19 April Friday

അജന്ത: ശിലകളിൽ സൃഷ്ടിച്ച രൂപകങ്ങൾ ; ശേഷിക്കുമോ ഈ ചരിത്രവിസ്മയങ്ങൾ

വി ഹരിദാസ്Updated: Friday Jun 9, 2023

അജന്ത ഗുഹയിലെ ശിൽപ ചാതുര്യം

പൗരാണിക ഭാരതീയ കലകളുടെ സഞ്ചിത സൗന്ദര്യം ഒളിപ്പിച്ച മുപ്പതു ഗുഹകളുണ്ട് ഔറംഗബാദിന്റെ പ്രാന്തപ്രദേശത്ത്.  ബി സി 200 മുതൽ എ ഡി 500 വരെ ജീവിച്ച ബുദ്ധമതസ്ഥരായ സർഗധന്യർ ശിലകളിൽ സൃഷ്ടിച്ച അർഥനിർഭരങ്ങളായ രൂപകങ്ങൾ. സഹസ്രാബ്ദങ്ങൾക്കുമുമ്പുള്ള ശിൽപികളുടെയും ചിത്രകാരന്മാരുടെയും കവികളുടെയും ജ്ഞാന ലാവണ്യത്തിന്റെ ആഖ്യാന വിതാനങ്ങൾ.

മുഗൾ സാമ്രാട്ടായിരുന്ന ഔറംഗസേബിന്റെ രാജധാനി ആയിരുന്നു ഒരിക്കൽ മഹാരാഷ്ട്രയിലെ ഔറംഗബാദ്. മറാത്തക്കാരും മുഗളന്മാരും അഖണ്ഡതക്കായി അശ്വമേധങ്ങൾ നിരവധി നടത്തിയ ചരിത്രഭൂമി. പടയോട്ടങ്ങളുടെ ആഗ്നേയാനുഭവങ്ങൾ ഏറെയൊന്നും പോറലേൽപ്പിക്കാത്ത പൗരാണിക ഭാരതീയ കലകളുടെ സഞ്ചിതസൗന്ദര്യം ഒളിപ്പിച്ച മുപ്പത്‌ ഗുഹകളുണ്ട് ഔറംഗബാദിന്റെ പ്രാന്തപ്രദേശത്ത്.  ബി സി 200 മുതൽ എ ഡി 500 വരെ ജീവിച്ച ബുദ്ധമതസ്ഥരായ സർഗധന്യർ ശിലകളിൽ സൃഷ്ടിച്ച അർഥനിർഭരങ്ങളായ രൂപകങ്ങൾ നിലകൊള്ളുന്ന അജന്താ ഗുഹകളാണവ.

സഹസ്രാബ്ദങ്ങൾക്കുമുമ്പുള്ള ശില്പികളുടെയും, ചിത്രകാരന്മാരുടെയും, കവികളുടെയും  ജ്ഞാനലാവണ്യത്തിന്റെ ആഖ്യാനവിതാനങ്ങൾ തുറന്നിട്ട് സന്ദർശകരെ വിസ്മയിപ്പിക്കുകയാണ് ഗുഹകൾക്കുള്ളിലെ ബുദ്ധവിഹാരങ്ങളും (മൊണാസ്ട്രി), ചൈത്യങ്ങളും (പ്രാർഥനാലയങ്ങൾ). ഘടികാരങ്ങൾ ലോകത്തിന്റെ സമയമളക്കാൻ തുടങ്ങുന്നതിനും എത്രയോ മുമ്പ്‌ ഈ മലയടിവാരത്തെ ചെങ്കുത്തായ പാറക്കെട്ടുകൾ നൂറു മുതൽ 240 അടി വരെ ഉള്ളിലേക്ക്‌ തുരന്നാണ്‌ േദവാലയങ്ങൾ നിർമിച്ചിരിക്കുന്നത്. ആ ദൗത്യമേറ്റെടുത്ത തലമുറകളുടെ കൂട്ടായ്മക്കരുത്താണ് ശിലകളിലുറങ്ങുന്ന ഒരു ദേവലോകത്തെ  പാറക്കെട്ടുകൾക്കുള്ളിൽ കടഞ്ഞെടുത്തതെന്ന അറിവ് വിസ്മയിപ്പിക്കും.

500ഓളം പടവുകൾ കയറിയാലെ ഗുഹകൾ നിലകൊള്ളുന്ന താഴ്‌വാരത്തിലെത്താൻ കഴിയൂ. നടക്കാൻ കഴിയാത്തവർക്ക് ‘ഡോളി’യിലിരുന്നാവാം സന്ദർശനം.

അജന്ത കുന്നുകൾക്കുള്ളിൽചന്ദ്രക്കലപോലെ വളഞ്ഞൊഴുകുന്ന വഗൂറ നദിക്കരയിലെ പാറമടക്കുകൾ പകുതിവച്ച്‌ ഇടുങ്ങിയ വഴിയുടെ വീതിയിൽ ഉയർന്നും താഴ്‌ന്നും മുറിഞ്ഞുപോകുന്നു. ഈ നടപ്പാതയിലെ കരിങ്കൽ പാളികളുടെ ആരൂഢ നിരകളിലാണ് ശിൽപ്പകലയിലെ ദ്വിജോത്തമന്മാർ ഉളിയും ചുറ്റികയുമുപയോഗിച്ച് 5000വും 6000വും ചതുരശ്ര അടിവരെ വിസ്തീർണമുള്ള വിഹാരങ്ങളും പ്രാർഥനാലയങ്ങളും (ചൈത്യ) നിർമിച്ചത്.

അജന്ത കുന്നുകൾക്കുള്ളിൽചന്ദ്രക്കലപോലെ വളഞ്ഞൊഴുകുന്ന വഗൂറ നദിക്കരയിലെ പാറമടക്കുകൾ പകുതിവച്ച്‌ ഇടുങ്ങിയ വഴിയുടെ വീതിയിൽ ഉയർന്നും താഴ്‌ന്നും മുറിഞ്ഞുപോകുന്നു. ഈ നടപ്പാതയിലെ കരിങ്കൽ പാളികളുടെ ആരൂഢ നിരകളിലാണ് ശിൽപ്പകലയിലെ ദ്വിജോത്തമന്മാർ ഉളിയും ചുറ്റികയുമുപയോഗിച്ച് 5000വും 6000വും ചതുരശ്ര അടിവരെ വിസ്തീർണമുള്ള വിഹാരങ്ങളും പ്രാർഥനാലയങ്ങളും (ചൈത്യ) നിർമിച്ചത്. നടപ്പാതയിൽനിന്ന് വീണ്ടും താഴെ നദീപഥം വരെ പാറമടക്കുകളുടെ തുടർച്ചയുണ്ട്. പ്രാർഥനാലയങ്ങൾ നിർമിച്ച ശിൽപ്പികൾ അതിൽനിന്ന് നദിയിലേക്ക് ഇറങ്ങാൻ പടവുകളും നിർമിച്ചിരുന്നുവത്രെ. നൂറ്റാണ്ടുകൾക്കിടയിലെപ്പോഴോ ഉണ്ടായ പ്രകൃതിയുടെ ക്ഷോഭമൂർച്ചയിൽ പടവുകൾ നശിച്ചു.

അജന്തയിലെ മുപ്പത്‌ ഗുഹകളും ബുദ്ധമതാനുയായികളായിരുന്ന മഹായാനക്കാരും ഹീനായാനക്കാരും നിർമിച്ചതാണ്. ക്രിസ്തുവിനു 200വർഷം മുമ്പ്‌ ഹീനായാന വിശ്വാസികളാണ് ആദ്യം  പാറകളിൽ ഉളികളുടെ തുടിതാളങ്ങൾ തുടങ്ങിവച്ചത്.

വഗൂറ നദിയോരം

വഗൂറ നദിയോരം

നിർവാണം അഥവാ പരമപദ പ്രാപ്തി ജീവിതലക്ഷ്യമാക്കുന്ന മഹായാനവും ഹീനായാനവും തമ്മിൽ കാര്യമായ അന്തരമുണ്ട്. ‘യാനം’ എന്നാൽ വാഹനം, മാർഗം എന്നൊക്കെയാണർഥം. ബി സി 383 ൽ ബുദ്ധമതത്തിലെ ശിഖരസ്ഥാനീയരായ പണ്ഡിതർ സമ്മേളിച്ച ഉച്ചകോടിയിൽവച്ച് സ്‌താവിർവാദക്കാരായ വേദാന്ത വാഗ്മികൾ ഉടക്കിപ്പിരിഞ്ഞു. ചില വേർപിരിയലുകൾക്ക് പിന്നെയും ആ സംവാദമണ്ഡലം സാക്ഷിയായി. അതിലൊന്നാണ്  പിന്നീട് മഹായാനമായത്‌.

ഗൗതമ ബുദ്ധനെ അവതാര പുരുഷനായി ഇവർ കാണുന്നു. ജീവിതപന്ഥാവിന്റെ മാർഗനിർദേശകനായി ബുദ്ധനെ ഉപാസിക്കണമെന്നും വരഗതിയിലേക്കുള്ള വഴികാട്ടി അദ്ദേഹമെന്നുമാണ് മഹായാന സങ്കല്പം. ബിംബാരാധനയിൽ അടിയുറച്ച് വിശ്വസിക്കുന്ന ഇവർക്ക് ബുദ്ധപ്രതിമ ഇഹലോകത്തിലെ ചാലകശക്തിയാണ്. സമകാലികരുടെ സംഘചേതനയെ ഉണർത്താനും നയിക്കാനുമുള്ള സവിതാവായി സിദ്ധാർഥൻ എന്ന ബോധിസത്വൻ നിലകൊള്ളുന്നു.

ബി സി 400 ലാണ് ബുദ്ധൻ മഹാപരിനിർവാണാവസ്ഥ പൂകിയത്. 17 വർഷങ്ങൾക്കിപ്പുറം ബി സി 383ൽ ആദ്യത്തെ ‘ഭിന്നിപ്പ്’ അഥവാ അടിച്ചുപിരിയൽ നടന്നു (ഈ രണ്ടു വർഷങ്ങളുടെയും ആധികാരികത പല തവണ ചോദ്യം ചെയ്യപ്പെട്ടതാണെന്ന് ഓർമിപ്പിക്കുന്നു). സഹജീവികളോടുള്ള കരുണ കാരണം പുനർജനിച്ച് സംസാര ചക്രത്തിൽ തുടരാനാണ് ഭൂരിഭാഗം മഹായാന വിശ്വാസികളും ആഗ്രഹിക്കുന്നത്.

അജന്തയിലെ ബുദ്ധശിൽപം

അജന്തയിലെ ബുദ്ധശിൽപം

നവോത്ഥാന ഭാവന കലർന്നതാണ് ഹീനായാന മാർഗം എന്നാണ്‌ തോന്നിയത്. പാരമ്പര്യവാദികളായ ഇവർ വിശ്വസിക്കുന്നത് ബുദ്ധൻ  മനുഷ്യനായി ജനിച്ച് പരിത്യാഗിയായി ജീവിച്ച് ജിതേന്ദ്രിയനായി എന്നാണ്. ‘അർഹത്’ എന്ന അവസ്ഥയിലെത്തി പുനർജനികളുടെ ചാക്രികതയിൽനിന്നും കർമപരമ്പരകളുടെ അനുസ്യൂതതയിൽ നിന്നുമൊക്കെ ആത്മാവിനെ ശാശ്വതമായി മോചിപ്പിക്കാനാണ് മനുഷ്യ ജീവിതമെന്ന കഠിനപഥം തരണം ചെയ്യുന്നത്. ദൈവികത്വം ഇല്ലാത്ത ബുദ്ധൻ ആത്മനിഷ്്‌ഠകളിലൂടെ, തപസ്സിലൂടെ, സംഗത്യാഗങ്ങളിലൂടെ ബോധിസത്വനായതാണ്. ‘ബോധിസത്വം’എന്നത് ഒരവസ്ഥ മാത്രം.

ഇന്ദ്രിയബദ്ധമല്ലാത്ത ഈ അവസ്ഥയിലൂടെയാണ്‌ പരമപദപ്രാപ്തി പൂകുന്നത്. ഗൗതമ ശിഷ്യരായിരുന്ന അവലോകിതേശ്വരനും, മഞ്ജുശ്രീയും ഇവ്വിധം ബോധിസത്വന്മാരായവരാണ്. ദൈവസങ്കൽപ്പത്തിന്റെ പ്രതീകമായി സ്തൂപത്തെയോ, ധർമചക്രത്തെയോ ആരാധിക്കാം, പക്ഷേ,  ബുദ്ധപ്രതിമകളെയോ ചിത്രങ്ങളെയോ ഉപാസിക്കരുത്. മധ്യവർത്തികൾ ഇല്ലാതെയാണ് മനഷ്യൻ തമസ്സിൽനിന്ന് ജ്യോതിസ്സിലേക്കെത്തേണ്ടത്. ചുരുക്കത്തിൽ വാക്കിങ് ടോക്കിങ് ഗോഡുകളെ പൂജിക്കേണ്ടെന്ന് ഹീനായാനക്കാർ അന്നേ പറഞ്ഞുവച്ചിട്ടുണ്ട്.ഹീനായാനവും മഹായാനവും പിന്തുടരുന്ന മേൽപ്പറഞ്ഞ വിശ്വാസപ്രമാണങ്ങൾ അജന്തയിലെ ഗുഹകളുടെ രൂപകൽപ്പനകളിലും ഉള്ളടക്കങ്ങളിലുംപ്രതിഫലിച്ചിട്ടുണ്ട്.

വിഖ്യാതമായ ‘ജാതകമാലയിലെ’ സാരോപദേശ കഥകളാണ് അജന്തയിലെ പെയിന്റിങ്ങിന്റെയും ശിൽപ്പകലയുടെയും പ്രമേയ വിതാനങ്ങൾ.
ശരണ്യനായ ബുദ്ധന്റെ നിരവധി ജന്മപരമ്പരകളുടെ കഥകളാണ് വിവിധ ജാതകകഥകളിലുമുള്ളത്. അദ്ദേഹം രാജാവായും മൃഗമായും മനുഷ്യനായും പക്ഷിയായും വീണ്ടും വീണ്ടും സംസാരചക്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. കരുണാത്മകനായി ഓരോ ജന്മങ്ങളിലും ദുഃഖിതന്റെ കണ്ണീർ തുടയ്‌ക്കുന്നു. ഇഹലോക പ്രാരാബ്ധങ്ങളിൽ ഉഴറുന്നവന് അത്താണിയായി അഭയമേകുന്ന ഈ പ്രക്രിയ അവിരാമം തുടരുന്നു.

ഈവിശ്വാസ പ്രമാണങ്ങൾ സഹജീവികളിൽ പ്രചരിപ്പിക്കാനുള്ള ഗുണപാഠങ്ങളായിട്ടുവേണം മഹായാനക്കാരുടെ ശിലാതലങ്ങളിലും വർണരാജികളിലുമുള്ള സൃഷ്ടികളെ കണക്കാക്കാൻ. എന്നാൽ ഹീനായാനക്കാർ ബുദ്ധന്റെ ശിൽപ്പത്തെ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നതായി അജന്തയിൽ കാണാൻ കഴിഞ്ഞില്ല. ചിത്രങ്ങൾ പലതിന്റെയും താഴെ ‘ആര്യശൂര’ എന്ന അക്കാലത്ത്‌ ജീവിച്ചിരുന്ന കവിയുടെ വചനങ്ങളുണ്ട്. മഹായാന ഗുഹകളിൽ അത് സംസ്കൃതത്തിലാണെങ്കിൽ ഹീനായാനക്കാരുടെ ഗുഹകളിൽ പാലി ഭാഷയിലാണ്.

അജന്തയിലെ  ചിത്രകല

അജന്തയിലെ ചിത്രകല

അനേകം നൂറ്റാണ്ടുകൾ ഈ ശിലാകുടീരങ്ങൾ ശിഥിലമായി കിടന്നു. 1819ൽ നായാട്ടിനിറങ്ങിയ ജോൺ സ്മിത്തെന്ന സായിപ്പും കൂട്ടുകാരുമാണ് മുകളിൽനിന്ന് ഊർന്നിറങ്ങിയ എക്കൽ മണ്ണിൽ വളർന്ന ചെടികൾക്കിടയിലെ ഈ ശാന്തിഹർമ്യങ്ങളെ കണ്ടെത്തിയത്. ഇവ മൺസൂൺ കാലത്ത് സന്യാസിമാരുടെയും തീർഥാടകരുടെയും വാണിക്കുകളുടെയും താവളങ്ങളായിരുന്നുവെന്നും, അതല്ല ബുദ്ധമത പ്രചാരണത്തിനായി വികസിപ്പിച്ചതാണെന്നുംരണ്ട് അഭിപ്രായങ്ങളുണ്ട്. ബി സി 100 മുതൽ ബി സി 220 വരെ ഭരിച്ചിരുന്ന ശതവാഹന രാജവംശത്തിന്റെയും, അവരുടെ പിൻഗാമികളായെത്തിയ ‘വഗാതഗ’ രുടെയും, ബി സി 300ലെ മൗര്യന്മാരുടെയുമെല്ലാം ഉദാരതയുടെ ഉറവുകൾ ഒരു പറ്റം താപസവൃന്ദത്തിന്റെ ഈ നിതാന്ത സപര്യക്ക് തുണയായി എന്നത് ഗുഹാ മുഖങ്ങളിൽ കൊത്തിവച്ച നന്ദി പ്രകാശനങ്ങളിൽനിന്ന്‌ വായിച്ചെടുക്കാം.

പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രചാരം നേടിയ ‘എക്സ്പ്രഷനിസ’ മെന്ന രചനാ സങ്കേതത്തിന്റെ അന്തർധാരകൾ അന്നേ അജന്തയിലെ പെയിന്റിങ്ങുകളിലുള്ളതായി കലാനിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പരിത്യാഗത്തിന്റെ പ്രതീകങ്ങൾ ശിലയിലും വർണങ്ങളിലും കാണുന്ന നമ്മൾ, അമ്പരന്നു പോകുന്നത് അർധനഗ്നകളായ യുവതികളുടെ മ്യൂറൽ ചിത്രങ്ങൾ കാണുമ്പോഴാണ്. പരമപദപ്രാപ്തി പൂണ്ട ശാക്യമുനി (ബുദ്ധൻ) അവസാനമുപേക്ഷിച്ചത് തന്റെ ഭിക്ഷാപാത്രമായിരുന്നു. അത്‌ മകൻ രാഹുലിന് കൊടുക്കുന്നത് ശിലാസാകല്യമായി ഇവിടെയുണ്ട്. എന്നാൽ മറ്റൊരു ഗുഹയിൽ വൈൻ കുടിക്കുന്ന പേർഷ്യയിലെ സസ്സാനിയൻ കച്ചവടക്കാരുടെ ചിത്രങ്ങളുമുണ്ട്.

നീരാട്ടിനൊരുങ്ങുന്ന രാജകുമാരിയും  തോഴിമാരും (പെയിന്റിങ്‌‐ AD 500)

നീരാട്ടിനൊരുങ്ങുന്ന രാജകുമാരിയും തോഴിമാരും (പെയിന്റിങ്‌‐ AD 500)

കുളിക്കുന്ന അർധനഗ്നയായ രാജകുമാരി, സ്വർഗത്തിലെ നർത്തകിമാർ, പിച്ചക്കാർ, കുറ്റവാളികൾ എന്നിങ്ങനെ ചുറ്റുമുള്ള മായികലോകത്തിന്റെ വിലാസലീലകൾ അന്നത്തെ കലാകാരന്മാരുടെ ആത്മാവിന്റെ അംബരങ്ങളിൽ ജീവിച്ചിരുന്നു. രണ്ടായിരം കൊല്ലങ്ങൾക്കുമുമ്പ്‌ സമൂഹത്തിൽ നിലനിന്നിരുന്ന നീതിബോധത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്  അഭയം കൊടുത്ത പ്രാവിന്റെ തൂക്കം വരുന്ന ഇറച്ചി സ്വന്തം തുടയിൽനിന്ന് മുറിച്ചെടുക്കാൻ കത്തിയുമായി ഇരിക്കുന്ന, ജാതകകഥയെ ആസ്പദമാക്കിയുള്ള സിബി മഹാരാജാവിന്റെ ചിത്രം.

ഇരുപത്തിയാറാമത്തെ ഗുഹയിൽ 7 മീറ്റർ നീളത്തിൽ  ബുദ്ധന്റെ മഹാപരിനിർവാണശിൽപ്പത്തിനുതാഴെ ഭൂമിയിലെ വിശ്വാസികൾ ദുഃഖിക്കുന്നതും ആകാശത്ത് സ്വർഗത്തിലെ മാലാഖമാർ സന്തോഷിക്കുന്നതും പ്രതീകാത്മകമായി കൊത്തിയുണ്ടാക്കിയ ശിൽപ്പിയുടെ ഭാവനയെ അനുമോദിക്കണമല്ലോ? ചുറ്റുമുള്ള നിരാസക്തന്റെയും കേവലന്റെയും വൈകാരിക വൈജാത്യങ്ങളുടെ ലോകം ഈ കലാകാരന്മാരുടെ സർഗചേതനകളിൽ സമുദ്രമഥനങ്ങൾ സൃഷ്ടിച്ചിരുന്നു എന്നുവേണം മനസ്സിലാക്കാൻ.

ഇത്തരമൊരു സമർപ്പിതമനസ്സിന്റെ അർപ്പണതീവ്രത സമകാലികലോകത്തിന് സങ്കല്പിക്കാൻ പോലുമാവില്ലെന്ന് അജന്തയിലെ ചായക്കൂട്ടുകളെക്കുറിച്ച് കേട്ടാൽ മനസ്സിലാകും. കളിമണ്ണും, ചാണകവും, നെല്ലിൻ പതിരും ചേർത്തരച്ച മിശ്രിതമാണ് പ്രതലമൊരുക്കാൻ ആദ്യം പ്രയോഗിച്ചിരുന്നത്. അതിനുമുകളിൽ കുമ്മായം പൂശി മിനുസം വരുത്തി ഉണങ്ങിയതിനുശേഷമാണ് ചിത്രരചന തുടങ്ങുക. കാവി, ചീനക്കളിമണ്ണ്, ചുണ്ണാമ്പ്, മരക്കരി, മൈക്ക ഇവയൊക്കെയായിരുന്നു ചായം നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ. സൃഷ്ടിയുടെ വേദന അനുഭവിക്കുന്ന കലാകാരന് ഇത്തരം പരിമിതികൾ തടസ്സമല്ലെന്നതിന്റെ തെളിവാണ് ഇഹലോക ദിക്‌ഭ്രമങ്ങളും, ബുദ്ധന്റെ ശാന്താകാരവും ഒരേപോലെ മനസ്സിലുൾക്കൊണ്ട് തീർത്ത ഈ ചിത്രങ്ങളും, ശിൽപ്പങ്ങളും.

എന്നാൽ ആറാം നൂറ്റാണ്ടുതൊട്ട് അനാഥത്വത്തിന്റെ മരണ മൗനത്തിലമർന്ന അജന്തയിലെ ചിത്രങ്ങൾക്ക് ഋതുപ്രവാഹങ്ങളുടെ പോറലുകളെ അതിജീവിക്കാനായില്ല. ഇന്ത്യൻ മ്യൂറൽ പെയിന്റിങ്ങിന് അടിപ്പടവിട്ട ഈപൈതൃക സമൃദ്ധിയുടെ ചിരകിയടർന്ന ശേഷിപ്പുകൾ മാത്രമേ ഇപ്പോഴുള്ളൂ. മഹായാനക്കാർ നിർമിച്ച ഒന്നാമത്തെ ഗുഹയിലെ ഇത്തരം ചിരകി പൊളിഞ്ഞ ചിത്രങ്ങൾ കാണുമ്പോൾ തന്നെ ഇതുബോധ്യമാവും. ഹാളുപോലെ ചതുരാകൃതിയിൽ തീർത്ത ഈ വിഹാരത്തിൽ അന്തേവാസികൾക്കും, സന്ദർശകർക്കും താമസിക്കാനായി 14 ബെഡ് റൂമുകളും അതിൽ കല്ലിൽ തീർത്ത കട്ടിലുകളും, കല്ലുകൊണ്ടുണ്ടാക്കിയ തലയിണകളുമുണ്ട്.

ഗർഭഗൃഹത്തിൽ ധർമചക്ര പ്രവർത്തന മുദ്രയിലിരിക്കുന്ന തേജോരാശിയായ ബുദ്ധൻ. ഹാളിന്റെ സീലിങ്ങിൽ ജ്യോമട്രിക്ക് ചിഹ്നങ്ങൾ പെയിന്റ്‌ ചെയ്തത് അവിടവിടെ അടർന്നുനിൽക്കുന്നു.

ബുദ്ധന്റെ വെളിപാടുകളുടെ ചിത്രങ്ങളുള്ള ഗുഹയുടെ മുകൾത്തട്ട്‌

ബുദ്ധന്റെ വെളിപാടുകളുടെ ചിത്രങ്ങളുള്ള ഗുഹയുടെ മുകൾത്തട്ട്‌

ഹാളിലെ പില്ലറുകളിൽ ബുദ്ധന്റെ വിവിധ ജന്മങ്ങളിലെ ജാതകകഥകളുടെ ചിത്രങ്ങൾ നൂറ്റാണ്ടുകളുടെ വ്രണപ്പാടുകളും പേറി ക്ഷയിച്ചു കൊണ്ടിരിക്കുന്നു.

വേറിട്ട വസ്ത്രധാരണത്തോടെ രണ്ടു സസ്സാനിയൻ കച്ചവടക്കാർ വൈൻ കഴിക്കുന്ന ചിത്രം വിസ്മയത്തോടെ നോക്കിനിൽക്കാൻ തോന്നി. ഒരു വേള കാലപ്രയാണത്തിൽ തകർന്നടിഞ്ഞ ഭഗ്നസിംഹാസനങ്ങളെ ഓർത്തുപോയി. എ ഡി 642ലെ ‘നഹാവന്ദ്’ യുദ്ധംവരെ പഴയ പേർഷ്യ (ഇറാൻ) ഭരിച്ചിരുന്നത് സസ്സാനിയൻ രാജവംശമാണ്. സസ്സാനിയൻ രാജാവ് ‘യെസ്ദിഗെർഡ്’ മൂന്നാമനെ തോൽപ്പിച്ചാണ് ഒമർ ഖലീഫ പേർഷ്യയെറഷീദിൻ കാലിഫേറ്റിന്റെ ഭാഗമാക്കിയത്.

ക്രിസ്തുവിനും അഞ്ചുനൂറ്റാണ്ടുകൾക്കുമുമ്പ്‌ ‘സൊരാഷ്ട്രർ’ സ്ഥാപിച്ച ‘സൊരാഷ്ട്രിയനിസ’ മായിരുന്നു ഇക്കാലങ്ങളിലുടനീളം പേർഷ്യൻ പ്രവിശ്യകളിലെ ഔദ്യോഗിക മതം. ഏഴും, എട്ടും നൂറ്റാണ്ടുകളിൽ മതനിന്ദ നേരിട്ടതുകാരണം ഇന്ത്യയിൽ കുടിയേറിയ സൊരാഷ്ട്ര മതവിശ്വാസികളാണ് നാം പാഴ്‌സികൾ എന്നുവിളിക്കുന്ന ടാറ്റയുടെയും, മഹീന്ദ്രയുടെയും, ഗോദ്റെജിന്റേയുമൊക്കെ പൂർവികർ.

ഭാരതത്തിന്റെ രാജ്യാന്തര ബന്ധങ്ങളുടെ ഭൂതകാല ശേഷിപ്പായി ഈ ചിത്രത്തെ കണക്കാക്കാം. പൂർവപ്രതാപത്തിന്റെ വാതിലുകൾ തുറന്നിടുക കൂടി ചെയ്യുന്നുണ്ട് അജന്ത.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഒന്നു മുതൽ മുപ്പതുവരെ നമ്പറിട്ട ഗുഹകളിൽ 8, 9, 10, 12, 13, 19, 26, 30 എന്നിവയാണ് ആദ്യമെത്തിയ ഹീനായാനക്കാർ അവരുടെ ഉപാസനാ കുടീരങ്ങളായിഈ മലയടിവാരത്ത് നിർമിച്ചത്. താഴ്‌വാരത്തിന്റെ അടിത്തട്ടിലാകയാൽ എട്ടാംനമ്പർ ഗുഹയുടെ മുഖപ്പ് മഴയിലോ വെള്ളപ്പൊക്കത്തിലോ തകർന്നിട്ടുണ്ട്. അജന്തയിലെ ഏറ്റവും പുരാതനമായ ചൈത്യമാണ് (പ്രാർഥനാലയം) ഒമ്പതാമത്തെ ഗുഹ. അലങ്കാരങ്ങളേതുമില്ലാത്ത കരിങ്കൽ സ്തൂപത്തെയാണ് ബി സി രണ്ടാം നൂറ്റാണ്ടിലിവിടെ താമസിച്ച ഹീനായാനക്കാർ ആരാധനയ്‌ക്ക് നിദാനമാക്കിയത്.

ഗാന്ധാര വാസ്തു മാതൃകയിൽ സൃഷ്ടിച്ച ഈ പ്രാർഥനാഹാളിന്റെ മുകൾത്തട്ട് കമാനാകൃതിയിൽ മരംകൊണ്ടുള്ള ബീമുകൾ കൊണ്ടലങ്കരിച്ചിരിക്കുന്നു.

പ്രാർഥനാലയത്തിലെ ബുദ്ധസ്‌തൂപം

പ്രാർഥനാലയത്തിലെ ബുദ്ധസ്‌തൂപം

ഏകദേശം ഇതേ വാസ്തുഘടനയിലാണ് പത്താമത്തെ ഗുഹയും. അഷ്ട കോണാകൃതിയിലുള്ള തൂണുകളാണ് ഹീനായാന ചൈത്യത്തിന്റെ ആകർഷണം. പല കാലങ്ങളിലായി വരച്ച പെയിന്റിങ്ങുകളും കാണാം. അവയിലൊന്ന് ‘ശ്യാമ ജാതകകഥകളെ’ ആസ്പദമാക്കിയുള്ള അന്ധരായ മാതാപിതാക്കൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മകന്റെയാണ്.

പതിനൊന്നാമത്തെയും, പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും ഗുഹകൾ വിഹാരങ്ങളാണ്. പൂമുഖങ്ങൾ ഇടിഞ്ഞുപോയിരിക്കുന്നു. ഉറങ്ങാനായി ഏകദേശം 25 ച. അടി വിസ്തീർണ്ണമുള്ള കരിങ്കൽ തറകളും (കട്ടിലുകൾ), കരിങ്കൽ തലയിണകളും അടങ്ങുന്ന ഡബിൾ ബെഡ്റൂമുകൾ ഈ ഹാളുകളിൽ കാണാൻ കഴിയും. മുപ്പതാമത്തെ ഗുഹയാകട്ടെ നിർമാണം പ്രാരംഭത്തിലേ നിർത്തിവച്ച വിധത്തിലാണ് കാണുന്നത്. പ്രദക്ഷിണ വഴിക്കുള്ള സ്ഥലം വിട്ട് സിലിണ്ടറിക്കൽ ആകൃതിയിലുള്ള തറയിലാണ് മന്ത്രങ്ങളോ യന്ത്രങ്ങളോ കൊത്തിവെക്കാത്ത കരിങ്കൽ സ്തൂപങ്ങൾ എല്ലാ വിഹാരങ്ങളിലും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഞാൻ പ്രവേശനം നിഷേധിച്ച ബെഡ്റൂമിലൊന്നിലേക്ക്തലയിട്ടു നോക്കി. പ്രാചീന ഗന്ധത്തിന്റെ കുമിളകൾ പുതിയ യുഗത്തിലേക്ക് കടക്കാൻ മടിച്ച് ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ.

ബെഡ്റൂം എന്നതിനു പകരം കല്ലറ എന്നും, ബെഡ് എന്നതിനുപകരം കൽത്തറ എന്നും തിരുത്തേണ്ടതുണ്ട്. പുറത്തേക്കൊരു കൊച്ചുവാതിൽ മാത്രമുള്ള ഇത്തരം മാളങ്ങളിലായിരിക്കണം അന്നത്തെ ചിത്രകാരന്മാരും ശിൽപ്പികളുമൊക്കെ സന്തോഷത്തോടെ ജീവിച്ചിരുന്നത്. ചിത്രകാരനായ ഡേവിഡ് ഹോക്ക്നി ഹോളിവുഡ്ഡിൽ തന്റെ സൃഷ്ടി ഈയിടെ 90 മില്ല്യൺ ഡോളറിനുവിറ്റ തലമുറകളുടെ ഘോഷയാത്രകൾക്കിടയിലെ കുഴമറച്ചിലുകൾ നമ്മെ ഓർമിപ്പിക്കും.

ഡേവിഡ്‌  ഹോക്‌നി

ഡേവിഡ്‌ ഹോക്‌നി

മഹായാനവിശ്വാസികൾ എ ഡി അഞ്ചാം നൂറ്റാണ്ടിലും വൈവിധ്യ സമൃദ്ധി നിറഞ്ഞ വിഹാരങ്ങളുടെയും, ആരാധനാലയങ്ങളുടേയും നിർമിതിയിൽ വ്യാപൃതരായിരുന്നു എന്നതിന് തെളിവാണ് പൂർത്തീകരിക്കാത്ത കുറെ ഗുഹകൾ. ആറാം നൂറ്റാണ്ടിൽ ഇവരൊന്നടങ്കം അജന്തയിൽനിന്നും കൂട്ട പലായനം ചെയ്തതായിട്ടാണത്രെ ചരിത്ര രേഖകൾ. രണ്ടും, നാലും വിഹാരങ്ങൾ ശിൽപ്പകലയുടെയും, ചിത്രകലയുടെയും അഭൗമകാന്തി പൊഴിക്കുന്നുവെങ്കിൽ മൂന്നാമത്തെ പ്രാർഥനാ മന്ദിരം പാതി വഴിയിൽ ഉപേക്ഷിച്ചിരിക്കുന്നു. രണ്ടിലും, നാലിലും ഇരുവശത്തും താമസിക്കാൻ ബെഡ്റൂമുകളുണ്ട്.

പ്രാചീന ശിൽപ്പകലയുടെ ശതദളങ്ങൾ വിരിഞ്ഞതാണ് നാലാമത്തെ പൂമുഖത്തിന്റെ മുഖപ്പിലുള്ള കൊത്തുപണികൾ. അജന്തയിലെ വലിയ ബുദ്ധവിഹാരവും ഇതു തന്നെ. രണ്ടുനിലയിൽ പണി തീർത്തതാണ് ആറാമത്തെ വിഹാരം. ബുദ്ധമതത്തിലെ പ്രശസ്തമായ കഥ ‘ശ്രാവസ്തിയിലെ മഹാത്ഭുതം’ മ്യൂറൽ പെയിന്റിങ്ങിൽ ഉലയിലൂതിയെടുത്ത സ്വർണംപോലെ ഇവിടെയുണ്ട്.

കോസല രാജ്യത്തെ മതശ്രേഷ്ഠർ ‘ശ്രാവസ്തിയിൽ’ വച്ച് അവരവരുടെ തന്ത്ര മന്ത്രശക്തി തെളിയിച്ച്‌ ബുദ്ധനെ തോല്പിക്കാൻ മത്സരം സംഘടിപ്പിച്ചു. നിരവധി അത്ഭുത പ്രകടനങ്ങൾക്ക് ശ്രാവസ്തി സാക്ഷിയായി. പാദങ്ങൾ ജലധാരയുടെയും ചുമൽ അഗ്നിയുടെയും സ്രോതസ്സുകളാക്കി ഗൗതമൻ ഗഗനചാരിയായി ഉയരങ്ങളിലെത്തി. പിന്നെ ശരീരം വളർന്ന് വലുതായി താഴെയുള്ളവർക്ക്‌ വിരാട് പുരുഷന്റെ ദർശനം കൊടുത്തു. അതോടെ പ്രതിയോഗികൾ തോറ്റു പിന്മാറി. ആ വിശ്വരൂപങ്ങളെയാണ് ഇവിടെ മ്യൂറൽ പെയിന്റിങ്ങിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

കോസല രാജ്യത്തെ മതശ്രേഷ്ഠർ ‘ശ്രാവസ്തിയിൽ’ വച്ച് അവരവരുടെ തന്ത്ര മന്ത്രശക്തി തെളിയിച്ച്‌ ബുദ്ധനെ തോല്പിക്കാൻ മത്സരം സംഘടിപ്പിച്ചു. നിരവധി അത്ഭുത പ്രകടനങ്ങൾക്ക് ശ്രാവസ്തി സാക്ഷിയായി. പാദങ്ങൾ ജലധാരയുടെയും ചുമൽ അഗ്നിയുടെയും സ്രോതസ്സുകളാക്കി ഗൗതമൻ ഗഗനചാരിയായി ഉയരങ്ങളിലെത്തി. പിന്നെ ശരീരം വളർന്ന് വലുതായി താഴെയുള്ളവർക്ക്‌ വിരാട് പുരുഷന്റെ ദർശനം കൊടുത്തു. അതോടെ പ്രതിയോഗികൾ തോറ്റു പിന്മാറി.

ആ വിശ്വരൂപങ്ങളെയാണ് ഇവിടെ മ്യൂറൽ പെയിന്റിങ്ങിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത്തരം നിരവധി ജാതകകഥകൾ വിവിധ ഗുഹകളുടെ ഭിത്തികളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ദൗർഭാഗ്യമെന്നു പറയട്ടെ അവയൊക്കെ തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു.

‘പ്രാലംഭ പദാസന മുദ്രയിലി’രിക്കുന്ന ബുദ്ധവിഗ്രഹമാണ് പതിനാറാമത്തെ പ്രാർഥനാ മന്ദിരത്തിലെ പ്രതിഷ്ഠ. വിവിധ യോഗമുദ്രകളിലുള്ള ബുദ്ധപ്രതിമകളാണ് മഹായാനക്കാരുടെ ശ്രീകോവിലുകളിലെ മിക്ക പ്രതിഷ്ഠകളും. ഒന്നിനും രണ്ടിനും പുറമെ 16 ഉം 17 ഉം ഗുഹാക്ഷേത്രങ്ങളിൽ മാറുമറയ്‌ക്കാത്ത അക്കാലത്തെ തരുണികളുടെ മ്യൂറൽ ചിത്രങ്ങൾ നിരവധിയുണ്ട്.

പൗരാണിക ഇന്ത്യൻ ലളിതകലകളുടെ ജ്ഞാനമണ്ഡലമാണ് ഈ ശിലാസഞ്ചയങ്ങൾക്കുള്ളിൽ നിലകൊള്ളുന്നത്‌. നാലുടലും ഒരു ശിരസ്സുമായി കൊത്തിയെടുത്ത മാനുകളുടെ ശിൽപ്പി രണ്ടായിരം കൊല്ലങ്ങൾക്കുമുമ്പ്‌ മനുഷ്യകുലത്തോട്‌ പറയുന്നത്  ദേഹങ്ങൾ പലതാകാം പക്ഷേ, മനസ്സ് ഒന്നാകണമെന്നാണ്.

ഏറ്റവുമൊടുവിൽ പൂർത്തീകരിച്ച ഇരുപത്തിയാറാമത്തെ പ്രാർഥനാ ഗേഹത്തിലെ ശിൽപ്പങ്ങൾ വിപുലമായ അർഥതലങ്ങളുള്ളവയാണ്. ചിത്രങ്ങളാകട്ടെ പ്രാചീന ഇന്ത്യയിലെ വസ്ത്ര രീതികളുടെയും ആഭരണങ്ങളുടെയും നേർകാഴ്ചകളാണ്.
ദുർവിധി വേട്ടയാടിയ ആ നദീ തീരത്തുകൂടി ഞാൻ തിരിച്ചു നടന്നു. താഴെ ഏഴു ശതാബ്ദങ്ങൾ ഒരു നാഗരികതയെ നനച്ചുവളർത്തിയ മഹാധമനി – വരണ്ടുണങ്ങിയ വഗൂറ നദി.

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top