08 December Friday

ബിനാലെ: അണിയറയിലെ ആഹ്ലാദങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

കൊച്ചി> ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ കൊച്ചി- മുസിരിസ് ബിനാലെ അതിന്റെ പ്രമേയം കൊണ്ടും കലാമേന്മകൊണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുമ്പോള്‍ അണിയറയില്‍ ആഹ്ലാദിക്കുന്നവര്‍ ഏറെയാണ്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം ബിനാലെ ഒരുങ്ങിയതിനു പിന്നില്‍ ഇവരുടെ നിതാന്ത പരിശ്രമമുണ്ട്.ബിനാലെ നാലാം ലക്കമൊരുക്കാന്‍ അനിത ദുബെയുടെ ഇടം വലം നിന്ന ക്യൂറേറ്റര്‍ സഹായികളായ അനുഷ്ക രാജേന്ദ്രനെയും ജോണ്‍ സേവ്യേഴ്സിനേയും പരിചയപ്പെടാം. കഴിഞ്ഞ മേയിലാണ് ഇവര്‍ അനിത ദുബെയുടെ ബിനാലെ സംഘത്തിനൊപ്പം ചേരുന്നത്. വെല്ലുവിളികളും പാഠങ്ങളും നിറഞ്ഞതായിരുന്നു അവരുടെ പിന്നീടുള്ള ദിനങ്ങള്‍.

ഓരോ കലാകാരന്മാരുടെയും ആവശ്യമറിഞ്ഞ് പെരുമാറിയെന്നതാണ് ഇവരുടെ മേന്മയെന്ന അനിത ദുബെ പറഞ്ഞു. കലാകാരനെന്താണോ ഉദ്ദേശിക്കുന്നത് അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ മനസ് കലാകാരന്റെതാകണമെന്നും അവര്‍ പറഞ്ഞു.

അനിത ദുബെയോടൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക മാത്രമല്ല, ആര്‍ട്ടിസ്റ്റുകള്‍ ആരാകണമെന്ന കാര്യത്തിലും അനുഷ്കയ്ക്കും ജോണിനും അവരുടേതായ പങ്കുണ്ട്. ഡല്‍ഹിയിലെ അനിതയുടെ സ്റ്റുഡിയോയില്‍ ബിനാലെ വേദികളുടെ മാതൃകകള്‍ ഉണ്ടായിരുന്നു. ഏത് പ്രതിഷ്ഠാപനം എവിടെ വയ്ക്കണമെന്നത് തീരുമാനിക്കപ്പെട്ടിരുന്നതും അവിടെയായിരുന്നുവെന്ന് ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ അനുഷ്ക പറഞ്ഞു. ആദ്യ ഘട്ടങ്ങളില്‍ യഥാര്‍ത്ഥ വേദികള്‍ കാണാതെയാണ് ഇത് ചെയ്തിരുന്നത്.ബിനാലെ തുടങ്ങുന്നതിനു മൂന്നു മാസം മുമ്പാണ് നിര്‍മാണ സംഘത്തിന് ആസ്പിന്‍വാള്‍ വളപ്പ് ലഭിക്കുന്നത്. കുറേ നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും ബുദ്ധിമുട്ട് കുറയില്ലായിരുന്നുവെന്നാണ് ഇവരുടെപക്ഷം.  ഇത്രയുമായിട്ടു പോലും അവസാന മണിക്കൂറില്‍ വരെ മാറ്റങ്ങള്‍ വേണ്ടി വന്നുവെന്ന് ജോണ്‍ ചൂണ്ടിക്കാട്ടി. സാംസ്ക്കാരിക രാഷ്ട്ര മീമാംസയില്‍ ഡോക്ട്രേറ്റ് ഉള്ളയാളാണ് ജോണ്‍.

മട്ടാഞ്ചേരി ടികെഎം വെയര്‍ഹൗസില്‍ വലിയ പ്രതിഷ്ഠാപനങ്ങള്‍ സ്ഥാപിക്കാനാണ് ആദ്യം ഉദ്ദേശിച്ചത്. പക്ഷെ അവിടം സന്ദര്‍ശിച്ചപ്പോള്‍ അത് പ്രായോഗികമല്ലെന്ന് ബോധ്യമായി. തുടര്‍ന്ന് അവിടേക്ക് ഉദ്ദേശിച്ച സൃഷ്ടികള്‍ മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നുവെന്ന് ജോണ്‍ പറഞ്ഞു.

സ്കൈപ്, ഇമെയില്‍, വാട്പ്സാപ്പ് സംഭാഷണങ്ങള്‍ എന്നിവയിലൂടെയാണ് ക്യൂറേറ്റര്‍ സംഘം കലാകാരന്മാരുമായി സംവദിച്ചിരുന്നത്. ഏറ്റവും ബുദ്ധിമുട്ടുള്ള സൃഷ്ടിയാണ് പ്രതിഷ്ഠിക്കാന്‍ ഏറ്റവും എളുപ്പമെന്ന വലിയ പാഠമാണ് താന്‍ ഇതില്‍ നിന്നും പഠിച്ചതെന്ന് അനുഷ്ക പറഞ്ഞു. വലിയ പ്രതിഷ്ഠാപനങ്ങളില്‍ വലിയ വെല്ലുവിളികള്‍ പ്രതീക്ഷിക്കും. എന്നാല്‍ ലളിതമായ സൃഷ്ടികള്‍ പ്രദര്‍ശനത്തിന് വയ്ക്കുമ്പോള്‍ ചിലപ്പോള്‍ കല്ലുകടിക്കുമെന്നും അനുഷ്ക പറഞ്ഞു.

ഉദാഹരണത്തിന് സ്യൂ വില്യംസന്റെ അടിമക്കച്ചവടത്തെക്കുറിച്ചുള്ള പ്രതിഷ്ഠാപനം. ഒരേ പോലിരിക്കുന്ന 2000 ലധികം കുപ്പികള്‍ ഇതിന് ആവശ്യമായി വന്നു. നേരത്തെ തന്നെ ആര്‍ട്ടിസ്റ്റ് തന്റെ സൃഷ്ടിയെക്കുറിച്ച് വ്യക്തമാക്കിയതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നു.

ബ്രൂക്ക് ആന്‍ഡ്രുവിന്റെ പ്രതിഷ്ഠാപനവും ഏതാണ്ട് ഇതുപോലെയായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഷ്ഠാപനങ്ങള്‍ പ്രദര്‍ശിപ്പിക്കലായിരുന്നു ആദ്യ ഉദ്ദേശം. പക്ഷെ അതില്‍ കേരളത്തിന്റെ പരാമര്‍ശങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതായി വന്നപ്പോള്‍ കൂടുതല്‍ സ്ഥലം ഹാളില്‍ ആവശ്യമായി വന്നു.

ചില സൃഷ്ടികളുടെ കാര്യത്തില്‍ നിര്‍മാണ സംഘത്തിന് ഭാഗ്യത്തിന്റെ ആനുകൂല്യമുണ്ടായിരുന്നുവെന്ന് ബിനാലെ പ്രദര്‍ശനങ്ങളുടെ കോ ഓര്‍ഡിനേറ്ററായ പവനീത് പാല്‍ സിംഗ് ചൂണ്ടിക്കാട്ടി. വില്യം കെന്‍റ്റിഡ്ജിന് ആവശ്യം ഇരുട്ടു നിറഞ്ഞ മുറിയായിരുന്നു. പക്ഷെ അദ്ദേഹത്തിനായി കരുതി വച്ചിരുന്ന മുറിയില്‍ ചെറുതായി വെളിച്ചം കടന്നിരുന്നു. മുറി അടച്ചുമൂടിയാല്‍ വലിയ ചെലവു വരും. പക്ഷെ അദ്ദേഹത്തിന്റെ നിര്‍മാണ സംഘത്തിന് മുറിയിലെ വെളിച്ചം കൗതുകമായി തോന്നിയതിനാല്‍ ആ മുറി തന്നെ ഉപയോഗിച്ചുവെന്ന് പവനീത് പറഞ്ഞു.

ഇബി ഇറ്റ്സോയുടെ കൂറ്റന്‍ റബര്‍ ടയറും ഇത്തരത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചതാണ്. ആദ്യം ആനന്ദ വെയര്‍ ഹൗസിലാണ് ഈ സൃഷ്ടി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. പക്ഷെ ടയറിന്റെ ഭാരം വലിയ പ്രശ്നമായി. തുടര്‍ന്നാണ് ആസ്പിന്‍വാളിലെ താൽകാലിക ഷെഡില്‍ ഈ പ്രതിഷ്ഠാപനം ഒരുക്കിയതെന്നും പവനീത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലെ പ്രളയം വലിയ വെല്ലുവിളി സൃഷ്ടിച്ചുവെന്ന് ജോണ്‍ ഓര്‍ക്കുന്നു. ബിനാലെ നടക്കുമോയെന്നു പോലും സംശയം തോന്നിയ സമയമാണത്. പ്രളയം കാരണം പല കലാകാരന്മാരും തങ്ങളുദ്ദേശിച്ചിരുന്ന സൃഷ്ടികളില്‍ മാറ്റം വരുത്തി. പ്രളയത്തിന്റെ കാഴ്ചകളാണ് ബംഗ്ലാദേശി ആര്‍ട്ടിസ്റ്റ് മര്‍സിയ ഫര്‍ഹാന പ്രമേയമാക്കിയതെന്ന് ജോണ്‍ പറഞ്ഞു. ജുന്‍ ഗുയെന്‍ ഹാറ്റ്സുഷിബയുടെ സൃഷ്ടിയില്‍ വെള്ളം നിറയ്ക്കാന്‍ തീരുമാനിച്ചതും പിന്നീടെടുത്ത തീരുമാനമാണ്.

പ്രളയത്തിന്റെ കെടുതികള്‍ അനുഭവിച്ച നിര്‍മാണ സംഘാംഗം ജിത്ത് ജോസഫിന് മര്‍സിയയോടൊപ്പമുള്ള ജോലി ചികിത്സയുടെ ഫലം ചെയ്തു. ജീവിതം എന്നും വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞ അവസരമായിരുന്നു അതെന്ന് ജിത്ത് പറഞ്ഞു.

സമകാലീന വിഷയങ്ങളാണ് ബിനാലെ നാലാം ലക്കത്തിന്റെ പ്രത്യേകതയെന്ന് ക്യൂറേറ്റര്‍ സംഘം അഭിപ്രായപ്പെട്ടു. തങ്ങള്‍ ഏറ്റെടുത്ത വെല്ലുവിളികള്‍ പൂര്‍ണതയിലെത്തിയത് കണ്ടാസ്വദിക്കുന്ന ജനങ്ങളെ കാണുമ്പോള്‍ ആഹ്ലാദം തോന്നാണുണ്ടെന്ന് അനുഷ്ക പറഞ്ഞു.

രൊഡക്ഷന്‍ മാനേജര്‍ അനില്‍ സേവ്യര്‍, കോ-ഓര്‍ഡിനേറ്റര്‍ ജയേഷ് എല്‍ ആര്‍ എന്നിവര്‍ക്കും തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ജനങ്ങള്‍ ആസ്വദിക്കുന്നതില്‍ സന്തോഷമുണ്ട്. ജനങ്ങളിലേക്കിറങ്ങി ചെല്ലാനും അവരുടെ ജീവിതം പ്രതിഫലിപ്പിക്കാനും സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് ഇരുവരും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top