24 April Wednesday

5 ജി ; അകവും പുറവും

ദിനേശ്‌ വർമUpdated: Wednesday Jul 6, 2022

രാജ്യത്ത്‌ അഞ്ചാം തലമുറ (5 ജി) ഇന്റർനെറ്റ്‌ സേവനം മാസങ്ങൾക്കുള്ളിൽ യാഥാർഥ്യമാകുമെന്ന്‌ ടെലകോം വകുപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നു. നൂറ്റമ്പതിലേറെ രാജ്യത്തിൽ ഇപ്പോൾത്തന്നെ 5 ജി ഇന്റർനെറ്റ്‌ സുഗമമായി വിതരണം ചെയ്തുവരുന്നുണ്ട്‌. നേരത്തേ തന്നെ ഈ സൗകര്യം ഇന്ത്യയിൽ എത്തിക്കാമായിരുന്നിട്ടും വൈകിയത്‌ എന്തുകൊണ്ട്‌ എന്നതുസംബന്ധിച്ചും ബിസിനസ്‌ വൃത്തങ്ങളിൽ ചർച്ചയുണ്ട്‌. അതായത്‌ സ്വകാര്യമേഖലയിൽ മാത്രമാകും 5 ജി സേവനദാതാക്കളെന്നത്‌ പരമാർഥമാണല്ലോ. അപ്പോൾ ആർക്ക്‌ കൊടുക്കണം, എന്തു നേട്ടം തുടങ്ങി കാര്യങ്ങളിൽ ഭരിക്കുന്നവർക്ക്‌ കൃത്യമായ ധാരണയും താൽപ്പര്യവും ഉണ്ടാകുമെന്ന്‌ ഉറപ്പ്‌. രാജ്യത്ത്‌ ഏറ്റവും വലിയ കുംഭകോണങ്ങളിലൊന്ന്‌ നടന്ന മേഖലയാണ്‌ സ്‌പെക്‌ട്രം വിൽപ്പനയെന്നതും ഇത്തരുണത്തിൽ ഓർമിക്കാം.  5 ജി ഇന്റർനെറ്റ്‌ വരുന്നതോടെ എവിടെയെല്ലാം എന്തെന്ത്‌ മാറ്റമുണ്ടാകുമെന്നതു സംബന്ധിച്ച്‌ പലവിധ ചർച്ച  നടക്കുന്നുണ്ട്‌, ആശങ്കകളുമുണ്ട്‌.

ആദ്യം എന്താണ്‌ 5 ജി എന്നുനോക്കാം. സാങ്കേതികരംഗത്ത്‌ ഏതു വിഭാഗമെടുത്താലും തലമുറ മാറ്റം വരുമ്പോൾ അതിന്റെ സ്വഭാവത്തിലും ശേഷിയിലും പ്രകടമായ മാറ്റമുണ്ടാകും. ഒരു പ്രത്യേക സാങ്കേതികവിദ്യ ഏതു തലത്തിലേക്ക്‌ വളർന്നാലാണോ കൂടുതൽ നേട്ടം, പ്രത്യേകിച്ചും കച്ചവടരംഗത്തുള്ള നേട്ടം, ആ ദിശയിലേക്കാകും മാറ്റം. നാലാം തലമുറ ഇന്റർനെറ്റാണ്‌ ഇന്ന്‌ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിലവിലുള്ളത്‌. ഇതുവഴി സ്മാർട്ട്‌ ഫോണടക്കം വിവിധ ഉപകരണം ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നം വേഗക്കുറവ്‌ തന്നെയാണ്‌. കൂടുതൽ ജോലിഭാരം ഏൽപ്പിച്ചാൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ശേഷിക്കനുസരിച്ച്‌ കാര്യക്ഷമമാകാൻ പറ്റുന്നില്ല. പരസ്പരം സഹകരിച്ച്‌ സ്വയംപ്രവർത്തിക്കുന്ന യന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും അതിനാവശ്യമായ ശക്തിയുള്ള ഇന്റർനെറ്റ്‌ (ബാൻഡ്‌വിഡ്‌ത്‌) ഇല്ലാത്തതിന്റെ പ്രതിസന്ധി. ഈ പരിമിതി മറികടക്കുന്നതാണ്‌ 5 ജി. 

ഒഴിയാത്ത ‘കറക്കം ’
‘ ലേറ്റൻസി’അഥവാ നിർദേശത്തിനും സ്വീകരണത്തിനും ഇടയിലുള്ള സമയദൈർഘ്യമാണ്‌ ഡിജിറ്റൽ ഉപകരണങ്ങൾ നേരിടുന്ന മറ്റൊരു പ്രശ്നം. ഉദാഹരണത്തിന്‌ ഒരു റോബോട്ടിന്റെ പ്രവർത്തനമെടുക്കാം. ഒരു പ്രവൃത്തി ചെയ്യിക്കുക ലക്ഷ്യമിട്ട്‌ റിമോട്ട്‌ വഴിയോ മറ്റേതെങ്കിലും ഡിജിറ്റൽ ഡിവൈസ്‌ വഴിയോ നിർദേശം നൽകുന്നുവെന്ന്‌ കരുതുക. ഡിവൈസിൽനിന്ന്‌ റോബോട്ടിലേക്ക്‌ സന്ദേശം എത്തുന്ന സമയവും അതു ലഭിച്ചശേഷം പ്രവൃത്തിയിലേക്ക്‌ കടക്കാനുള്ള സമയവും കൂടുതലാണ്‌. അതുകൊണ്ടുതന്നെ ഇത്തരം ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം വേണ്ടവിധം ഇന്നത്തെ അവസ്ഥയിൽ നടക്കില്ല. ഈ ലേറ്റൻസി കുറച്ചുകൊണ്ടുവരികയാണ്‌ 5 ജി ചെയ്യുന്നത്‌. നിർദേശം ലഭിച്ചമാത്രയിൽത്തന്നെ റോബോട്ട്‌ പ്രവർത്തനം ആരംഭിക്കുന്നു, അത്‌ ഇടതടവില്ലാതെ പൂർത്തിയാക്കാനും കഴിയുന്നു. അങ്ങനെ നോക്കുമ്പോൾ, വ്യക്തിഗത ഉപയോഗത്തേക്കാൾ ഉപരിയായി യന്ത്രരംഗത്തുള്ള നേട്ടമായിരിക്കും ഈ വേഗ ഇന്റർനെറ്റ്‌ നൽകുക. അതുകൊണ്ടുതന്നെ വ്യാവസായികരംഗത്ത്‌ കുതിച്ചുചാട്ടത്തിന്‌ സഹായകരമാകും 5 ജി എന്ന അവകാശവാദങ്ങളെയും പരിഗണിക്കേണ്ടിവരും. 5 ജി പിന്തുണയ്ക്കുന്ന സ്മാർട്ട്‌ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും ലഭ്യമാക്കലും പ്രധാനം.

4 ജിയേക്കാൾ 20 മുതൽ 100 ഇരട്ടിവരെ വേഗതയാണ്‌ 5 ജി വാഗ്ദാനം ചെയ്യുന്നത്‌. അവകാശവാദം ഇങ്ങനെയൊക്കെ ആണെങ്കിലും 3 ജി, 4 ജി വാഗ്ദാനങ്ങളുമായി തട്ടിച്ചുനോക്കിയാൽ ശരാശരി ഒരു 30 മടങ്ങുവരെ വേഗത വർധിച്ചേക്കാമെന്നാണ്‌ ഡിജിറ്റൽ രംഗത്തെ വിദഗ്ധരുടെ കാഴ്ചപ്പാട്‌. അത്രയുംവേഗം ഇടതടവില്ലാതെ കിട്ടിയാൽത്തന്നെ ഡൗൺലോഡ്‌–-അപ്‌ലോഡ്‌ വേഗത്തിലാകും. വീഡിയോ കോളടക്കം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴുള്ള തടസ്സം നീങ്ങും. വിവിധ ബുക്കിങ്‌ ആപ്പുകളുടെയടക്കം പ്രവർത്തനത്തിലുള്ള ‘കറക്കം ’ ഒഴിവാക്കാനാകുമെന്നും കണക്കുകൂട്ടുന്നു.

പാക്കേജുകളിലെ അസമത്വം
ഡിജിറ്റൽ ഉപകരണങ്ങളുടെ നിലവാരക്കുറവുമുതൽ കുറഞ്ഞ ബാൻഡ്‌വിഡ്‌ത്‌ വരെയുള്ള പ്രശ്നങ്ങൾമൂലം അനാവശ്യമായി നെറ്റ്‌ ഉപയോഗിക്കുന്നു നമ്മൾ. ഇത്‌ ചെലവ്‌ കൂട്ടുകയും ചെയ്യുന്നു. ഇന്ത്യയിൽ ശരാശരി ആളോഹരി ഉപയോഗം 18 ജിബി ആണെങ്കിൽ ലോകനിലവാരം ഇത്‌ 11 ജിബി മാത്രമാണ്‌. കേരളംപോലുള്ള അപൂർവം സംസ്ഥാനങ്ങളൊഴികെ ഇന്ത്യയിൽ വൻനഗരങ്ങളിൽ മാത്രമാണ്‌ പൂർണതോതിലുള്ള ഇന്റർനെറ്റ്‌ ഉപയോഗമുള്ളൂവെന്നുകൂടി മനസ്സിലാക്കണം.

5 ജി നൽകുന്ന ആശങ്കകളിൽ പ്രധാനം പണം കൂടുതൽ അടയ്ക്കുന്നവർക്ക്‌ മികച്ച സേവനമെന്ന നയമാണ്‌. വിവിധ പാക്കേജായി ഡാറ്റാ നിരക്ക്‌ നിശ്ചയിക്കുകയും മുന്തിയനിരക്ക്‌ നൽകുന്നവർക്ക്‌ മികച്ച സേവനം നൽകുകയും ചെയ്യുന്നു. ഇതിൽ ഏറ്റവും വാലറ്റക്കാരന്‌ 5 ജി കണക്‌ഷനെന്ന പേരും 4 ജി പോലും കിട്ടാത്ത അവസ്ഥയുമുണ്ടാകുമോ? കണ്ടറിയണം. ഏറ്റവും കുറഞ്ഞനിരക്കിൽമാത്രം സേവനം എടുക്കാൻ ശേഷിയുള്ളവരെ 5 ജി പരിഗണിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

ബിഎസ്‌എൻഎലിന്‌ ഇപ്പോഴാണ്‌ 4 ജിക്കുള്ള അനുമതി നൽകിയത്‌. കാരണം, സ്വകാര്യ കളിക്കാരെല്ലാം 5 ജിയിലേക്ക്‌ കടക്കുകയാണ്‌. അപ്പോൾ പൊതുമേഖലാ ഇന്റർനെറ്റിന്‌ പഴയ തലമുറ സംവിധാനം അനുവദിക്കുന്നതിൽ സ്വകാര്യ കമ്പനികളുടെ കച്ചവട താൽപ്പര്യങ്ങളുമുണ്ടെന്ന്‌ ടെലകോം രംഗത്തെ വിദഗ്ധർ പറയുന്നു. പഴകിയ 4 ജി സേവന വിതരണ ഉപകരണങ്ങൾ നല്ല വിലയ്ക്ക്‌ പൊതുമേഖലയെ ഏൽപ്പിക്കാനാകും. സൈബർ ആക്രമണങ്ങളിൽനിന്ന്‌ സുരക്ഷ നേടിത്തരുന്ന ഉറച്ച സംവിധാനമാണ്‌ 5 ജിയെന്നാണ്‌ ഈ  രംഗത്ത്‌ പ്രതീക്ഷവയ്ക്കുന്നവർ പറയുന്നത്‌.
എന്നാൽ, ദശലക്ഷക്കണക്കിന്‌ ഉപകരണങ്ങൾ 5 ജിയിലേക്ക്‌ മാറുന്നതോടെ ആക്രമണ റിസ്‌ക്‌ കൂടുമെന്നുതന്നെയാണ്‌ കരുതുന്നത്‌.
കെവൈസിക്ക്‌ നൽകിയ വ്യക്തിത്വ തിരിച്ചറിയൽ രേഖപ്രകാരമുള്ള വിവരങ്ങൾ ഫോണിൽ നമ്പരിനൊപ്പം തെളിഞ്ഞുവരുമെന്നതിനാൽ ഫോൺവഴിയുള്ള തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ 5 ജി സഹായിക്കും.

വർണരാജിയുടെ വ്യാപ്തി
അന്തരീക്ഷത്തിലുള്ള സ്‌പെക്ട്രം അഥവാ വർണരാജി എന്നുവിളിക്കുന്ന വൈദ്യുതകാന്തിക റേഡിയോ തരംഗം വഴിയാണ്‌ ഇന്റർനെറ്റ്‌ സഞ്ചരിക്കുന്നതെന്നു പറയാം. പരിമിതമായ അളവിൽ മാത്രമുള്ള ഈ തരംഗത്തിന്റെ (സ്‌പെക്ട്രം) ഉടമ സർക്കാരാണ്‌. സ്‌പെക്ട്രം ആരൊക്കെ ഏതൊക്കെ അളവിലുള്ളത്‌ ഉപയോഗിക്കണമെന്നും അതിന്‌ എത്ര വില ഇടണമെന്നും നിശ്ചയിക്കുന്നത്‌ കേന്ദ്ര സർക്കാരാണ്‌. നിശ്ചിത അളവുവരെ ഇത്‌ ഉപയോഗിക്കുന്നതിന്‌ സർക്കാർ ഫീസ്‌ ഈടാക്കുന്നില്ല. റിമോട്ടുകൾ, വൈഫൈ തുടങ്ങി ഒട്ടനവധി ഉപകരണം പ്രവർത്തിക്കുന്നത്‌ ഈ പരിധിയിൽനിന്നാണ്‌. എന്നാൽ, പുതുതലമുറ ഇന്റനെറ്റ്‌ സേവനത്തിന്‌ വലിയ തുകയാണ്‌ സർക്കാർ ഈടാക്കുക. സർക്കാരുകളുടെ വൻകിട വരുമാനമാർഗങ്ങളിൽ ഒന്നാണ്‌ സ്‌പെക്ട്രം ലേലം.  3.3 മുതൽ 3.67 ഗിഗാ ഹെർട്‌സ്‌ അളവിലുള്ള സ്‌പെക്ട്രമാണ്‌ 5 ജിക്ക്‌ ആവശ്യമായി വരുന്നത്‌.

ഇന്ത്യയിൽ നിരക്ക്‌ പരമാവധി കുറയ്ക്കണമെന്ന സ്വകാര്യ കുത്തക കമ്പനികളുടെ ആവശ്യം പടിപടിയായി കേന്ദ്ര സർക്കാർ അംഗീകരിച്ചു വരുന്നതാണ്‌ ലേലം അടുക്കുന്ന ഘട്ടത്തിൽ തെളിഞ്ഞുവരുന്നത്‌. കഴിഞ്ഞവർഷം നടന്ന ലേലം പൊളിഞ്ഞതിനു പിന്നിലും നിരക്ക്‌ സംബന്ധിച്ച നീക്കുപോക്ക്‌ ലക്ഷ്യമുണ്ടായിരുന്നു. രണ്ടാംഘട്ടം വിൽപ്പനയ്ക്ക്‌ ഒരുങ്ങുമ്പോൾ ഒരു യൂണിറ്റ്‌ സ്‌പെക്ട്രത്തിന്‌ 492 കോടിയാണ്‌ ആദ്യം നിശ്ചയിച്ചത്‌. പിന്നീട്‌ കേന്ദ്രം അത്‌ 317 ആയി കുറച്ചു. ഇനിയും കുറയ്ക്കണമെന്ന്‌ വൻസമ്മർദമുണ്ടെന്നാണ്‌ ടെലികോം മന്ത്രിയുടെയും മറ്റും വാദം. വെറും സമ്മർദമാണോ കമീഷൻ സമ്മർദമാണോ എന്നതും പിന്നീട്‌ പുറത്തുവരിക തന്നെ ചെയ്യും. കഴിഞ്ഞവർഷം 37 ശതമാനം വിൽപ്പന നടത്തിയതുവഴി 77,814 കോടി സർക്കാരിന്‌ ലഭിച്ചിരുന്നു. ഈ മാസം ലേലം നടക്കുമ്പോഴേ അന്തിമനിരക്ക്‌ അറിയാനാകൂ. (അവസാനിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top