03 December Sunday

'തുറമുഖം' കേരള ചരിത്രത്തെ അടയാളപ്പെടുത്തിയ നാടകം: പ്രൊഫ. എം കെ സാനു

വെബ് ഡെസ്‌ക്‌Updated: Sunday Jul 30, 2023

ഫോര്‍ട്ട് കൊച്ചി> കെ എം ചിദംബരന്‍ രചിച്ച 'തുറമുഖം' കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിനൊപ്പം പുരോഗമന രാഷ്ട്രീയത്തെ കൂടി അടയാളപ്പെടുത്തിയ പ്രധാനപ്പെട്ട നാടകമായിരുന്നുവെന്ന് പ്രൊഫ.എം.കെ സാനു. ചിന്ത പബ്ലിക്കേഷന്‍ പുനപ്രസിദ്ധീകരിച്ച 'തുറമുഖ'ത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 1971-ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച തുറമുഖം അക്കാലത്ത് വലിയ ചര്‍ച്ചയാവുകയും സാഹിത്യ പരിഷത്തിന്റെ പുരസ്‌കാരം നേടുകയും ചെയ്ത നാടകമാണ്. ഈ നാടകത്തിനെ അടിസ്ഥാനമാക്കി കെ.എം.ചിദംബരന്റെ മകന്‍ ഗോപന്‍ ചിദംബരം രചിച്ച തിരക്കഥയില്‍ രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന സിനിമ അടുത്ത കാലത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

നാടകകൃത്തും സംവിധായനുമായ കെ.എം.ധര്‍മ്മന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. തുറമുഖത്തിന്റെ പുതിയ പതിപ്പ് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ സിപിഐ എം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് നല്‍കി  പ്രകാശനം നിര്‍വ്വഹിച്ചു. ചരിത്രത്തിലെ നിര്‍ണായകമായ ഒരു വഴിത്തിരിവിനെ, കേരള ചരിത്രത്തിലെ ഒരു വലിയ തൊഴില്‍ സമരത്തെ ഒരുമ്മയുടേയും മക്കളുടെയും യാതനകളിലൂടെ അതിവൈകാരികയും തീഷ്ണവുമായി അവതരിപ്പിക്കാന്‍ ഈ നാടകത്തിനായി എന്ന് എന്‍എസ് മാധവന്‍ പറഞ്ഞു.

തൊഴിലാളി വര്‍ഗ്ഗ സമരചരിത്രത്തിലെ ഉജ്ജ്വല അധ്യായമായ മട്ടാഞ്ചേരി വെടിവെയ്പിനേയും അതിലേയ്ക്ക് നയിച്ച മുതലാളിത്തത്തിന്റെ ചൂഷണത്തേയും തൊഴിലാളി കുടുംബങ്ങളുടെ കൊടുംയാതനകളേയും കാലാതീതമായി ഓര്‍മ്മപ്പെടുത്തുന്നതിലൂടെ കേരളത്തിന് 'തുറമുഖം' എന്ന നാടകം ചെയ്ത സംഭാവന വലുതാണെന്ന് സി എന്‍ മോഹനന്‍ ചൂണ്ടിക്കാണിച്ചു. ഡി ശ്രീജിത്ത് നാടകത്തെ പരിചയപ്പെടുത്തി.

തൊഴിലാളി നേതാവ് ബി ഹംസ, കാര്‍ട്ടൂണിസ്റ്റും കഥാകൃത്തുമായ ബോണി തോമസ്, പ്രകാശന ചടങ്ങ് സംഘടിപ്പിച്ച കൊച്ചിന്‍ കളക്ടീവിന്റെ അധ്യക്ഷയും മുന്‍ കൗണ്‍സിലറുമായ ഡോ: പൂര്‍ണിമ നാരായണന്‍, നടന്‍ ഡോ.ജോജു ജേക്കബ് എന്നിവരും സംസാരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top