരന്മാരെ നിയമിക്കുന്നതിൽ മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചത് പരിഹാസമാണ്.


 

വാസ്തവത്തിൽ, വിവിധ സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ നൽകുമെന്ന  അവകാശവാദം രാജ്യത്തെ തൊഴിൽമേഖലയെ സംബന്ധിച്ച് കുറെ സത്യാവസ്ഥകൾ പുറത്തുകൊണ്ടുവരുന്നുണ്ട്.   സായുധസേനയിൽനിന്ന്‌ വിരമിക്കുന്ന വിമുക്തഭടന്മാർക്ക് ആംഡ് പൊലീസ് സേനകളിൽ ജോലി നേടാൻ സാധിക്കുന്നില്ല. സർക്കാർ ഇപ്പോൾ പ്രഖ്യാപിക്കുന്ന ഈ ഒഴിവുകൾ നേരത്തേ ഉണ്ടായിരുന്നെങ്കിൽ തൊഴിലില്ലാത്ത യുവാക്കൾക്കുവേണ്ടി അത് തുറന്നു കൊടുക്കാതിരുന്നത് കുറ്റകരമായ അനാസ്ഥയാണ്. കൂടാതെ, മേൽപ്പറഞ്ഞ  മേഖലകളിലെല്ലാം അഗ്നിവീറുകൾക്ക് മുൻഗണന നൽകിയാൽ, അത് മറ്റു യുവാക്കളെ തൊഴിൽരഹിതരാക്കുകയില്ലേ എന്ന ചോദ്യവും അവശേഷിക്കുന്നു. കൂടുതൽ ആശ്ചര്യകരമെന്നു പറയട്ടെ, ഐടി, സെക്യൂരിറ്റി, എൻജിനിയറിങ്‌ എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന നിരവധി ബഹുരാഷ്ട്ര കോർപറേഷനുകൾ മുന്നോട്ട് വന്ന് ‘നൈപുണ്യവും അച്ചടക്കവുമുള്ള' അഗ്നിവീരന്മാരെ മുൻഗണനാക്രമത്തിൽ നിയമിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയുടെ ഭരണത്തിനു കീഴിൽ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന കോർപറേറ്റുകളുമായുള്ള കേന്ദ്ര സർക്കാരിന്റെ അവിശുദ്ധ ബന്ധം ഇത് വെളിപ്പെടുത്തുന്നു. സംഘപരിവാറും കോർപറേറ്റുകളും കൈകോർത്ത് നടത്തുന്നതാണ് ഇന്ത്യൻ ഭരണമെന്ന് അനാവരണം ചെയ്യുന്നതാണ് യഥാർഥത്തിൽ മേൽപ്പറഞ്ഞ പ്രസ്താവനകൾ. 

വിവിധ കേന്ദ്ര സർക്കാർ തസ്തികകളിലെ ഒഴിവുകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഈ അവസരത്തിലാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ച് വർഷങ്ങളായി സൈന്യത്തിൽ ചേരാൻ പരിശീലനം നേടുന്ന രാജ്യത്തെ ലക്ഷക്കണക്കിനു യുവാക്കളുടെ സ്വപ്നങ്ങൾ തകർത്തത്. പദ്ധതി പ്രഖ്യാപിച്ച ദിവസംമുതൽ വിവിധ ഇടത് യുവജന-വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. പിന്നീട് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡിവൈഎഫ്‌ഐ) നേതൃത്വത്തിൽ തൊഴിലില്ലായ്മയെയും അഗ്നിപഥ് പദ്ധതിയെയും ദേശീയതലത്തിൽ നേരിടാൻ സംയുക്ത വേദി രൂപീകരിച്ചു. ഈ സംയുക്ത വേദിയാണ് രാജ്യവ്യാപകമായി കഴിഞ്ഞ മാസം 29ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഡൽഹിയിലെ ജന്തർ മന്ദറിൽ അഗ്നിപഥ് പദ്ധതിക്കെതിരെ യുവാക്കളും വിദ്യാർഥികളും വലിയ പ്രതിഷേധ ധർണ നടത്തി. 12 ഇടതുപക്ഷ യുവജന -വിദ്യാർഥി സംഘടനകൾ പങ്കെടുത്തു. ഹരിയാനയിൽ താലു ഗ്രാമത്തിൽനിന്ന് ജിന്ദ് ജില്ലയിലെ ലജ്വാന കാല എന്ന ഗ്രാമത്തിലേക്ക് യുവജന പദയാത്ര നടത്തി. ആയിരക്കണക്കിനു യുവാക്കളും വിദ്യാർഥികളും ഈ മാർച്ചിൽ പങ്കെടുത്തു. ഈ മാർച്ച് രണ്ടു ദിവസത്തിനുശേഷം യുവാക്കളുടെ ഒരു മഹാപഞ്ചായത്തോടുകൂടിയാണ് അവസാനിച്ചത്.

വിവിധ ഇടത് സംഘടനകൾ പങ്കെടുത്ത വിധാൻസഭയിലേക്കുള്ള യുവാക്കളുടെ വമ്പിച്ച റാലിക്ക് ബിഹാർ സാക്ഷ്യം വഹിച്ചു. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വിവിധ ജില്ലകളിൽ ഇടത് സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കർണൂലിൽ ഇടതുപക്ഷ യുവജന-വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഹൈദരാബാദിൽ ഡിവൈഎഫ്ഐ, പിവൈ എൽ, എഐവൈഎഫ് എന്നീ സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ പ്രതീകാത്മകമായി അഗ്നിപഥ് പദ്ധതിയുടെ കോലം കത്തിച്ചു. വിജയവാഡയിലും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. മഹാരാഷ്ട്രയിലെ നാസിക്കിലും സമാനമായ സമരങ്ങൾ നടന്നു. ബംഗാളിലും ത്രിപുരയിലും തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളിൽ യുവജന-വിദ്യാർഥി സമരങ്ങൾ ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നടന്നു.

അഗ്നിപഥിനും തൊഴിലില്ലായ്മയ്‌ക്കും എതിരെയുള്ള യുവജന മുന്നേറ്റത്തിന് രൂപംകൊടുക്കുക എന്ന ആശയമാണ് ഇടതുപക്ഷ യുവജന വിദ്യാർഥി സംഘടനകൾ മുന്നോട്ടുവയ്‌ക്കുന്നത്. അത്തരത്തിൽ തുടർച്ചയായതും ഒരുമിച്ചുള്ളതുമായ പ്രക്ഷോഭങ്ങൾക്ക് മാത്രമേ, ബിജെപി സർക്കാരിനെ മുട്ടുകുത്തിക്കാനാകൂ. മൂന്നു പതിറ്റാണ്ടായി കോൺഗ്രസ് ആരംഭിക്കുകയും ബിജെപി ശക്തമായി തുടരുന്നതുമായ നിയോലിബറൽ നയങ്ങളാണ് തൊഴിലില്ലായ്മയുടെയും കൂലിയില്ലായ്മയുടെയും അരക്ഷിതാവസ്ഥയിലേക്ക് ഇന്ത്യൻ യുവത്വത്തെ തള്ളിവിട്ടത്. ഭരണാഘടനാമൂല്യങ്ങളെ തകർത്ത്, മതരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾകൂടി ചേരുമ്പോൾ സാഹചര്യം കൂടുതൽ അപകടകരമാകുന്നു എന്നതാണ് വസ്തുത. 

ദേശവ്യാപക പ്രതിഷേധത്തിനുശേഷം സംയുക്ത യുവജന-വിദ്യാർഥി സംഘടനകളുടെ സംയുക്ത യോഗം ഡൽഹിയിൽ വീണ്ടും ചേർന്നു. രാജ്യത്തെ തൊഴിലില്ലായ്മയുടെ ഭയാനകമായ അവസ്ഥയെക്കുറിച്ചുള്ള അവബോധവും അഗ്നിപഥ് പദ്ധതിയുടെ പുറകിലെ അപകടങ്ങളെക്കുറിച്ചുള്ള ധാരണ താഴെത്തട്ടിൽ എത്തുന്നുവെന്നും ഉറപ്പാക്കാൻ ഒരു പ്രചാരണവാരം ആചരിക്കും. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ലഘുലേഖ വിതരണം നടത്തും. ഓരോ സംസ്ഥാനത്തും അനുയോജ്യമായ സമയം അതത് സംസ്ഥാനങ്ങൾ നിശ്ചയിക്കും. ഇതിനെത്തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും ഗ്രാമതലത്തിൽ വിമുക്തഭടന്മാരുടെയും സൈനിക ഉദ്യോഗാർഥികളുടെയും സംഗമം നടത്തും. വിപുലമായതും തുടർച്ചയായി നീണ്ടുനിൽക്കുന്നതുമായ പ്രചാരണ പ്രവർത്തനങ്ങളിലൂടെയും പ്രതിഷേധ സമരങ്ങളിലൂടെയും തൊഴിലന്വേഷകരായ മുഴുവൻ യുവതീയുവാക്കളെയും വിദ്യാർഥികളെയും സമരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്.

ഇടതുപക്ഷ യുവജന- വിദ്യാർഥി സംഘടനകളുടെ കൂട്ടായ്‌മയും ഓരോ സംഘടനയും സ്വന്തം നിലയിലും തൊഴിലില്ലായ്മയ്ക്കും അഗ്നിപഥിനുമെതിരായ സമരം ശക്തമാക്കും. വരും ദിവസങ്ങൾ യുവതയുടെ മഹാസമരങ്ങൾകൊണ്ട് മുഖരിതമാകുമെന്ന് ഉറപ്പ്. തൊഴിലില്ലായ്മയും കൂലിയില്ലായ്മയും വർധിക്കുമ്പോൾ മറുവശത്ത് ജനങ്ങളുടെ ജീവിതഭാരം സർക്കാർ വർധിപ്പിക്കുന്നു. എങ്ങനെ ജീവിക്കുമെന്ന ചോദ്യം ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തെ തുറിച്ചുനോക്കുന്നു. സമരങ്ങളല്ലാതെ മറ്റു വഴികൾ യുവതയുടെ മുമ്പിലില്ല. ആ സമരത്തിൽ യുവത വിജയിക്കുകതന്നെ ചെയ്യും. ഇടതുപക്ഷ യുവജന-വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഈ സമരം കൂടുതൽ ശക്തമായി വരുംദിവസങ്ങളിൽ മുന്നോട്ടുപോകുമെന്ന് ഉറപ്പാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top