20 April Saturday

സഹനത്തിന്റെയും സമരത്തിന്റെയും കമ്യൂണിസ്‌റ്റ്‌ ചരിത്രം - പീപ്പിൾസ്‌‌ ഡെമോക്രസിയുടെ മുഖപ്രസംഗം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

ചരിത്രദിവസമാണിന്ന്‌. നൂറു‌വർഷംമുമ്പ്‌ ഒക്ടോബർ 17നാണ്‌ മുൻ സോവിയറ്റ്‌ യൂണിയനിലെ താഷ്‌കന്റിൽവച്ച്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപംകൊണ്ടത്‌. സ്വാതന്ത്ര്യസമരവുമായി ഇഴുകിച്ചേർന്നുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ പാർടി ജന്മം കൊണ്ടതും വളർന്നു പന്തലിച്ചതും. സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ധാരകളിലുള്ള നല്ലവരും കരുത്തരുമായ പോരാളികളാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയിൽ ചേർന്നത്‌. പാർടിയുടെ വിട്ടുവീഴ്‌ചയില്ലാത്ത സാമ്രാജ്യത്വവിരുദ്ധതയായിരുന്നു ഇതിന്‌ കാരണം. കടുത്ത അടിച്ചമർത്തലിന്‌ പാർടി വിധേയമായി. ആയിരക്കണക്കിന് പേർ വിവിധ ജയിലുകളിൽ അടയ്‌ക്കപ്പെട്ടു. നിരവധിപേർ ഫ്യൂഡൽവിരുദ്ധ സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ  പങ്കെടുത്ത്‌ രക്തസാക്ഷികളായി.  പ്രത്യേകിച്ചും രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള രണ്ട്‌ വർഷത്തിൽ. (1945–-47).

കമ്യൂണിസ്റ്റ്‌ പാർടി നേരിട്ട അടിച്ചമർത്തലിന്റെയും സഹനത്തിന്റെയും ആഴം എത്രയുണ്ടെന്ന്‌ മനസ്സിലാക്കണമെങ്കിൽ ഈയൊരു കണക്കുമാത്രം മതി. 1943ൽ ബോംബെയിൽ ചേർന്ന കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ ആദ്യ കോൺഗ്രസിൽ പങ്കെടുത്ത 138 പ്രതിനിധികൾ മൊത്തം 414 വർഷമാണ്‌ ജയിലറകളിൽ കഴിഞ്ഞത്‌. പൂർണസ്വരാജ്‌ അർഥവത്താകണമെങ്കിൽ തൊഴിലാളികളും കർഷകരും സാമ്പത്തികമായും സാമൂഹ്യമായും വിമോചിതരാകണമെന്ന്‌ കമ്യൂണിസ്‌റ്റുകാർ വിശ്വസിച്ചു. ട്രേഡ്‌ യൂണിയനുകളിലൂടെ തൊഴിലാളികളെയും കിസാൻസഭകളിലൂടെ കർഷകരെയും സംഘടിപ്പിക്കുന്നതിലും അവരെ ദേശീയ പ്രസ്ഥാനത്തിലേക്ക്‌ നയിക്കുന്നതിലും കമ്യൂണിസ്റ്റ്‌ പാർടി പ്രധാനപങ്ക്‌ വഹിച്ചു.


 

സ്വാതന്ത്ര്യത്തിനുശേഷം പുതിയ ഭരണവർഗം–-ബൂർഷ്വാ–-ഭൂപ്രഭു സഖ്യം –-ജനാധിപത്യവിപ്ലവം പൂർത്തീകരിക്കുന്നതിൽനിന്ന്‌ മുഖംതിരിഞ്ഞു നിന്നു. വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂർഷ്വ–-ഭൂപ്രഭു സഖ്യം രാഷ്ട്രീയാധികാരം ഉപയോഗിച്ച്‌ മുതലാളിത്ത വികസനപാതയ്‌ക്ക്‌ തുടക്കം കുറിച്ചുവെങ്കിലും ഭൂപ്രഭുത്വവുമായി സന്ധിചെയ്തതിനാൽ ഫ്യൂഡൽ ഭൂബന്ധങ്ങളിൽനിന്ന്‌ കർഷകജനതയെ വിമോചിപ്പിക്കാതെ മുതലാളിത്ത ചൂഷണം അവർക്കുമേൽ അടിച്ചേൽപ്പിച്ചു. വൻകിട കുത്തകകൾക്കും ഗ്രാമീണ സമ്പന്നർക്കും അനുകൂലമായ നയങ്ങളാണ്‌ നടപ്പാക്കിവന്നത്‌.

കൃഷിഭൂമി കൃഷിക്കാരന്‌ എന്ന മുദ്രാവാക്യം ഉയർത്തി ഭൂപരിഷ്‌കരണത്തിനുവേണ്ടിയുള്ള സമരങ്ങൾ നയിച്ചുകൊണ്ട്‌  കാർഷികബന്ധങ്ങളെ ജനാധിപത്യവൽക്കരിക്കാൻ കമ്യൂണിസ്റ്റ്‌ പാർടി  ശ്രമിച്ചു. ഈ സമരങ്ങളുടെ ഫലമായി കേരളത്തിൽ ആദ്യ കമ്യൂണിസ്റ്റ്‌ സർക്കാർ അധികാരമേറി (1957ൽ). തുടർന്ന്‌, പശ്‌ചിമ ബംഗാളിലും ത്രിപുരയിലും  ഇടതുപക്ഷ സർക്കാരുകൾ  രൂപംകൊള്ളുകയും അവിടങ്ങളിലൊക്കെ ഭൂപരിഷ്‌കരണം നടപ്പാക്കുകയും ചെയ്‌തു. സ്വാതന്ത്ര്യം കിട്ടിയ ആദ്യ പതിറ്റാണ്ടുകളിൽ ഭൂപരിഷ്‌കരണം എന്ന  മുദ്രാവാക്യം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര വിഷയമാക്കി മാറ്റിയത്‌ കമ്യൂണിസ്റ്റ്‌ പാർടിയായിരുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനുവേണ്ടിയുള്ള സമരത്തിന്റെ മുൻപന്തിയിലും കമ്യൂണിസ്റ്റ്‌ പാർടി നിലയുറപ്പിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്‌ മുമ്പുതന്നെ ഇത്തരമൊരു ആശയം കമ്യൂണിസ്റ്റ്‌ പാർടി മുന്നോട്ടുവയ്‌ക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യൻ രാഷ്ട്രീയസംവിധാനത്തിൽ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ വിട്ടുവീഴ്‌ചയില്ലാതെ പൊരുതിയ പ്രസ്ഥാനവും കമ്യൂണിസ്റ്റ്‌ പാർടിതന്നെ. എല്ലാ മതങ്ങൾക്കും തുല്യത എന്ന ആശയമാണ്‌ മതനിരപേക്ഷത എന്നതുകൊണ്ട്‌ കോൺഗ്രസും മറ്റ്‌ ബൂഷ്വാ പാർടികളും ഉയർത്തിപ്പിടിച്ചതെങ്കിൽ രാഷ്ട്രം, രാഷ്ട്രീയം എന്നിവയിൽനിന്ന്‌ മതത്തെ വേർതിരിക്കുക എന്ന ‌ സിദ്ധാന്തമാണ്‌ കമ്യൂണിസ്‌റ്റുകാർ മുന്നോട്ടുവച്ചത്‌. കേരളത്തിലെയും പശ്‌ചിമ ബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷ സർക്കാരുകൾ വിവിധ ഘട്ടങ്ങളിൽ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്‌. ഹിന്ദുത്വശക്തികൾ 1990കളിൽ ഉയർന്നുവന്നപ്പോൾ ഇടതുപക്ഷവും കമ്യൂണിസ്റ്റ്‌ പാർടികളുമാണ്‌ അതിനെതിരെ സന്ധിയില്ലാതെ പോരാടിയത്‌.


 

രാജ്യത്ത് ജനാധിപത്യം ആഴത്തിൽ വേരോടുന്നതിനായി നിലകൊണ്ടതും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനമായിരുന്നു. ഭരണവർഗം എപ്പോഴും ജനാധിപത്യത്തെയും പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെയും പരിമിതപ്പെടുത്താനാണ്‌ ശ്രമിച്ചത്‌. മുൻകരുതൽ അറസ്‌റ്റിനെ എതിർത്ത കമ്യൂണിസ്റ്റ്‌ പാർടികൾ എന്നും ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കാനാണ്‌ നിലകൊണ്ടത്‌. അടിയന്തരാവസ്ഥയെ എതിർത്ത സിപിഐ എമ്മിന്റെ നിരവധി നേതാക്കൾ ജയിലിലടയ്‌ക്കപ്പെട്ടു.

മൂന്ന്‌ ദശാബ്‌ദംമുമ്പ്‌ ഭരണവർഗം നവ ഉദാരവൽക്കരണനയങ്ങൾ സ്വീകരിച്ചതോടെ മുതലാളിത്ത വികസനമാതൃകയിൽ വൻ മാറ്റങ്ങൾ ദൃശ്യമായി. കോൺഗ്രസും ബിജെപിയും മറ്റ്‌ ബൂർഷ്വാ പാർടികളും നവഉദാരവൽക്കരണനയത്തെ പുണർന്നു. എന്നാൽ, ഈ നയത്തെയും അതിന്റെ ഭാഗമായുണ്ടായ സാമ്രാജ്യത്വ അനുകൂലചായ്‌വിനെയും കമ്യൂണിസ്റ്റുകാർ വിട്ടുവീഴ്‌ചയില്ലാതെ എതിർത്തു. ഈ നവ ഉദാരവൽക്കരണ ആക്രമണത്തിനെതിരെ തൊഴിലാളിവർഗ ഐക്യം കെട്ടിപ്പടുക്കുന്നതിനും കമ്യൂണിസ്റ്റുകാർ തന്നെയാണ്‌ മുൻനിന്ന്‌ പ്രവർത്തിച്ചത്‌. നവ ഉദാരവൽക്കരണത്തിന്റെ വിവിധ വശങ്ങൾക്കെതിരെ ഇന്ത്യൻ തൊഴിലാളിവർഗം 19 പണിമുടക്ക്‌ നടത്തുകയുണ്ടായി. 20–-ാമത്തെ പണിമുടക്കാണ്‌ നവംബർ 26ന്‌ നടക്കാൻ പോകുന്നത്‌.

ഭരണവർഗത്തിന്‌ കമ്യൂണിസ്റ്റുകാരോടും ഇടതുപക്ഷത്തോടും ഒടുങ്ങാത്ത കലിയാണുള്ളത്‌. 1970കളിൽ പശ്‌ചിമബംഗാളിലെ അർധ ഫാസിസ്‌റ്റ്‌ വാഴ്‌ചതന്നെ ഉദാഹരണം. തുടർന്ന്‌, ത്രിപുരയിലും ഇതാവർത്തിക്കപ്പെട്ടു. രണ്ട്‌ സംസ്ഥാനത്തും ഇപ്പോൾ വീണ്ടും കമ്യൂണിസ്റ്റ്‌വിരുദ്ധ ഭീകരത നടമാടുകയാണ്‌. കേരളത്തിലാകട്ടെ സിപിഐ എമ്മിന്റെ നൂറുകണക്കിന്‌ കേഡർമാരെയാണ്‌ ആർഎസ്‌എസ്‌ ഉൾപ്പെടെ ഭരണവർഗം കൊന്നുതള്ളിയത്‌.

വനിതാ വിമോചനം സംബന്ധിച്ച്‌ സമഗ്രമായ ഒരു കാഴ്‌ചപ്പാട്‌ മുന്നോട്ടുവച്ചതും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനമായിരുന്നു. എല്ലാ മേഖലയിലും സ്‌ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്‌തു. പുരുഷാധിപത്യവും സാമൂഹ്യമായ അടിച്ചമർത്തലും അവസാനിപ്പിച്ചാലേ വനിതാവിമോചനം യാഥാർഥ്യമാകൂ. 1931ൽത്തന്നെ കമ്യൂണിസ്റ്റ്‌ ഡ്രാഫ്‌റ്റ്‌ പ്ലാറ്റ്‌‌ഫോം ഓഫ്‌ ആക്‌ഷൻ ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യാനും തൊട്ടുകൂടാത്തവരുടെ വിമോചനത്തിനുമായി വാദിച്ചിരുന്നു. കമ്യൂണിസ്‌റ്റുകാർ എപ്പോഴും വർഗസമരത്തെ സാമൂഹ്യ അടിച്ചമർത്തലിനെതിരായ  പോരാട്ടവുമായി കണ്ണിചേർക്കുമായിരുന്നു.


 

നവ ഉദാരവൽക്കരണവും ഹിന്ദുത്വവും ശക്തിപ്രാപിക്കുന്നത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കടുത്ത വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌. വർഗങ്ങളുടെ ഘടനയിലും മറ്റും നിയോലിബറൽ മുതലാളിത്തം വരുത്തിയ മാറ്റങ്ങൾ തൊഴിലാളിവർഗ, കർഷകപ്രസ്ഥാനങ്ങളുടെ വികാസത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്‌. ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾക്ക്‌‌ ബദൽ നയങ്ങൾ നടപ്പാക്കുന്നതിൽ പല പരിമിതികളും ഇത്‌ സൃഷ്ടിക്കുന്നുണ്ട്‌. സിപിഐ എമ്മും ഇടതുപക്ഷ ശക്തികളും ഈ സാഹചര്യം മുറിച്ചുകടക്കാനുതകുന്ന  അടവുപരമായ സമീപനങ്ങളും മുദ്രാവാക്യങ്ങളും ‌രൂപപ്പെടുത്തുകയാണ്‌.

കഴിഞ്ഞ ആറുവർഷമായി കേന്ദ്രാധികാരം കൈയാളുന്നത്‌ ഹിന്ദുത്വ ആശയപദ്ധതി അടിസ്ഥാനമാക്കിയ രാഷ്ട്രീയ പാർടിയാണ്‌. അവരെ നിയന്ത്രിക്കുന്നതാകട്ടെ ഫാസിസ്റ്റ്‌ സംഘടനയായ ആർഎസ്‌എസും. മതനിരപേക്ഷത, ജനാധിപത്യം, തൊഴിലാളിവർഗ ക്ഷേമം എന്നിവയ്‌ക്കെല്ലാം കടുത്ത ആഘാതമാണ്‌ ഈ ഭരണം സൃഷ്ടിക്കുന്നത്‌. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത  അതിന്റെ സത്തയായ സാമ്രാജ്യത്വവിരുദ്ധത പങ്കുവയ്‌ക്കാത്ത ഈ രാഷ്ട്രീയശക്തി ഭരണഘടനയെ അട്ടിമറിക്കാനും സ്വേച്ഛാധിപത്യഭരണം സ്ഥാപിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. സങ്കുചിതവും പിന്തിരിപ്പനുമായ ദേശീയവാദത്തിന്റെ പേരിലാണ്‌ ഈ ശ്രമം.

വ്യാജ ദേശീയതയെന്ന ഈ വെല്ലുവിളിയെ സാമ്രാജ്യത്വവിരുദ്ധതയും മതനിരപേക്ഷതയും എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയതയുംകൊണ്ട്‌ നേരിടണം. സ്വാതന്ത്ര്യത്തിനായുള്ള സാമ്രാജ്യവിരുദ്ധ സമരത്തിന്റെ മുന്നണിപ്പടയായ കമ്യൂണിസ്റ്റുകാർക്കാണ്‌ അത്‌ ചെയ്യാൻ കഴിയുക. എല്ലാ ജനാധിപത്യ–-മതനിരപേക്ഷ ശക്തികളെയും അണിനിരത്താൻ കമ്യൂണിസ്റ്റ്‌,‌ ഇടതുപക്ഷ ശക്തികളുടെ ഐക്യം കെട്ടിപ്പടുക്കേണ്ടത്‌ അനിവാര്യമാണ്‌. ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ  പ്രത്യയശാസ്‌ത്ര അടിത്തറ മാർക്‌സിസം–-ലെനിനിസമാണ്‌. റിവിഷനിസത്തിനെതിരെ നടന്ന ദീർഘസമരത്തിന്റെ ഭാഗമായാണ്‌ 1964ൽ സിപിഐ എം രൂപംകൊണ്ടത്‌. ഉടൻതന്നെ ഇടതുപക്ഷ സാഹസികതയ്‌ക്കെതിരെയും സിപിഐ എമ്മിന്‌ പൊരുതേണ്ടി വന്നു. ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വസ്‌തുനിഷ്‌ഠസാഹചര്യത്തിൽ മാർക്‌സിസം –-ലെനിനിസം പ്രയോഗിച്ചതിന്റെ ഫലമായി ഉണ്ടായ സിപിഐ എം പരിപാടി ജനകീയ ജനാധിപത്യവും അതുവഴി സോഷ്യലിസവുമാണ്‌ ലക്ഷ്യംവയ്‌ക്കുന്നത്‌. ഈ ശാസ്‌ത്രീയ സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനം വർഗചൂഷണമില്ലാത്ത സാമൂഹ്യ അടിച്ചമർത്തലില്ലാത്ത ഒരു സമൂഹത്തിലേക്കാണ്‌ മുന്നേറാൻ ശ്രമിക്കുന്നത്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top