20 April Saturday

അടിയാളന്റെ തുടിയിലുയരുന്ന ജീവിതത്തിന്റെയൊച്ച

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday Jun 4, 2023

അരങ്ങാരവങ്ങൾക്കിടെ ഒരു ചൂളംവിളിയൊച്ച. ട്രാക്കുകൾക്കിപ്പുറം നാടക ബെല്ലുയരുകയാണ്‌. പാലക്കാട്‌ റെയിൽവേ ഡിവിഷനിലെ നാടകപ്രേമികൾ അവതരിപ്പിച്ച ‘തുടി’ നാടകം നിരവധി സമ്മാനം കരസ്ഥമാക്കി കുതിപ്പ്‌ തുടരുന്നു.  

പാർശ്വവൽക്കരിക്കപ്പെട്ട ഒരുകൂട്ടം ജനതയുടെ ചരിത്രം തുറന്നുകാണിക്കുകയാണ്‌ നാടകം. പ്രാചീന കേരളത്തിൽ നിലനിന്ന "കരുനിർത്തൽ’ എന്ന ക്രൂരത മുൻനിർത്തിയാണ്‌ നാടകസഞ്ചാരം. അധികാരികളുടെയും തമ്പ്രാക്കളുടെയും ആജ്ഞയ്ക്ക് എതിർവാക്ക് ഇല്ലാതെ നിസ്സഹായനായി പോയ കണ്ടനും മകൾ നീലിയും. അവന്റെ ശബ്ദം കാലങ്ങളായുള്ള നിലവിളിയാണ്‌. അവന്റെ ചൂരിനിന്നും കണ്ണീരിന്റെയും വിയർപ്പിന്റെയും അതേ തുടർച്ച. തുടിയെന്നാൽ താളംപിടിക്കേണ്ട വാദ്യോപകരണം മാത്രമല്ല, ഇത്‌ മാനവഹൃദയത്തിന്റെ തുടിപ്പാണ്, താളമാണ്. ഒരുവേള പാർശ്വവൽക്കരിക്കപ്പെട്ടവന്റെ സ്വത്വമാണ്. അവനെ അവനിലേക്ക്‌ തിരിച്ചുപിടിക്കുന്ന കണ്ണാടി.

തുടി നാടകത്തിൽനിന്ന്‌

തുടി നാടകത്തിൽനിന്ന്‌

കുലദേവതയായ ചെറുനീലിയുടെ മുന്നിൽ തുടികൊട്ടി പാടുന്ന കണ്ടന്റെയും അച്ഛന്റെ താളത്തിന് ചുവടുവയ്‌ക്കുന്ന നീലിയിലൂടെയുമാണ് നാടകം ആരംഭിക്കുന്നത്. നീലിയുടെ നിർബന്ധത്തിനു വഴങ്ങി കണ്ടൻ, ഭാര്യ പഞ്ചമിയെ ജീവനോടെ ബലിനൽകേണ്ടിവന്ന കഥ വിവരിക്കുന്നു. കഥാന്ത്യത്തിൽ നീലി ഋതുമതിയാകുന്നു. ആചാരങ്ങളുടെ ഭാഗമായി കണ്ടൻ കുലദൈവത്തിന്റെ മുമ്പിൽ കെട്ടിയാടുകയാണ്‌. തൊട്ടുകൂടാത്തവർക്ക് കെട്ടിയാടാനോ ആരാധിക്കാനോ അധികാരമില്ലെന്ന് പ്രസ്താവിച്ച്‌ തമ്പുരാക്കന്മാർ കണ്ടനെയും നീലിയെയും അവരുടെ ദൈവങ്ങളെയും തട്ടിമാറ്റുകയും അവരുടെ ആചാരങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

മണ്ണിനും മാനത്തിനും ദൈവത്തിനും അവകാശം നിഷേധിക്കപ്പെട്ട അച്ഛനെ കാണുന്ന നീലി അച്ഛന്റെ ഹൃദയത്തിന്റെ താളമായ "തുടി’കൊട്ടി പാടാനും തന്റെ സ്വത്വം  തിരിച്ചുപിടിക്കാനും നിർബന്ധിക്കുന്നു.

ഈ തുടിയിൽ ഉയർന്നുകേൾക്കാം, അധികാര വർഗത്തിനെതിരെ മുറവിളി കൂട്ടാൻ അരികുവൽക്കരിക്കപ്പെട്ട ഒരുകൂട്ടം ജനത നയിക്കുന്ന പോരിനുള്ള ആഹ്വാനം, കാഹളം, മണ്ണിനെയും കല്ലിനെയും പ്രകൃതിയെയും ആരാധിച്ചിരുന്ന മുൻതലമുറ പറഞ്ഞും പറയാതെയും ബാക്കിവച്ച ചില നേരിന്റെ കുറിപ്പുകൾ. ‘എല്ലാം ഓര്‌ കൊണ്ടോയ്‌ക്കോട്ടപ്പാ... ഒന്ന്‌ മാത്രം ബാക്കിയുണ്ടല്ലോ, അപ്പന്റെ തുടി. അപ്പൻ ഈ തുടികൊട്ടി ഒന്ന്‌ പാടപ്പാ, എല്ലാരും നമ്മടെ കൂടെയുണ്ടാകും.’ ബാക്കിവച്ച ഒരുപിടി പ്രതീക്ഷയിലാണ്‌ നാളെയെന്ന സ്വപ്‌നവും.  

സുഭാഷ് സുമതി ഭാസ്കരനാണ്‌ ‘തുടി’യുടെ രചനയും സംവിധാനവും. ദക്ഷിണ റെയിൽവേ ആസ്ഥാനത്ത്‌  നടന്ന ഇന്റർ ഡിവിഷണൽ മത്സരങ്ങളിൽ പാലക്കാട് ഡിവിഷൻ അവതരിപ്പിച്ച ‘തുടി', സുജിൽ മാങ്ങാട് രചനയും സുഭാഷ് സംവിധാനവും നിർവഹിച്ച ഹിന്ദി നാടകമായ ‘പ്രേമി ചോർ' എന്നിവ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ജബൽപുരിൽ  നടന്ന ഇന്റർ റെയിൽവേ നാടക മത്സരത്തിലും  നാടകത്തിന് കൺസൊലേഷൻ പ്രൈസും ബെസ്റ്റ് സപ്പോർട്ടിങ് ആക്ടർ അവാർഡ് സുഭാഷിനും ലഭിച്ചു. 

സുഭാഷ്‌ സുമതി ഭാസ്‌കരൻ

സുഭാഷ്‌ സുമതി ഭാസ്‌കരൻ

പഞ്ചാബിലെ റെയിൽ കോച്ച് ഫാക്ടറി കപൂർത്തലയിൽ  നടന്ന ഹിന്ദി നാടകോത്സവത്തിൽ ‘പ്രേമി ചോറി'നും അംഗീകാരം ലഭിച്ചതോടെ പാലക്കാട് റെയിൽവേ ഡിവിഷന് ഇരട്ടനേട്ടം. നാടകത്തിൽ രമേശൻ എന്ന കഥാപാത്രം അരങ്ങിലെത്തിച്ച സുഭാഷ് സുമതി ഭാസ്കരന് മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം  ലഭിച്ചു. പാലക്കാട്‌ റെയിൽവേ ഡിവിഷനിൽ ടെക്‌നീഷ്യൻ, ഇലക്‌ട്രിക്കൽ ഡിപ്പാർട്ട്‌മെന്റ്‌ ജീവനക്കാരനാണ്‌ സുഭാഷ്‌ സുമതി ഭാസ്‌കരൻ. തൃശൂർ വടക്കാഞ്ചേരി സ്വദേശിയാണ്‌.

ത്രേസ്യാമ്മ ജോൺ, ലക്ഷ്മി വിശ്വനാഥൻ, നന്ദകുമാർ, സൈലരാജ്, ലെസ്ലി, അനിൽകുമാർ, അമിതാബ്, ജയപ്രകാശ്, സുധീർ, ഷിജു മുപ്പുഴ, ചെന്താമരാക്ഷൻ, കുന്ദൻ കുമാർ, സുഭാഷ് തുടങ്ങിയവർ ‘തുടി’യുടെ അരങ്ങിലും ഷാജു, കൃഷ്ണദാസ്, പ്രതീഷ് എന്നിവർ  അണിയറയിലും പ്രവർത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top